കാന്‍സര്‍ എങ്ങനെ വരുന്നു എന്ന ചോദ്യത്തിന് ശാസ്ത്രം ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. തന്മാത്ര തലത്തിലുള്ള ഉത്തരം. നമ്മളോരോരുത്തരെയും നിയന്ത്രിക്കുന്ന ജീനുകളില്‍ സംഭവിക്കുന്ന അക്ഷരത്തെറ്റുകളാണ് കാന്‍സറിന് വഴിവെക്കുന്നത്. തലയെഴുത്തിലെ അക്ഷരത്തെറ്റുകള്‍. അങ്ങനെ വരുമ്പോള്‍ ജീനുകള്‍ക്ക് അവയുടെ ധര്‍മം നിറവേറ്റാനാകാതാവുന്നു.

ഡി.എന്‍.എ.യുടെ ഒരു ചെറിയ കഷണമാണ് ജീന്‍. അതില്‍ ദശലക്ഷക്കണക്കിന് അക്ഷരങ്ങള്‍ ഉണ്ടാകും. ഡി.എന്‍.എ യിലെ ഘടകങ്ങളായ അഡിനിന്‍ (A), ഗ്വാനിന്‍ (G), തൈമിന്‍ (T), സൈറ്റോസിന്‍ (C) എന്നിവയെയാണ് അക്ഷരങ്ങളായി കണക്കാക്കുന്നത്. നിശ്ചിത ക്രമത്തില്‍ അടുക്കിവെക്കുന്ന അക്ഷരങ്ങളില്‍ ചിലപ്പോള്‍ പിഴവുകള്‍ വരുന്നു. അതു പരിഹരിക്കാനാകാതെ വരുമ്പോള്‍ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയുണ്ടാകുന്നു. നിയന്ത്രണമില്ലാതെ പെരുകുന്നു. 

ജീനുകളില്‍ ഇങ്ങനെ അക്ഷരത്തെറ്റുകള്‍ വന്നുചേരുന്നതില്‍ പല ഘടകങ്ങളും സ്വാധീനം ചെലുത്തുന്നു. സംഭവിച്ച അക്ഷരത്തെറ്റുകളില്‍ ചിലതൊക്കെ അടുത്ത തലമുറകളിലേക്കും പകര്‍ത്തപ്പെടുകയും ചെയ്യും. അതായത് മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് എത്തുന്നു എന്നര്‍ത്ഥം. ഓരോ അര്‍ബുദത്തിനും വ്യത്യസ്ത ജീനുകളുടെ സ്വാധീനം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രത്യേക ജീനിലെ പിഴവുകള്‍ പ്രത്യേക തരം കാന്‍സറിന് സാധ്യത കൂട്ടുന്നു. ഇത്തരത്തില്‍ കാന്‍സറിന് കാരണമായിത്തീരുന്ന പല ജീനുകളെയും കണ്ടുപിടിച്ചിട്ടുണ്ട്.

മനുഷ്യ ജീനോമിനെക്കുറിച്ചു നടന്ന ഐതിഹാസിക പഠനമാണ് അറിവിന്റെ വാതിലുകള്‍ തുറക്കാന്‍ വഴിയൊരുക്കിയത്. മനുഷ്യ ജീനോമിനെ ഒരു പുസ്തകമായാണ് ഇപ്പോള്‍ കാണുന്നത്. നമ്മുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം അതില്‍ എഴുതപ്പെട്ടിരിക്കുന്നു. ജീവന്റെ പുസ്തകം എന്നിതിനെ വിളിക്കാം. ഓരോരുത്തരുടെയും ജീവിതകഥ ജീനുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു!

