• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

കാന്‍സര്‍ പേടിസ്വപ്‌നമായി തുടരുന്നു; കേരളം ഇനിയെന്തു ചെയ്യണം

Feb 3, 2021, 10:46 AM IST
A A A

ചികിത്സാരംഗത്ത് മുന്നേറ്റമുണ്ടാകുമ്പോഴും കാന്‍സര്‍ പേടിസ്വപ്‌നമായി തുടരുന്നു. എന്നാല്‍ പ്രതിരോധത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ ഊര്‍ജം പകരുന്നതാണ് ഡോ. വി.പി. ഗംഗാധരന്റെ വാക്കുകള്‍

# ഡോ. വി.പി. ഗംഗാധരന്‍/ സി.പി. ബിജു
ഡോ. വി.പി. ഗംഗാധരന്‍
X
ഡോ. വി.പി. ഗംഗാധരന്‍

നാലു പതിറ്റാണ്ടോളമായി കേരളത്തിൽ കാൻസർ ചികിത്സാരംഗത്ത് വഴികാട്ടിയാണ് ഡോ.വി.പി. ഗംഗാധരൻ. പുതിയ ചികിത്സാ സങ്കേതങ്ങളുടെയും ഔഷധങ്ങളുടെയും ഉപയോഗത്തിൽ നിരന്തരപരിശീലനത്തിലേർപ്പെടുന്നു അദ്ദേഹം. ഓരോ രോഗിയെയും കാരുണ്യംനിറഞ്ഞ മാനവിക ബോധത്തോടെ പരിചരിക്കണം എന്നതിലും അദ്ദേഹം നിർബന്ധം പുലർത്തുന്നു. കാൻസർ പ്രതിരോധത്തിലും ചികിത്സയിലും വലിയ മാതൃകകൾ കാഴ്ചവെക്കാൻ കേരളത്തിനു കഴിയും എന്നും ഡോ. ഗംഗാധരൻ ചൂണ്ടിക്കാട്ടുന്നു.

ജീവിതശൈലിരോഗങ്ങളുടെയും മറ്റും പ്രതിരോധത്തിലും ചികിത്സയിലും പുലർത്തുന്ന ജാഗ്രതയും മുന്നേറ്റവും കാൻസറിന്റെ കാര്യത്തിലും സാധിക്കും. ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ചിട്ടയോടെ ശ്രമിച്ചാൽ കാൻസറിനെ മറികടക്കുന്നതിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം.

കാൻസർ ചികിത്സയിൽ കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തിനിടെ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായല്ലോ. എന്നിട്ടും ഇത് അതീവഗൗരവമുള്ള പ്രശ്നമായി തുടരുകയാണ്.

കാൻസർചികിത്സയുടെ കാര്യത്തിൽ കേരളത്തിൽ തന്നെ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും നല്ല ചികിത്സാ കേന്ദ്രങ്ങളുണ്ട്. അതിനൊപ്പംതന്നെ ചിട്ടയോടെയുള്ള കാൻസർ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കാനും നമുക്ക് കഴിയണം. ഇനിയെന്ത് എന്നാലോചിക്കുമ്പോൾ, പ്രതിരോധം, നേരത്തേ രോഗം കണ്ടെത്തൽ എന്നീ കാര്യങ്ങൾക്കാണ് ആദ്യപരിഗണന കൊടുക്കേണ്ടത്. ഇത്തരം കാര്യങ്ങളൊക്കെ അടിസ്ഥാനതലത്തിൽനിന്ന് ശാസ്ത്രീയചിട്ടയോടെ കെട്ടിപ്പടുത്തുകൊണ്ടുവരാൻ കഴിയണം. അതിന് ആദ്യം വേണ്ടത് ട്യൂമർ രജിസ്ട്രി അല്ലെങ്കിൽ കാൻസർ രജിസ്ട്രിയാണ്.

എന്താണ് കാൻസർ രജിസ്ട്രി? ഇപ്പോൾത്തന്നെ പല ആശുപത്രികളും കാൻസറുമായി ബന്ധപ്പെട്ട് രജിസ്ട്രികൾ സൂക്ഷിക്കുന്നില്ലേ?

