ഇലക്ട്രിക് ബോർഡിലെ അക്കങ്ങൾ ഒറ്റയിൽ നിന്നു ഇരട്ടയിലേക്കു കൂടുമാറുമ്പോഴും ഇടനാഴിയിലേക്കു പിന്നെയും ആളുകൾ വന്നുകൊണ്ടേയിരുന്നു. എല്ലാ അക്കങ്ങളും തെളിഞ്ഞുതീർന്ന ശേഷം ഡോക്ടറെ കാണാമെന്നു വിചാരിച്ചാൽ അതു നടക്കാൻ ഒരു സാധ്യതയുമില്ലെന്നു പറഞ്ഞത് ഐ.സി.എം.ആറിലെ റിസർച്ച് സോഷ്യൽ വർക്കറായ കെ.ജെ. വീണയായിരുന്നു. ''ഇന്നു ഡോക്ടറെ കാണാൻ 177 പേരാണ് ടോക്കൺ എടുത്തു കാത്തിരിക്കുന്നത്. രാവിലെ ഒമ്പതുമണിക്കു തുടങ്ങിയ ഒ.പി. തീരാൻ വൈകുന്നേരമാകും.'' ഡോ. ജിസ് ജോയിക്കൊപ്പം ഡോ. ആനന്ദ് സെബാസ്റ്റ്യനും കൂടിയിരിക്കുന്നതുകൊണ്ടാണ് വൈകുന്നേരമാകുമ്പോഴേക്കും എല്ലാ രോഗികളെയും പരിശോധിക്കാൻ കഴിയുന്നത്. ചില ദിവസങ്ങളിൽ 200ലേറെ ടോക്കൺ വരുമ്പോൾ രാത്രിവരെ ഒ.പി.യിലെ പരിശോധന നീണ്ടിട്ടുണ്ട്. ഡോ. ബാലമുരളിയും ഡോ. നിബിൻ ബോസും ഡോ. ജിസിയുമൊക്കെ എത്രയോ മണിക്കൂറുകളാണ് ഇവിടെ രോഗികൾക്കുവേണ്ടി ചെലവഴിക്കുന്നത്. റീജണൽ കാൻസർ സെന്റർ കഴിഞ്ഞാൽ സർക്കാർതലത്തിൽ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള കാൻസർ കെയർ സെന്ററാണിത്.
ഇടനാഴിയിലെ വീർപ്പുമുട്ടുന്ന തിരക്കിലൂടെ കാൻസർ വാർഡിലേക്കു നടക്കുമ്പോഴാണ് മുന്തിരിക്കുലകളുടെ ചിത്രം പതിച്ച ബോർഡും അതിലെ വാചകങ്ങളും കണ്ടത്. കീമോ തെറാപ്പി സെന്ററിലേക്കു സ്വാഗതമോതുന്ന ബോർഡുകണ്ട് അകത്തേക്കു കടക്കുമ്പോൾ കാതോരമെത്തിയത് സുന്ദരമായൊരു മലയാളം പാട്ട്. പ്രത്യാശയിലേക്കു ചിറകുകൾ കുടയുന്ന പക്ഷിയുടെ പാട്ടു കേട്ടിരിക്കുമ്പോഴാണ് നഴ്സുമാരായ മോളി തോമസും പി.ജെ. മേഴ്സിയും അവിടത്തെ വിശേഷങ്ങൾ പറഞ്ഞത്. ''പുറത്ത് എഴുതിവെച്ചിരിക്കുന്ന പ്രത്യാശയുടെ വാചകങ്ങൾപോലെ ഇതിനകത്ത് എപ്പോഴും പ്രത്യാശയുടെ സംഗീതമുണ്ടാകും.''