കാന്‍സര്‍ ഒരു ദിവസം കൊണ്ട് വന്നെത്തുന്ന രോഗമല്ല. ഒരു സാധാരണ കോശം കാന്‍സര്‍ കോശമായി മാറാന്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോകണം. ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിലാവും ജീനിലെ പിഴവുകള്‍ പ്രത്യക്ഷപ്പെടുന്നത്. ലോകപ്രശസ്ത കാന്‍സര്‍ വിദഗ്ധനായ ഡോ. എം.വി. പിള്ള പറയുന്നു.- ''ജീനുകളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പിഴവുകള്‍ക്ക് കാരണം. മ്യൂട്ടേഷന്‍ സംഭവിച്ച ജീനുകളെ മട്ടുമാറിയ ജീനുകള്‍ എന്നാണ് ഞാന്‍ പറയുക. മട്ടുമാറിയ ജീനുകള്‍ സാധാരണ ജീനുകളെ പോലെയല്ല. ഇത്തരം ജീനുകള്‍ ഉള്ള കോശം ചുറ്റുമുള്ള കോശത്തേക്കാള്‍ വേഗത്തില്‍ വളരും. മേല്‍ക്കൈ നേടും. ശരീര പ്രതിരോധ സംവിധാനം ഇത്തരം കോശങ്ങളെ കണ്ടെത്തി അവയുടെ അമിത വളര്‍ച്ച തടയാറുണ്ട്. എന്നാല്‍ പ്രതിരോധ സംവിധാനങ്ങളുടെ മേല്‍നോട്ടത്തെ മറികടക്കുന്ന കാന്‍സര്‍ കോശങ്ങള്‍ വളരുന്നു. ഭീഷണിയായി മാറുന്നു.''

''മലയാളത്തിലെ പ്രശസ്തമായ ഒരു ചൊല്ലുണ്ട്- ചൊല്ലിക്കൊട്, നുള്ളിക്കൊട്, തള്ളിക്കള എന്ന്. അതുപോലെയാണ് കോശങ്ങളിലും സംഭവിക്കുന്നത്. കോശങ്ങളുടെ പ്രവര്‍ത്തനം തെറ്റുമ്പോള്‍ അവയ്ക്ക് വ്യക്തമായ സന്ദേശം നല്‍കും- വിഭജനം താളത്തിലല്ലെന്നും നേരെയാക്കണമെന്നുമുള്ള സന്ദേശം. തെറ്റുകള്‍ തിരുത്തിക്കാന്‍ ശ്രമം നടക്കും. അതും ശരിയായില്ലെങ്കില്‍ പിന്നെ കോശങ്ങളെ തള്ളിക്കളയലാണ്. അതായത് കോശങ്ങളെ നശിപ്പിക്കല്‍. അതാണ് അപോപ്‌റ്റോസിസ്(Apoptosis). പ്രോഗ്രാമ്ഡ് സെല്‍ ഡെത്ത് എന്നാണിതിന് പറയുക. പുകഞ്ഞ കൊള്ളി പുറത്ത് എന്നു പറയുന്നതു പോലെ കേടുവന്ന കോശങ്ങളെ മരിക്കാന്‍ വിട്ടുകൊടുക്കുന്നു. ഈ ഘട്ടങ്ങളെയും മറികടക്കാന്‍ മട്ടുമാറിയ ജീനുകളുള്ള കോശങ്ങള്‍ക്ക് കഴിയും. കോശങ്ങളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളും തുടര്‍ന്ന് കോശവര്‍ധനയും തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അവിടെ കാന്‍സര്‍ പ്രത്യക്ഷപ്പെടുന്നു. 

കോശങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രത്യേക ജീനുകളുണ്ട്. ഈ ജീനുകളില്‍ ചിലപ്പോള്‍ ചില പിഴവുകള്‍ സംഭവിച്ചെന്നിരിക്കാം. കൃത്യമായി പ്രവര്‍ത്തിക്കുന്ന നല്ല ജീനുകള്‍ അപ്പോള്‍ മോശക്കാരായി മാറുന്നു. അവയുടെ സ്വഭാവം മാറുന്നു. ജീനുകളുടെ സ്വഭാവത്തില്‍ വന്നുചേരുന്ന മാറ്റം കോശവിഭജനത്തിലും വളര്‍ച്ചയിലും ഉള്ള കര്‍ശന നിയന്ത്രണം ഇല്ലാതാക്കുന്നു.  