കാൻസർ വന്നിട്ടുള്ളവരും വരാൻ സാധ്യതയുള്ളവരുമായ ആളുകളെക്കുറിച്ച് സമഗ്രമായ വിവരശേഖരമാണ് കാൻസർ രജിസ്ട്രി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല ആശുപത്രികളിലും അവിടെയെത്തുന്ന രോഗികളെക്കുറിച്ചും ചികിത്സിക്കുന്നവരെക്കുറിച്ചുമൊക്കെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഒറ്റയൊറ്റയായ വിവരശേഖരണം മതിയാവില്ല. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന അടിസ്ഥാന ഡേറ്റാശേഖരം തയ്യാറാക്കണം. ആ വിവരശേഖരമായിരിക്കും എല്ലാതരത്തിലുള്ള ആസൂത്രണങ്ങളുടെയും അടിസ്ഥാനം.

എങ്ങനെയാണ് ഈ രജിസ്ട്രി തയ്യാറാക്കാൻ സാധിക്കുക?

ഗ്രാമീണതലത്തിൽവരെ പ്രൈമറി ഹെൽത്ത് സെന്ററുകളും ചികിത്സാകേന്ദ്രങ്ങളുമുള്ള അതിശക്തമായ ആരോഗ്യശൃംഖല നമുക്കുണ്ട്. നിശ്ചിത സമയം കൊണ്ട് കേരളത്തിലെ മുഴുവൻ ആളുകളെയും പ്രാഥമിക പരിശോധന നടത്താൻ കഴിയും. വിവരവിനിമയ സൗകര്യങ്ങൾ അത്രയേറെ മെച്ചപ്പെട്ട സാഹചര്യത്തിൽ വിവരങ്ങൾ എടുക്കുന്നതും ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇങ്ങനെയൊരു രജിസ്ട്രി കാൻസറിന്റെ കാര്യത്തിൽ മാത്രമല്ല, മൊത്തം ആരോഗ്യകാര്യത്തിൽ തയ്യാറാക്കാവുന്നതാണ്. കേരളത്തിലെ മുഴുവൻ ആളുകൾക്കും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ ഉറപ്പുവരുത്താനും പ്രതിരോധപദ്ധതികൾ ആവിഷ്കരിക്കാനും കഴിയും.

ചികിത്സയ്ക്കുവേണ്ടി ഇപ്പോൾ ചെലവാക്കേണ്ടി വരുന്ന തുക അടുത്ത ഏതാനും വർഷങ്ങൾകൊണ്ടുതന്നെ കാര്യമായി കുറച്ചുകൊണ്ടുവരാനും കഴിയും. രോഗം വന്നിട്ട് ചികിത്സിച്ചു ഭേദമാക്കുക എന്നതിനപ്പുറം സുഖജീവിതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്കുകൂടി നമ്മുടെ ആരോഗ്യ ലക്ഷ്യങ്ങൾ ചിട്ടപ്പെടുത്താൻ കഴിയും.

പല ഘട്ടങ്ങളിലും ആളുകൾക്ക് നിർബന്ധിത ആരോഗ്യ പരിശോധന ഏർപ്പെടുത്തണം. ഉദാഹരണത്തിന് 12ാം ക്ലാസിലേക്കോ അത്തരത്തിലുള്ള മറ്റു കോഴ്സുകളിലേക്കോ ചേരുന്ന സമയത്ത് ഒരു സമ്പൂർണ പരിശോധന എല്ലാവർക്കും ഏർപ്പെടുത്താവുന്നതാണ്. സ്വകാര്യ മേഖലയിലായാലും പൊതുമേഖലയിലായാലും ജോലിക്കു ചേരുമ്പോൾ ഇത്തരം പരിശോധനകൾ നടത്തി ആരോഗ്യവിവരശേഖരണം നടത്താം. വിവിധ പെൻഷൻ പദ്ധതികളിൽ അംഗങ്ങളായവർക്ക് രണ്ടു വർഷത്തിലൊരിക്കലോ മറ്റോ സമ്പൂർണ ആരോഗ്യ പരിശോധനകൾ നടത്താം. ഇത്തരം പരിശോധനകളിലെല്ലാം സർക്കാർ, സ്വകാര്യ മേഖലകൾക്ക് ഒരുപോലെ പങ്കാളിത്തം നൽകണം. ഇങ്ങനെ എടുക്കുന്ന അതി വിപുലമായ ഡേറ്റാശേഖരം കൃത്യമായി പരിപാലിക്കാനും വിശകലനംചെയ്യാനും ചിട്ടയും വിശ്വാസ്യതയുമുള്ള ഏജൻസിക്ക് രൂപം കൊടുക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. വലിയ പണച്ചെലവോ ബാധ്യതയോ വരുന്ന കാര്യമല്ല ഇത്.