ലിനാകിന്റെ അദ്ഭുത ലോകം
പ്രത്യാശയുടെ പ്രകാശത്തിലേക്കു കാൻസർ രോഗികളെ കൈപിടിച്ചുയർത്തുന്ന അദ്ഭുത ലോകം... കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്നതിനുള്ള അത്യാധുനിക ഉപകരണമായ ലീനിയർ ആക്സിലറേറ്റർ (ലിനാക്) സംവിധാനത്തെ അങ്ങനെയാണ് റേഡിയേഷൻ ഫിസിസിസ്റ്റായ സജീഷ് എസ്. നായർ വിശേഷിപ്പിച്ചത്. 2018ൽ ഇവിടെ തുടങ്ങിയ ഈ സംവിധാനമാണ് ഇന്നു ജനറൽ ആശുപത്രിയിൽ എത്തുന്ന ആയിരക്കണക്കിനു കാൻസർ രോഗികൾക്കു വലിയ ആശ്വാസമാകുന്നത്.
''റേഡിയേഷൻ ചികിത്സ നൽകുന്നതിനുള്ള കൊബാൾട്ട് യൂണിറ്റായിരുന്നു ജനറൽ ആശുപത്രിയിൽ നിലവിലുണ്ടായിരുന്നത്. ഇതിനെക്കാൾ കൂടുതൽ കൃത്യതയോടെയും പാർശ്വഫലങ്ങൾ പരമാവധി കുറച്ചും റേഡിയേഷൻ ചികിത്സ നൽകുന്ന സംവിധാനമാണ് ലിനാക്. സാധാരണരീതിയിൽ റേഡിയേഷൻ നൽകുമ്പോൾ കാൻസർ കോശങ്ങളെക്കൂടാതെ ശരീരത്തിലെ മറ്റു കോശങ്ങളും നശിക്കാൻ സാധ്യതയുണ്ട്. മറ്റു പാർശ്വഫലങ്ങൾക്കും ഇതു ഇടവരുത്തും. എന്നാൽ, ഇതെല്ലാം പരമാവധി ഒഴിവാക്കാൻ ലിനാക് ഉപയോഗിച്ചുള്ള ചികിത്സയ്ക്കു കഴിയും. വിദേശനിർമിത ലിനാക് മെഷീൻ 2015ലാണ് ഓർഡർ ചെയ്തത്. ഇതു സ്ഥാപിക്കാൻ പ്രത്യേക സംവിധാനവും ജനറൽ ആശുപത്രിയിൽ ഒരുക്കിയിരുന്നു. രണ്ടരമീറ്ററോളം കനമുള്ള കോൺക്രീറ്റ് ഭിത്തിക്കുള്ളിലാണ് ലിനാക് സ്ഥാപിച്ചിരിക്കുന്നത്. എക്സ്റേ കിരണങ്ങൾ പുറത്തുവരാതിരിക്കാനാണ് ഈ സംവിധാനം. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ മാനദണ്ഡപ്രകാരമാണ് ലിനാക്കിന് കെട്ടിടം നിർമിച്ചത്'' സജീഷ് ലിനാകിന്റെ സവിശേഷതകൾ വിവരിച്ചു.
ജീവിതം തുടരട്ടെ
കാൻസർ മരണത്തിലേക്കുള്ള പാലമാണെന്ന വിശ്വാസം ശരിയല്ലെന്ന അടയാളങ്ങൾ പിന്നെയും ഒരുപാട് കണ്ടു. കാൻസർ വാർഡിലെ ഓരോ മുഖവും അതിനു തന്നെയാണ് അടിവരയിട്ടത്. അതിജീവനത്തിന്റെ തീരത്തേക്കു അവരെ കൈപിടിച്ചെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഡോ. ജിസ് ജോയിയുടെ വാക്കുകൾ കേട്ടു പുറത്തേക്കിറങ്ങുമ്പോൾ ആ ബോർഡ് വീണ്ടും മുന്നിൽ തെളിഞ്ഞു... 'കാൻസർ നിങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ കഥയല്ല, ജീവിതത്തിലെ ഒരധ്യായം മാത്രമാണ്'.
Content Highlights:World Cancer Day 2021, Cancer Department at Ernakulam General Hospital, Health