സാധാരണ കോശങ്ങളില്‍നിന്നു വ്യത്യസ്തമായി കൂട്ടം തെറ്റി മേയുന്നവയാണ് കാന്‍സര്‍ സെല്ലുകള്‍. 'ചാട്ടത്തില്‍ നിന്നു പിഴച്ചുപോയോ നിന്റെ കൂട്ടത്തില്‍ മറ്റാരുമില്ലാത്തതെന്തെടോ' എന്നു പറയുന്നതുപോലെ. കൂട്ടംതെറ്റി മേയുന്ന കാന്‍സര്‍ കോശങ്ങള്‍ ഒറ്റയാനെപ്പോലെ അപകടകാരികളാണ്. അങ്ങനെ ഒറ്റയാനായി വേര്‍തിരിഞ്ഞുവരുന്ന കോശമാണ് ആരോഗ്യമുള്ള മറ്റൊരു അവയവത്തില്‍ വിഭജിച്ച് അനിയന്ത്രിതമായി വളര്‍ന്ന് കാന്‍സറിന് വഴിവെക്കുന്നത്. വളരേണ്ട ആവശ്യം ഇല്ലെങ്കിലും അവ വളരുന്നു. സമീപത്തെ കോശങ്ങളെയും അപകടത്തിലാക്കിക്കൊണ്ട ്. ഇവ ചിലപ്പോള്‍ രക്തചംക്രമണ വ്യവസ്ഥയിലും ലസികാവ്യൂഹത്തിലും കടന്നുകയറി ശരീരത്തില്‍ പല ഭാഗത്തുമെത്തുന്നു. അങ്ങനെ ഉദ്ഭവ സ്ഥാനത്തിനു പുറത്തും കാന്‍സര്‍ വളരുന്നു. 

ശരീരത്തിലെ ഏതു കോശസമൂഹത്തിനെയും അവയവങ്ങളെയും കാന്‍സര്‍ ബാധിക്കാം. വ്യത്യസ്ത ലക്ഷണങ്ങളോടെയാവും അത് പ്രത്യക്ഷപ്പെടുന്നതും. എന്നാല്‍ ഏതു കാന്‍സറിനു പിറകിലെയും അടിസ്ഥാന തത്ത്വം ഒന്നുതന്നെ. ഡി.എന്‍.എ. അനുക്രമത്തിലുണ്ടാകുന്ന ഭംഗങ്ങളാണ് ഇതിന് വഴിയൊരുക്കുന്നത്. 

കാന്‍സര്‍ ജീനുകള്‍

കോശങ്ങളിലുണ്ടാകുന്ന പിഴവുകള്‍ അവയ്ക്ക് അനിയന്ത്രിതമായി പെരുകുവാനുള്ള സന്ദേശം നല്‍കുന്നു. നിയന്ത്രണം വിട്ട് പായുന്ന ഒരു വാഹനംപോലെയാണിത്. 

gene

കാന്‍സറിനു കാരണമായി കണ്ടെത്തിയിട്ടുള്ള ജീനുകള്‍ മൂന്നു തരത്തിലുണ്ട്. ഓങ്കോജീനുകളാണ് ഒന്നാമത്തേത്. കോശ വളര്‍ച്ചയെ സഹായിക്കുന്ന മാംസ്യങ്ങളെ ഉത്പാദിപ്പിക്കുന്നവയാണ് പ്രോട്ടോ ഓങ്കോ ജീനുകള്‍. ഏക കോശത്തില്‍ തുടങ്ങി വളര്‍ന്ന്, പൂര്‍ണതയുള്ള മനുഷ്യനായി വികസിക്കണമെങ്കില്‍ ഈ ജീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. കൃത്യമായി നിയന്ത്രിക്കപ്പെടണം. കോശങ്ങളുടെ ആയുസ്സ് കഴിഞ്ഞാല്‍ പഴയത് മാറ്റണം. പുതിയത് വരണം. അതുപോലെ എന്തെങ്കിലും ക്ഷതമേറ്റാല്‍ അതു പരിഹരിക്കപ്പെടണം. പുതിയത് വേണം. ഇവിടെയെല്ലാം ഈ ജീനുകള്‍ ആവശ്യമാണ്. വളരെ കൃത്യമായി നിയന്ത്രിക്കപ്പെടുന്ന ജീനുകളാണിത്. കോശ വളര്‍ച്ചയ്ക്കു വേണ്ട സന്ദേശങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.

