കാന്‍സറിനെ ഭയപ്പെട്ട് ഓടിയൊളിക്കുകയല്ല രോഗത്തെ കൃത്യമായി മനസ്സിലാക്കി ശരിയായ ചികിത്സ തേടുകയാണ് വേണ്ടതെന്ന് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദ്ഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. ലോക കാന്‍സര്‍ ദിനത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിന്റെ ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാന്‍സര്‍ നേരത്തെ കണ്ടെത്താനാവുമോ?

എല്ലാ കാന്‍സറുകളും നേരത്തെ കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ മുപ്പത് ശതമാനം കാന്‍സറുകളും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കും. സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, വായ്ക്കുള്ളിലെ കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവ ഉദാഹരണങ്ങളാണ്. പ്രകടമായ ലക്ഷണങ്ങളിലൂടെയും സ്വയം നടത്തുന്ന പരിശോധനകളിലൂടെയും ഇവ നമുക്ക് തന്നെ തിരിച്ചറിയാനാകും.

പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ കാന്‍സറിനെ ഫലപ്രദമായി ചികിത്സിക്കാനും സൗഖ്യം നേടാനും സാധിക്കും. 

ശരീരഭാരം അകാരണമായി പെട്ടെന്ന് കുറയുക, മുഴകള്‍, തടിപ്പുകള്‍, വിട്ടുമാറാത്ത ചുമ, രക്തസ്രാവം തുടങ്ങിയ പല ലക്ഷണങ്ങളും കാന്‍സറിനും കാണാറുണ്ട്. ഇവ ശ്രദ്ധിക്കാതെ പോകരുത്. 

നേരത്തെ കണ്ടെത്താന്‍ സ്‌ക്രീനിങ്

കാന്‍സറിനെ പ്രതിരോധിക്കാന്‍ നമുക്ക് നിരവധി ആയുധങ്ങളുണ്ട്. അതില്‍ ആദ്യത്തേതാണ് സ്‌ക്രീനിങ് ടെസ്റ്റുകള്‍. രോഗം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗമാണ് ഇവ. കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള യാതൊരു സൂചനകളും ഇല്ലാത്ത ആളുകളാണ് സ്‌ക്രീനിങ് ചെയ്യേണ്ടത്. പ്രമേഹമുണ്ടോ, ബി.പിയുണ്ടോ എന്നൊക്കെ അറിയാന്‍ നമ്മള്‍ ടെസ്റ്റുകള്‍ ചെയ്യാറില്ലേ? അതുപോലെ കാണണം ഈ സ്‌ക്രീനിങ് ടെസ്റ്റുകളെ. പലപ്പോഴും കാന്‍സര്‍ സാധ്യത തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. ഇത്തരത്തില്‍ രോഗം നേരത്തെ തിരിച്ചറിയാനായില്‍ വേഗം ചികിത്സ തുടങ്ങാനും രോഗം പൂര്‍ണമായും സുഖപ്പെടുത്താനും സാധിക്കും. 

സ്തനാര്‍ബുദത്തിന്റെ കാര്യം തന്നെയെടുക്കാം. മറ്റു പരിശോധനകളൊന്നും കൂടാതെ സ്വയം പരിശോധന വഴി നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു രോഗമാണിത്. അങ്ങനെ വന്നാല്‍ വേഗം ചികിത്സ തുടങ്ങാന്‍ സാധിക്കും. രോഗം വന്ന ഭാഗം നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാന്‍സര്‍ വ്യാപിക്കാതെ നോക്കാനും ഇതുവഴി സാധിക്കും. അതിനാല്‍ സ്‌ക്രീനിങ് പരിശോധനകളെ ഒഴിവാക്കരുത്. 

ജീവിതശൈലിയും കാന്‍സറും തമ്മില്‍ 

ഒരു ജീവിതശൈലി രോഗമായാണ് കാന്‍സറിനെ കണക്കാക്കുന്നത്. കൊഴുപ്പ് കൂടിയ ആഹാരശൈലിയും വ്യായാമമില്ലാത്ത അവസ്ഥയുമാണ് ഇതിന് ഒരു കാരണം. സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയൊക്കെ ഇതു മൂലം വരാനിടയുള്ള രോഗങ്ങളാണ്. 

മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ആഹാരശീലങ്ങളെയാകെ മാറ്റിമറിച്ചു. ഫാസ്റ്റ്ഫുഡ് ശീലമായതോടെ വലിയ അളവില്‍ കൊഴുപ്പും കലോറിയും ശരീരത്തിലെത്തി. ആഴ്ചയില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന രീതി കുടുംബങ്ങള്‍ക്കിടയില്‍ പോലും കൂടിവരുകയാണ്. 

