കുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തരാണ്. അവരുടെ വയസ്സിന്റെ അടിസ്ഥാനത്തിലുള്ള ശാരീരികവ്യതിയാനങ്ങള്‍, ബുദ്ധിവളര്‍ച്ച, പോഷകാഹാരങ്ങളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും ആവശ്യകത എന്നിവയാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ കുട്ടികളിലെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.
ലോകമെമ്പാടുമായി ഓരോ വര്‍ഷവും ഏകദേശം രണ്ടു ലക്ഷത്തിലേറെ കുട്ടികളെ കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഇത് മൊത്തം കാന്‍സറിന്റെ ഒരു ശതമാനത്തോളമേ വരുകയുള്ളൂ. ഐ.സി.എം.ആറിന്റെ നാഷണല്‍ കാന്‍സര്‍ റജിസ്റ്ററിയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ കണക്കും ഇതുമായി താരതമ്യം ചെയ്യാവുന്നതാണ്. കേരളത്തിലെ 2012 മുതല്‍ 2014 വരെയുള്ള കണക്ക് പ്രകാരം 15 വയസ്സിനു താഴെയുള്ള കാന്‍സര്‍ രോഗികളായ കുട്ടികളുടെ എണ്ണം 1.8 ശതമാനം മാത്രമാണ്.
ഏതൊക്കെ കാന്‍സറുകള്‍
കുട്ടികളില്‍ വരുന്ന കാന്‍സറുകളില്‍ രക്താര്‍ബുദമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. രക്താര്‍ബുദം പല സ്വഭാവമുള്ളതുണ്ട്. ഇവയില്‍ അക്യൂട്ട് ലിംഫോബ്‌ളാസ്റ്റിക് ലുക്കീമിയ (എ.എല്‍.എല്‍.) എന്ന രക്താര്‍ബുദമാണ് ഏറ്റവും കൂടുതലായി വരുന്നത്. ഇത് രക്തത്തിലെ വെളുത്ത രക്താണുക്കളുടെ കാന്‍സര്‍ ആണ്. രണ്ടാമത് വരുന്നത് തലച്ചോറിലെ കാന്‍സര്‍ ആണ്. ന്യൂറോബ്ലാസ്റ്റോമ, വില്‍മ്സ് ട്യൂമര്‍, റാബ്‌ഡോമയോസര്‍ക്കോമ എന്നിവ കുട്ടികളില്‍ മാത്രം കണ്ടു വരുന്ന ചില കാന്‍സറുകളാണ്.
വ്യത്യസ്തമാണോ കുട്ടികളിലെ കാന്‍സര്‍
മുതിര്‍ന്നവരില്‍ കാണുന്നത്പോലെ കാന്‍സര്‍ അത്ര വ്യാപകമായി കുട്ടികളില്‍ കാണാറില്ല. ചില തരം കാന്‍സറുകള്‍ (ന്യൂറോബ്ലാസ്റ്റോമ, വില്‍മ്സ് ട്യൂമര്‍) കുട്ടികളില്‍ മാത്രം കാണുന്നവയാണെങ്കില്‍ മറ്റു ചിലത് (അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ) മുതിര്‍ന്നവരില്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്ത സ്വഭാവം കാണിക്കുന്നവയാണ്.
മുതിര്‍ന്നവരില്‍ കൂടുതല്‍ കാണുന്നത് കാര്‍സിനോമകള്‍ (സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, അഡിനോകാര്‍സിനോമ) ആണെങ്കില്‍ കുട്ടികളില്‍ അവ വളരെ വിരളമായി മാത്രമേ കാണുകയുള്ളു. കുട്ടികളിലെ കാന്‍സര്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നതാണ്. അതിനാല്‍ ഇവയിലധികവും പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാവും.