വാഹനത്തിന്റെ ആക്‌സിലറേറ്ററിന് സമാനമാണിത്. ആക്‌സിലറേറ്റര്‍ ചവിട്ടിയാല്‍ വാഹനം പായുന്നതുപോലെ സന്ദേശം ലഭിച്ചാല്‍ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ പ്രോട്ടോ ഓങ്കോജീനിന്റെ മട്ടുമാറി ഓങ്കോജീനായാല്‍, ജീനിന് പിഴവ് സംഭവിച്ചാല്‍ കാര്യങ്ങള്‍ കുഴയും. വളര്‍ച്ചാ സന്ദേശങ്ങള്‍ കൈമാറാനുള്ള ജീനിന്റെ നിയന്ത്രണ സംവിധാനം തകരാറിലാവാന്‍ ഇതിടയാക്കുന്നു. ആക്‌സിലറേറ്ററില്‍ നിന്ന് കാലെടുത്താലും വാഹനം അതേ വേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന അവസ്ഥ! ആവശ്യമില്ലാതെ തന്നെ ഓങ്കോജീന്‍ മാംസ്യത്തെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ട്യൂമര്‍ സപ്രസര്‍ ജീന്‍ ആണ് മറ്റൊരു വിഭാഗം കാന്‍സര്‍ ജീനുകള്‍. ഓങ്കോജീനുകള്‍ക്ക് വിപരീതമായ നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഓങ്കോജീനുകള്‍ വാഹനത്തിന്റെ ആക്‌സിലറേറ്റര്‍ ആണെങ്കില്‍ ട്യൂമര്‍ സപ്രസര്‍ ജീന്‍ ബ്രേക്ക് ആണ്. കോശവളര്‍ച്ചയുടെ തോത് ആവശ്യാനുസരണം കുറച്ചുകൊണ്ടു വരികയാണ് ഈ ജീനുകളുടെ ധര്‍മം. ഏതു കോശം എപ്പോള്‍ പ്രവര്‍ത്തനം കുറയ്ക്കണമെന്നും പ്രവര്‍ത്തനം നിര്‍ത്തണമെന്നും തീരുമാനിക്കുന്നത് ഈ ജീന്‍ ആണ്. ജീനിന്റെ മട്ടുമാറിയാല്‍ നിയന്ത്രണ സംവിധാനം പാളും. വാഹനത്തിന് ബ്രേക്ക് ഇല്ലാത്ത സ്ഥിതി പോലെയാവും കോശങ്ങളുടെ കാര്യം. 
ട്യൂമര്‍ സപ്രസര്‍ ജീനില്‍ ഒന്നാണ് പി 53. ഡി.എന്‍.എ.യില്‍ ഏതെങ്കിലും വിധത്തില്‍ ക്ഷതമേല്‍ക്കുമ്പോഴാണ് ഈ ജീന്‍ പ്രവര്‍ത്തനനിരതമാകുന്നത്. കുഴപ്പം പരിഹരിക്കുന്നതുവരെ ഈ ജീന്‍ കോശവിഭജനത്തെ തടയുന്നു. കോശ വിഭജനം തടയപ്പെട്ടില്ലെങ്കില്‍ കോശം ആത്മഹത്യ ചെയ്യും. തകരാറ് വന്ന ഡി.എന്‍.എ. അടുത്ത കോശതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ പി 53 ജീനുകളുടെ മട്ടുമാറുമ്പോള്‍ അവയുടെ ധര്‍മം നിറവേറ്റാനാകാതെ വരുന്നു. 