കാൻസറിന്റെ കാര്യത്തിൽ ഇത്തരമൊരു വിവരശേഖരത്തിന്റെ പ്രാധാന്യം എന്താണ് ?

പത്തുവർഷം മുൻപുണ്ടായിരുന്ന ഡേറ്റയ്ക്കനുസരിച്ചല്ല ഇപ്പോൾ കാര്യങ്ങൾ. ഉദാഹരണത്തിന് വൻകുടലിലെ അർബുദം, പ്രോസ്റ്റേറ്റ്, പാൻക്രിയാസ്, തൈറോയ്‌ഡ്, കരളിലെ കാൻസർ, അണ്ഡാശയാർബുദം തുടങ്ങിയവ ഇപ്പോൾ മുൻപത്തെക്കാൾ കൂടുതൽ കാണുന്നുണ്ട്. അതേസമയം ഗർഭാശയഗള കാൻസർ തുടങ്ങി ചില ഇനങ്ങളിൽ കാര്യമായ കുറവും കാണുന്നുണ്ട്. ഏത് കാൻസറുകളാണ് കൂടുന്നത് ഏതൊക്കെയാണ് കുറയുന്നത്, എങ്ങനെയാണ് രോഗസാധ്യതാനിരക്ക് എന്നൊക്കെ കൃത്യമായി മനസ്സിലാക്കിയാലേ കാൻസർ പ്രതിരോധത്തിന്റെ ഓരോ ഘട്ടവും കൃത്യമായി ചിട്ടപ്പെടുത്താൻ കഴിയുകയുള്ളൂ.

എങ്ങനെയാണ് കാൻസറിനെ പ്രതിരോധിക്കാൻ കഴിയുക?

പ്രധാനമായും മൂന്നുകാര്യങ്ങളാണ് ഇതിനുവേണ്ടത്.
1. പുകയില ഉത്‌പന്നങ്ങൾ പൂർണമായി ഒഴിവാക്കുക.
2. മദ്യവും മറ്റ് ലഹരികളും ഒഴിവാക്കുക.
3. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കുക.

ഇക്കാര്യങ്ങളൊക്കെ എല്ലാവർക്കുമറിയാം. പക്ഷേ, ഒഴുക്കൻ മട്ടിലുള്ള അറിവുപോരാ; ശരിയായ അവബോധവും ജാഗ്രതയും മുഴുവൻ ജനങ്ങളെയും നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിപ്പിക്കണം. ആരോഗ്യവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ വരേണ്ടതാണ്.

ജീവിതശൈലിരോഗങ്ങളുടെ നിയന്ത്രണത്തിൽ പല ജാഗ്രതകളും സ്വീകരിക്കുന്നുണ്ടല്ലോ. അത്തരം കരുതൽ കാൻസറിന്റെ കാര്യത്തിലും സാധ്യമാണോ?