കുട്ടികളില്‍ കാന്‍സര്‍ വരുന്നത്
കോശങ്ങളുടെ വിഭജനം നിയന്ത്രിക്കുന്ന പല തരം ജീനുകള്‍ (ഓങ്കോജീന്‍സ്, ട്യൂമര്‍ സപ്രെസ്സര്‍ ജീന്‍സ്) നമ്മുടെ കോശങ്ങളിലുണ്ട്. ഈ ജനിതക ഘടകങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസങ്ങളാണ് കാന്‍സറില്‍ എത്തിച്ചേരുന്നത്. ഈ ജനിതക ഘടകങ്ങള്‍ക്കുണ്ടാവുന്ന വ്യത്യാസത്തിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യമായി വരുന്ന കാരണങ്ങള്‍ കൊണ്ടുള്ള രോഗം വളരെ ചുരുക്കമായേ കാണാറുള്ളൂ (റെറ്റിനോബ്ലാസ്റ്റോമ). കുട്ടികളില്‍ ഇത്തരം ജനിതക വ്യതിയാനങ്ങള്‍ക്ക് കാരണങ്ങള്‍ വളരെ ചുരുക്കമായിട്ടേ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളു. ചില പ്രത്യേക വൈറല്‍ അണുബാധകള്‍ ചില പ്രത്യേക കാന്‍സറുകള്‍ (EBV-ഹോഡ്ജ്ക്കിന്‍ ലിംഫോമ) ഉണ്ടാക്കുന്നു.
ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ള പല മിഥ്യാ ധാരണകളും സമൂഹത്തില്‍ മാതാപിതാക്കളുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതായി കാണുന്നുണ്ട്. ലോകമെമ്പാടുമുള്ള പല ഗവേഷണങ്ങള്‍ ഇവ പഠിച്ചിട്ടുണ്ടെങ്കിലും തീര്‍ച്ചപ്പെടുത്താവുന്ന ഒരു ബന്ധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
നേരത്തെ അറിയാന്‍ സാധിക്കുമോ
കാന്‍സറുമായി ബന്ധപ്പെട്ട് കുട്ടികളില്‍ വരുന്ന പല ലക്ഷണങ്ങളും സാധാരണകുട്ടികളില്‍ കാണുന്ന പല അസുഖങ്ങളില്‍ കാണുന്നവയാണ്. ശരീരത്തില്‍ എവിടെയെങ്കിലുമുള്ള പെട്ടെന്ന് വലുതാകുന്ന തടിപ്പ് കാന്‍സറിന്റെ ഒരു ലക്ഷണമാണ്. നീണ്ടു നില്‍ക്കുന്ന പനി, തൊലിപ്പുറത്തുണ്ടാകുന്ന രക്തസ്രാവം എന്നിവ. കണ്ണില്‍ കാണുന്ന വൈറ്റ് റിഫ്‌ളക്‌സ് (കൃഷ്ണമണിക്ക് പുറകിലായി വെള്ളപാട) റെറ്റിനോബ്ലാസ്റ്റോമ എന്ന അസുഖത്തിന്റെ ലക്ഷണമാകാം. അതുകൊണ്ടു തന്നെ ഈ ലക്ഷണം വെച്ചു ഈ അസുഖം നേരത്തെ കണ്ടുപിടിക്കാം. നവജാത ശിശുക്കളെ ഇങ്ങനെ സ്‌ക്രീനിങ് ചെയ്യാവുന്നതാണ്.
രോഗനിര്‍ണയ പരിശോധനകള്‍
വളരെ ചുരുക്കം സാഹചര്യങ്ങളൊഴിച്ചാല്‍ പാത്തോളജി ടെസ്റ്റിലൂടെ കാന്‍സര്‍ നിര്‍ണയിച്ചാലേ ചികിത്സ തുടങ്ങാന്‍ പാടുള്ളു. രക്താര്‍ബുദങ്ങള്‍ക്കുള്ള മജ്ജ പരിശോധന, തടിപ്പുകളില്‍ നിന്നുള്ള ബയോപ്‌സി ടെസ്റ്റ് എന്നിവ ചില പരിശോധനകളാണ്. കുട്ടികളിലെ കാന്‍സറുകള്‍ക്ക് പരിശോധനകളില്‍ പലപ്പോഴും ഒരേ സ്വഭാവം പോലെ തോന്നുന്നതിനാല്‍ ചില സ്‌പെഷ്യല്‍ ടെസ്റ്റുകള്‍ (IHC) വേണ്ടതായി വരും.
