എന്താണ് കാന്‍സര്‍?

അനിയന്ത്രിതമായ കോശവിഭജനത്തെത്തുടര്‍ന്നുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് കാന്‍സര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇങ്ങനെയുണ്ടാവുന്ന കാന്‍സര്‍ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളെ ആക്രമിച്ച് രോഗകോശങ്ങളാക്കാനുള്ള കഴിവുമുണ്ട്

കോശം വിഭജിക്കുമ്പോള്‍ ശരീരവളര്‍ച്ചയല്ലേ ഉണ്ടാവേണ്ടത്?

കോശവിഭജനമാണ് വളര്‍ച്ചയുടെ അടിസ്ഥാനം. അതിന് എല്ലാ കോശങ്ങളും ഒരേ താളക്രമത്തില്‍ വളരേണ്ടതുണ്ട്. കാന്‍സര്‍ രോഗികളില്‍ രോഗബാധയുള്ള സ്ഥലത്തെ അല്ലെങ്കില്‍ അവയവത്തിലെ കോശങ്ങള്‍ മാത്രം മറ്റു കോശങ്ങളെക്കാള്‍ ദ്രുതഗതിയില്‍ വളരുന്നു. ഇങ്ങനെ വളരുന്ന കോശങ്ങള്‍ മുഴകളായി മാറുന്നു.

മുഴകള്‍ കാന്‍സറിന്റെ ലക്ഷണമാണോ?

മുഴകളെല്ലാം കാന്‍സര്‍ ലക്ഷണമല്ല. അവയില്‍ പലതും നിരുപദ്രവകാരികളായ വെറും കോശവളര്‍ച്ച മാത്രമാവും. ചിലതരം കാന്‍സറുകളില്‍ മുഴ ഒരു ലക്ഷണം പോലുമല്ല. ഉദാഹരണം രക്താര്‍ബുദം.

സാധാരണ കോശവും കാന്‍സര്‍ കോശവും തമ്മിലുള്ള വ്യത്യാസമെന്താണ്?

സാധാരണകോശത്തിന്റെ വളര്‍ച്ചയില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. കോശവളര്‍ച്ച, കോശവിഭജനം, കോശമരണം എന്നിവയാണ് ആ ഘട്ടങ്ങള്‍. ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം പോലെ ഈ പ്രക്രിയ നിരന്തരം നടക്കുന്നു. മരിക്കുന്ന കോശങ്ങള്‍ക്ക് പകരം പുതിയവ ജനിക്കുന്നു. എന്നാല്‍ കാന്‍സര്‍ കോശങ്ങളില്‍ കോശമരണം സംഭവിക്കുന്നില്ല. അതിനാല്‍ അവ അനിയന്ത്രിതമായി വിഭജിച്ച് പെരുകുന്നു. ഒരു കോശത്തില്‍ എന്തെങ്കിലും കാരണത്താല്‍ കോശമരണം എന്ന സ്വാഭാവിക പ്രക്രിയ തടസ്സപ്പെടുമ്പോള്‍ ആ കോശം കാന്‍സര്‍ കോശമായി മാറുന്നു. 

രോഗാണുക്കള്‍ മുഖേന കാന്‍സര്‍ ഉണ്ടാവുമോ?

ചില വിഭാഗത്തില്‍പെട്ട വൈറസുകള്‍ കാന്‍സറിന് കാരണമാവാറുണ്ട്. ഗര്‍ഭാശയഗള കാന്‍സറിന് കാരണമായ ഹ്യുമാന്‍ പാപിലോമ വൈറസ്, കരളിലെ കാന്‍സറിന് കാരണമായ ഹെപ്പാറ്റിറ്റിസ് ബി, സി വൈറസുകള്‍, കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന എപ്സ്റ്റീന്‍-ബാര്‍ വൈറസ്, എച്ച്.ഐ.വി. എന്നിവ ഇതില്‍ ചിലതാണ്. 

പ്രായവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടോ?

കാന്‍സര്‍ വരാന്‍ പ്രത്യേക പ്രായപരിധിയൊന്നുമില്ല. എങ്കിലും മധ്യവയസ്സു പിന്നിട്ടവരിലാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത്. പ്രായമാവുമ്പോള്‍ സ്വാഭാവികമായും ചില ക്ഷതങ്ങളൊക്കെ ഉണ്ടാകും. ഡി.എന്‍.എയില്‍ പിഴവ് സംഭവിക്കാനുള്ള സാധ്യത അപ്പോള്‍ കൂടുതലായതാണ് കാരണം. കാന്‍സറിനുള്ള പാരമ്പര്യകാരണങ്ങളില്‍ ചിലവ ഒരു നിശ്ചിത പ്രായത്തിനുശേഷമാവും പ്രവര്‍ത്തനസജ്ജമാകുന്നതും ഡി.എന്‍.എയെ പിഴപ്പിക്കുന്നതും. 

