ല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. ഈ വര്‍ഷത്തെ ആപ്തവാക്യം " I am and I Will'' എന്നതാണ്. ഒരു വ്യക്തി എന്ന നിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകും എന്ന് സമൂഹത്തെ മനസ്സിലാക്കുന്നതിനായാണ് ഈ വാക്കുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ''I Can, We Can'' എന്നതിലൂടെ സമൂഹത്തിന് ഒറ്റക്കെട്ടായി കാന്‍സറിനെതിരെ എന്തു ചെയ്യാനാകും എന്ന് ചര്‍ച്ച ചെയ്തിരുന്നു. ഈ വര്‍ഷം ശ്രദ്ധ തിരിയുന്നത് വ്യക്തിയിലേക്കാണ്- ''I am and I Will''- അഥവാ കാന്‍സറിന് എതിരേ ഞാന്‍!

'ഞാന്‍' കാന്‍സറിനെക്കുറിച്ച് ആദ്യമായി അറിയുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സിനിമ കാണുമ്പോള്‍ തിയറ്ററിലെ ഇരുട്ടില്‍ ആരെയും ഭയപ്പെടുത്തുന്ന വായിലെ വ്രണമായി!. കാന്‍സര്‍ എന്നാല്‍ വെറുക്കേണ്ട, മാറ്റിനിര്‍ത്തേണ്ട ഒന്നാണ് എന്ന തെറ്റായ ചിന്ത അന്നേ എനിക്കുണ്ടായി. പിന്നെ 'ഞാന്‍' ശ്രദ്ധിച്ചു. അച്ഛന്‍ വലിക്കുന്ന സിഗരറ്റിന്റെ ചട്ടയില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു- 'പുകവലി അര്‍ബുദത്തിന് കാരണമാകും'. അതോടെ സിഗരറ്റുവലി നിര്‍ത്തിക്കൂടെ എന്ന് അച്ഛനോട് 'ഞാന്‍' ചോദിച്ചു. ആദ്യം ചിരിച്ചുതള്ളിയെങ്കിലും ഞാനും അമ്മയും നിരന്തരം ശല്യം ചെയ്തുതുടങ്ങിയപ്പോള്‍ അച്ഛന്റെ സിഗരറ്റു പെട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞു തുടങ്ങി.

അതിനിടയ്ക്ക് സ്‌കൂളില്‍ വന്ന ഡോക്ടര്‍ പാസ്സീവ് സ്‌മോക്കിങ് അഥവാ പുകവലി കുടുംബത്തിലെ എല്ലാവരെയും ബാധിക്കും എന്ന് പറഞ്ഞു തന്നപ്പോള്‍ 'ഞാന്‍' അച്ഛനോട് ''പുറത്തിറങ്ങി സിഗരറ്റ് വലിച്ചാല്‍ മതി''എന്ന് ആവശ്യപ്പെട്ടു. ''നീ എന്താ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കുവാണോ'' എന്ന് ദേഷ്യപ്പെട്ടെങ്കിലും പിന്നീട് പുകവലി കുറച്ചപ്പോള്‍ 'ഞാന്‍' സന്തോഷിച്ചു. പിറന്നാളിനും ആഘോഷങ്ങള്‍ക്കും സമ്മാനം തരുന്ന പുകവലിക്കാരായ ചേട്ടന്‍മാരോടും ''ആ ദുശ്ശീലം ഉപേക്ഷിച്ചു കൂടെ'' എന്ന്  'ഞാന്‍' ചോദിച്ചുകൊണ്ടിരുന്നു.