അക്ഷരത്തെറ്റുകള്‍ പരിശോധിക്കുന്ന സംവിധാനം പോലെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മാംസ്യങ്ങളുണ്ട്. പല ജീനുകളാണ് അവ ഉത്പാദിപ്പിക്കുന്നത്. ഡി.എന്‍.എ.യില്‍ സംഭവിക്കുന്ന പിഴവുകള്‍ യഥാസമയത്ത് കണ്ടെത്തി പരിഹരിക്കുന്നത് ഇവയാണ്. ആ ജീനുകളാണ് കാന്‍സറുമായി ബന്ധമുള്ള മൂന്നാമത്തെ വിഭാഗം ജീനുകള്‍. കോശവിഭജന സമയത്ത് ഒരു ഡി.എന്‍.എ. രണ്ടായി വിഭജിക്കപ്പെട്ട ശേഷം കൃത്യമായി ഇഴചേരുന്നുവെന്ന് ഉറപ്പാക്കുന്നത് ഈ ജീനുകള്‍ ഉത്പാദിപ്പിക്കുന്ന മാംസ്യങ്ങളാണ്. ഇഴ ചേരലില്‍ തെറ്റുകളുണ്ടായാല്‍ അവ തിരുത്തുന്നു. ഈ ജീനില്‍ പിഴവുകള്‍ സംഭവിക്കുമ്പോള്‍ തെറ്റുതിരുത്തല്‍ നടക്കാതെ പോകുന്നു. 

ശരീരത്തില്‍ 400 ലക്ഷം കോടിയിലധികം കോശങ്ങളുണ്ട്. ഇത്രയും കോശങ്ങളില്‍ ധാരാളം പിഴവുകള്‍ സംഭവിക്കാം. എന്നാല്‍ പിഴവുകള്‍ മിക്കതും പരിഹരിക്കപ്പെടുന്നു. ഒരു കോശം കാന്‍സര്‍ കോശമായി മാറുന്നത് ഒന്നിലേറെ പിഴവുകള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോഴാണ്.

ഇത്തരം മട്ടുമാറിയ ചില ജീനുകള്‍ ഉണ്ടാക്കുന്ന കാന്‍സറുകള്‍ പാരമ്പര്യ സ്വഭാവം കാട്ടുന്നുണ്ട്. ചില കുടുംബങ്ങളില്‍ കാന്‍സര്‍ അടുത്ത തലമുറകളിലേക്കും വരുന്നത് ജീനുകളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ്. എന്നാല്‍ കാന്‍സറിനു കാരണമാകുന്ന ജീന്‍ പിഴവുകള്‍ എല്ലാം പാരമ്പര്യ സ്വഭാവം കാണിക്കണമെന്നില്ല. ഒരാളുടെ ജീവിതകാലത്ത് ചുറ്റുപാടുമുള്ള ഏതെങ്കിലും ഘടകത്തിന്റെ സാന്നിധ്യത്താലും (Epigenetic) ജീനുകളുടെ മട്ടുമാറാം. ജീനുകളില്‍ ഇത്തരം ആര്‍ജിത മാറ്റം സംഭവിക്കാറുമുണ്ട്. ഇതില്‍ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. 