പ്രമേഹവും അത്തരത്തിലുള്ള ജീവിതശൈലിരോഗങ്ങളും വലിയൊരളവോളം പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഇപ്പോൾ കഴിയുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തിലൊക്കെ ജനങ്ങൾക്ക് ഒരുവിധം അവബോധവും ജാഗ്രതയും വന്നിട്ടുണ്ട്. ഒട്ടുമിക്ക ആശുപത്രികളും ഇപ്പോൾ അവിടെയെത്തുന്ന മിക്കവാറും രോഗികൾക്കും പ്രമേഹം, ബി.പി. തുടങ്ങിയവ പരിശോധിച്ച് പ്രതിരോധത്തിനോ നിയന്ത്രണത്തിനോ വേണ്ട കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. കാൻസറിന്റെ കാര്യത്തിലും നമുക്കുവേണ്ടത് ജീവിതശൈലിരോഗങ്ങളുടെ കാര്യത്തിൽ സ്വീകരിക്കുന്ന അതേ ജാഗ്രതയാണ്.

മദ്യം കാൻസറിന് കാരണമാകുമോ?

എല്ലാത്തരം മദ്യവും കാൻസർ സാധ്യത വർധിപ്പിക്കുന്നവയാണ്. അത് റെഡ് വൈൻ ആയാലും വൈറ്റ് വൈൻ ആയാലും ബിയർ ആയാലും മറ്റിനങ്ങളായാലും. കൂടുതൽ മദ്യം കുടിക്കുന്നത് കാൻസർ സാധ്യത അത്രയും കൂട്ടുകയും ചെയ്യും. വായിലും തൊണ്ടയിലുമുണ്ടാകുന്ന കാൻസർ, കരളിലെ കാൻസർ, അന്നനാളത്തിലെ കാൻസർ, സ്വനപേടകത്തിലെ കാൻസർ, കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാൻസർ, സ്തനാർബുദം തുടങ്ങിയവയിലൊക്കെ മദ്യപാനം കാരണമായേക്കാം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ചെറിയ പ്രായക്കാരിലെ മദ്യപാനം കർശനമായി തടയുക തുടങ്ങിയവയൊക്കെ പ്രധാനമാണ്.

ലഹരി ഉപയോഗം തടയുന്നതിന് പല നിയമങ്ങളുമുണ്ട്. പൊതുസ്ഥലത്ത് പുകവലി പാടില്ല, ചെറിയ കുട്ടികൾക്ക് പുകയില ഉത്‌പന്നങ്ങൾ വിൽക്കാൻ പാടില്ല, പാൻമസാല പോലുള്ളവയുടെ നിരോധനം തുടങ്ങിയവ. ഇവയൊക്കെ കർശനമായി നടപ്പാക്കണം. നിയമനടപടിയെ പേടിച്ച് ഇവയിൽനിന്ന് വിട്ടുനിൽക്കുന്നതിനപ്പുറം, ദുശ്ശീലങ്ങളിൽ പെടാതിരിക്കാനുള്ള ജാഗ്രത ഓരോരുത്തരിലും വളർത്തിയെടുക്കാൻ കഴിയണം.

ഭക്ഷണശീലത്തിലെ പ്രശ്നങ്ങളും വ്യായാമക്കുറവും എങ്ങനെയാണ് കാൻസറിലേക്കു നയിക്കുന്നത്?

മെയ്യനങ്ങാത്ത ജീവിതരീതി മറ്റു പലതരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാക്കുന്നതുപോലെ കാൻസറിനും കാരണമാകുന്നുണ്ട്. അമിതവണ്ണ(ഒബീസിറ്റി)വുമായി ബന്ധപ്പെട്ട കാൻസറുകൾ കേരളത്തിൽ കൂടുന്നുണ്ടിപ്പോൾ. കുട്ടികൾക്കുപോലും ആവശ്യത്തിന് വ്യായാമമില്ല. സ്തനാർബുദം പോലെ സാധാരണയായി കാണുന്ന കാൻസറുകളിലേക്കു നയിക്കുന്ന കാരണങ്ങളിലൊന്നാണ് അമിതവണ്ണവും വ്യായാമക്കുറവും എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭക്ഷണശീലങ്ങളിൽ എന്താണ് ശ്രദ്ധിക്കേണ്ടത് ?

