നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല കെമിക്കല്‍ വസ്തുക്കളും കാന്‍സറിന് കാരണമാകും എന്ന രീതിയില്‍ പ്രചാരണമുണ്ടാകാറുണ്ട്. പലതും വാസ്തവ വിരുദ്ധമാണെന്നത് കാര്യം. 

'സ്പ്രേ, ഡിയോഡ്രന്റ് എന്നിവ ക്ഷൗരം ചെയ്ത കക്ഷത്തില്‍ ഉപയോഗിക്കുന്നത് സ്തനാര്‍ബുദം ഉണ്ടാക്കും'

പലരും ചോദിക്കാറുണ്ട് കക്ഷത്തില്‍ സ്പ്രേയടിച്ചാല്‍ കാന്‍സര്‍ വരുമോ എന്ന്. അതുപോലെ ഡിയോഡ്രന്റ് ഉപയോഗത്തെക്കുറിച്ചും ആശങ്കയുണ്ട്. സ്പ്രേ, പെര്‍ഫ്യൂമുകള്‍, സെന്റുകള്‍ തുടങ്ങിയവ കാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ഒന്നുമില്ല. ഇവ നേരിട്ട് ശരീരത്തില്‍ ഉപയോഗിക്കുന്ന രീതി ഇല്ലാത്തതുകൊണ്ട് ആ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരാനുള്ള സാധ്യത വിരളമാണ്. വിയര്‍പ്പിന്റെ മണവും അളവും കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്പന്നമാണ് ഡിയോഡ്രന്റ്. ഇത് ക്ഷൗരം ചെയ്തോ അല്ലാത്തതോ ആയ കക്ഷത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുന്നു. അലൂമിനിയം അടങ്ങുന്ന ഘടകങ്ങള്‍ ആണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഇതിലെ അലൂമിനിയം വിയര്‍പ്പുഗ്രന്ധികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് വിയര്‍പ്പിന്റെ അളവ് കുറയ്ക്കുന്നു. ഇവ ശരീരത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാത്തതുകൊണ്ട് അര്‍ബുദസാധ്യത ഇല്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത് . 

'അടച്ചിട്ട കാറില്‍ ഉണ്ടാകുന്ന (ഡാഷ് ബോര്‍ഡ്, എയര്‍ഫ്രഷ്നര്‍ എന്നിവിടങ്ങളില്‍ നിന്നും) ബെന്‍സീന്‍ എന്ന വാതകം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു'

ബെന്‍സീന്‍ കാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥമാണ്. പക്ഷേ നിര്‍ത്തിയിട്ട കാറിനകത്ത് ഈ രാസവസ്തുവിന്റെ അപകടകരമായ നിലയിലുള്ള സാന്നിധ്യം ഒരു പഠനങ്ങളിലും ഇന്നുവരെ കണ്ടെത്തിയിട്ടില്ല. കാറിന്റെ ഉള്ളില്‍ ബെന്‍സീന്‍ സാന്നിധ്യം ഉണ്ടെന്നത് അതിശയോക്തി കലര്‍ന്ന ഒരു വാര്‍ത്തമാത്രമാണ്. ബെന്‍സീന്‍ അപകടകരമായ അളവില്‍ സിഗരറ്റിന്റെ പുക, വാഹനത്തിന്റെ പുക എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ബെന്‍സീനിനെ ഭയക്കുന്നവര്‍ ആദ്യം പുകവലിയാണ് ഇല്ലാതാക്കേണ്ടത്. 

'പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിക്കുന്നത് കാന്‍സറിന് കാരണമാകും'

പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം കുടിക്കാനായി ശേഖരിച്ച് വെക്കുന്നത് കാന്‍സര്‍ ഉണ്ടാക്കും എന്ന പ്രചരണം ഏറെ നാളായി ആഗോള തലത്തില്‍ തന്നെ നടക്കുന്നതാണ്. പ്ലാസ്റ്റിക്കില്‍ നിന്ന് ബിസ്ഫിനോള്‍ എ, ഡയോക്സിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരും എന്നതാണ് പ്രധാന ആരോപണം. ഇതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം. ഇതുവരെ വിശ്വാസ്യയോഗ്യമായ ഒരു പഠനവും പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍ എന്നിവ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് തെളിയിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില പഠനങ്ങളില്‍ കുറഞ്ഞ അളവില്‍ രാസവസ്തുക്കള്‍ പുറത്തുവന്നേക്കാം എന്ന നിഗമനത്തിലെത്തിയിരുന്നു. പക്ഷേ അങ്ങനെ ദൃശ്യമായ അളവ് അപകടകരമായ അളവുകളേക്കാള്‍ വളരെ വളരെ കുറവുമായിരുന്നു. പ്ലാസ്റ്റിക് പാത്രങ്ങള്‍ മണിക്കൂറുകളോളം 60 ഡിഗ്രി ചൂടില്‍ നിലനിര്‍ത്തിയ പഠനങ്ങളിലും സുരക്ഷിതമല്ലാത്ത അളവില്‍ രാസവസ്തുക്കള്‍ പുറത്തു വരുന്നതായി കണ്ടില്ല. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ വിശദമായ ശാസ്ത്ര രേഖകളുടെ വിശകലനത്തില്‍ ബിസ്ഫിനോള്‍ എ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. ഡയോക്സിന്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഉണ്ട് എന്നതിന് ശാസ്ത്രീയ തെളിവുകളില്ല. പ്ലാസ്റ്റിക് പാത്രങ്ങളെ അവയില്‍ രേഖപ്പെടുത്തിയ നമ്പറുകളുടെയും കോഡുകളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കി, അതിനനുസരിച്ച് ഉപയോഗിക്കേണ്ടതാണ്.
 
ഒരു ത്രികോണ ചിഹ്നത്തിനുള്ളില്‍ 1 എന്നും പുറത്ത് PETE എന്നും രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ഉപയോഗശേഷം ഇവ നശിപ്പിച്ചുകളയുക. ഉദാഹരണം കുടിവെള്ള കുപ്പികള്‍. ത്രികോണത്തിനുള്ളില്‍ 2 എന്നും പുറത്ത് HDPE എന്നും രേഖപ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക്കുകള്‍ താരതമ്യേന സുരക്ഷിതമാണ്. ത്രികോണത്തിനുള്ളില്‍ 3 എന്നും പുറത്ത് ഢ എന്നും രേഖപ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് പാചകത്തിനോ ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കരുത്. ഒരു കാരണവശാലും ഇവ കത്തിക്കരുത്. 

4 എന്നു രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ആണ് ഏറെ സുരക്ഷിതം. 5 എന്നു രേഖപ്പെടുത്തിയതും സുരക്ഷിതമാണ്. 
6,7 എന്നീ അക്കങ്ങള്‍ ത്രികോണത്തിനുള്ളില്‍ കാണുന്ന പാത്രങ്ങള്‍ നല്ലതല്ല. ഇവയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ആയതിനാല്‍ ഭക്ഷണം പാചകം ചെയ്യുന്നതിനോ, വെള്ളം, ഭക്ഷണം എന്നിവ സൂക്ഷിക്കുന്നതിനോ ആയി നിര്‍മിച്ചിട്ടുള്ള പാത്രങ്ങളില്‍/ കുപ്പികളില്‍ മാത്രം ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിക്കുക. മറ്റുള്ളവയുടെ അടുക്കള ഉപയോഗം വേണ്ടെന്നുവെക്കുക. പ്ലാസ്റ്റിക് യാതൊരു കാരണവശാലും കത്തിക്കരുത്. അത് അപകടകരമായ ശീലമാണ്. 

'റീചാര്‍ജ് കൂപ്പണുകള്‍, സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്നിവ ചുരണ്ടി നോക്കുമ്പോള്‍ കൈയില്‍ പറ്റുന്ന സില്‍വര്‍ നൈട്രോ ഓക്സൈഡ് തൊലിപ്പുറത്തെ കാന്‍സറിന് കാരണമാവും '

അടുത്തകാലത്ത് വ്യാപകമായി പ്രചരിച്ച കാര്യമാണിത്. ഇവിടെ വില്ലനായി ചിത്രീകരിച്ചിരിക്കുന്ന സില്‍വര്‍ നൈട്രോ ഓക്സൈഡ് എന്ന രാസവസ്തു തന്നെ ഒരു വ്യാജനാണ്. അത്തരത്തില്‍ ഒരു പദാര്‍ഥം ഇല്ല. അതിനാല്‍ തന്നെ ഇതൊരു വ്യാജ വാര്‍ത്തയാണ. സ്‌ക്രാച്ച് കാര്‍ഡുകളില്‍ യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്നത് അള്‍ട്രാ വയലറ്റ് മഷി, അല്ലെങ്കില്‍ പ്രത്യേകതരം ലാറ്റക്സ് ആണ്. ഇവ കാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ഒന്നുംതന്നെയില്ല.

Content Highlights: Cancer awareness, World Cancer Day 2020