ചികിത്സ എങ്ങനെ
കുട്ടികളിലെ കാന്‍സര്‍ ചികിത്സ ഒരു ടീം വര്‍ക്ക് ആണ്. ചികിത്സയില്‍ മരുന്നുകള്‍ (കീമോതെറാപ്പി), റേഡിയേഷന്‍ ചികിത്സ, സര്‍ജറി എന്നിവ ഉള്‍പ്പെടും.രക്താര്‍ബുദങ്ങള്‍ക്ക് കീമോതെറാപ്പിയിലൂടെ മാത്രം അസുഖത്തെ നേരിടാം. തലച്ചോറിനുള്ള റേഡിയേഷന്‍ ചികിത്സ ചില സാഹചര്യങ്ങളില്‍ വേണ്ടിവരും. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയ്ക്ക് രണ്ടു വര്‍ഷത്തോളം കീമോതെറാപ്പി ചികിത്സ വേണ്ടി വരും.
സോളിഡ് ട്യൂമറുകള്‍ക്ക് (ന്യൂറോബ്ലാസ്റ്റോമ, വില്‍മ്സ് ട്യൂമര്‍) സര്‍ജറിയുടെ കൂടെ കീമോതെറാപ്പി ചികിത്സയും റേഡിയേഷന്‍ ചികിത്സയും വേണ്ടി വന്നേക്കാം.
ചികിത്സിച്ചു മാറ്റാന്‍ പറ്റുമോ
മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായി കുട്ടികളിലെ കാന്‍സര്‍ ചികിത്സിച്ചുഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ 70 മുതല്‍ 90 ശതമാനം വരെ ചികിത്സിച്ചു മാറ്റുവാന്‍ സാധിക്കും.
വില്‍മ്സ് ട്യൂമര്‍, ഹോഡ്ജ്ക്കിന്‍ ലിംഫോമ എന്നീ അസുഖങ്ങള്‍ ചികിത്സിച്ചു മാറ്റുവാനുള്ള സാധ്യത 90 ശതമാനത്തിനും മുകളിലാണ്.
ചികിത്സയിലെ മാറ്റങ്ങള്‍
1960-70 കാലഘട്ടത്തില്‍ കീമോതെറാപ്പി മരുന്നുകളുടെ കണ്ടുപിടുത്തം കാന്‍സര്‍ ചികിത്സയെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. കുട്ടികളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഇപ്പോഴും ആ കാലഘട്ടത്തില്‍ കണ്ടുപിടിച്ച മരുന്നുകളാണ് പ്രധാന ഘടകങ്ങള്‍. എന്നിരുന്നാലും ചികിത്സാഫലം 20 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേറെ ഉയരാന്‍ പല കാരണങ്ങള്‍ ഉണ്ട്.
കാലാനുസൃതമായി വന്ന മെച്ചപ്പെട്ട സപ്പോര്‍ട്ടീവ് കെയര്‍ (ഉദാ: മെച്ചപ്പെട്ട രക്ത ബാങ്കുകള്‍, ആന്റിബയോട്ടിക്) കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിച്ചു. പലപ്പോഴും ഈ കുട്ടികള്‍ക്ക് പല തവണ രക്ത ഘടകങ്ങള്‍ നല്‍കേണ്ടതായി വരും. കൂടാതെ ഇവര്‍ക്ക് ഗുരുതര അണുബാധകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ ശക്തിയേറിയ ആന്റിബയോട്ടിക്കുകളും മെച്ചപ്പെട്ട തീവ്രപരിചരണവും നല്‍കേണ്ടി വരും.
