മൊബൈല്‍ ഫോണുകള്‍, ടവറുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ നാള്‍ മുതല്‍ ഇവ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെകുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി.) നിലവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്ര പഠനഫലങ്ങളെ വിലയിരുത്തി അവരുടെ നിഗമനങ്ങള്‍ 2013-ല്‍ ഒരു ആധികാരിക രേഖയായി പുറത്തു വിട്ടിട്ടുണ്ട്. 30 കിലോഹെര്‍ട്സ് മുതല്‍ 300 ജിഗാഹെര്‍ട്സ് വരെയുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗനെറ്റിക് ഫീല്‍ഡുകള്‍ മനുഷ്യരില്‍ എത്രമാത്രം അര്‍ബുദ സാധ്യതയുണ്ടാക്കുന്നു എന്നാണ് ഐ.എ.ആര്‍.സി. പ്രധാനമായും പരിശോധിച്ചത്. മൊബൈല്‍ ഫോണ്‍, കോഡ്ലെസ്സ് ഫോണ്‍, ബ്ലൂടൂത്ത്, ഇന്‍ഡക്ഷന്‍ കുക്കറുകള്‍, മൈക്രോവേവ് ഓവനുകള്‍, മൊബൈല്‍ ടവറുകള്‍, ടി.വി, റേഡിയോ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനുകള്‍ തുടങ്ങിയവ ഈ റേഡിയോ ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങളാണ് പുറത്തുവിടുന്നത്. ഇത്തരം സ്രോതസ്സുകളുടെ എത്ര അടുത്താണ് നമ്മുടെ ശരീരം എന്നത് ഏറെ പ്രസക്തമായ കാര്യമാണ്. അകലം കൂടുന്നത് അനുസരിച്ച് റേഡിയേഷന്‍ കുറയുന്നു.

മൊബൈല്‍ ചെവിയുടെ അടുത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന റേഡിയേഷനേക്കാള്‍ കുറവാണ് ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ തലയില്‍ ഏല്‍ക്കുന്നത്. മൊബൈല്‍ ടവറുകള്‍, ടി.വി. റേഡിയോ സ്റ്റേഷനുകള്‍ എന്നിവ പുറത്തു വിടുന്ന റേഡിയേഷന്‍ 2 ജി ഫോണുകളുടേതുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറവാണ്. അതുപോലെ തന്നെ 2ജി ഫോണുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് റേഡിയേഷന്‍ കുറവാണ് 3ജി ഫോണുകള്‍ പുറത്തുവിടുന്നത്. 

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ തലച്ചോറിനെ ബാധിക്കുന്ന ഗ്ലയോമ (Glioma) എന്ന അര്‍ബുദം വരാനുള്ള സാധ്യതയെക്കുറിച്ച് ചില പഠനങ്ങള്‍ നേരിയ സൂചന നല്‍കുന്നുണ്ട്. വളരെ പരിമിതമായ തെളിവുകള്‍ മാത്രമാണ് ഈ സാധ്യതയെ സാധൂകരിക്കാന്‍ ഇന്ന് ശാസ്ത്രലോകത്ത് ഉള്ളത്. കൂടാതെ ഈ പഠനങ്ങള്‍ നടന്ന കാലയളവില്‍ റേഡിയേഷന്‍ കൂടുതല്‍ ഉള്ള 2 ജി ഫോണുകള്‍ ആയിരുന്നു പ്രചാരത്തിലുണ്ടായിരുന്നത് എന്ന വസ്തുതയും നാം കണക്കിലെടുക്കണം. കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടന്നതിനു ശേഷം മാത്രമേ അന്തിമമായി പറയാനാകു. ഈ സാഹചര്യത്തില്‍ റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നെറ്റിക് ഫീല്‍ഡുകളെ ഐ.എ.ആര്‍.സി. ഗ്രൂപ്പ് 2ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യരില്‍ ചിലപ്പോള്‍ കാന്‍സറിന് കാരണമായേക്കാവുന്ന വസ്തുക്കളുടെ/ ഘടകങ്ങളുടെ വിഭാഗമാണിത്. ഈ കാര്യങ്ങളുടെ വെളിച്ചത്തില്‍ നാം ചില മുന്‍കരുതലുകളെടുക്കുന്നത് നല്ലതാണ്. മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്‍ത്തുപിടിക്കാതിരിക്കുക, കുട്ടികളിലെ ഉപയോഗം കുറയ്ക്കുക, സിഗ്‌നല്‍ ശക്തി കുറവുള്ള സ്ഥലങ്ങളില്‍ ഫോണ്‍ ഉപയോഗം മിതപ്പെടുത്തുക, ഇയര്‍ഫോണ്‍ ഉപയോഗിക്കുക, ത്രീജി, ഫോര്‍ജി ഫോണുകള്‍ ഉപയോഗിക്കുക എന്നിങ്ങനെ.

ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍ എന്നിവ ശരീരത്തിന് സമീപം വരുന്ന സാഹചര്യങ്ങള്‍ കുറവാണ്. ഇവയുടെ ഉപയോഗം കാന്‍സറിലേക്ക് നയിക്കുന്നു എന്ന് വിരല്‍ ചൂണ്ടുന്ന പഠനങ്ങള്‍ ഒന്നുമില്ല. 

നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുമോ

മൈക്രോവേവ് ഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡ് ഉപയോഗിച്ചാണ് മൈക്രോവേവ് ഓവനുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നത്. ഇവിടെ ഇലക്ട്രോമാഗ്‌നെറ്റിക് ഫീല്‍ഡ് വികിരിണങ്ങള്‍ ഭക്ഷ്യവസ്തുക്കളിലെ തന്മാത്രകളില്‍ ചലനം സൃഷ്ടിക്കുകയും അതുവഴി താപോര്‍ജം ഉണ്ടാവുകയും ചെയ്യുന്നു. ഈ ചൂടിലാണ് പാചകം നടക്കുന്നത്. ഈ പ്രക്രിയയില്‍ ശരീരത്തിന് ദോഷകരമായ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല. മൈക്രോവേവില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. മൈക്രോവേവില്‍ ഉപയോഗിക്കുന്നതിനായി നിര്‍മിച്ചതല്ലാത്ത പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ചിലപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ മൈക്രോവേവ് സുരക്ഷിതം എന്നു രേഖപ്പെടുത്തിയ പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. 

നോണ്‍സ്റ്റിക് അഥവാ ടെഫ്ലോണ്‍ കവചമുള്ള പ്രതലങ്ങള്‍ ഉള്ള പാത്രങ്ങള്‍ അടുക്കളകളിലെ സ്ഥിരസാന്നിധ്യമാണ്. ഇത്തരം പാത്രങ്ങള്‍ പാചകം സുഗമമാക്കുകയും ഉപയോഗം ലളിതമാക്കുകയും ചെയ്യുന്നു. ടെഫ്ലോണ്‍ എന്നത് പോളി ടെട്രാ ഫ്ളൂറോ എത്തിലീന്‍ എന്ന മനുഷ്യ നിര്‍മിത പദാര്‍ഥത്തിന്റെ സുപരിചിതമായ വാണിജ്യനാമമാണ്. ശാസ്ത്ര പഠനങ്ങള്‍ ഒന്നുംതന്നെ ഈ പാത്രങ്ങള്‍ പാചകത്തിനുപയോഗിക്കുന്നത് കാന്‍സര്‍ ഉണ്ടാക്കുന്നതായി തെളിയിച്ചിട്ടില്ല. ഈ പ്രതലമുള്ള പാത്രങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന വാര്‍ത്ത ജനിക്കാന്‍ കാരണം ഒരു പക്ഷേ ടെഫ്ലോണ്‍ നിര്‍മാണ വേളയില്‍ ഉപയോഗിക്കുന്ന മറ്റൊരു പദാര്‍ഥമായ പി.എഫ്.ഒ.എ. (Perf luorooctanoic acid) സംബന്ധിച്ച ചില അറിവുകള്‍ ആയിരിക്കാം. ടെഫ്ലോണ്‍ നിര്‍മാണ പ്രക്രിയയില്‍ സഹായിക്കുന്നതും എന്നാല്‍ അന്തിമ ഉത്പന്നത്തില്‍ ഇല്ലാത്തതുമായ ഒരു പദാര്‍ഥമാണ് പി.എഫ്.ഒ.എ. ഈ പദാര്‍ഥത്തെ ഗ്രൂപ്പ് 2 ബി കാര്‍സിനോജന്‍ ആയി ഐ.എ.ആര്‍.സി. തരംതിരിച്ചിട്ടുണ്ട്. പി.എഫ്.ഒ.എ. അനുബന്ധ വ്യവസായസ്ഥാപനങ്ങളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ക്കാണ് ഈ അര്‍ബുദസാധ്യത നിലനില്‍ക്കുന്നത്. 

കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം
മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരിയിലെ ഡോക്ടര്‍മാരാണ് ലേഖകര്‍

Content Highlights: Cancer awearness, World Cancer Day 2020