വിദേശ ഭക്ഷണരീതി നാം സ്വീകരിച്ചെങ്കിലും അവയിലെ സാലഡ് പോലുള്ള നല്ല ഭക്ഷണരീതികള്‍ നാം ഉപേക്ഷിക്കുകയാണ് ചെയ്തത്. കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണം സ്വീകരിച്ചപ്പോള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ നിന്ന് പാടെ ഉപേക്ഷിച്ചു. 

ഫാസ്റ്റ് ഫുഡില്‍ നിറത്തിനും മണത്തിനും രുചിക്കുമായി ചേര്‍ക്കുന്ന പല വസ്തുക്കളും കൂടിയ അളവിലുള്ള കലോറിയും ഭക്ഷണശീലങ്ങളെ പാടെ മാറ്റിമറിച്ചു. 
 
ഭക്ഷണം കഴിക്കുമ്പോള്‍ പ്ലേറ്റിന്റെ അമ്പതു ശതമാനം പഴങ്ങളാണ് വേണ്ടത്. അരിയും ഗോതമ്പും 25 ശതമാനമേ പാടുള്ളു. മറ്റൊരു 25 ശതമാനം ആയിരിക്കണം പ്രോട്ടീന്‍. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാണ്. 

ഇതൊടൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യായാമം. മുഴുവന്‍ സമയവും ഇരുന്നുള്ള ജോലിക്കിടെ വ്യായാമം ചെയ്യാന്‍ ആരും ശ്രദ്ധിക്കുന്നില്ല. കുട്ടികളുടെ അവസ്ഥയും ഇതുതന്നെ. ഫാസ്റ്റ്ഫുഡ് പിന്തുടര്‍ന്നതോടെ ചീരയും ഇലക്കറികളും ഉള്‍പ്പെട്ട നാടന്‍ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു. കളികളും കുറഞ്ഞു. 

സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന പോലെ തന്നെ അവരുടെ ആരോഗ്യത്തിലും രക്ഷിതാക്കള്‍ക്ക് ശ്രദ്ധ വേണം. ആരോഗ്യമുള്ള കുട്ടികളായി അവരെ വളര്‍ത്തണം. നല്ല ഭക്ഷണശീലങ്ങളും വ്യായാമരീതികളും അവരില്‍ പ്രോത്സാഹിപ്പിക്കണം. 

അപകടമാകുന്ന പുകവലിയും മദ്യപാനവും

കാന്‍സറിനെ ക്ഷണിച്ചുവരുത്തുന്ന പ്രധാനപ്പെട്ട കാരണങ്ങളാണ് പുകയില ഉപയോഗവും മദ്യപാനവും. ഇവ ഉപേക്ഷിച്ചാല്‍ തന്നെ കാന്‍സര്‍ സാധ്യത മുപ്പതു ശതമാനത്തോളം കുറയ്ക്കാനാകും. അമ്പതു ശതമാനത്തോളം കാന്‍സറുകളും തടയാനോ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനോ സാധിക്കുന്നവയാണ്. പുകവലിയും മദ്യപാനവും ഉപേക്ഷിച്ചാല്‍ തന്നെ നിങ്ങളില്‍ കാന്‍സര്‍ സാധ്യത കുറയും. 

പുകവലിയാണ് 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും പ്രധാന കാരണം. ഇത് പെട്ടെന്ന് കണ്ടുപിടിക്കാനുമാവില്ല. നിങ്ങള്‍ പുകവലി എന്ന് തുടങ്ങുന്നുവോ അന്ന് കാന്‍സറിനുള്ള നിലമൊരുക്കലാണ് ചെയ്യുന്നത്. എന്നു നിര്‍ത്തുന്നുവോ അന്നു മുതല്‍ കാന്‍സര്‍ സാധ്യത നിങ്ങളില്‍ കുറയും. ശ്വാസകോശ കാന്‍സറിന്  ചികിത്സയ്‌ക്കെത്തുന്ന ചിലര്‍ പറയാറുണ്ട്, രണ്ടു വര്‍ഷമായി ഞാന്‍ പുകവലി നിര്‍ത്തിയിട്ട്, എന്നിട്ട് എനിക്കെങ്ങനെ കാന്‍സര്‍ വന്നു എന്ന്. ഇത്രയും നാള്‍ പുകവലിച്ചതിന്റെ ഫലമാണ് ആ കാന്‍സര്‍. 

ഇപ്പോള്‍ പുകയില്ലാത്ത പുകവലി കൂടിവരുന്നുണ്ട്. പ്രത്യേകിച്ചും സ്‌കൂള്‍ കുട്ടികളാണ് ഇതിന്റെ ഇരകള്‍, നാലാം ക്ലാസ് മുതല്‍ കുട്ടികള്‍ ഇങ്ങനെ പുകവലിയില്‍ പെട്ടുപോകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ രീതി വളര്‍ന്നുവരാന്‍ അനുവദിക്കരുത്. സ്‌കൂള്‍ പരിസരത്തൊന്നും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കരുത്. 