രോഗസ്വഭാവം നോക്കി ചികിത്സ
റിസ്‌ക് അഡാപ്റ്റഡ് റെസ്‌പോണ്‍സ് ബേസ്ഡ് സമീപനം ചികിത്സയെ വ്യത്യസ്തമാക്കുന്നു. ഒരേ പേരുള്ള എല്ലാ കാന്‍സറുകള്‍ക്കും ഒരേ ചികിത്സ നല്‍കാതെ ഓരോ കുട്ടിയിലെയും അസുഖത്തിന്റെ സ്വഭാവം മനസ്സിലാക്കി ചികിത്സയുടെ തീവ്രത നിര്‍ണയിക്കുകയും ചികിത്സയോടുള്ള പ്രതികരണം നോക്കി അത് പരിഹരിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. അസുഖവും അതിന്റെ ചികിത്സയും മൂലം പല ദീര്‍ഘകാല പ്രശ്‌നങ്ങളും ഉണ്ടാകാം. ചികിത്സ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. റിസ്‌ക് അഡാപ്റ്റഡ് റെസ്‌പോണ്‍സ് ബേസ്ഡ് ട്രീറ്റ്‌മെന്റിലൂടെ മോശം സ്വഭാവം ഉള്ള അസുഖങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ ചികിത്സയും നല്ല സ്വഭാവമുള്ള അസുഖങ്ങള്‍ക്ക് തീവ്രത കുറഞ്ഞ ചികിത്സയും നല്‍കുന്നതിനാല്‍ മെച്ചപ്പെട്ട ചികിത്സാഫലം ലഭിക്കാനിടയാക്കും. ഒപ്പം ദീര്‍ഘകാല ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനും സാധിക്കുന്നു.
മരുന്നിനോടുള്ള പ്രതികരണം അറിയാം
അസുഖത്തിന് ചികിത്സയോടുള്ള പ്രതികരണം അളക്കാന്‍ പല രീതികള്‍ ഉണ്ട്. രക്താര്‍ബുദങ്ങളില്‍ അസുഖം നിയന്ത്രണത്തിലാണോ എന്ന് മനസ്സിലാക്കാന്‍ മജ്ജ പരിശോധന ചെയ്യുകയും മൈക്രോസ്‌കോപ്പിലൂടെ അസുഖ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. പക്ഷേ മൈക്രോസ്‌കോപ്പിലൂടെ ഇത് കണ്ടുപിടിക്കാന്‍ ചുരുങ്ങിയത് 5000 ത്തില്‍ ഒരു കാന്‍സര്‍ കോശമെങ്കിലും വേണം. അപ്പോള്‍ വളരെ ചെറിയ അളവില്‍ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ ബാക്കിയുണ്ടോ എന്നറിയാന്‍ മൈക്രോസ്‌കോപ്പിലൂടെയുള്ള നിരീക്ഷണത്തില്‍ മനസ്സിലാവുകയില്ല. ഇതിനായി നൂതന സാങ്കേതിക വിദ്യകളായ ഫ്‌ളോ സൈറ്റോമെട്രി (Flow cytometry), പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (polymerase chain reaction) എന്നിവ ഉപയോഗിച്ച് ലക്ഷത്തില്‍ ഒരു കാന്‍സര്‍ കോശങ്ങളെ വരെ കണ്ടു പിടിക്കാന്‍ സാധിക്കും. അങ്ങനെ ചികിത്സയുടെ നിശ്ചിത കാലയളവിന് ശേഷം അസുഖത്തിന്റെ ചികിത്സയോടുള്ള പ്രതികരണം മനസ്സിലാക്കാന്‍ മിനിമല്‍ റെസിജ്വല്‍ ഡിസീസ് (MRD) ടെസ്റ്റിലൂടെ സാധിക്കും. അത് ചികിത്സാ ക്രമീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു
മജ്ജ മാറ്റിവയ്ക്കല്‍
മജ്ജയില്‍ നിന്നോ രക്തത്തില്‍ നിന്നോ വിത്ത് കോശങ്ങളെ (Stem cell) വേര്‍തിരിച്ചെടുത്ത് സ്വന്തം ശരീരത്തിലേക്കോ (Autologous SCT) അല്ലെങ്കില്‍ എച്ച്.എല്‍.എ.(HLA) പൊരുത്തം ഉള്ള മറ്റൊരാളുടെ ശരീരത്തിലേക്കോ (Allogenic SCT) നല്‍കുന്നതാണ് ഈ ചികിത്സ. ചില സാഹചര്യങ്ങളില്‍ സാധാരണ കീമോതെറാപ്പി മാത്രം ഉപയോഗിച്ച് കാന്‍സര്‍ നിയന്ത്രണം ബുദ്ധിമുട്ടായി വരുമ്പോള്‍ ശക്തിയേറിയ കീമോതെറാപ്പി നല്‍കി അസുഖത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കും. അപ്പോള്‍ വിത്ത് കോശങ്ങളും നശിച്ചു പോകുന്നു. ഈ അവസ്ഥയില്‍ സ്വന്തം ശരീരത്തില്‍ നിന്ന് വിത്ത് കോശങ്ങള്‍ കീമോതെറാപ്പിയ്ക്കു മുന്‍പ് വേര്‍തിരിച്ചെടുത്ത് മരുന്ന് നല്‍കിയതിന് ശേഷം തിരിച്ചു ശരീരത്തിലേക്ക് നല്‍കുന്നതാണ് ഓട്ടോലോഗസ് എസ്.സി.ടി.(Autologous SCT). ഈ ചികിത്സ റീലാപ്‌സ്ഡ് ലിംഫോമ, ഹൈ റിസ്‌ക് ന്യൂറോബ്ലാസ്റ്റോമ എന്നിവയ്ക്ക് ഫലപ്രദമായേക്കാം.