ഭക്ഷ്യവസ്തുക്കളിലെ വിഷാംശം, അമിതഭക്ഷണശീലം തുടങ്ങിയവയൊക്കെ വിവിധതരത്തിലുള്ള കാൻസറിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. ഭക്ഷണകാര്യത്തിൽ കൃഷിരീതി വളരെ പ്രധാനമാണ്. ഉപയോഗിക്കാവുന്ന കീടനാശിനികൾ, വളങ്ങൾ, അവയുടെ അളവ്, ഉപയോഗക്രമം തുടങ്ങിയവയൊക്കെ ചിട്ടപ്പെടുത്തുകയും ആ പരിധിക്കപ്പുറം പോകാതിരിക്കാനുള്ള ജാഗ്രതയും നിയന്ത്രണവും ഉണ്ടാവുകയും വേണം. നല്ലയിനം പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ പാനീയങ്ങളും ശീലിക്കണം. ഇപ്പോഴേ അത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാലേ 2025 വർഷത്തിനപ്പുറം മികച്ച ആരോഗ്യനിലവാരമുള്ള ജനതയെ രൂപപ്പെടുത്താൻ കഴിയുകയുള്ളൂ. ഇത്തരം ആരോഗ്യശീലങ്ങളൊക്കെ പെട്ടെന്ന് ഫലംതരുന്നവയല്ല. ദീർഘകാലലക്ഷ്യങ്ങൾ മുൻനിർത്തിവേണം ചിട്ടപ്പെടുത്തലുകളൊക്കെ വരുത്താൻ.

ഇത്തരം ചിട്ടപ്പെടുത്തലുകൾ മൊത്തത്തിൽ ആരോഗ്യമേഖലയിൽ വരുത്തേണ്ടവകൂടിയാണല്ലോ. കാൻസറിന്റെ കാര്യത്തിൽ പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുണ്ടോ?

കാൻസറിന്റെ കാര്യത്തിൽ എടുക്കേണ്ട പ്രധാനപ്പെട്ട മുൻകരുതലാണ് സ്ക്രീനിങ്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാൾക്ക് രോഗസാധ്യത നേരത്തേ കണ്ടെത്താൻ പരിശോധനകൾ അത്യാവശ്യമാണ്. ആകെയുള്ള കാൻസറുകളിൽ മൂന്നിലൊന്നോളവും സ്ക്രീനിങ്ങിലൂടെ കണ്ടെത്താൻ കഴിയുന്നവയാണ്.
സ്തനാർബുദം, ഗർഭാശയഗള കാൻസർ, വായിലും തൊണ്ടയിലുമുണ്ടാകുന്ന കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, കുടലിലെ കാൻസർ തുടങ്ങിയവ വളരെ നേരത്തേ പ്രാഥമികപരിശോധനകളിലൂടെ കണ്ടെത്താൻ കഴിയും. മുൻകൂട്ടിയുള്ള പരിശോധനകളും രോഗപ്രതിരോധവും ചിട്ടയായി നടത്താനായാൽ കാൻസർ സാധ്യത പകുതിയാക്കാൻ കഴിയുമെന്നർഥം.

സ്തനാർബുദത്തിന്റെ സ്ക്രീനിങ് രീതികൾ പലർക്കും അറിയാം. എന്നാൽ മറ്റുള്ളവയുടെ കാര്യത്തിൽ പരിശോധനകൾ നടക്കുന്നുണ്ടോ?

ഒരുപരിധിവരെ മാത്രമേ അത്തരം സ്വയംപരിശോധനകൾ ഇപ്പോൾ നടക്കുന്നുള്ളൂ. അത് വ്യാപകമാക്കാൻ നമുക്ക് കഴിയണം. കാൻസർ അവബോധം കാര്യമായി മെച്ചപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ സ്ക്രീനിങ് പോലുള്ള കാര്യങ്ങൾ നന്നായി നടക്കുകയുള്ളൂ. കുടുംബശ്രീകൾ പോലുള്ള സമിതികളെ ഇത്തരം കാര്യങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ നമുക്ക് കഴിയും. കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകണം. അന്താരാഷ്ട്രതലത്തിൽത്തന്നെ നമുക്ക് മുന്നോട്ടുവെക്കാൻ വലിയൊരു മാതൃകയായിരിക്കും അത്.

