• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

ഇന്നസെന്റ് പറയുന്നു; ഇതുകൊണ്ടൊന്നും നേരെയാവില്ല എന്ന് വിചാരിച്ച് മരുന്ന് കഴിക്കരുത്

Feb 3, 2021, 12:11 PM IST
A A A

ചിരി, സന്തോഷം ഇവയെക്കുറിച്ചല്ലാതെ ഇന്നസെന്റിനോട് സംസാരിച്ചുതുടങ്ങാനാവില്ല. അതിനൊപ്പം ആരോഗ്യം എന്ന വാക്കുകൂടി ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു തുടക്കം

# ഡോ. കെ.സി. കൃഷ്ണകുമാര്‍
ഇന്നസെന്റ്
X
ഇന്നസെന്റ്| ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

എങ്കിൽ ചിരിക്ക് പകരം യുദ്ധത്തെക്കുറിച്ച് പറയാം. യുദ്ധം ചെയ്താൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. പക്ഷേ, യുദ്ധം ചെയ്തില്ലെങ്കിലോ? ജയം മാത്രമേയുള്ളു. ഒരാൾ നമ്മളെ ആക്ഷേപിക്കുന്നു എന്നു കരുതുക. അറിവില്ലായ്മകൊണ്ടാണല്ലോ അയാൾ അങ്ങനെ ചെയ്തത് എന്ന് വിചാരിച്ചാൽ പിന്നെ അയാളോട് യുദ്ധം ചെയ്യേണ്ട കാര്യമില്ല. അപ്പോൾ നമുക്ക് ചിരിക്കാൻ കഴിയും. അങ്ങനെയാണ് ചിരി എപ്പോഴും ജയിക്കുന്നത്. ചിരിയെന്നത് വെറും തമാശയല്ല.

ചിരികൊണ്ട് മനസ്സിനുമാത്രമല്ല, ശരീരത്തിനും ഗുണമുണ്ട്. ഈ സമീപനമുണ്ടല്ലോ, അത് മരുന്നിനെക്കാൾ മനസ്സിന് ഗുണം ചെയ്യും. അതാണ് എന്റെ അനുഭവം.

ആരാവണമെന്നായിരുന്നു ആഗ്രഹം?

അനിയൻ വക്കീലാണ്, ഏട്ടൻ ഡോക്ടറാണ്. വേറൊരു സഹോദരൻ അമേരിക്കയിൽ ബിസിനസുകാരനാണ്. അങ്ങനെയൊക്കെ ഞാനും ആവണമെന്ന് അപ്പൻ മോഹിച്ചിട്ടുണ്ടാവാം. പക്ഷേ, അപ്പൻ പറഞ്ഞത് അവനെ അവന്റെ വഴിക്ക് വിട് എന്നാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ തീരുമാനിച്ചു, സിനിമാനടനാവണം. രാഷ്ട്രീയക്കാരനാവണമെന്ന് ആഗ്രഹിച്ചിട്ടില്ല കേട്ടോ, ആയിപ്പോയതാണ്. എം.പിയാവുമ്പോൾ മന്ത്രിയാവണമെന്ന് തോന്നിയാലേ പ്രശ്നമുള്ളു.

