കാൻസർ ശരീരത്തെയാണ് നേരിട്ട് ബാധിക്കുന്നതെങ്കിലും അതിനോടനുബന്ധിച്ചുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ അവഗണിക്കാനാവില്ല. രോഗിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ രോഗനിർണയത്തെയും ചികിത്സയെയും അതിനോടുള്ള പൊരുത്തപ്പെടലിനെയും ചികിത്സാഫലത്തെയും ചികിത്സാനന്തര ജീവിതത്തെയും സ്വാധീനിക്കും. രോഗത്തെ അംഗീകരിച്ച് പൊരുതാൻ തയ്യാറാവുന്നവർക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും.
രോഗിയെ സഹായിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ഇന്ന് എല്ലാ കാൻസർ സെന്ററുകളിലും ആരംഭിക്കുന്നു എന്നത് വലിയൊരു ചുവടുവെപ്പാണ്. രോഗവുമായും ചികിത്സയുമായും ബന്ധപ്പെട്ട മാനസിക, സാമൂഹിക, ബൗദ്ധിക പ്രയാസങ്ങളിൽ മാർഗനിർദേശങ്ങൾ നൽകാൻ വിദഗ്ധർക്ക് കഴിയുന്നു.
എന്നിരുന്നാലും മനസ്സിനെ കൂടുതൽ ആഴത്തിൽ സ്പർശിക്കാൻ കഴിയുന്നത് കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കുംതന്നെയാണ്. രോഗിയുടെ പല പ്രയാസങ്ങൾക്കും കാരണമാകാനും അവ ഇല്ലാതാക്കാനും ചുറ്റിലുമുള്ളവർക്ക് കഴിയും.
ഒരു വ്യക്തിക്ക് കാൻസറാണെന്ന് സംശയം ഉണ്ടായാൽ, രോഗം സ്ഥിരീകരിച്ചാൽ, ചികിത്സയിലിരിക്കുമ്പോൾ, ചികിത്സയ്ക്കുശേഷം കുടുംബവും സമൂഹവും എന്തൊക്കെ ശ്രദ്ധിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
- കാൻസർബാധിതരെ സാധാരണ വ്യക്തിയായി ഉൾക്കൊള്ളണം. ചിന്തിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കുവാനും അഭിപ്രായം പറയുവാനും മുൻപത്തെപ്പോലെ കഴിവും സ്വാശ്രയബോധവും ഉള്ള വ്യക്തിയായിത്തന്നെ പരിഗണിക്കണം.
- രോഗാവസ്ഥയെക്കുറിച്ചും മറ്റും ശാസ്ത്രീയമായി അറിവില്ലാത്തതും ഉറപ്പില്ലാത്തതുമായ കാര്യങ്ങൾ അവരോട് പങ്കുവയ്ക്കുന്നത് ഒഴിവാക്കാം. ധാരാളം ആളുകൾ തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതോടെ തീരുമാനം എടുക്കുന്നതിൽ അവർക്ക് ആശയക്കുഴപ്പം ഉണ്ടാവാം. അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി വിദഗ്ധരോട് സംശയം ചോദിക്കുകയോ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാം.
- വേദനയോ സങ്കടമോ ഉളവാക്കിയ അനുഭവങ്ങൾ പലതും മനസ്സിൽ മായാതെ കിടക്കാം. അത് മറക്കാൻ ഇടയില്ല. അതുകൊണ്ട് നാം കാണുകയും കേൾക്കുകയും ചെയ്ത സങ്കടകരമായ അനുഭവങ്ങൾ രോഗികളോട് പങ്കുവയ്ക്കാതിരിക്കാം. രോഗനിർണയത്താൽ പിരിമുറുക്കത്തിൽ ഇരിക്കുന്ന വ്യക്തിയിൽ ഇത് വേദന വർധിപ്പിക്കാം. പകരം രോഗത്തെ അതിജീവിച്ച് ആരോഗ്യത്തോടെ ഇരിക്കുന്നവരെക്കുറിച്ച് അവർക്ക് തിരിച്ചറിവ് കൊടുക്കാം.
- കാൻസർ വരാനുള്ള കാരണമായി മുജ്ജന്മപാപം, പണ്ടത്തെ ചെയ്തികൾ, ഭക്ഷണരീതികൾ, കുറ്റങ്ങളും കുറവുകളുമൊക്കെ കണ്ടെത്താൻ ശ്രമിക്കുന്നത് മനസ്താപത്തിന് കാരണമാകും. ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിനും കൃത്യമായി ചികിത്സ എടുക്കുന്നതിനും അവരെ തയ്യാറാക്കാം.
- വാടിയ മുഖത്തോടെ ഒരു കാൻസർ രോഗിയോട് ഇടപെടരുത്. കാണുമ്പോഴൊക്കെ അസുഖത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും സംസാരിക്കുന്നത് ഒഴിവാക്കാം. മുൻപ് നാം ഇടപെട്ടിരുന്നതുപോലെ തുടരുന്നതാണ് അവർക്ക് സന്തോഷം നൽകുന്നത്.
- അസുഖത്തിന്റെയോ ചികിത്സയുടെയോ ഭാഗമായി അവരുടെ ശരീരത്തിലെ മാറ്റങ്ങളെപ്പറ്റി പറഞ്ഞ് ആത്മവിശ്വാസത്തെ കെടുത്താതിരിക്കാം. ഇപ്പോൾ അവർ ചെയ്യുന്നതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാം.
- കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കൂടുതൽ ഉള്ളവർ രോഗത്തെ വളരെ ഊർജത്തോടെ നേരിടുന്നതായി കാണാറുണ്ട്. ഒരു വാക്ക്, പുഞ്ചിരി, ഇടപെടൽ, നാം കൂടെ ഉണ്ട് എന്നുള്ള ഉറപ്പ് എന്നിവയ്ക്ക് ഏതൊരു വ്യക്തിയുടെ ജീവിതത്തിലും വലിയൊരു മാറ്റം കൊണ്ടുവരാനാകും.
- മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, വിഷാദം, ഉന്മേഷമില്ലായ്മ എന്നിവ തിരിച്ചറിയുകയും കുറച്ച് ദിവസങ്ങൾകൊണ്ട് അവർ സാധാരണ നിലയിലേക്കാവുന്നില്ല എന്നും തോന്നിയാൽ ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്ധരെയോ സമീപിക്കുക. അതിനെ അവരുടെ കുറവായോ കഴിവില്ലായ്മയായോ കരുതരുത്.
- ചികിത്സയ്ക്കുശേഷം അവർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാണ് എന്ന് ഓർമിപ്പിക്കാനും മുൻപ് ചെയ്തുകൊണ്ടിരുന്ന ആരോഗ്യകരമായ പ്രവർത്തനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാനും നമുക്ക് കഴിയണം.
(തലശ്ശേരി മലബാർ കാൻസർ സെന്ററിലെ സൈക്കോ ഓങ്കോളജി വിഭാഗം ലക്ചറർ ആണ് ലേഖിക)
Content Highlights:World Cancer Day 2021 Cancer and mental health how to give counselling to a Cancer patient, Health, Cancer Care,Cancer Awareness
(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)