കാന്‍സര്‍ ഏതൊക്കെ അവയവങ്ങളെ ബാധിക്കാം?

ശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും ബാധിക്കാം. ഹൃദയത്തെ വളരെ അപൂര്‍വമായി മാത്രമേ ബാധിക്കാറുള്ളൂ. കരള്‍, ശ്വാസകോശം, വൃക്ക, രക്തം, കുടല്‍, പാന്‍ക്രിയാസ്, ചര്‍മം, കണ്ണ്, വായ, നാക്ക്, ഉമിനീര്‍ഗ്രന്ഥി, തൊണ്ട തുടങ്ങിയ അവയവങ്ങളിലെ കാന്‍സര്‍ സാധാരണമാണ്. 

കാന്‍സര്‍ മുഴകളെ ബെനിന്‍ (Benign) എന്നും മാലിഗ്നന്റ് (Malignant) എന്നും വേര്‍തിരിക്കുന്നുണ്ടല്ലോ. എന്താണിത്?

ഗുരുതരമല്ലാത്ത മുഴകളാണ് ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളവ. അവ കാന്‍സര്‍ മുഴകളാകണമെന്നില്ല. ഇവയെ ശസ്ത്രക്രിയ വഴി എളുപ്പത്തില്‍ നീക്കാനാവും. ഒരിക്കല്‍ നീക്കിയാല്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. ഇത്തരം മുഴകള്‍ ശരീരത്തിന്റെ ഒരുഭാഗത്തുനിന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാറില്ല.

മാലിഗ്നന്റ് വിഭാഗത്തില്‍ പെട്ടവ ശരിയായ കാന്‍സര്‍ മുഴകളാണ്. ഇത്തരം മുഴകള്‍ അടുത്തുള്ള കോശങ്ങളിലേക്കും അതുവഴി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരാം. 

എന്താണ് മെറ്റാസ്റ്റാസിസ്?

ശരീരത്തിന്റെ ഒരു ഭാഗത്തുനിന്ന് കാന്‍സര്‍ കോശങ്ങള്‍ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന പ്രക്രിയയെയാണ് മെറ്റാസ്റ്റാസിസ് എന്ന് പറയുന്നത്. 

കാന്‍സര്‍ കോശങ്ങള്‍ എങ്ങനെയാണ് ശരീരത്തിലൂടെ സഞ്ചരിക്കുന്നത്?

അടുത്തകാലത്തെ ഒരു ഗവേഷണം ഇതിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. മുഴയായി നില്‍ക്കുന്ന കോശങ്ങള്‍ തമ്മിലുള്ള ഒട്ടിപ്പിടിത്തം നഷ്ടപ്പെടുകയും അവ തമ്മില്‍ വേര്‍പ്പെട്ട് രക്തം വഴിയും ലസികാദ്രവം വഴിയും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഒട്ടിപ്പിടിത്തം നഷ്ടമാക്കുന്ന ഘടകത്തെ കണ്ടെത്താന്‍ ഗവേഷണം പുരോഗമിക്കുന്നു. അതറിഞ്ഞാല്‍ പുതിയ മരുന്നുനിര്‍മാണത്തിനും അതുവഴി ശരീരത്തിലൂടെയുള്ള കാന്‍സര്‍ വ്യാപനം തടയാനും കഴിയും. ശരീരത്തില്‍ ക്യാന്‍സര്‍ വ്യാപനം നടക്കുന്നതാണ് 90 ശതമാനം കാന്‍സര്‍ മരണങ്ങള്‍ക്കും കാരണം. 

കാന്‍സര്‍ ജീവിതശൈലി മൂലമാണോ?

പുകവലി, മുറുക്ക്, പാന്‍പരാഗ് ചവയ്ക്കല്‍, മദ്യപാനം മുതലായ ശീലങ്ങള്‍ കാന്‍സറിന് കാരണമാവും. അതുപോലെ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലാത്ത ജീവിതരീതിയുമൊക്കെ കാന്‍സര്‍ വന്നെത്താന്‍ സാധ്യതയേകുന്നു. അതിനാലാണ് ഇതിനെ ജീവിതശൈലിരോഗമായി കണക്കാക്കുന്നത്. 