മട്ടുമാറിയ ബി.ആര്‍.സി.എ. 1 (BRCA 1),  ബി.ആര്‍.സി.എ 2 (BRCA 2) എന്നീ ജീനുകള്‍ കാന്‍സറിന് വഴിവെക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. സ്തനാര്‍ബുദം, അണ്ഡാശയ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയൊക്കെ മാറ്റം സംഭവിച്ച ഈ ജീനുകള്‍ മുഖേന വന്നെത്താം. ഇത് പാരമ്പര്യമായി അടുത്ത തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടാം. കുടുംബപരമായി കാന്‍സര്‍ കാണപ്പെടുന്നതിനു പിറകില്‍ ഈ മട്ടുമാറിയ ജീന്‍ ഉണ്ട്. എന്നാല്‍ മട്ടുമാറിയ ജീനുകളെ വഹിക്കുന്നവരിലെല്ലാം കാന്‍സര്‍ പ്രത്യക്ഷപ്പെടണമെന്നില്ല. ജീനില്‍ ആര്‍ജിത മാറ്റങ്ങള്‍ കൂടി വന്നെത്തുമ്പോഴാണ് അത് കാന്‍സറായി പ്രത്യക്ഷപ്പെടുന്നത് എന്നാണ് അനുമാനിക്കപ്പെടുന്നത്. സ്തനാര്‍ബുദത്തിനു പുറമേ അണ്ഡാശയ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവയാണ് ഏറ്റവുമധികം പാരമ്പര്യ സ്വഭാവം കാട്ടുന്നത്. ഫമിലിയല്‍ അഡിനോമാറ്റോസിസ് പോളിപ്പോസിസ് (FAP), ഹെറിഡിറ്ററി നോണ്‍ പോളിപ്പോസിസ് കോളന്‍ കാന്‍സര്‍ (HNPCC) എന്നിവയാണ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വന്‍കുടലിലെ രണ്ടു കാന്‍സറുകള്‍. ഈ ജീനിനെ വഹിക്കുന്നയാളില്‍ വന്‍കുടലില്‍ കാന്‍സര്‍ വന്നെത്താനുള്ള സാധ്യത 60 ശതമാനം വരെയാണ്. ഗര്‍ഭാശയ കാന്‍സറിന് 30 ശതമാനം സാധ്യതയും. MLH 1, MSH 2, MSH 6 എന്നീ ജീനുകളില്‍ വന്നുചേരുന്ന മാറ്റങ്ങളാണ് വന്‍കുടലിലെ കാന്‍സറിന് വഴിവെക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓരോ അര്‍ബുദത്തിനും വ്യത്യസ്ത ജീനുകളുടെ സ്വാധീനം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രത്യേക ജീനിലെ പിഴവുകള്‍ പ്രത്യേക തരം കാന്‍സറിന് സാധ്യത കൂട്ടുന്നു.  
 
പിഴവുകള്‍ക്ക് പിന്നിലെ പരിസ്ഥിതി ഘടകങ്ങള്‍

ജനിതക പിഴവുകള്‍ താനേ വന്നുചേരുന്നതാവില്ല. പല ഘടകങ്ങളും അതില്‍ പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതി ഇവിടെ പ്രധാനമാണ്. കാന്‍സറിനു കാരണമാകുന്ന പരിസ്ഥിതി ഘടകങ്ങളില്‍ പ്രധാനം പുകവലിയും പുകയിലയുമാണ്. ഇതിനു പുറമേ കീടനാശിനികള്‍, ഭക്ഷണങ്ങളിലൂടെ എത്തുന്ന പലതരം രാസവസ്തുക്കള്‍, അഫ്‌ളോടോക്‌സിന്‍ പോലുള്ള ഫംഗസുകള്‍, വ്യവസായവുമായി ബന്ധപ്പെട്ട രാസവസ്തുക്കള്‍, റേഡിയേഷനുകള്‍, സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് രശ്മികള്‍, ചില ഓങ്കോജനിക് വൈറസുകള്‍ എന്നിവയെല്ലാം കാന്‍സറിനു കാരണമായിത്തീരാം. നല്ല ജീന്‍ പിഴച്ചു പോകുന്നത് ഇത്തരം പാരിസ്ഥിതിക ഘടകങ്ങളുടെ ദുഷിച്ച സ്വാധീനത്താലാകാം. കൂട്ടുകെട്ട് മോശമാകുമ്പോള്‍ ആളുകള്‍ പിഴച്ചുപോകാറില്ലെ...
 
