നിതകഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ദേഹപ്രകൃതി, പ്രായം, ലിംഗഭേദം, മാനസിക അവസ്ഥകള്‍, രോഗപ്രതിരോധ വ്യവസ്ഥയിലെ മാറ്റങ്ങള്‍, അനഭിലഷണീയമായ ചികിത്സാമുറകള്‍ ആഹാര വിഹാരരീതികള്‍ എന്നിവ പ്രമേഹത്തിന് കാരണമാകുന്നുണ്ട്. 

ആഹാരരീതി
സമീകൃതമായ ആഹാരമാണ് ആരോഗ്യരക്ഷയ്ക്ക് ആവശ്യം. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ സമീകരിച്ചുള്ള ഉപയോഗമാണ് വേണ്ടത്. മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പ്രമേഹ കാരണമാകുന്നു. ഇതുപോലെത്തന്നെയാണ് ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കുന്ന പദാര്‍ഥങ്ങളുടെയും ശീതപദാര്‍ഥങ്ങളുടെയും സ്ഥിതി.
മധുരപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗംകൊണ്ട് മാത്രമാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന ധാരണ ശരിയല്ല. മധുരത്തെപ്പോലെ തന്നെ ഉപ്പ്, പുളി എന്നിവയുടെ ഉപയോഗം പ്രമേഹകാരണമാകുന്നു എന്നാണ് പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം.

ഗുരു (ദഹിക്കാന്‍ പ്രയാസമുള്ളത്) സ്‌നിഗ്ധം (കൊഴുപ്പിനെയും കഫത്തെയും വര്‍ധിപ്പിക്കുന്നത്) ശീതം (തണുത്തതും തണുപ്പുണ്ടാക്കുന്നതും) എന്നീ ഗുണങ്ങളുള്ള ആഹാരങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹകാരണമാകും.
വിളവെടുപ്പ് കഴിഞ്ഞ ഉടന്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറ്, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, ഐസ്‌ക്രീം, ചോക്കലേറ്റ്, മത്സ്യമാംസങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൂടുതല്‍ ഉപയോഗിക്കരുത്. പോഷണമൂല്യത്തേക്കാള്‍ ഉപരി മറ്റ് ഘടകങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കി തയ്യാറാക്കി വിപണിയില്‍ എത്തുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്രശ്‌നകാരണമാണ്. ഇത്തരത്തിലുള്ള ആഹാരങ്ങള്‍ ശരീരപോഷണത്തിന് ആവശ്യമുള്ള ഘടകങ്ങളേക്കാള്‍ ഉത്പാദിപ്പിക്കുന്നത് ശരീരകോശങ്ങള്‍ക്ക് ഹാനി ഉണ്ടാക്കുന്ന മലിനാംശങ്ങളാണ്. ഇത് പ്രമേഹത്തിന് കാരണമാകും. ക്രമരഹിതമായ ആഹാരരീതിയും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു.

വിഹാരം
അലസജീവിതം, വ്യായാമക്കുറവ് (ഇവിടെ ശാരീരികധ്വാനം കുറയുന്നു, മാനസികാധ്വാനം കൂടുന്നു), അവ്യവസ്ഥിതമായ ദിനചര്യ പ്രത്യേകിച്ച് ഉറക്കം, ക്രമരഹിതമായ ലൈംഗിക ജീവിതം എന്നീ വിഹാരരീതികളും പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.

ദേഹപ്രകൃതി
ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് മേദസ്സ് ആവശ്യമായ ഘടകമാണ്. എന്നാല്‍ ഇതിന്റെ അളവിലും ഘടനയിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ രക്തസമ്മര്‍ദ്ദാധിക്യം, ഹൃദ്രോഗം, ധമനിപ്രതിചയം എന്നീ രോഗങ്ങള്‍ക്ക് കളമൊരുക്കുന്നു.