പാർലമെന്റ് അംഗങ്ങൾ എഴുതിയ പുസ്തകങ്ങളുടെ ഒരു പ്രദർശനമുണ്ടായിരുന്നു. ശശി തരൂരിനെപ്പോലെയുള്ളവരുടെ
പുസ്തകത്തിന്റെ കൂടെ എന്റെ പുസ്തകവും. എന്റെ എജുക്കേഷൻ, അതായത് എട്ടാംക്ലാസിനെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ ചിരിച്ചു. ഇതിലൊക്കെ അഹങ്കാരമല്ല, സംതൃപ്തിയാണ് മനസ്സിൽ നിറയുക. കിട്ടിയതിലൊക്കെ സന്തോഷിക്കണം. ആ സന്തോഷങ്ങളെല്ലാം നമ്മുടെ ആരോഗ്യത്തിലേക്കുള്ള സൗജന്യ നിക്ഷേപങ്ങളാണ്. നമ്മൾ ആരോഗ്യത്തിനായി രാവിലെ ഓടും വെയിറ്റെടുക്കും.. മറ്റുപലതും ചെയ്യും. മനസ്സിൽ ദുഃഖം വച്ചുകൊണ്ട് ഇതൊന്നും ചെയ്താൽ ഫലമുണ്ടാവില്ല. മനസ്സിൽ സന്തോഷവും മുഖത്ത് ചിരിയും വേണം. ടെൻഷനും കൊണ്ട് ഓടിയാൽ ആരോഗ്യം താഴോട്ടായിരിക്കും പോകുക.

സിനിമാനടനായില്ലായിരുന്നെങ്കിൽ?

ഇഷ്ടമുള്ള തൊഴിൽ ചെയ്യാനാവുക എന്നത് വലിയ കാര്യമാണ്. എന്റെ ഇഷ്ടവും സന്തോഷവും എല്ലാം അഭിനയത്തിലാണ്. എന്നെ എഫ്.എ.സി.റ്റിയുടെ ജനറൽ മാനേജരാക്കിയാൽ എങ്ങനിരിക്കും? എന്റെ മനസ്സ് അവിടെ നിൽക്കില്ല. മറ്റെന്ത് ജോലി ചെയ്തിരുന്നെങ്കിലും എന്റെ സ്ഥിതി ഇതിലും എത്രയോ കുറവായിപ്പോയേനെ. ആശിച്ച ജോലിചെയ്യുന്നത് മനസ്സിനുമാത്രമല്ല ശരീരത്തിനും ആരോഗ്യം നൽകും. ബാങ്കിലൊക്കെ ഇരുന്ന് ജോലിചെയ്യുന്ന പല ആളുകളുടെയും മനസ്സിൽ കലാകാരന്മാർ ഉറങ്ങിക്കിടക്കുന്നുണ്ടണ്ടാവും. അവിടെ ഇരിക്കുമ്പോൾ അവർക്ക് കലയും ഇല്ല സന്തോഷവും ഇല്ല. ജീവിതം മാത്രം മുന്നോട്ട്
പോകും. അതുകൊണ്ടണ്ടല്ലേ റിട്ടയർമെന്റ് കഴിഞ്ഞാൽ ചിലർ അതുവരെ കണ്ട ആളേ ആയിരിക്കില്ല.

ടെൻഷൻ ഉണ്ടായിട്ടുള്ള സന്ദർഭം?

സ്കൂളിൽ പഠിക്കുന്ന കാലത്ത് റിസൾട്ട് വരുന്ന ദിവസത്തെ ടെൻഷനുണ്ടല്ലോ, അതെനിക്ക് അഞ്ചാംക്ലാസുമുതലില്ല. അ
ഞ്ചാംക്ലാസുവരെയുള്ള അനുഭവം കൊണ്ട് റിസൾട്ട് എന്തായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൂടെ പഠിച്ചവർ ഡിഗ്രി വരെയെത്തിയിരുന്നു.
രണ്ടാം തവണത്തെ പാർലമെന്റ് ഇലക്ഷന്റെ വോട്ട് എണ്ണുമ്പോൾ ഞാൻ വളരെ പിന്നിലായി. ഏത് രാഷ്ട്രീയക്കാരനും മനുഷ്യന്റെ മനസ്സുണ്ടല്ലോ. ഞാൻ ബിജുവിന്റെയും രാജേഷിന്റെയും സമ്പത്തിന്റെയും ഒപ്പമുള്ള മറ്റുള്ളവരുടെയും നില നോക്കി. അവരും എന്നെപ്പോലെ തന്നെ. ഞാനൊറ്റയ്ക്കായിരുന്നെങ്കിൽ ടെൻഷനായിപ്പോയേനെ. പക്ഷേ, അതുണ്ടായില്ല. ഇരുപതിൽ പത്തൊൻപത് പേര് ഒരുമിച്ചു നിൽക്കുമ്പോൾ പിന്നെന്ത് ടെൻഷൻ? അതാണ് ഒരുമിച്ചുനിന്നാലുള്ള ഗുണം. പിന്നെ, ഒരാൾ ജയിച്ചില്ലേ? അതോർത്ത് ഞങ്ങൾ അഭിമാനിച്ചു.