ചില ഘട്ടങ്ങളിൽ ഇത്തരം സ്ക്രീനിങ്ങുകൾ നിയമപരമായി നടത്താവുന്നതാണ്. സ്ഥാപനങ്ങളിൽ ജോലിക്കുചേരുമ്പോൾ വൈദ്യപരിശോധന നിർബന്ധമാക്കി നിയമം കൊണ്ടുവരാനാകും. നിശ്ചിത ഇടവേളകളിൽ സ്ക്രീനിങ്ങുകൾ നടത്തിയിരിക്കണം എന്ന് വ്യവസ്ഥ വെക്കാനാവും. അതിനൊക്കെയുള്ള പ്രാഥമികസൗകര്യങ്ങൾ ഏർപ്പെടുത്താൻ കാര്യമായ പണച്ചെലവൊന്നും ഉണ്ടാവുകയുമില്ല.

നിലവിലെ രോഗപ്രതിരോധ പരിപാടികൾ ഏതെങ്കിലും തരത്തിൽ കാൻസറിനെ തടയുമോ?

രണ്ടു വാക്സിനുകളുടെ ഉപയോഗം ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. എച്ച്.പി.വി. (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എന്നിവ എല്ലാവരും എടുക്കുന്നത് കാൻസർ പ്രതിരോധത്തിൽ കാര്യമായ ഗുണംചെയ്യും. 10ാം വയസ്സിനുശേഷം എച്ച്.പി.വി. വാക്സിൻ എടുക്കാൻ ഇപ്പോൾ സൗകര്യമുണ്ട്.
കാൻസർ പ്രതിരോധത്തിന് നേരിട്ടുപയോഗിക്കാവുന്ന വാക്സിനുകൾ നിലവിൽ ഇല്ല. വാക്സിനുകൾകൊണ്ട് കാൻസറുകളെ പ്രതിരോധിക്കാൻ കഴിയുന്ന ഘട്ടം ഒരുപക്ഷേ, വരുമായിരിക്കാം. ഇപ്പോൾ അതൊരു വിദൂരസാധ്യത മാത്രമാണ്.

കാൻസർ പ്രതിരോധവും നിയന്ത്രണവും മുൻനിർത്തി പദ്ധതികളെന്തെങ്കിലും ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടോ?

ഇപ്പോൾ നമുക്കുള്ള ഔദ്യോഗികപരിപാടികളെല്ലാം ചികിത്സയ്ക്കുവേണ്ടിയുള്ളവയാണ്. കാൻസറിനെ ചെറുക്കുക എന്ന ലക്ഷ്യത്തിൽ, സാമൂഹികകാഴ്ചപ്പാടോടെ കാൻസർ പ്രതിരോധനടപടികൾ എടുക്കുമ്പോൾ ആദ്യം വേണ്ടത് പ്രതിരോധവും നിയന്ത്രണവും മുൻനിർത്തിയുള്ള പദ്ധതികളാണ്. ഇവയുടെ ഫലം പെട്ടെന്ന് നമുക്ക് എടുത്തുകാണിക്കാൻ പറ്റിയെന്നു വരില്ല. എന്നാൽ, ഇനിയെന്തുചെയ്യണമെന്ന ചിന്തയോടെ ജാഗ്രതയോടെ മുന്നോട്ടുനീങ്ങുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഇക്കാര്യങ്ങൾക്ക് പ്രാധാന്യം നൽകണം.

നിലവിലുള്ള രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ നമുക്ക് കഴിയുന്നുണ്ടോ, കേരളത്തിൽ കാൻസർ ചികിത്സയുടെ സ്ഥിതിയെന്താണ് ?