പ്രതിരോധത്തിന് പ്രധാന്യം
പ്രമേഹത്തിന്റെ കാര്യത്തില്‍ പാരമ്പര്യം പ്രധാനമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവിതസാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നു. എന്നാല്‍ ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. പാരിസ്ഥിക ഘടകങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തില്‍ പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതശൈലിയിലെ ക്രമപ്പെടുത്തല്‍ പ്രമേഹനിയന്ത്രണത്തിന് സഹായകമാവും.

പ്രമേഹസാധ്യതയുള്ള കുടുംബങ്ങളില്‍ ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്ത, മൂത്ര പരിശോധനകള്‍ നടത്തണം. അമിതവണ്ണമുള്ളവര്‍, പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും വണ്ണം കൂടുതല്‍ ഉള്ളവര്‍ വളരെ ശ്രദ്ധിക്കണം. ഇവര്‍ കൃത്യമായ കാലയളവില്‍ രക്തപരിശോധന നടത്തണം. കൂടെക്കൂടെയുള്ള രോഗാണുബാധ, ഉണങ്ങാത്ത വ്രണം, ക്ഷയം എന്നിവയുള്ളവര്‍ക്ക് പ്രമേഹമുണ്ടോ എന്ന് പരിശോധിക്കണം. രക്തസമ്മര്‍ദാധിക്യമുള്ളവരും കൊഴുപ്പിന്റെ അളവില്‍ പാകപ്പിഴകള്‍ ഉള്ളവരും ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍, കൂടെക്കൂടെയുള്ള ഗര്‍ഭസ്രാവം ഭാരക്കൂടുതലുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ എന്നിവരും ശ്രദ്ധിക്കണം. സ്റ്റിറോയ്ഡ് മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുമ്പോള്‍ പ്രമേഹത്തിന് സാധ്യതയുണ്ട്.

ഭക്ഷണനിയന്ത്രണം, വ്യായാമം, സമചിത്തത നിലനിര്‍ത്തല്‍, ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍ എന്നിവയാണ് പ്രമേഹരോഗ പ്രതിരോധത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍. മേദസ്സിനും കഫത്തിനും ഉദ്വര്‍ത്തനം കഫത്തിനെയും മേദസ്സിനെയും കുറയ്ക്കുന്ന ഔഷധങ്ങള്‍ ചൂര്‍ണരൂപത്തില്‍ എണ്ണയിലോ, മറ്റു ദ്രവങ്ങളിലോ ചേര്‍ത്തിയോ അല്ലാതെയോ ദേഹത്ത് തേച്ച് മേല്‍പ്പോട്ടുതിരുമ്മുന്ന രീതിയാണിത്. അമിതവണ്ണമുള്ള പ്രമേഹരോഗികളുടെ ചികിത്സയില്‍ ഇതിന് പ്രത്യേക പ്രാധാന്യം ഉണ്ട്.

ചില പൂര്‍വ ലക്ഷണങ്ങള്‍

* അമിത വിയര്‍പ്പ്
* ശരീരത്തിന്റെ അസ്വാഭാവിക ഗന്ധം
* ശരീര ദാര്‍ഢ്യം കുറയുക. 
* തൂക്കം കുറയുക.
* ആലസ്യഭാവം.
* ശരീരത്തിന് ഭാരം തോന്നുക.
* തണുത്ത ആഹാരത്തോട് കൂടുതല്‍ പ്രതിപത്തി.
* വായ, തൊണ്ട വരള്‍ച്ച.
* വായില്‍ മധുരം കഴിച്ചപോലുള്ള പ്രതീതി
* കൈകാലുകള്‍ക്ക് ചുട്ടുപുകച്ചില്‍.
* മൂത്രം വിസര്‍ജിച്ച ഭാഗങ്ങളില്‍ ഉറുമ്പുകള്‍ കാണുക.
* ക്ഷീണം.
* ശ്വാസത്തിന് ഗന്ധവ്യത്യാസം.
* കണ്ണുകളില്‍ പീള അടിയുക.
* ചെവിയില്‍ ചെപ്പി കൂടുതല്‍ ഉണ്ടാവുക

അവലംബം: മാതൃഭൂമി ആരോഗ്യമാസിക