പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനം പ്രതിരോധവും നിയന്ത്രണവുമാണ്. രോഗസാധ്യതയുള്ളവര്‍ നേരത്തേതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ തേടണം. ജീവിതശൈലി ക്രമീകരണമാണ് ഏറ്റവും പ്രധാനം. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. 30 വയസ്സാകുന്നതോടെ എല്ലാവരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹപരിശോധന നടത്തണം. അതിമധുരമുള്ള ഭക്ഷ്യവസ്തുക്കള്‍, ബേക്കറി ഇനങ്ങള്‍, കോളാ പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നത് പ്രധാനമാണ്.

രോഗം ബാധിച്ചതായി കണ്ടെത്തിയാല്‍ ഫലപ്രദമായി നിയന്ത്രിക്കണം. രോഗനിയന്ത്രണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനമായി മൂന്നു കാര്യങ്ങളാണുള്ളത്. വ്യായാമം, ഭക്ഷണം, മരുന്ന് എന്നിവയാണത്. രോഗമുണ്ടെന്നു കണ്ടെത്തിയാല്‍ വിദഗ്ധചികിത്സ തേടണം. മരുന്നു കഴിച്ച് രക്തഗ്ലൂക്കോസ്‌നില ക്രമപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ആദ്യഘട്ടങ്ങളില്‍ മൂന്നു മാസത്തിലൊരിക്കല്‍ പ്രമേഹം പരിശോധിക്കണം. രോഗം നിയന്ത്രിതമാണെങ്കില്‍ പരിശോധന ആറുമാസത്തിലൊരിക്കലാക്കാം. തുടര്‍ന്ന് എല്ലായേ്പ്പാഴും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹപരിശോധന നടത്തണം.

എച്ച്.ബി. എ1സി
രക്തഗ്ലൂക്കോസിന്റെ ശരാശരിനില കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള പുതിയ പരിശോധനാ രീതിയാണ് ഹീമോഗ്ലോബിന്‍ എ വണ്‍ സി. മൂന്നു മാസത്തോളമുള്ള ഒരു കാലയളവില്‍ രക്തത്തില്‍ ഉണ്ടായിരിക്കുന്ന ഗ്ലൂക്കോസ് നിലയുടെ ശരാശരി അളവ് കണ്ടെത്താനുള്ള പരിശോധനയാണിത്. സാധാരണ ബ്ലഡ് ഗ്ലൂക്കോസ് പരിശോധന നടത്തുമ്പോള്‍ അതതു ദിവസത്തെ ഭക്ഷണം, വ്യായാമം തുടങ്ങി പലതും ബാധിക്കും. അത്തരം സ്വാധീനങ്ങളില്ലാതെ ഒരു നിശ്ചിത കാലയളവില്‍ രക്തത്തിലുണ്ടായിരുന്ന ഗ്ലൂക്കോസിന്റെ തോത് കണ്ടെത്താനാവും എന്നതാണ് ഈ പരിശോധനയുടെ നേട്ടം. പ്രമേഹചികിത്സ എത്രമാത്രം ഫലവത്താണെന്നു കൃത്യമായി നിരീക്ഷിക്കാന്‍ എച്ച്.ബി.എ.വണ്‍.സി പരിശോധന സഹായകമാണ്.

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഭാഗമായ ഹീമോഗ്ലോബിനാണ് എല്ലാ ശരീരകോശങ്ങളിലും ഓക്‌സിജന്‍ എത്തിച്ചുകൊടുക്കുന്നത്. ഈ ഹീമോഗ്ലോബിനില്‍ പറ്റിയിരിക്കുന്ന ഗ്ലൂക്കോസിന്റെ തോത് കണ്ടെത്തുകയാണ് എച്ച്.ബി.എ.വണ്‍.സി. പരിശോധനയില്‍ ചെയ്യുന്നത്. പ്രമേഹം നിയന്ത്രിക്കാത്തയാളുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കുമല്ലോ. ഈ ഗ്ലൂക്കോസ് ഹീമോഗ്ലോബിനുമേല്‍ പറ്റിപ്പിടിക്കുന്നു. ഇങ്ങനെ ഗ്ലൂക്കോസ് പറ്റിപ്പിടിച്ച ഹീമോഗ്ലോബിന്റെ അളവാണ് പരിശോധനയില്‍ കണ്ടെത്തുന്നത്. 

ശതമാനത്തോതിലാണ് ഇതിന്റെ അളവ് പറയുക. പ്രമേഹമില്ലാത്തവരില്‍ ഹീമോഗ്ലോബിന്‍നില നാലുശതമാനത്തിനും ആറുശതമാനത്തിനും ഇടയിലായിരിക്കും. പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുന്നവരില്‍ ഇത് ആറര-ഏഴ് ശതമാനത്തില്‍ താഴെയായിരിക്കും. എച്ച്.ബി. എ.വണ്‍.സി.യുടെ അളവ് ഏഴുശതമാനത്തിലധികമുള്ളവരില്‍ പ്രമേഹം ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നീങ്ങാന്‍ സാധ്യത കൂടുതലാണ്.