കാന്‍സര്‍ പകരുന്ന രോഗമാണോ?

കാന്‍സര്‍ ഒരിക്കലും പകരില്ല. കാന്‍സര്‍ ബാധിതരുമായുള്ള സഹവാസം ഒരു തരത്തിലും മറ്റൊരാളെ രോഗിയാക്കില്ല. കാന്‍സര്‍ രോഗിയെ പരിചരിക്കുന്നതിന് ഒരു തരത്തിലുമുള്ള പ്രതിരോധ സംവിധാനം സ്വീകരിക്കുകയോ മുന്‍കരുതല്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. 

കാന്‍സര്‍ പാരമ്പര്യ രോഗമാണോ?

എല്ലാ കാന്‍സറുകളും പാരമ്പര്യ സ്വഭാവം കാണിക്കുന്നില്ല. സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ തുടങ്ങിയവ പാരമ്പര്യ സ്വഭാവം കാണിക്കാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും ഇവ കാന്‍സറിന് കാരണമായ ജീനുകള്‍ ഏതുരീതിയിലാണ് അടുത്ത തലമുറയിലേക്ക് പ്രേഷണം ചെയ്യപ്പെട്ടത് എന്നതിന്റെ അടിസ്ഥാനത്തിലാണ് രോഗം വരുന്നതും വരാതിരിക്കുന്നതും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പാരമ്പര്യമായി രോഗം പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും. മൊത്തം കാന്‍സര്‍ രോഗികളില്‍ അഞ്ചുശതമാനം മുതല്‍ പത്തു ശതമാനം പേരില്‍ മാത്രമേ കാന്‍സര്‍ പാരമ്പര്യമായി പ്രത്യക്ഷപ്പെടുന്നുള്ളൂ. 

എന്താണ് കാര്‍സിനോജനുകള്‍

കോശങ്ങളിലെ ഡി.എന്‍.എയ്ക്ക് നാശം വരുത്തി കാന്‍സറിനെ ഉത്തേജിപ്പിക്കുന്ന വസ്തുക്കളാണ് കാര്‍സിനോജനുകള്‍. ഇവ മൂന്നു വിധത്തിലുണ്ട്.
1) ഫിസിക്കല്‍. ഉദാ: എക്‌സ്‌റേ, ഗാമാ റേഡിയേഷന്‍, അള്‍ട്രാവയലറ്റ് രശ്മികള്‍, സൂര്യപ്രകാശം.
2) കെമിക്കല്‍. ഉദാ: ബെന്‍സിന്‍, ഫിനോയില്‍, പുകയില, പുക, കോള്‍ടാര്‍, പുകകൊള്ളിച്ച ഭക്ഷണം, മിനറല്‍ ഓയില്‍, ഭക്ഷ്യനിറങ്ങള്‍, ആസ്ബസ്റ്റോസ്, ആര്‍സനിക്ക്, കോബാള്‍ട്ട് മുതലായവ.
3) ബയോളജിക്കല്‍. ഉദാ: വൈറസ്, ഫംഗസ്, ബാക്ടീരിയ, പാരസൈറ്റുകള്‍. 

കാന്‍സര്‍ മാറിയാല്‍ സാധാരണ ജീവിതം സാധ്യമാണോ?

തീര്‍ച്ചയായും. ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ് കാന്‍സര്‍. ചികിത്സയുടെ വിജയശതമാനം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സ ഫലിക്കാന്‍ ഏറെ സമയം ആവശ്യവുമില്ല. 
സാധാരണ രോഗങ്ങളെപ്പോലെ തന്നെ ചികിത്സ കഴിഞ്ഞെത്തിയ രോഗികള്‍ക്കും സാധാരണ ജീവിതം നയിക്കാം. ജോലി, വിവാഹം, വിനോദം എന്നിവയൊന്നും അവര്‍ക്കും നിഷിദ്ധമല്ല. കാന്‍സര്‍ ചികിത്സ കഴിഞ്ഞ് തിരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങിയ ഇന്നസെന്റിനെയും അഭിനയത്തിലേക്ക് മടങ്ങിവന്ന മംമ്തയെയും പോലെ ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ടെന്ന കാര്യം ഓര്‍ക്കാം.

Content Highlights: What is Cancer you need to know, cancer, health, World Cancer Day 2020