ചാഞ്ചല്യമുള്ള ജീനുകള്‍ 

രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക അസ്ഥിരത എന്നൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത് നാടിനെ കുഴപ്പത്തിലേക്ക് നയിക്കും എന്ന് നമുക്കറിയാം. അതുപോലെ ജനിതകമായും അസ്ഥിരത ഉണ്ടാകാം. ജനറ്റിക് ഇന്‍സ്റ്റെബിലിറ്റി (Genetic instability ) എന്നാണിത് അറിയപ്പെടുന്നത്. ചാഞ്ചല്യമുള്ള ജീനുകള്‍ ഉള്ളവരില്‍ രോഗം വന്നെത്താന്‍ സാധ്യത ഏറെയാണ്. ഇങ്ങനെയുള്ളവരില്‍ പുകയില ഉപയോഗം, മദ്യപാനം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഘടകങ്ങള്‍ എത്തുമ്പോള്‍ എളുപ്പത്തില്‍ രോഗത്തിനു വശംവദരാകുന്നുവെന്ന് ഡോ. എം.വി. പിള്ള പറഞ്ഞു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു എന്നതു പോലെ. പുകവലി, മദ്യം, കീടനാശിനി എന്നിവയൊക്കെയാവും തേങ്ങയുടെ രൂപത്തില്‍ വരുന്നത്.

ചിലരില്‍ ജീനുകള്‍ക്ക് അസാധാരണ കരുത്തുണ്ടാകും. ജീവിതകാലം മുഴുവന്‍ ബീഡി വലിച്ചിട്ടും ഒന്നും സംഭവിച്ചില്ലെന്ന് ചിലരെ കാണിച്ച് പറയാറില്ലേ. അവര്‍ ഇത്തരത്തില്‍ കരുത്തുള്ള ജീന്‍ ഉള്ളവരായിരിക്കും. എന്നാല്‍ അത്തരമാളുകള്‍ നമുക്കിടയില്‍ കുറവേയുള്ളൂ. ഇവരെ അനുകരിച്ച് ഒന്നും സംഭവിക്കില്ലെന്ന് കരുതി തെറ്റായ ശീലങ്ങളില്‍ ഏര്‍പ്പെട്ടാല്‍ രോഗത്തിനു കീഴടങ്ങേണ്ടി വരും. 

ജീനിലെ പിഴവുകള്‍ കണ്ടുപിടിക്കാം

കാന്‍സര്‍ പാരമ്പര്യ സ്വഭാവം കാട്ടുന്നുണ്ടെങ്കില്‍ ജീനില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു തിരിച്ചറിയാനുള്ള പരിശോധനകള്‍ ഇപ്പോഴുണ്ട്. ഇത് അന്ത്യയിലും എത്തിക്കഴിഞ്ഞു. ഈ പരിശോധനവഴി പുതുതലമുറയ്ക്ക് രോഗ സാധ്യതയുണ്ടോ എന്നു മുന്‍കൂട്ടി തിരിച്ചറിയാനാകും. രോഗത്തിന് ഇടയാക്കുന്ന മട്ടുമാറിയ ജീനുകള്‍ വഹിക്കുന്നുണ്ടെങ്കില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി രോഗം വന്നുചേരുന്നുണ്ടോ എന്നുറപ്പിക്കാനാവും. പാരമ്പര്യ അര്‍ബുദത്തെ തിരിച്ചറിയാന്‍ കഴിയുന്നത് ഫലപ്രദമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കുന്നു എന്നത് വലിയ മുന്നേറ്റമാണ് . രോഗ സാധ്യത മുന്‍കൂട്ടി തിരിച്ചറിയുന്നത് അതിനെ നേരിടാന്‍ അവസരമൊരുക്കുന്നു. ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് സുപ്രസിദ്ധ ഹോളിവുഡ് താരം ആന്‍ജലീന ജൂലി രണ്ടു സ്തനങ്ങളും നീക്കിയത്. ജനിതക പഠനത്തില്‍ അവരില്‍ സ്തനാര്‍ബുദത്തിന് 87 ശതമാനം സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.  
  
