ജനീവ: 2018-ല്‍ ഇന്ത്യയില്‍ 11.6 ലക്ഷം പുതിയ കാന്‍സര്‍ രോഗികളുണ്ടായതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. 10 ഇന്ത്യക്കാരിലൊരാള്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടെന്നും 15 പേരിലൊരാള്‍ മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്ന ചൊവ്വാഴ്ചയാണ് ലോകാരോഗ്യസംഘടനയുടെ അനുബന്ധ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ. എ.ആര്‍.സി.) രണ്ടുറിപ്പോര്‍ട്ടുകളിലായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ലോക കാന്‍സര്‍ റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ ഇന്ത്യയില്‍ 11.6 ലക്ഷം പുതിയ കാന്‍സര്‍ രോഗികളുണ്ടായി. അതില്‍ 7,84,800 പേര്‍ മരിച്ചു.

രാജ്യത്തെ 135 കോടി ജനസംഖ്യയിലെ 22.6 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ കാന്‍സര്‍ ബാധയുണ്ടായെന്നും റിപ്പോര്‍ട്ട് തുടരുന്നു.

സ്തനം, ഗര്‍ഭാശയം, ശ്വാസകോശം, ആമാശയം, മലാശയം, വായ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് ഇന്ത്യയില്‍ ഏറ്റവുമധികമുള്ളത്. കാന്‍സര്‍ രോഗികളായ പുരുഷന്മാരില്‍ വായ, ശ്വാസകോശം, മലാശയം എന്നിവയെ ബാധിക്കുന്ന കാന്‍സറാണ് കൂടുതല്‍. സ്ത്രീകളില്‍ 60 ശതമാനം പേര്‍ക്കും സ്തനം, ഗര്‍ഭാശയം, മലാശയം എന്നിവയെയാണ് കൂടുതലായും കാന്‍സര്‍  ബാധിച്ചത്.

പുരുഷന്മാര്‍ക്കിടയില്‍ പുകയിലയുത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാന്‍സറുകളും സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സറുമാണ് കൂടുതല്‍. ലോകത്തെ 50 ശതമാനം പുകവലിക്കാരും ഇന്ത്യ, ഇന്‍ഡൊനീഷ്യ, ചൈന എന്നീ രാജ്യങ്ങളിലാണുള്ളത്.

Content Highlights: number of cancer patients in india 11.6 lakhs in 2018 according to WHO, World Cancer Day 2020