ചികിത്സക്ക് വേണ്ടിയുള്ള റേഡിയേഷനുകള്‍,  പരിശോധനകള്‍ എന്നിവയെ പറ്റി ധാരാളം സംശയങ്ങളും തെറ്റായ അറിവുകളും ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇവ ഒഴിവാക്കാം. 

മാമോഗ്രാഫി കാന്‍സര്‍ വരുത്തുമോ

തൈറോയ്ഡ് കാന്‍സര്‍ വരാനുള്ള കാരണങ്ങളില്‍ ഒന്നാണ് റേഡിയേഷന്‍. എന്നാല്‍ കൂടിയ അളവില്‍ സ്ഥിരമായി റേഡിയേഷന് വിധേയമാകുമ്പോഴാണ് അപകടസാധ്യത വര്‍ധിക്കുന്നത്. ഡെന്റല്‍ എക്സറേ, മാമോഗ്രാഫി തുടങ്ങിയവ രോഗനിര്‍ണയം, ചികിത്സ എന്നിവയുടെ ഭാഗമായാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. ഇവമൂലമുണ്ടാകുന്ന റേഡിയേഷന്‍ വളരെ കുറവാണ്. ഈ പരിശോധനകളുടെ സമയത്ത് തൈറോയിഡിലേക്ക് ചിതറി എത്തുന്ന റേഡിയേഷന്‍ ഇതിലും കുറവാണ്. ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം നാമെല്ലാം പ്രകൃതിയില്‍ നിന്നുള്ള പശ്ചാത്തല റേഡിയേഷന് വിധേയപ്പെട്ടാണ് ജീവിക്കുന്നത്. ഒരു മാമോഗ്രാഫി പരിശോധനയില്‍ നിന്നേല്‍ക്കുന്നത് വെറും അരമണിക്കൂര്‍ നേരത്തെ പശ്ചാത്തല റേഡിയേഷനു തുല്യമായ റേഡിയേഷന്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ഇതിനെ ഭയപ്പെടേണ്ടതില്ല. ഡെന്റല്‍ എക്സറേ പരിശോധവേളകളില്‍ തൈറോയ്ഡ് കോളര്‍ പോലെയുള്ള വികിരണ സംരക്ഷണ കവചങ്ങള്‍ ഉപയോഗിക്കുക. നിങ്ങളുടെ സംശയങ്ങള്‍ ഡോക്ടറോട് ചോദിച്ച് പരിശോധനയ്ക്ക് മുന്‍പ് ദൂരീകരിക്കേണ്ടതാണ്. 

'കാന്‍സര്‍ ചികിത്സ തുടങ്ങിയാല്‍ ആശുപത്രി വിടാനോ ജോലിക്കു പോകാനോ, ദൈനംദിന കാര്യങ്ങള്‍ ചെയ്യുവാനോ സാധിക്കില്ല'

മറ്റ് രോഗങ്ങളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ കാലം മാത്രം ആശുപത്രിവാസം ആവശ്യമുള്ള രോഗമാണ് കാന്‍സര്‍. ചില സാഹചര്യങ്ങളില്‍ ആശുപത്രിവാസം തീരെ ആവശ്യമായി വരില്ല. കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവ ആശുപത്രിയില്‍ കിടക്കാതെ തന്നെ വന്നുപോയി എടുക്കാവുന്നതാണ്. ചികിത്സയ്ക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മിക്കതും താത്കാലികവും ഫലപ്രദമായ മരുന്നുകളിലൂടെ നിയന്ത്രിക്കാവുന്നതുമാണ്. കാന്‍സര്‍ ചികിത്സിച്ചു ഭേദമായ ഒട്ടേറെയാളുകള്‍ ജോലിചെയ്തു ജീവിക്കുന്നുണ്ട്. ചുരുക്കം ചില സാഹചര്യങ്ങളിലൊഴിച്ച് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും തടസ്സമില്ല. ഇത്തരം കാര്യങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറോട് ചോദിച്ച് വ്യക്തത വരുത്താവുന്നതാണ്. 