തന്മാത്ര ജനിതക ശാസ്ത്രത്തിലെ ഗവേഷണങ്ങള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ജീന്‍ പിഴവുകളെ കണ്ടെത്തുന്നതിന് ഡി.എന്‍.എ. അനുക്രമം തിരയുന്നതിനുള്ള സാങ്കേതിക വിദ്യ ഏറെ മുന്നേറി. അത് കൂടുതല്‍ മികവുറ്റതും ചെലവു കുറഞ്ഞതുമായിത്തീരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇത്തരം ശാസ്ത്രീയമായ കണ്ടെത്തലുകളെ എങ്ങനെ മരുന്നായി രൂപപ്പെടുത്തിയെടുക്കാം എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 

കാന്‍സറുകള്‍ എല്ലാം വ്യത്യസ്തങ്ങളാണ് എന്നും വിവിധയാളുകളില്‍ കാണുന്ന ഒരേ കാന്‍സറുകളും തന്‍മാത്രാ തലത്തിലെത്തുമ്പോള്‍ വ്യത്യസ്തങ്ങളാണ് എന്നും തിരിച്ചറിയുകയാണിപ്പോള്‍. സൂക്ഷ്മ ദര്‍ശിനിയിലൂടെ നോക്കിയാല്‍ വിവിധയാളുകളിലെ കാന്‍സര്‍ കോശങ്ങളെല്ലാം ഒരുപോലിരിക്കും. എന്നാല്‍ ഡി.എന്‍.എ. തലത്തില്‍ അവയെല്ലാം വ്യത്യസ്തങ്ങളാണ്. അതിനാല്‍ ഓരോരുത്തരും ചികിത്സയോട് പ്രതികരിക്കുന്നതും വ്യത്യസ്ത നിലയിലായിരിക്കും. അതിനാലാണ് ചിലപ്പോള്‍ ഒരാളില്‍ രോഗം മാറാന്‍ സഹായിച്ച മരുന്ന് മറ്റൊരാളില്‍ ഫലിക്കാതെ പോകുന്നത്. കാന്‍സറിന്റെ ജനിതകവിവരങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നതോടെ ഓരോരുത്തരുടെയും ജനിതകരഹസ്യങ്ങള്‍ക്കനുസരിച്ചുള്ള മരുന്നുകള്‍ വിപണിയില്‍ ലഭ്യമാകും. അതോടെ കാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യും. 

കാന്‍സറിനെക്കുറിച്ച് ലഭ്യമായ അറിവുകള്‍ ഉപയോഗപ്പെടുത്തി രോഗത്തെ തന്‍മാത്രാ തലത്തില്‍ പുനര്‍വര്‍ഗീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഓരോ കാന്‍സറും തന്‍മാത്രാ തലത്തില്‍ വിശകലനം ചെയ്യപ്പെടുമ്പോള്‍ മാറ്റം സംഭവിച്ച ജീനുകളുടെ നാമാവലി പ്രസിദ്ധീകരിക്കപ്പെടും. ഇതില്‍ ഓരോ ജീനും ഏത് പ്രോട്ടീന്‍ ഉത്പാദനത്തിന് സഹായിക്കുന്നവയാണെന്നും തിരിച്ചറിയാനാവും. അതുവഴി കൃത്യമായ രോഗനിര്‍ണയവും സാധ്യമാകും. ഫലത്തില്‍ പൊതുചികിത്സ എന്നതിനപ്പുറം വ്യക്തിഗത ചികിത്സ രൂപപ്പെടും. അതുവഴി ഭാവിയില്‍ കാന്‍സറിന് ഡിസൈനര്‍ ഡ്രഗ്‌സ് എന്ന സിദ്ധാന്തം പ്രയോഗത്തില്‍ വരുമെന്നുതന്നെ വിശ്വസിക്കാം. 

Content Highlights: gene mutation causes cancer, World Cancer Day 2020, health