മാസങ്ങളായി തുടരുന്ന ചുമയും നെഞ്ചുവേദനയുമായി 2015 ജൂൺ മാസത്തിലാണ് തോമസ് (സാങ്കൽപ്പിക നാമം) ആദ്യമായി ആശുപത്രിയിൽ എത്തുന്നത്. ആസ്തമ രോഗിയായതിനാൽ ഇത് ആദ്യമൊന്നും കാര്യമാക്കിയില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥനായ ഈ 58 കാരൻ പറഞ്ഞു. എന്നാൽ ഒരു ദിവസം ബാങ്കിൽ വെച്ച് കഫത്തിൽ രക്തം കണ്ടപ്പോഴാണ് അടുത്തുള്ള ഡോക്ടറെ സമീപിച്ചത്. എക്സ് റേയിൽ വ്യത്യാസങ്ങൾ കണ്ടതിനാൽ ഓങ്കോളജിസ്റ്റിനെ കാണുവാൻ ഡോക്ടർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എന്റെ അടുക്കൽ എത്തിയത്. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത, ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്ന, വർഷാവർഷം ഹെൽത്ത് ചെക്ക്അപ്പ് നടത്തുകയും ചെയ്യുന്ന തോമസ് തനിക്ക് കാൻസർ വരാൻ സാധ്യതയില്ലെന്ന് ന്യായമായും ഉറപ്പിച്ചു.
ആശുപത്രിയിൽ എത്തിയ തോമസിനെ സ്കാനിങ്ങിന് വിധേയമാക്കി. സ്കാനിൽ ശ്വാസകോശത്തിലെ മുഴ വ്യക്തമായിരുന്നു. പെറ്റ് സ്കാൻ ചെയ്തപ്പോൾ എല്ലിലും കരളിലേയ്ക്കും അത് പടർന്നതായും അറിയാൻ കഴിഞ്ഞു. ബയോപ്സിയിൽ അഡേനോ കാർസിനോമ (Adenocarcinoma) എന്ന വകഭേദമാണെന്ന് തെളിഞ്ഞു. പുകവലിക്കാത്തവർക്കും വരാവുന്ന, ഇന്ന് ഏറ്റവും സാധാരണയായി കാണുന്ന ഒരുതരം ശ്വാസകോശാർബുദമാണ് അഡേനോ കാർസിനോമ. ഇത്തരം രോഗികളിൽ 50 ശതമാനം പേർക്ക് ഒരു ജീനിൽ വരുന്ന വ്യതിയാനമാണ് കാൻസറിലേക്ക് നയിക്കുന്നത്. EGFR, ACK, ROS, MET എന്നീ ജീനുകളിൽ പരിവർത്തനം (Mutation) സംഭവിച്ചോ എന്ന് പരിശോധിച്ചു. ഇവയാണ് കാരണമെങ്കിൽ കീമോതെറാപ്പി ഒഴിവാക്കി ഗുളികകളിൽ മാത്രമായി ചികിത്സ ഒതുക്കാമായിരുന്നു. എന്നാൽ, തോമസിന്റെ പരിശോധനാഫലങ്ങൾ വന്നപ്പോൾ മ്യൂട്ടേഷൻ ഉണ്ടായിരുന്നില്ല. കീമോതെറാപ്പി അനിവാര്യമായ സാഹചര്യം. കീമോതെറാപ്പിയെക്കുറിച്ച് സംസാരിച്ചപ്പോൾ തോമസ് രണ്ട് കാര്യങ്ങളാണ് ചോദിച്ചത്. 'എനിക്ക് ജോലിയിൽ തുടരാൻ സാധിക്കുമോ? അടുത്ത വർഷം നിശ്ചയിച്ച മകന്റെ വിവാഹം വരെ ഞാനുണ്ടാകുമോ?'