തൊണ്ണൂറാം പിറന്നാളിന് എന്തു പ്രസംഗിക്കും എന്ന ചോദ്യം, ഉമ്മൻചാണ്ടി ചിലപ്പോൾ ചെയ്യുന്നതുപോലെ, രണ്ടുമൂന്നു തവണ ആവർത്തിച്ച് പറയിച്ചു. പക്ഷേ, ഉത്തരം റെഡി.

ആയുസ്സ് നീട്ടിക്കിട്ടിയാൽ സന്തോഷമാണ്. പക്ഷേ, ആരോഗ്യത്തോടുകൂടി ഇരുന്നില്ലെങ്കിൽ നമുക്ക് ഇവിടുന്ന് പോയാൽ മതിയെന്ന് തോന്നിപ്പോകും. വർഷക്കണക്കൊന്നും നമുക്കറിയില്ലല്ലോ. പക്ഷേ ഒന്ന് ഞാൻ പറയാം, പല ആളുകളും, സ്വന്തക്കാരടക്കം, ഫോണെടുത്തുകഴിഞ്ഞാൽ, എന്താ വിശേഷം എന്ന് ചോദിച്ചശേഷം സംസാരിച്ചെത്തുന്നത് ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളിലേക്കാവും. പലപ്പോഴും വേദനകളെക്കുറിച്ച് ഇങ്ങോട്ടു പറഞ്ഞ് ആശ്വസിപ്പിക്കാനും ശ്രമിക്കും. അത്തരക്കാരോട് സംസാരിക്കാൻ പ്രയാസമാണ്.
അനുഭവം കൊണ്ട് അവരെ നേരിടാനും പഠിച്ചു. എന്നോട് അസുഖത്തെപ്പറ്റി ചോദിക്കുമ്പോൾ ഞാൻ പറയുന്നത് അമ്പഴങ്ങാപറിക്കുന്നതിന്റെ അന്താരാഷ്ട്ര പ്രസക്തിയെക്കുറിച്ചായിരിക്കും. അവരുടെ ചിരികേൾക്കുമ്പോൾ ഞാൻ പലതും മറക്കുകയും ചെയ്യും.

പിന്നെ അവർക്ക് പറയാൻ ഇതേ ബാക്കിയാവാവൂ... തന്നപ്പോലെ ഒരാളെ ഞങ്ങൾ കണ്ടിട്ടില്ലാട്ടോ...

പക്ഷേ, എല്ലാരും ഇതുപോലെ ആവണമെന്നില്ല. ആലീസിന് വേറൊരു സ്വഭാവമാണ്. എന്തെങ്കിലും അസുഖംവന്നാൽ എങ്ങനെയുണ്ട് എന്നൊക്കെ ആരെങ്കിലും ചോദിച്ച് ഇത്തിരി ദുഃഖമൊക്കെ പങ്കുവയ്ക്കുമ്പോൾ ആശ്വാസമാണ്. ആങ്ങളമാരോട് അസുഖത്തെക്കുറിച്ചൊക്കെ വിശദമായി പറയാറുണ്ട്. അപ്പോഴാണ് ആലീസിന് മനസ്സമാധാനം.

മരുന്നുകൊണ്ട് മാത്രമല്ല മനസ്സുകൊണ്ടുകൂടി രോഗത്തെ ചെറുക്കണം എന്നാണോ?