'കുത്തിയെടുക്കുകയോ (biopsy/Surgery) സൂചികൊണ്ട് കുത്തി പരിശോധിക്കുകയോ (FNAC) ചെയ്താല്‍ കാന്‍സര്‍ പടരാന്‍ ഇടവരും' 

സൂചി കുത്തി പരിശോധന (FNAC) പല കാന്‍സറും സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന ലളിതമായ പരിശോധനയാണ. ഈ പരിശോധന കാന്‍സര്‍ പടരാന്‍ ഇടയാക്കില്ല. അത്തരം ശാസ്ത്രപഠനങ്ങള്‍ ഒന്നും തന്നെയില്ല. ശസ്ത്രക്രിയയാകട്ടെ കാന്‍സര്‍ ഭേദമാക്കാനുള്ള പ്രഥമവും സുപ്രധാനവുമായ ചികിത്സയാണ്. ഇത്തരം മിഥ്യാധാരണകള്‍ക്കടിമപ്പെട്ട് ചികിത്സ വേണ്ട എന്ന് വെക്കുന്നത് രോഗം മറ്റ് അവയവങ്ങളിലേക്ക് പടരാന്‍ ഇടയാക്കും. 
ശസ്ത്രക്രിയ ചെയ്യുന്ന സമയത്ത്, വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ രോഗം മുന്‍പ് നടത്തിയ പരിശോധനകളില്‍ നിര്‍ണയിച്ചതിനേക്കാള്‍ കൂടുതല്‍ പടര്‍ന്നതായി കാണപ്പെട്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍ സര്‍ജറിയുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ല എന്ന് തീരുമാനിച്ച് സര്‍ജറി അവസാനിപ്പിക്കാറുണ്ട്. 

'ഇംഗ്ലീഷ് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണ്. കീമോ ചെയ്താല്‍ മൊട്ടയാകും '

കാന്‍സര്‍ ചികിത്സയ്ക്കായി പ്രത്യേകമായ ചികിത്സാരീതികളും മരുന്നുകളുമാണ് ഉപയോഗിക്കുന്നത്. സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി, മജ്ജമാറ്റിവെക്കല്‍, ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയ വിവിധരീതികള്‍. ഇതുതന്നെ രോഗസ്വഭാവം അനുസരിച്ച് പലതരത്തിലുണ്ട്. ഇവയുടെ ഫലപ്രാപ്തി ശാസ്ത്രീയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവ ചെയ്യുന്ന കാലയളവില്‍ രോഗികള്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട് .ചികിത്സയുമായി ബന്ധപ്പെട്ട ഈ പാര്‍ശ്വഫലങ്ങള്‍ താത്കാലികം മാത്രമാണ്. ചികിത്സ പൂര്‍ണമായി മാസങ്ങള്‍ക്കുള്ളില്‍ ശാരീരികാവസ്ഥ നല്ലനിലയിലായിത്തീരും. ചില കീമോതെറാപ്പി മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മുടി കൊഴിഞ്ഞുപോകാറുണ്ട്. എന്നാല്‍ അത് പിന്നീട് തിരിച്ചുവന്ന് പഴയതുപോലെ തന്നെയാകും. പല സ്ത്രീകളും മുടി കൊഴിഞ്ഞുപോകും എന്നു കരുതി കീമോതെറാപ്പിക്ക് വിസമ്മതിക്കാറുണ്ട്. ഇനി മുടി വളരില്ല എന്ന ഭയമാണ് അവരുടെ വിസമ്മതത്തിന്റെ അടിസ്ഥാനം. അത്തരം ഭയങ്ങള്‍ക്ക് യാതൊരു കഴമ്പുമില്ല എന്ന് തിരിച്ചറിയാന്‍ ഏതെങ്കിലും കാന്‍സര്‍ രോഗ ചികിത്സ കഴിഞ്ഞ വ്യക്തിയോട് സംസാരിക്കുക മാത്രമേ വേണ്ടൂ. 

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരാണ് ലേഖകര്‍

Content Highlights: Cancer Awareness, World Cancer Day 2020