ആറു ലക്ഷത്തോളം പേരാണ് മറ്റുള്ളവരുടെ പുകവലി (പാസ്സീവ് സ്‌മോക്കിങ്) മൂലം മരിക്കുന്നത്. അതായത് ഒരാള്‍ പുകവലിക്കുന്നതു വഴി അയാള്‍ക്ക് മാത്രമല്ല, അയാള്‍ക്ക് ചുറ്റുമുള്ള പുകവലിക്കാത്ത മറ്റുള്ളവര്‍ കൂടി ആപത്തില്‍പ്പെടുകയാണ്. 

കേരളത്തില്‍ കൂടുതല്‍

കേരളത്തില്‍ പുരുഷന്‍മാരില്‍ കൂടുതലായി കണ്ടുവരുന്നത് പ്രധാനമായും ശ്വാസകോശ കാന്‍സറും വായ-കഴുത്ത് എന്നിവയെ ബാധിക്കുന്ന കാന്‍സറുമാണ്. 

സ്ത്രീകളിലാകട്ടെ ഒന്നാമത് നില്‍ക്കുന്നത് സ്തനാര്‍ബുദം തന്നെയാണ്. ഗര്‍ഭാശയ കാന്‍സറും അണ്ഡാശയ കാന്‍സറുമാണ് രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. ഇപ്പോള്‍ ഗര്‍ഭാശയ കാന്‍സര്‍ കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ അണ്ഡാശയ കാന്‍സര്‍ കൂടിവരുകയാണ്. 

കാന്‍സര്‍ രോഗികള്‍ക്ക് വേണം മാനസിക പിന്തുണ

കാന്‍സര്‍ ബാധിച്ച ഒരു വ്യക്തിയെ സംബന്ധിച്ച ചികിത്സയോടൊപ്പം വേണ്ട ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് മാനസിക പിന്തുണ. 
രോഗത്തിന്റെ കാഠിന്യവും പൊതുസമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലും മൂലം പൊതുവേ അവര്‍ മാനസികമായി വളരെ തളര്‍ന്ന അവസ്ഥയിലായിരിക്കും. ഒരു ഉദ്ദാഹരണം പറയാം. കാന്‍സര്‍ രോഗികളോട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ചിത്രം വരയ്ക്കൂ എന്നു പറഞ്ഞപ്പോള്‍ കൂടുതലും അവര്‍ വരച്ചത് വാടി വീണ ഇലകളും കൊഴിഞ്ഞ പൂക്കളുമൊക്കെയാണ്. നല്ലൊരു വിരിഞ്ഞുനില്‍ക്കുന്ന പൂവ് വരയ്ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അവരുടെ മനസ്സിന് ഒരിക്കലും സന്തോഷമുണ്ടാകുന്നില്ല. പ്രതീക്ഷകളുണ്ടാകുന്നില്ല. കാരണം കാന്‍സര്‍ രോഗി എപ്പോഴും എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടാകുന്നത് അവരില്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. 

അതിനാല്‍ തന്നെ കാന്‍സര്‍ രോഗിക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയൊരു പിന്തുണയാണ് നല്‍കേണ്ടത്. കുടുംബത്തില്‍ നിന്ന് മാത്രം പോര. സമൂഹത്തില്‍ നിന്നു കൂടി നല്ല പിന്തുണ അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എനിക്ക് എന്തുവന്നാലും എനിക്കൊപ്പം എല്ലാവരുമുണ്ട് എന്ന ചിന്ത രോഗിക്ക്  എപ്പോഴും ഉണ്ടാകണം. പ്രതീക്ഷകള്‍ വറ്റാതെ നോക്കണം. അത് ചികിത്സയ്ക്കും ഗുണം ചെയ്യും. 

കാന്‍സര്‍ ദിനത്തില്‍ പറയാനുള്ളത് 

ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുകയാണ്. പൊതുജനങ്ങളില്‍ കാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഏതൊക്കെ വിധത്തില്‍ കാന്‍സറിനെ നേരിടാനാകുമെന്ന് അവര്‍ക്ക് അറിവു നല്‍കാനുമാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഇതാണ്. കാന്‍സറിനെ ഭയപ്പെടരുത്. പകരം കാന്‍സറിനെ മനസ്സിലാക്കണം. എന്താണ് പ്രശ്‌നമെന്ന് കണ്ടുപിടിക്കണം. അതു പരിഹരിക്കാനുള്ള ചികിത്സകള്‍ ആത്മവിശ്വാസത്തോടെ ചെയ്യണം. കാന്‍സറിനെ നമുക്ക് അതിജീവിക്കാം. 

കാന്‍സര്‍ സംബന്ധമായ അറിവുകളും അതിജീവനകഥകളും വായിക്കാം

Content Highlights: World Cancer Day 2020, World Cancer Day 2020 Dr VP Gangadharan talks