രോഗം പടർന്നുകയറണമെങ്കിൽ ശരീരവും മനസ്സും സമ്മതിക്കണം. എത്രത്തോളം നമ്മൾ വഴങ്ങുന്നോ അത്രത്തോളം വേഗത്തിൽ രോഗം വർധിക്കും. ഒരു കൊല്ലം കൊണ്ട് മരിക്കേണ്ട ആൾ മനസ്സുവച്ചാൽ പിന്നെയും കുറച്ചു വർഷങ്ങൾ ജീവിച്ചെന്നു വരും. മരുന്ന് നന്നായി ഫലിക്കണമെങ്കിൽ മനസ്സുകൂടി സഹായിക്കണം. ഇതുകൊണ്ടൊന്നും നേരെയാവില്ല എന്ന് വിചാരിച്ച് മരുന്നു കഴിക്കരുത്. വിശ്വാസവും സംതൃപ്തിയും വേണം.

ഇതുപോലെയുള്ള വലിയ രോഗം സന്തോഷംകൊണ്ട് പോകും എന്നൊന്നും വിചാരിക്കണ്ട. രോഗം ബാധിക്കുന്നവരോട് തമാശയുണ്ടാക്കി നിങ്ങളങ്ങ് ചിരിച്ചോളൂ എന്ന് പറഞ്ഞിട്ടുകാര്യമില്ല. അവരുടെ അവസ്ഥ ശരിയായി മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണ് സഹായിക്കേണ്ടത്. ഇത് എളുപ്പമല്ല, എന്നാൽ അസാധ്യവുമല്ല. രോഗംകൊണ്ട് മരിക്കാം, രോഗത്തോടുള്ള പേടികൊണ്ട് മരിക്കരുത്. അസുഖം വന്നാലുടൻ അകത്തുകയറി കതകടച്ച് കിടക്കരുത്. വീട്ടിൽ വരുന്നവരോട് ഞാനിവിടില്ല എന്ന് പറയാൻ പറഞ്ഞേല്പിക്കുകയും ചെയ്യരുത്. ഇടയ്ക്ക് കണ്ണാടിക്ക് മുമ്പിൽ നിൽക്കണം. എന്നിട്ട് ജീവിതത്തെ നോക്കി ചിരിക്കാൻ ശ്രമിക്കണം.

ഒരിക്കലും ആരും ചോദിക്കരുത് എന്നു വിചാരിക്കുന്ന ഏതെങ്കിലും ചോദ്യമുണ്ടോ?

അങ്ങനെയൊന്നിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. 10 കൊല്ലം മുൻപ് ദേശീയ അവാർഡ് പട്ടികയിൽ അമിതാഭ്ബച്ചനും മമ്മൂട്ടിയും പിന്നെ ഞാനും ഒരുമിച്ച് വന്നു. പത്താംനിലയിലെ തീവണ്ടിയായിരുന്നു എന്റെ സിനിമ. ഇത് എന്റെ തലേലെങ്ങാനും വന്നുവീഴുമോന്ന് വെറുതേ പേടിച്ചപ്പോൾ ആലീസ് ആശ്വസിപ്പിച്ചു: ഓ, പേടിക്കേണ്ട.
മൂന്നാം റൗണ്ടിലെത്തിയപ്പോൾ ഞാനില്ല. അപ്പോൾ എന്റെ ഉള്ളിലെ പച്ച മനുഷ്യൻ ആഗ്രഹിച്ചു. മമ്മൂട്ടിക്ക് കിട്ടല്ലേ, അമിതാഭ്ബച്ചനായാൽ കുഴപ്പമില്ല. അവസാനം അമിതാഭ്ബച്ചന് തന്നെ കിട്ടി. എന്നാലും നിങ്ങടെ കൂട്ടുകാരനല്ലേ മമ്മൂട്ടി എന്നായി ആലീസ്. ഇത്രയും അടുപ്പമുള്ള ആൾക്ക് കിട്ടല്ലേ എന്ന് ആഗ്രഹിക്കുന്ന മനസ്സും എനിക്കുണ്ടെന്ന് മനസ്സിലായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ മനുഷ്യരാണല്ലോ ഉള്ളത്. ഇക്കാര്യം ഞാൻ മമ്മൂട്ടി ഇരുന്ന വേദിയിൽ വച്ച് പ്രസംഗിച്ചു. മമ്മൂട്ടി എനിക്ക് കൈതന്നിട്ട് പറഞ്ഞു: അതുതന്നെയാണ് ശരി! ഏതാണ്ട് അതുപോലെയാണ് ആ ചോദ്യത്തിന്റെ കാര്യവും. ഒന്നും മാറ്റിനിർത്തിയിട്ട് കാര്യമില്ല. എല്ലാ ചോദ്യങ്ങളും നമ്മളിലേക്ക് തന്നെ വരട്ടെ, അതാണ് നല്ലത്.

