കൊച്ചി: ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണം. കണ്ടെത്താനും ചികിത്സ തേടാനും വൈകുന്നു എന്നതാണ് സംസ്ഥാനത്ത് രോഗബാധിതരുടെയും രോഗം മൂലം മരിക്കുന്നവരുടെയും എണ്ണം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. ദേശീയ കാൻസർ രജിസ്ട്രിയനുസരിച്ച്, പകർച്ചവ്യാധികളല്ലാതെ രോഗബാധിതരായി മരിക്കുന്നവരിൽ ഒമ്പതു ശതമാനവും കാൻസർ മൂലമാണ്. രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധം.രോഗം പ്രാഥമിക ഘട്ടത്തിൽ കണ്ടെത്തുക എന്നതാണ് ഇതിലേറെ പ്രധാനം. അതിനു വേണ്ടത് മികച്ച സൗകര്യങ്ങളുള്ള ചികിത്സാലയങ്ങളാണ്. താഴെത്തട്ടിലുള്ളവർക്കും രോഗ നിർണയവും തുടർ ചികിത്സയും വളരെ വേഗം ലഭിക്കുന്ന ചികിത്സാ രീതിയാണ് ആവശ്യം.
പുകയില ഉപയോഗം പുരുഷന്മാരെ രോഗബാധിതരാക്കുമ്പോൾ, തൈറോയ്‌ഡും സ്തനാർബുദവുമാണ് സ്ത്രീകളിൽ കൂടുതലായി കാണുന്നത്. പാലക്കാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലായി 21,300 പുതിയ രോഗികളാണ് ഓരോ വർഷവും ദേശീയ കാൻസർ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുന്നത്. ഏകദേശം 63,900 പേർ കാൻസർ ബാധിതരായി ഈ മേഖലയിൽ ചികിത്സ തേടുന്നുണ്ട്. രാജ്യത്ത് എല്ലാ വർഷവും 11 മുതൽ 13 ശതമാനം വരെ ഈ കണക്കുകൾ കൂടുന്നതായും പഠനങ്ങൾ പറയുന്നു.
ദേശീയ കാൻസർ രജിസ്ട്രിയിൽ എല്ലാ സർക്കാർസ്വകാര്യ ആശുപത്രികളും രോഗികളുടെ വിവരങ്ങൾ രേഖപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ കാൻസർ ബാധിതരുടെ യഥാർഥ എണ്ണം ലഭ്യമല്ല.
മധ്യകേരളത്തിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എട്ട് കാൻസർ ചികിത്സാ കേന്ദ്രങ്ങളാണുള്ളത്. തൃശ്ശൂർ മെഡിക്കൽ കോളേജ്, അമൃത ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണ് കാൻസർ രജിസ്ട്രി കൃത്യമായി പ്രവർത്തിക്കുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒരു കാൻസർ ചികിത്സാ കേന്ദ്രം പോലുമില്ല.
എന്നുതുറക്കും കൊച്ചിയുടെ കാൻസർ സെന്റർ
പല ജില്ലകളിൽനിന്നും സാധാരണക്കാരായ കാൻസർ രോഗികൾ ആശ്രയിച്ചിരുന്ന ചികിത്സാ കേന്ദ്രമാണ് കൊച്ചി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തെ കോവിഡാണ് ചതിച്ചത്.
നിലവിൽ എറണാകുളം ജനറൽ ആശുപത്രി, കടവന്ത്ര ഇന്ദിരാഗന്ധി കോഓപ്പറേറ്റീവ് ആശുപത്രി എന്നിവിടങ്ങളിലായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയാ വിഭാഗം ഇന്ദിരാഗാന്ധി ആശുപത്രിയിലും കീമോ തെറാപ്പി, ഒ.പി. എന്നിവ ജനറൽ ആശുപത്രിയിലും.
കാൻസർ വിഭാഗമുള്ള ജനറൽ ആശുപത്രിയിൽ കാൻസർ കേന്ദ്രം കൂടി ആരംഭിച്ചതോടെ കീമോ ചെയ്യുന്നതിലും മുഴുവൻ സമയ ഒ.പി. നടത്തുന്നതിലും പ്രതിസന്ധിയുണ്ട്.
രണ്ട് ആശുപത്രികളിലുമായി രോഗികൾ ബുദ്ധിമുട്ടുകയാണിപ്പോൾ.
ഇതുമൂലം തുടർ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് പറഞ്ഞു. നിലവിൽ മാർച്ച് 15വരെ ഈ നിലയിൽ തുടരേണ്ട അവസ്ഥയിലാണ് കാൻസർ കേന്ദ്രം.
Content Highlights:World Cancer Day 2021, need Treatment centers for cancer prevention, Health