ചില മോശം സ്വഭാവങ്ങളുള്ള രക്താര്‍ബുദങ്ങള്‍-ഏര്‍ലി റീലാപ്‌സ്ഡ് ALL/ ഹൈ റിസ്‌ക് AML എന്നീ അസുഖങ്ങള്‍ക്ക് മജ്ജ മാറ്റി വയ്ക്കല്‍ ചികിത്സാരീതി മാത്രമേയുള്ളൂ. ഈ സാഹചര്യങ്ങളില്‍ കുട്ടിയുമായി എച്ച്.എല്‍.എ. പൊരുത്തം ആയ സഹോദരങ്ങളില്‍ നിന്നോ അന്യരില്‍ നിന്നോ വിത്തു കോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് ശക്തിയേറിയ കീമോതെറാപ്പി നല്‍കി കുട്ടിയുടെ വിത്തുകോശങ്ങളെ നശിപ്പിച്ച് വേര്‍തിരിച്ചെടുത്ത വിത്തുകോശങ്ങള്‍ നല്‍കുന്നതാണ് അലോജെനിക് എസ്.സി.ടി.(Allogenic SCT).
ഈ രംഗത്തും ഈ അടുത്തായി വളരെയേറെ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. എച്ച്.എല്‍.എ. പൊരുത്തമുള്ള വ്യക്തികളുടെ ലഭ്യത 20 ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് പൊക്കിള്‍കൊടിയില്‍ നിന്നുള്ള വിത്തുകോശങ്ങളുടെയും (cord blood SCT) എച്ച്.എല്‍.എ. പൂര്‍ണമായി പൊരുത്തമില്ലാത്ത കുടുംബാംഗങ്ങളുടെ വിത്തുകോശങ്ങളുടെയും (haploidentical SCT) പ്രസക്തി. ഈ രണ്ടു തരം ചികിത്സയിലും സാങ്കേതികപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഭാവിയില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
നവീന ചികിത്സാരീതികള്‍
ഇവയ്ക്കു പുറമേ നവീനമായ പല ചികിത്സാ രീതികളും വളര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. മുതിര്‍ന്നവരില്‍ ഇത് പലതും പ്രാഥമിക ചികിത്സയായി വന്നിട്ടുണ്ടെങ്കിലും കുട്ടികളില്‍ ഇവയുടെ പ്രസക്തി ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
ടാര്‍ഗെറ്റഡ് തെറാപ്പി
കാന്‍സര്‍ കാരണമായ ചില പ്രത്യേക കോശഘടകങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള ചികിത്സയാണിത്. ഒരു തരം രക്താര്‍ബുദമായ ക്രോണിക് മയെലോയിഡ് ലുക്കേമിയ (CML) എന്ന അസുഖത്തെ ഈ രീതിയിലുള്ള ചികിത്സയായ ഇമാറ്റിനിബ്/ഡസാറ്റിനിബ് ( Imatinib/ Dasatinib) എന്നീ ഗുളികകള്‍ ഉപയോഗിച്ച് മാത്രം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നതാണ്.
ഇമ്മ്യൂണോതെറാപ്പി
കാന്‍സര്‍ കോശങ്ങളെ ശരീരത്തിന്റെ തന്നെ പ്രതിരോധശക്തി കൊണ്ട് കീഴടക്കാന്‍ ശ്രമിക്കുന്ന ചികിത്സാരീതിയാണിത്.
(തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: can cure cancer in children, world cancer day 2021