കാൻസറിനെപ്പറ്റിയുള്ള ഭീതി അസ്ഥാനത്താണ്. രോഗത്തെപ്പറ്റിയുള്ള ധാരണകളെ മാറ്റാൻ സമയമായെന്ന് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ. മാതൃഭൂമി പ്രതിനിധി സി. സരിത്തിനു നൽകിയ അഭിമുഖത്തിൽനിന്ന്..
എന്താണ് കേരളത്തെ സംബന്ധിച്ച് കാൻസറിലേക്ക്നയിക്കുന്നത്
കാൻസർ പൊതുവേ പ്രായമായവരിൽ കണ്ടുവരുന്ന രോഗമാണ്. ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് കാൻസറിനുള്ള സാധ്യതയും കൂടും. കൂടാതെ, കേരളീയരുടെ ജീവിതശൈലിയിലുള്ള വ്യതിയാനങ്ങളും രോഗം കൂടുതലായി കണ്ടുവരുന്നതിനൊരു കാരണമാണ്. ഭക്ഷണരീതിയിലെ മാറ്റം, വ്യായാമമില്ലായ്മ, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇതുമായി ബന്ധപ്പെട്ടതാണ്.
കേരളത്തിന്റെ നേട്ടം എന്താണ്
കാൻസർ ചികിത്സയ്ക്കും അത് കണ്ടെത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രെസിഷൻ മെഡിസിൻ എന്ന ചികിത്സാ വിഭാഗത്തിന്റെ ആവിർഭാവമാണ്. കാൻസർ ഒരു ജനിതക രോഗമാണ്. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന അപകടകരമായ മാറ്റങ്ങൾ ഇതിനു കാരണമാകുന്നു. ചില ജീനുകളുടെ പ്രവർത്തനം കൂടുകയോ അവതാളത്തിലാവുകയോ ചെയ്യുന്നത് കോശങ്ങളുടെ വിഭജനശേഷി വർധിപ്പിക്കുന്നു. ഇന്ന് ഗവേഷണങ്ങൾ മിക്കവയും ഈ മാറ്റങ്ങളിൽ ഊന്നിയാണ്. ഈ ജീനുകളിലെ മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ നോക്കി മരുന്നു വികസിപ്പിക്കുകയും അവ ഉപയോഗിച്ച് കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്നത് സമീപകാലത്തെ പുതിയ ചികിത്സാ രീതിയാണ്. ഇതോടൊപ്പം ഇമ്യൂണോ തെറാപ്പി കാൻസർ കോശങ്ങളിലെ ആന്റിജൻ ഉപയോഗിച്ചുള്ള വാക്സിനുകളും കൃത്യതയോടെ ചികിത്സിക്കുന്ന റേഡിയേഷൻ ചികിത്സാ സംവിധാനങ്ങൾ, ശസ്ത്രക്രിയയിലുള്ള മാറ്റങ്ങൾ എന്നിവ എടുത്തുപറയാൻ കഴിയുന്നവയാണ്. നമ്മുടെ നാട്ടിൽ ഭൂരിഭാഗം രോഗികളും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ചികിത്സയ്ക്കെത്തുന്നത്. അതുകൊണ്ട് വിവിധ ചികിത്സാരീതികൾ പ്രയോഗിക്കേണ്ടിവരുന്നു.
കാൻസർ ചികിത്സിച്ചാൽ ഭേദമാകുന്നതാണോ?
ചികിത്സിച്ചാൽ ഭേദമാവുന്ന രോഗമാണെന്നതിൽ ഒരു സംശയവുമില്ല. പക്ഷേ, രോഗത്തിന്റെ ആരംഭദശയിൽ കണ്ടെത്തുന്നതാണ് ഏറ്റവും നല്ലത്. കൂടാതെ, ചികിത്സ ശാസ്ത്രീയമായ രീതിയിൽ ആയിരിക്കണമെന്നതും പ്രധാനമാണ്. കാൻസർ ശസ്ത്രക്രിയ, മരുന്നുകൾ കൊണ്ടുള്ള കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ചികിത്സ. കൃത്യമായി കാൻസർ കണ്ടുപിടിക്കുക, അതിന്റെ വകഭേദങ്ങൾ തിരിച്ചറിയുക. ജനിതക മാറ്റങ്ങളെ മനസ്സിലാക്കി വിവിധ ചികിത്സാ മേഖലയിലെ വിദഗ്ധനും രോഗനിർണയ വിദഗ്ധനും ചേർന്ന മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിലെ ചർച്ചകളിലൂടെ ചികിത്സ നടപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് കാൻസർ ചികിത്സിക്കുന്ന ആശുപത്രികളിൽ നിർബന്ധമായി ആവശ്യമായ സംവിധാനമാണോ?
തീർച്ചയായും. ശാസ്ത്രീയമായ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണിത്. ഒരു രോഗിയുടെ ചികിത്സ ആരംഭിക്കുന്നതിനു മുന്പുതന്നെ വിവിധ ചികിത്സാമേഖലയിലുള്ള വിദഗ്ധർ ഒരുമിച്ചിരുന്ന് രോഗവിവരങ്ങൾ വിശദമായി പഠിക്കുന്നു. ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നിശ്ചയിക്കുന്നതാണ് പ്രസ്തുത കമ്മിറ്റിയുടെ പ്രവർത്തനം. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ കാൻസർ ചികിത്സാകേന്ദ്രങ്ങളിലും മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് ഉണ്ടായിരിക്കണമെന്ന് കേരള സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
മറക്കാനാകാത്ത ചില അനുഭവങ്ങൾ?
10 വർഷംമുമ്പ് ഒരു ഒമ്പതാംക്ലാസുകാരി കാലിന്റെ എല്ലിന് കാൻസർ ബാധിച്ച് എം.സി.സി. യിലെത്തി. ശസ്ത്രക്രിയ നടത്തി വലിയൊരുഭാഗം നീക്കി ടൈറ്റാനിയം റോഡ് പിടിപ്പിച്ചു. അന്നുരാത്രി അവൾക്ക് രക്തസ്രാവമുണ്ടായി അത്യാസന്ന നിലയിലായി. ഞങ്ങളെല്ലാം ഭയന്നു. രാത്രി എല്ലാവരും അവൾക്കൊപ്പമിരുന്നു. പിറ്റേന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. രോഗമുക്തയായ അവൾ ഇന്ന് ഐ.ടി.എൻജിനിയറാണ്. ഡ്രൈവിങ് ലൈസൻസ് എടുക്കട്ടേയെന്ന് ചോദിച്ച് അവൾ വിളിച്ചിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്കിടെ മിക്ക രോഗികളുമായും ഒരു ആത്മബന്ധം രൂപപ്പെടാറുണ്ട്.
മനക്കരുത്തു കൊണ്ട് അതിജീവിച്ചവരുണ്ട്. കഠിനമായ ചികിത്സകളെവരെ ഉത്‌കണ്ഠയില്ലാതെ ശാന്തമായി ചിരിച്ചുകൊണ്ടു നേരിട്ടവരുണ്ട്. വൻകിട കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ റേഡിയേഷന് തൊട്ടുമുമ്പുവരെ മുറിക്കു പുറത്തിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതു കണ്ടിട്ടുണ്ട്. ഇത് ചികിത്സകർക്കും പ്രചോദനമാണ്. ചികിത്സകർ നേരിടുന്ന മാനസികപ്രയാസം അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ്.
Content Highlights:World Cancer Day 2021, DrB Satheesan Malabar Cancer Centre Director speaks, Health