പ്രമേഹമുള്ളവര്‍ ചികിത്സ തുടങ്ങുന്ന വേളയില്‍ മൂന്നുമാസത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്തേണ്ടതാണ്. ക്രമേണ ചികിത്സ ഫലിച്ച് രോഗം നിയന്ത്രണത്തിലാവുന്നതോടെ പരിശോധനയുടെ ഇടവേള കൂട്ടിക്കൊണ്ടുവരാം.
വിളര്‍ച്ചയുള്ളവര്‍, വൃക്കയേ്ക്കാ കരളിനോ അസുഖമുള്ളവര്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരിലൊക്കെ പരിശോധനാ ഫലത്തില്‍ വ്യത്യാസങ്ങളുണ്ടാവാം. 

ബ്ലഡ്ഗ്ലൂക്കോസ് നിലയും പ്രമേഹവും
രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കഴിവതും കുറച്ചുനിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. മുന്‍പ് അനുവദനീയമായിരുന്നതിനെക്കാളും കുറച്ചുനിര്‍ത്താനാണ് അന്താരാഷ്ട്ര ഗവേഷണസ്ഥാപനങ്ങള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. സാധാരണ പരിശോധനകളില്‍ രക്തഗ്ലൂക്കോസിന്റെ നില 110ല്‍ താഴെയാണെങ്കില്‍ കുഴപ്പമില്ലെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. പ്രമേഹ ഗവേഷണരംഗത്ത് ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായ മയോ ക്ലിനിക്കില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളനുസരിച്ച് ഇത് നൂറില്‍ താഴെ നിര്‍ത്തുന്നതാണ് നല്ലത്. 

പഞ്ചസാരയെക്കാള്‍ അപകടം കൊഴുപ്പ്
അധികം പഞ്ചസാര കഴിച്ചാല്‍ പ്രമേഹം വരുമെന്ന് പൊതുവെ ഒരു ധാരണയുണ്ട്. തലമുറകളായി വിശ്വസിച്ചു വരുന്ന ഈ തത്ത്വം തെറ്റാണ് എന്നല്ല പറയുന്നത്. പക്ഷേ, ഇതിന് ശാസ്ത്രീയ അടിസ്ഥാനമില്ല. കുഞ്ഞുനാളിലെ പഞ്ചസാര ധാരാളമായി നിയന്ത്രിച്ചാല്‍ ഒരുപക്ഷേ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനായി പ്രത്യക്ഷപ്പെടുന്ന ഇന്‍സുലിന്റെ ഉല്‍പാദനം തന്നെ കുറഞ്ഞു പോയെന്നുവരും. 

മറിച്ച്, പഞ്ചസാര അധികമായാല്‍ അത് ശരീര ഭാരം വര്‍ധിപ്പിക്കുവാനും ഇടയാക്കും. നാരുകള്‍ ധാരാളമുള്ള പച്ചക്കറികള്‍, അധി കഭാരം കുറയ്ക്കുന്നതിനും പഞ്ചസാര കുറയ്ക്കുന്നതിനും വളരെ പ്രയോജനം ചെയ്യും. പ്രകൃതിദത്തമായ പഴവര്‍ഗങ്ങള്‍, പ്രമേഹം ഉള്ളവരില്‍ പഞ്ചസാരയുടെ അളവ് കൂട്ടാമെങ്കിലും അവകഴിക്കുന്നത് കൊണ്ട് പ്രമേഹ രോഗം വരുകയില്ല. പ്രമേഹരോഗ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണം കൊഴുപ്പാണ്. കൊഴുപ്പ് വര്‍ധിക്കുമ്പോള്‍ ഇന്‍സുലിന്‍ അല്‍പാല്‍പമായി പ്രവര്‍ത്തന രഹിതമാകും. മാംസാഹാരം (മാട്, ആട്), മുട്ടയിലെ മഞ്ഞ, വെളിച്ചെണ്ണ, പലതരം ബേക്കറി സാധനങ്ങള്‍ ഇവയെല്ലാം പ്രമേഹസാധ്യത വല്ലാതെ വര്‍ധിപ്പിക്കുന്നു. 

രക്തപരിശോധന എപ്പോള്‍?
പ്രമേഹം  കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാനാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുകയുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പലരും രക്തപരിശോധന തുടങ്ങുന്നത്.

കടപ്പാട്: ഡോ. സി.കെ. രാമചന്ദ്രന്‍

 അവലംബം:  മാതൃഭൂമി ആരോഗ്യമാസിക