ആദ്യത്തെ ചോദ്യത്തിന് എളുപ്പത്തിൽ ഉത്തരം നൽകാൻ കഴിഞ്ഞു. അഡേനോ കാർസിനോമ രോഗികൾക്ക് നൽകുന്ന കീമോ (Pemetrexed/ Carbo) പാർശ്വഫലങ്ങൾ കുറഞ്ഞതാണ്. ഛർദ്ദി, ക്ഷീണം, പ്രതിരോധശക്തി കുറയുക എന്നിവ അപൂർവ്വമായതിനാൽ മിക്കവാറും എല്ലാവരും സാധാരണ ജീവിതവുമായി മുന്നോട്ട് പോകും. ആദ്യത്തെ കീമോ കഴിയുമ്പോൾ തന്നെ രോഗലക്ഷണങ്ങളായ ചുമ, വേദന എന്നിവ കുറയുന്നതായും കാണാറുണ്ട്. അതിനാൽ ഒരു മാസം അവധിയെടുത്ത് മരുന്നിനോടുള്ള പ്രതികരണം അറിഞ്ഞശേഷം ജോലിയിലേക്ക് മടങ്ങാമെന്ന് ഞാൻ ധൈര്യപൂർവ്വം പറഞ്ഞു.
രണ്ടാമത്തെ ചോദ്യം അത്ര ലളിതമായിരുന്നില്ല. തോമസിന്റേത് നാലാം സ്റ്റേജിലുള്ള കാൻസറായിരുന്നു. ഈ സ്റ്റേജിലുള്ള ഭൂരിപക്ഷം രോഗികളും ഒരു വർഷം പിന്നിടുന്നത് കാണാറുണ്ട്. എന്നാൽ, മരുന്നിനോട് എങ്ങനെ പ്രതികരിക്കുന്നു, എത്രകാലം അസുഖം നിയന്ത്രണത്തിൽ നിൽക്കുന്നു എന്നിവ പ്രവചനാതീതമാണ്. കീമോ നടന്നുകൊണ്ടിരിക്കുമ്പോൾ പ്രതികരിക്കാത്തവരെയും അഞ്ചു വർഷത്തിലധികം പിടിച്ചു നിൽക്കുന്നവരെയും കണ്ടിട്ടുണ്ട്. അതിനാൽ ഒരു സമയപരിധി പറയുക അസാധ്യമാണെങ്കിലും തോമസിനും കുടുംബത്തിനും ധൈര്യം പകരുവാൻ കൂടിയായി ഞാൻ പറഞ്ഞു 'വിവാഹത്തിന് പ്രശ്നങ്ങൾ ഞാൻ കാണുന്നില്ല.'
അങ്ങനെ തോമസിൽ കീമോതെറാപ്പി ആരംഭിച്ചു. അതിനോട് അദ്ദേഹം നന്നായി പ്രതികരിച്ചു. മൂന്നു മാസം കഴിഞ്ഞ് നടത്തിയ സ്കാനിങ്ങിൽ അസുഖം നല്ലവണ്ണം കുറഞ്ഞതായി കാണാനായി. തുടർന്ന് മൂന്ന് ആഴ്ചയിലൊരിക്കൽ കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു കൊടുത്തു. മരുന്ന് എടുക്കുമ്പോൾ തന്നെ തോമസ് ബാങ്കിൽ പോയി തുടങ്ങുകയും ചെയ്തു. അങ്ങനെ ഒരു വർഷം കടന്നു പോയി. അതിനിടയിൽ മകന്റെ വിവാഹവും നടന്നു. എന്നാൽ, ചുമയും ശ്വാസംമുട്ടും വീണ്ടും തോമസിനെ അലട്ടാൻ തുടങ്ങി. അർബുദകോശങ്ങൾ മരുന്നിനോട് പ്രതികരിക്കാതാവുന്നത് സാധാരണമാണ്. കീമോതെറാപ്പിയിലൂടെ തടഞ്ഞുനിർത്തിയ കാൻസർകോശങ്ങൾ വീണ്ടും വളർന്ന് ആക്രമണശേഷി തിരിച്ചുപിടിക്കും. ഈ സാഹചര്യത്തിൽ പുതിയ മരുന്നുകളിലൂടെ (2nd line) വീണ്ടും കാൻസർ കോശങ്ങളെ തടയാനാകും. തോമസിനും കീമോ മരുന്ന് മാറ്റി ചികിത്സ തുടർന്നു. ഒരു മാസത്തിനുള്ളിൽ അവ ഫലം കണ്ടു. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ കുറഞ്ഞു. പാർശ്വഫലങ്ങൾ കൂടിയ മരുന്നുകളാണെങ്കിലും തോമസിന്റെ ശുഭാപ്തിവിശ്വാസവും മനക്കരുത്തും കീമോതെറാപ്പിയുടെ ഫലപ്രാപ്തിയിലും പ്രതിഫലിച്ചു. തോമസ് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