ആരോഗ്യശീലം?

18 വയസ്സൊക്കെ ആയപ്പോൾ ഞാൻ അടുത്തുള്ള ജിംനേഷ്യത്തിൽ പോകുമായിരുന്നു. പെൺകുട്ടികളൊക്കെ സ്കൂളിൽ പോകുമ്പോൾ മസിലൊക്കെ കാണിച്ച് അങ്ങനെ നിൽക്കും. പത്തിരുപത്താറ് വയസ്സായപ്പോഴേക്കും മനസ്സിലായി, മസിലൊന്നുമല്ല, ആരോഗ്യത്തിന് നല്ല വ്യായാമങ്ങളാണ് വേണ്ടത് എന്ന്. പിന്നെ എന്നും രാവിലെ നടക്കാൻ തുടങ്ങി. ഓട്ടവും ബഹളവും ഒന്നുമില്ല, വെറും നടത്തം മാത്രം. ഇപ്പൊ കുറച്ചുനാളായിട്ട് അതില്ല.

ടെൻഷനുണ്ടാക്കിയ സംഭവത്തെക്കുറിച്ച് മുൻപ് ചോദിച്ചില്ലേ? അതിന്റെ ശരിയായ ഉത്തരം ഇനി പറയാം.
കാൻസർ (സംഭാഷണത്തിൽ ഒരേയൊരു തവണ മാത്രമേ ഈ വാക്ക് കടന്നുവരുന്നുള്ളു) എന്ന രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ വിഷമം വളരെ വലുതായിരുന്നു. ഞാൻ ഒരുനിമിഷം ആലോചിച്ചു, ഡോക്ടറടെ കൈയിൽ പിടിച്ചിട്ട് ചോദിച്ചു: ഇതിൽനിന്ന് രക്ഷകിട്ടില്ലേ?
പിന്നെന്താ നമുക്ക് നോക്കാം, എന്നായിരുന്നു മറുപടി.
പിന്നെ ചികിത്സയും കാര്യങ്ങളുമൊക്കെ തുടങ്ങി. കീമോയൊക്ക ചെയ്തുകഴിയുമ്പോൾ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഭക്ഷണത്തിന് രുചികുറയും ശരീരമൊക്കെ ക്ഷീണിക്കും മുടി പോകും. അങ്ങനെയൊരു കാലം... അക്കാലത്തൊക്കെ സ്വയം ധൈര്യം സംഭരിക്കാനാണ് ശ്രമിച്ചത്. നല്ല സുഹൃത്തുക്കളുമായി സംസാരിക്കും, പ്രത്യേകിച്ച് രോഗത്തെക്കുറിച്ച് സംസാരിക്കാത്തവരോട്. നല്ല തമാശകളൊക്കെയായിരിക്കും വിഷയം. ബാക്കി സമയങ്ങളിലും പണിയുണ്ട്. നാളെ ഇവരോടൊക്കെ എന്താണ് പറയേണ്ടത് എന്ന് ആലോചിച്ച് തീർക്കാൻതന്നെ സമയം തികയില്ല.
ഒന്നാമത് വന്നു; അതു മാറി, രണ്ടാമത് വന്നു; അതും മാറി, ഇപ്പോൾ ദാ മൂന്നാമതും...