കേരളത്തിൽ ഇന്ന് നിരവധി മികച്ച കാൻസർ ചികിത്സാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ എട്ടോ പത്തോ കൊല്ലത്തിനിടെ ഒട്ടേറെ മികച്ച കേന്ദ്രങ്ങൾ ഉണ്ടായിവന്നു. എന്നാൽ, കൂടുതൽ സ്വകാര്യ ആശുപത്രികളാണ്. കാൻസർ ചികിത്സ പലപ്പോഴും ഏറെക്കാലം തുടരേണ്ടിവരുന്നതാണ്. അതിനാൽ ചെലവ് ഒരു പ്രശ്നമായിരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ സൗകര്യങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണ്.
പ്രധാനപ്പെട്ട മറ്റൊരുകാര്യം ചിട്ടയുള്ള കാൻസർ ചികിത്സാ ക്രമം (സ്റ്റാൻഡേഡൈസ് ചെയ്ത പ്രോട്ടോകോൾ) കൊണ്ടുവരാൻ നമുക്ക് കഴിയണം എന്നതാണ്. വിദേശരാജ്യങ്ങളിൽ നിലവിലുള്ള ചികിത്സാ പ്രോട്ടോകോൾ അതേപടി നടപ്പാക്കാൻ നമുക്ക് കഴിയില്ല.

കേരളത്തിലെ സാഹചര്യങ്ങൾ, ജീവിതരീതി തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് ചികിത്സയുടെ പ്രോട്ടോകോൾ ചിട്ടപ്പെടുത്തണം. അതിന് സർക്കാർതലത്തിലാണ് നടപടികളുണ്ടാകേണ്ടത്. അങ്ങനെ നിലവാരമുള്ള ചികിത്സാക്രമം ഉണ്ടായിക്കഴിഞ്ഞാൽ ഒരു രോഗാവസ്ഥയ്ക്ക് ഏതേതു ചികിത്സകളാണ് ചെയ്യേണ്ടത് എന്നകാര്യത്തിൽ ഏകീകൃതരീതികളുണ്ടാവും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ ഉള്ളവർക്കും മികച്ച നിലവാരത്തിലുള്ള ചികിത്സ നൽകാൻ ഇതുവഴി കഴിയും.

കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിവരുന്നുണ്ടല്ലോ?

കാൻസർ ചികിത്സയുടെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്പെഷ്യാലിറ്റികൾ. മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് ഇന്ന് കാൻസർ ചികിത്സാരംഗത്തുള്ള പ്രധാന സ്പെഷ്യാലിറ്റികൾ. ഈ മൂന്നു വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാലേ മികച്ച കാൻസർ ചികിത്സ നൽകാൻ കഴിയുകയുള്ളൂ. നിർഭാഗ്യവശാൽ നമ്മുടെ പല കാൻസർ ചികിത്സാകേന്ദ്രങ്ങളിലും ഈ വിഭാഗങ്ങളെല്ലാം വേണ്ടത്ര മികവോടെ പ്രവർത്തിക്കുന്നില്ല. ആർ.സി.സി. പോലെ ചുരുക്കം ചില കേന്ദ്രങ്ങളിലും ചില സ്വകാര്യ ആശുപത്രികളിലും മാത്രമേ ഇങ്ങനെ സ്പെഷ്യാലിറ്റികൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുള്ളൂ.

ഓരോ വർഷവും ഒരു നിശ്ചിത തുക എല്ലാ കേന്ദ്രങ്ങളിലുമായി പങ്കിട്ടുനൽകുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഒരിടത്ത് റേഡിയേഷൻ മെഷീനുകൾ സ്ഥാപിക്കും, മറ്റൊരിടത്ത് വിദഗ്ധനെ നിയമിക്കും, വേറൊരിടത്ത് ഓപ്പറേഷൻ തിയേറ്റർ ഒരുക്കും, ലാബ് മറ്റൊരിടത്ത് നൽകും എന്ന മട്ടിലാണ് കാര്യങ്ങൾ. ഓരോ മെഡിക്കൽ കോളേജിനും പ്രത്യേക പരിഗണന നൽകി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ സൗകര്യം എന്നു പറയുന്നതും ഇതുപോലെയാണ്. ഉള്ള ഡോക്ടർമാരെ വെച്ച് എല്ലാ കാര്യങ്ങളും ചെയ്യിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എല്ലാ സ്പെഷ്യാലിറ്റികളിലേക്കും ആവശ്യമായത്ര ഡോക്ടർമാർ ഇപ്പോൾ നമുക്കില്ല. വിവിധ സ്പെഷ്യാലിറ്റികളിൽ മികച്ച സ്പെഷ്യലിസ്റ്റുകളെ പരിശീലിപ്പിച്ചെടുക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.