രണ്ടുവർഷം കഴിഞ്ഞു. 2017ൽ നടത്തിയ സ്കാനിങ്ങിൽ തോമസിന് ആഘാതമായി വീണ്ടും കാൻസർകോശങ്ങൾ വളരുന്നതായി കണ്ടെത്തി. ഇതേസമയത്താണ് ശ്വാസകോശാർബുദത്തിന് ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. കീമോതെറാപ്പി ദ്രുതഗതിയിൽ വളരുന്ന കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുക. എന്നാൽ ഇമ്മ്യൂണോതെറാപ്പി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ നശിപ്പിക്കുവാൻ ശാക്തീകരിക്കുകയാണ് ചെയ്യുന്നത്. തോമസിനോട് ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സയെപ്പറ്റി പറഞ്ഞു. മൂന്നിലൊന്ന് രോഗികളും ഈ മരുന്നിനോട് നല്ലരീതിയിൽ പ്രതികരിക്കാറുണ്ട്. പാർശ്വഫലങ്ങളും കുറവായാണ് കാണാറ്. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ മരുന്നുകളാണെങ്കിലും ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ തോമസിന് ഇമ്മ്യൂണോതെറാപ്പി ആരംഭിക്കാൻ സാധിച്ചു.
മൂന്നു മാസത്തിനു ശേഷം ആദ്യത്തെ സ്കാൻ ചെയ്തപ്പോൾ മുഴയുടെ വലിപ്പം അൽപം കൂടിയിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കാൻസറുമായി പ്രതികരിക്കുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം (Pseudoprogression). എന്നാൽ തോമസിന്റെ ബുദ്ധിമുട്ടുകൾ നന്നായി കുറഞ്ഞതായി കണ്ടു. അതിനാൽ തന്നെ മരുന്നുകൾ തുടർന്നു. ആറാമത്തെ മാസത്തിൽ നടത്തിയ സ്കാൻ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അസുഖത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നു തന്നെ പറയേണ്ട സ്കാൻ. ഇമ്മ്യൂണോതെറാപ്പിയുടെ പ്രത്യേകതയും ഇതുതന്നെയാണ്. 20 ശതമാനം പേർക്കും അസുഖം പൂർണമായും അപ്രത്യക്ഷമാകും.
സ്റ്റേജ് 4 കാൻസറിൽ ഇത് സംഭവിക്കുകയെന്നത് ഏതാനും വർഷങ്ങൾക്കു മുമ്പ് കേട്ടുകേൾവി പോലും ഇല്ലാത്ത ഒന്നായിരുന്നു. അതുകൊണ്ടു തന്നെയാണ് കാൻസർ ചികിത്സയിൽ ഒരു വിപ്ലവമായി ഇമ്മ്യൂണോതെറാപ്പിയെ കാണുന്നതും. ഏതെല്ലാം അർബുദങ്ങൾ ഏത് സ്റ്റേജിൽ എത്രകാലം ഈ മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് കൃത്യമായി മാനദണ്ഡങ്ങൾ ഉണ്ട്.
