നിർബന്ധബുദ്ധിക്കാരിയായ എന്റെ കാമുകി, മാഡം ലിംഫോമ വീണ്ടുമെത്തിയിരിക്കുന്നു, അത്യുത്സാഹത്തോടെ...
യാത്രകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ജീവിതോല്ലാസങ്ങളെക്കുറിച്ചും വെളിച്ചം നിറഞ്ഞ ഭാഷയിൽ സംസാരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പേജിലെ വരികളുടെ വിവർത്തനമാണിത്. 'യെറ്റ് അനദർ ജേണി' എന്ന പേരിലുള്ള ആൽബത്തിലെ ഒടുവിലത്തെ പോസ്റ്റ്. ഈ ആൽബത്തിലേക്കൊന്നുനോക്കിയാൽ കാണാം, എന്തെന്നില്ലാത്ത ജീവിതോന്മേഷത്തോടെ കാൻസറിനെ നോക്കി ചിരിക്കുന്ന ഒരാളെ. ആശുപത്രിയിൽ രോഗിയായിരിക്കെ കൈയിൽക്കെട്ടുന്ന ടാഗിന്റെ ചിത്രംപോലുമുണ്ട് അക്കൂട്ടത്തിൽ.
കോഴിക്കോട്ടെ പ്രശസ്തനായ വാസ്തുശില്പി അബ്ദുൽ ഹമീദിന്റെ അഞ്ചുവർഷംനീണ്ട കാൻസർ ജീവിതമാണ് ഈ ചിത്രങ്ങളിൽ തെളിയുന്നത്; കണ്ണീർക്കഥയല്ല, ചിരിയും ചിന്തയും ദർശനവും ഇടകലർന്ന കാഴ്ചകളാണിതിൽ നിറയേ.
അബ്ദുൽ ഹമീദ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ബുദ്ധികേന്ദ്രമാണ് അദ്ദേഹം. രോഗത്തെക്കുറിച്ച് ചോദിച്ചാൽ, വേറെയാരുടെയോ കാര്യം പറയുന്നതുപോലെ അദ്ദേഹം വിവരിക്കും. തലച്ചോറുപയോഗിച്ചാണ്, വൈകാരികമായല്ല താൻ രോഗത്തെ നേരിടുന്നതെന്ന് ഡോക്ടർമാർ പറയുന്നുവെന്ന് ചിരിച്ചുകൊണ്ടാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വീട് രൂപകൽപ്പനചെയ്തിട്ട് അതിനെവിടെയെങ്കിലും ചോർച്ചയുണ്ടായാൽ ഇരുന്ന് കരയുകയല്ലല്ലോ, അറ്റകുറ്റപ്പണി നടത്തുകയല്ലേ ചെയ്യുക, കാൻസർ കണ്ടെത്തി ഡോക്ടർമാരെ ഏൽപ്പിച്ചുകഴിഞ്ഞു. ഇനി അത് അവരുടെ തലവേദനയാണ്.
നാളെ എന്തുസംഭവിക്കുമെന്ന് ഇന്നാലോചിക്കുന്നതിൽ ഒരു കാര്യവുമില്ല. നാളെയെക്കുറിച്ച് ആലോചിച്ച് ഇന്നത്തെ ദിവസംകൂടി കളയുന്നതെന്തിന്? ഇന്ന് ആസ്വദിക്കുക. കാൻസർ വന്നതുകൊണ്ട് ഒരു ശീലവും ഞാൻ വേണ്ടെന്നുവെച്ചിട്ടില്ല. കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും പ്രധാനം. അവർ ആഘോഷാന്തരീക്ഷം എപ്പോഴും നിലനിർത്തുന്നു.
മാഡം ലിംഫോമയ്ക്ക് എന്തെന്നില്ലാത്ത സ്നേഹമാണ്. അതാണ് വിടാതെ പിടികൂടിയിരിക്കുന്നത് ഒടുവിലത്തെ പോസ്റ്റിലെ പ്രയോഗത്തെക്കുറിച്ച് ചിരിനിറച്ച് മറുപടി.
കഴിഞ്ഞവർഷം കാൻസർ വിദഗ്ധർക്കും നടി മമ്ത മോഹൻദാസിനുമൊപ്പം സംവാദത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോയ്ക്കടിയിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: 'ഞാനിത് നന്നായി ആസ്വദിച്ചു. കാൻസർവന്നതിന്റെ ഒരാനുകൂല്യം!'
യെറ്റ് അനദർ ജേണി എന്ന പേരിനെക്കുറിച്ച്...
യാത്രകളാണ് എന്റെ ആനന്ദം. അത് എന്റെ ഫെയ്സ് ബുക്ക് നോക്കിയാൽ ആർക്കുമറിയാം. ഇത് മറ്റൊരുയാത്ര. മറച്ചുപിടിക്കാൻ കാൻസർ ഒരു കുറ്റകൃത്യമൊന്നുമല്ലല്ലോ. ഞാൻ അതേക്കുറിച്ച് പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഭാര്യ സെറീനയെവിളിച്ച് പലരും മുന്നറിയിപ്പുനൽകി: 'കാൻസർ വന്നകാര്യം പുരപ്പുറത്തുകയറി വിളിച്ചുകൂവുന്നുണ്ട്. ആ ഐപാഡ് വേഗം മാറ്റിവെച്ചോളൂ...' എനിക്കറിയില്ല, ഇതിലെന്താണ് മറച്ചുവെക്കാനുള്ളതെന്ന്. ഈ ആൽബത്തിൽ അദ്ദേഹം പങ്കുവെച്ച 'എന്തിനുവേവലാതിപ്പെടുന്നു' എന്ന ഐറിഷ് തത്ത്വചിന്താശകലത്തിൽ ഇങ്ങനെ കാണാം: 'നരകത്തിലെത്തുകയാണെങ്കിലും നിങ്ങൾക്ക് വേവലാതിപ്പെടാൻ നേരമുണ്ടാവില്ല. അവിടെ സുഹൃത്തുക്കൾക്ക് ഹസ്തദാനംചെയ്യുന്ന തിരക്കിലായിരിക്കും നിങ്ങൾ. പിന്നെന്തിന് വേവലാതി?'
Content Highlights:World Cancer Day 2021, Abdul Hameed Cancer Survival Story, Health, Cancer Awareness