ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്‌സ് ഭാഗത്തെ കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഈ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസും അതിന്റെ പല സ്‌ട്രെയിനുകളും ആണ് ഇതിന് കാരണം. രക്തംപുരണ്ട യോനീസ്രവം, പെല്‍വിക് ഭാഗത്തുള്ള വേദന, ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന എന്നിവയാണ് ഇതിന്റെ കാരണങ്ങള്‍.
ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനാവും. രോഗമുണ്ടോയെന്ന് നിര്‍ണയിക്കാന്‍ സഹായിക്കുന്ന് പാപ്സ്മിയര്‍ ടെസ്റ്റ്, വാക്‌സിനേഷന്‍, സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടല്‍, പുകവലി ഒഴിവാക്കല്‍, ആരോഗ്യകരമായ ജീവിതശൈലി പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സെര്‍വിക്കല്‍ കാന്‍സറിനെ അകറ്റും.
ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2018 ലെ സെര്‍വിക്കല്‍ കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.
ചില പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കുന്നതു വഴി സെര്‍വിക്കല്‍ കാന്‍സറിനെ അകറ്റാന്‍ സാധിക്കും. അവ ഇവയെല്ലാമാണ്.
പുകവലി വേണ്ട
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല വഴിയൊരുക്കുന്നത്; സെര്‍വിക്കല്‍ കാന്‍സറിന് കൂടിയാണ്. പല പഠനങ്ങളിലും പറയുന്നത് പുകയില ഉത്പന്നങ്ങള്‍ സെര്‍വിക്‌സ് കോശങ്ങളുടെ ഡി.എന്‍.എയ്ക്ക് കേടുവരുത്തുകയും അങ്ങനെ സെര്‍വിക്കല്‍ കാന്‍സറിന് ഇടയാക്കുകയും ചെയ്യുമെന്നാണ്.
കൃത്യമായ സ്‌ക്രീനിങ്
സെര്‍വിക്‌സിലെ അസ്വാഭാവികതകള്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്. പഠനങ്ങളില്‍ കണ്ടെത്തിയത് 41-50 പ്രായപരിധിയിലുള്ള സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് പ്രത്യുത്പാദന സംവിധാനത്തില്‍ പലതരം മാറ്റങ്ങളും ഉണ്ടാവുന്നുണ്ടെന്നാണ്. ഇത്തരം മാറ്റങ്ങള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിലൂടെ കണ്ടെത്തിയാല്‍ സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത നേരത്തെ കണ്ടെത്താം.
സുരക്ഷിതമായ സെക്‌സ് ശീലിക്കാം
പല പഠനങ്ങളും തെളിയിക്കുന്നത് ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളിമാരുള്ള സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. അതിനാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കില്‍ കൃത്യമായി വൈദ്യപരിശോധന നടത്തുകയും വേണം.
വാക്‌സിനേഷന്‍
സെര്‍വിക്കല്‍ കാന്‍സറിന് കാരണമായ ചിലതരം ഹ്യൂമന്‍ പാപ്പിലോമ വൈറസുകളെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ലഭ്യമാണ്. ഡോക്ടറുമായി സംസാരിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം വാക്‌സിനെടുക്കാം.
ജീവിതശൈലിയില്‍ മാറ്റം വരുത്താം
ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക. യോനിയില്‍ നിന്ന് അസ്വാഭാവികമായതോ വെള്ളം പോലെയുള്ളതോ ആയ ഡിസ്ച്ചാര്‍ജ് പുറത്തുവരുന്നുണ്ടോയെന്ന് നോക്കണം. പോഷകങ്ങള്‍ ഉള്‍പ്പെടുന്ന സമീകൃതമായ ഡയറ്റ് പാലിക്കണം. ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പാപ്‌സ്മിയര്‍ ടെസ്റ്റില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാല്‍ തുടര്‍പരിശോധനകളും മറ്റും കൃത്യമായി നടത്തണം.
Content Highlights: How to prevent Cervical Cancer tips to follow, Cervical Cancer, Health, world cancer day 2021