തോമസിന് നിശ്ചിത കാലയളവിൽ ഇമ്മ്യൂണോതെറാപ്പി തുടർന്നുകൊണ്ടുപോയി. സ്കാനിങ്ങിൽ അപ്രത്യക്ഷമായ മുഴകളുടെ ഒരു ലക്ഷണവും പിന്നെ കണ്ടില്ല. ക്രമാതീതമായി വളർന്ന കാൻസർ കോശങ്ങളെ നിയന്ത്രിച്ച് നാമാവശേഷമാക്കാൻ മരുന്നിന്റെ സഹായത്തോടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞുവെന്ന് സാരം. വായിൽ തൊലി പോവുക, തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുക എന്നീ പ്രതീക്ഷിക്കുന്ന പാർശ്വഫലങ്ങൾ കണ്ടെങ്കിലും അവയെല്ലാം കാര്യമായി അലട്ടുന്ന പ്രശ്നങ്ങളായി മാറിയില്ല. തോമസിന്റെ റിട്ടയർമെന്റ്, മകന്റെ കുഞ്ഞിന്റെ മാമോദിസ എന്നീ ഔദ്യോഗിക സ്വകാര്യ ചടങ്ങുകൾ സമയാസമയം നടന്നു. കൂടെ ഇമ്മ്യൂണോതെറാപ്പിയും.
രണ്ടുവർഷം പൂർണമായും അസുഖം മാറി നിന്നാൽ മരുന്നുകൾ തുടരേണ്ട ആവശ്യമില്ല എന്നാണ് പഠനങ്ങളിൽ കാണുന്നത്. അതിനാൽ തന്നെ 2019ൽ തോമസുമായി സംസാരിച്ച് മരുന്നുകൾ നിർത്തി. ഇത് അൽപം മാനസിക സംഘർഷം ഉണ്ടാക്കുന്ന ഒരു തീരുമാനമാണ്. നന്നായി പോകുന്ന ഒരു ചികിത്സാരീതി എന്തിന് നിർത്തണമെന്ന ചോദ്യം സ്വാഭാവികമാണ്. എന്നാൽ തോമസിന്റെ ആത്മവിശ്വാസം എല്ലാവർക്കും ധൈര്യം നൽകി. അങ്ങനെ 2019 ഒക്ടോബറിൽ തോമസിന് ഇമ്മ്യൂണോതെറാപ്പി അവസാനമായി നൽകി.
കഴിഞ്ഞ ഒരു വർഷത്തിൽ തോമസിൽ ചെയ്ത എല്ലാ സ്കാനും അസുഖം പൂർണ നിയന്ത്രണത്തിലാണെന്ന് കാണിക്കുന്നതാണ്. കഴിഞ്ഞ കാൻസർ ദിനത്തിൽ ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച കാൻസർ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമത്തിൽ തോമസ് മറ്റു രോഗികളോടായി പറഞ്ഞു 'സ്റ്റേജ് 4 കാൻസർ 2015ൽ കണ്ടു പിടിച്ചപ്പോൾ ഇനി ചികിത്സിക്കേണ്ട എന്നു പറഞ്ഞവരുണ്ട്. എന്റെ കാര്യത്തിൽ സംഭവിച്ചത് എല്ലാവർക്കും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലായിരിക്കാം. എന്നാലും ശാസ്ത്രീയമായ ചികിത്സാരീതികളുമായി മുന്നോട്ട് പോയാൽ അത്ഭുതങ്ങൾ സംഭവിക്കാമെന്നാണ് എന്റെ അനുഭവം. ബി പോസിറ്റീവ്.'
(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ആണ് ലേഖകൻ)
Content Highlights:World Cancer Day 2021, Immunotherapy Hope for Stage 4 Cancer Patients, Health