പത്തുകൊല്ലംമുമ്പുമുതൽ ഇങ്ങനെ ഓരോരോ കേന്ദ്രങ്ങൾക്ക് പ്രത്യേക പരിഗണന നൽകി അവയെ സമഗ്രകേന്ദ്രങ്ങളായി വളർത്തിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോൾ ആവശ്യത്തിന് മികച്ച കേന്ദ്രങ്ങൾ നമുക്കുണ്ടാകുമായിരുന്നു. ഓരോരോ സ്ഥലങ്ങളിലുള്ള ആളുകളെ തൃപ്തിപ്പെടുത്താനായി വീതംവെക്കുന്നതുകൊണ്ട് ഫലത്തിൽ ഒരിടത്തും വേണ്ടത്ര സൗകര്യങ്ങളില്ലാത്ത സ്ഥിതിയാവുകയാണ്.

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്റർ, തലശ്ശേരിയിലെ സെന്റർ, പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ സമഗ്രവും സമ്പൂർണവുമായ ചികിത്സാകേന്ദ്രങ്ങളൊരുക്കാനാണ് സർക്കാർതലത്തിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളെയും നോഡൽ കേന്ദ്രങ്ങളാക്കി സമഗ്രവും സമ്പൂർണവുമായ ഒരു കാൻസർ ചികിത്സാവ്യവസ്ഥ മികവോടെ കെട്ടിപ്പടുക്കാൻ സർക്കാരിന് കഴിയുന്നതേയുള്ളൂ.

Content Highlights:World Cancer Day 2021 Dr.V.P. Gangadharan speaks about cancer awareness, Health, Cancer Awareness

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

PRINT
EMAIL
COMMENT

 

Related Articles

ബി.പി. കൂടുമ്പോള്‍ ഓര്‍ക്കണം വൃക്കരോഗം വന്നേക്കാം
Health |
Health |
ഡയാലിസിസ് ചെയ്യുന്നവര്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
Health |
പ്ലാസന്റയിലെ ജീനുകള്‍ പറയും കുഞ്ഞിന് ഭാവിയില്‍ സ്‌കീസോഫ്രീനിയ ഉണ്ടാകുമോയെന്ന്
Health |
2050 ആകുമ്പോഴേക്കും നാലില്‍ ഒരാള്‍ക്ക് കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന
 
  • Tags :
    • Health
    • World Cancer Day 2021
    • Cancer Awareness
More from this section
Nirakanchiri short film
കാന്‍സര്‍ ജീവിതാവസാനമല്ല; 'നിറകണ്‍ചിരി' ഹ്രസ്വചിത്രവുമായി പാലക്കാട് ജില്ലാ ആശുപത്രി
Holding pink breast cancer awareness ribbon - stock photo
മനസ്സിന്റെ നിശ്ചയദാർഢ്യം കാൻസർ രോഗിയുടെ ആയുസ്സിന്റെ കണക്കുപുസ്തകം തിരുത്തിക്കുറിച്ച കഥ
Close-Up Of Woman Holding Pink Ribbon - stock photo
കാന്‍സര്‍ പ്രതിരോധത്തിന് വേണം ചികിത്സാ കേന്ദ്രങ്ങള്‍
Red Ribbon Hiv, Pills And Stethoscope On Pink Background - stock photo
ആസ്റ്റര്‍ മിംസില്‍ 'കാരുണ്യ സ്പര്‍ശം' പദ്ധതിക്ക് തുടക്കമായി
ഇന്നസെന്റ്
''തനിക്കൊന്നും വരില്ലെടോ'' എന്നുപറഞ്ഞ് സത്യന്‍ എന്നെ ചേര്‍ത്തുപിടിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.