പള്ളിയിൽ ഓരോ കുടുംബത്തിനും സംസ്കാരത്തിനായി കുഴികളുണ്ട്. കുടുംബത്തിൽപ്പെട്ടവർക്ക് മാത്രമായി ആ കുഴികൾ ഉപയോഗിക്കാം. അത് നമ്മൾ പണം കൊടുത്ത് വാങ്ങുകയാണ് പതിവ്. എന്നിട്ടത് ഭംഗിയാക്കി സൂക്ഷിക്കുകയും ചെയ്യും. ജീവിച്ചിരിക്കുന്ന ആളുകളുടെ അന്തസ്സിനുവേണ്ടിയുള്ള ഏർപ്പാടാണിത്. ആലീസിന്റെ അപ്പ
നും അമ്മയുമൊക്കെ മരിക്കുന്നതിന് പത്തുകൊല്ലം മുൻപ് തന്നെ രണ്ട് കുഴി വാങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ എനിക്കാദ്യം ചിരിവന്നു. എന്തുകൊണ്ടാണെന്നോ, അവർ എന്നോട് ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ മതിയായിരുന്നു അവരെ എന്നും ഓർക്കാൻ.
അസുഖംകൊണ്ട് തകർന്നുപോകേണ്ടിയിരുന്ന ആളാണ് ഞാൻ. അതുണ്ടായില്ല. എന്നാലും ഒരു വിഷമം ഇപ്പോഴെനിക്കുണ്ട്. ഞാനത് മറച്ചുവച്ചിട്ട് കാര്യമില്ല. ആറേഴ് കൊല്ലം മുൻപാ
ണ് എനിക്ക് ആദ്യം അസുഖം വന്നത്. അന്ന് ഗംഗാധരൻ ഡോക്ടർ എന്തൊക്കെയോ മരുന്ന് ചെയ്ത് എന്നെ രക്ഷപ്പെടുത്തി. രണ്ടാമത് വന്നപ്പോഴും അദ്ദേഹം രക്ഷിച്ചു. മൂന്നാമതും അദ്ദേഹത്തിന്റെ ചികിത്സയാണ്. ഇടയ്ക്ക് ഞാൻ പള്ളിയിലൊന്ന് ചെന്നുനോക്കി. സെമിത്തേരിയിലും നോക്കി. ആദ്യം അസുഖം വന്ന കാലത്ത് മൂന്നു ലക്ഷമൊക്കെയായിരുന്നു ഒരു കുഴിക്ക്, രണ്ടാമത് വന്നപ്പോൾ നാലൊക്കെയായി. ഇപ്പോഴത് അഞ്ച് ലക്ഷത്തോളമായിരിക്കുകയാണ്. ആ പണമൊക്കെ അവർ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് മറന്നിട്ടല്ല ഞാനിത് പറയുന്നത്.

ഞാൻ ആലീസിനോടും എന്റെ മകനോടും മകന്റെ ഭാര്യ രശ്മിയോടും പേരക്കുട്ടികളോടും എന്റെ ആശങ്ക പറഞ്ഞു. അന്നയും ഇന്നസെന്റും മകന്റെ ഇരട്ടക്കുട്ടികളാ. അവർക്ക് എന്നോട് വല്ലാത്ത അടുപ്പമാണ്. ചിലപ്പോൾ എടാ അപ്പാപ്പാ എന്നു വിളിക്കുന്ന കൂട്ടുകാരെപ്പോലാ അവർ. സെമിത്തേരിയുടെ കാര്യം പറഞ്ഞപ്പോൾ അവര് ചോദിച്ചു, ഇതിൽ അപ്പാപ്പന് എന്താ ഇത്ര വിഷമം?

എനിക്ക് ആദ്യം അസുഖം വന്നപ്പോൾ മൂന്നുലക്ഷം രൂപയായിരുന്നു കുഴിക്ക്. ഇനി എനിക്ക് ആവശ്യം വരുമ്പോൾ തുക എത്രയാകുമെന്നാ വിചാരം? ഒന്നുകിൽ പള്ളിക്കാർ കാശ് കുറച്ചു തരണം, അല്ലെങ്കിൽ കൂടുതൽ വരുന്ന തുക ഗംഗാധരൻ ഡോക്ടർ കൊടുക്കണം. ഞാനില്ലാത്ത സമയത്ത് സംഭവിക്കുന്ന കാര്യമാണല്ലോ. അതുകൊണ്ട് ഇക്കാര്യത്തിൽ എങ്ങനെയാണ് കേസുകൊടുക്കേണ്ടതെന്നൊക്കെ അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

കുറച്ചു സമയത്തേക്ക് ഇന്നസെന്റെന്ന മനുഷ്യൻ (നടനല്ല) ഒന്നും മിണ്ടിയില്ല. പിന്നെ ഞങ്ങൾ ഒരുമിച്ച് ചിരിച്ചു. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ മനുഷ്യനെക്കൊണ്ട് ഇപ്പോൾ അധികം സംസാരിപ്പിക്കേണ്ട, കുറച്ചുനാൾ കാത്തിരുന്നാൽ ജീവിതത്തിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് ഇതിലും വലിയ വെളിപ്പെടുത്തൽ നടത്തും. അക്കാര്യം ഞാൻ വെളിപ്പെടുത്തിയില്ല, ഇനിയും വിളിക്കും എന്നു മാത്രം പറഞ്ഞു.

Content Highlights:World Cancer Day 2021, Actor Innocent shares his Cancer experience, Health, Cancer Awareness

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

PRINT
EMAIL
COMMENT

 

Related Articles

ബി.പി. കൂടുമ്പോള്‍ ഓര്‍ക്കണം വൃക്കരോഗം വന്നേക്കാം
Health |
Health |
ഡയാലിസിസ് ചെയ്യുന്നവര്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
Health |
പ്ലാസന്റയിലെ ജീനുകള്‍ പറയും കുഞ്ഞിന് ഭാവിയില്‍ സ്‌കീസോഫ്രീനിയ ഉണ്ടാകുമോയെന്ന്
Health |
2050 ആകുമ്പോഴേക്കും നാലില്‍ ഒരാള്‍ക്ക് കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന
 
  • Tags :
    • Health
    • World Cancer Day 2021
    • Cancer Awareness
    • Actor Innocent
More from this section
Nirakanchiri short film
കാന്‍സര്‍ ജീവിതാവസാനമല്ല; 'നിറകണ്‍ചിരി' ഹ്രസ്വചിത്രവുമായി പാലക്കാട് ജില്ലാ ആശുപത്രി
Holding pink breast cancer awareness ribbon - stock photo
മനസ്സിന്റെ നിശ്ചയദാർഢ്യം കാൻസർ രോഗിയുടെ ആയുസ്സിന്റെ കണക്കുപുസ്തകം തിരുത്തിക്കുറിച്ച കഥ
Close-Up Of Woman Holding Pink Ribbon - stock photo
കാന്‍സര്‍ പ്രതിരോധത്തിന് വേണം ചികിത്സാ കേന്ദ്രങ്ങള്‍
Red Ribbon Hiv, Pills And Stethoscope On Pink Background - stock photo
ആസ്റ്റര്‍ മിംസില്‍ 'കാരുണ്യ സ്പര്‍ശം' പദ്ധതിക്ക് തുടക്കമായി
ഇന്നസെന്റ്
''തനിക്കൊന്നും വരില്ലെടോ'' എന്നുപറഞ്ഞ് സത്യന്‍ എന്നെ ചേര്‍ത്തുപിടിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.