'ഞാന്‍' പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂട്ടുകാര്‍ ബീഡിവലി തുടങ്ങിയത്. അങ്ങനെയുള്ള സ്‌നേഹിതര്‍ എനിക്കു വേണ്ട എന്നത് ഉറച്ച തീരുമാനമായിരുന്നു. അവരറിയാതെ പല രക്ഷിതാക്കളെയും അധ്യാപകരെയും ഈ രഹസ്യം അറിയിച്ച് ചിലരെയെങ്കിലും ഈ ആപത്തില്‍ നിന്ന രക്ഷിക്കുവാന്‍ എനിക്ക് കഴിഞ്ഞു. മൂന്നിലൊന്ന് കാന്‍സറുകളുടെയും മൂലകാരണമായ പുകയില ഉപയോഗം തുടങ്ങുന്നത് പതിനഞ്ചാം വയസ്സില്‍ ആണെങ്കിലും പ്രശ്‌നങ്ങള്‍ വരുന്നത് അറുപതുകളിലാണ് എന്ന് 'ഞാന്‍' അറിഞ്ഞിരുന്നു. പുകയില പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ ചെറിയ ഒരു ശതമാനത്തിന് മാത്രമേ അവ ഉപേക്ഷിക്കാനാവു എന്ന തിരിച്ചറിവും 'ഞാന്‍' അവരോട് പങ്കുവെച്ചു. 

'ഞാന്‍' ഒരു ജോലികിട്ടി പട്ടണത്തില്‍ താമസിച്ചു തുടങ്ങിയപ്പോഴാണ് കാന്‍സറിന്റെ മറ്റ് രണ്ടു സുഹൃത്തുകളുമായി പരിചയപ്പെട്ടത്. മദ്യപാനവും വ്യായാമമില്ലായ്മയും. കൊഴുപ്പു കൂടിയ അനാരോഗ്യകരമായ ഭക്ഷണരീതിയും ആയിരുന്നു അത്. മദ്യം എന്നാല്‍ ഭക്ഷണത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണോ എന്ന് 'ഞാന്‍' സംശയിച്ചു. കരള്‍, അന്നനാളം, കുടല്‍, മൂത്രസഞ്ചി എന്നിങ്ങനെ തൊട്ടതെല്ലാം തന്റേതാക്കുന്ന കാന്‍സറിന്റെ കരുത്ത് കണ്ട് 'ഞാന്‍' ഞെട്ടി. സുഹൃത്തുക്കളെ വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചും ചിട്ടയായി കൃത്യസമയത്ത് വൃത്തിയുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചും 'ഞാന്‍' കാന്‍സറിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. 

മുപ്പതാം വയസ്സിലാണ് 'ഞാന്‍' കാന്‍സറിനെ ആദ്യം നേരില്‍ കാണുന്നത്. സുഹൃത്തിന്റെ അമ്മയ്ക്ക് മാറിടത്തില്‍ രണ്ടു സെന്റിമീറ്റര്‍ വലുപ്പത്തില്‍ ഒരു മുഴയുടെ രൂപത്തിലായിരുന്നു അത്. വെറുപ്പുണ്ടാക്കുന്ന ഒരു ഭീകരവസ്തു എന്ന് മനസ്സില്‍ പതിഞ്ഞിരുന്നതിനാലാകണം അസുഖത്തെപ്പറ്റി അറിഞ്ഞപ്പോള്‍ തന്നെ ആ കുടുംബം നടുങ്ങിയത്. എന്നാല്‍ ശരിയായ ചികിത്സയിലൂടെ പൂര്‍ണ്ണമായും മാറാവുന്ന ഒന്നുമാത്രമാണ് ആ മുഴ എന്നു തിരിച്ചറിഞ്ഞതോടെ അവര്‍ ധൈര്യമായി മുന്നോട്ടുപോകുന്നത് 'ഞാന്‍' കണ്ടു. ഡോക്ടറോട് ചികിത്സാരീതികളെപ്പറ്റി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചികിത്സയ്ക്കുമായി 'ഞാന്‍' അവരുടെ കൂടെ നിന്നു.

മുറിവൈദ്യവും പരമ്പരാഗത, നാടന്‍ ചികിത്സയുമെല്ലാം താത്കാലിക ശമനം തരാമെങ്കിലും രോഗമുക്തി ലഭിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായേക്കാവുന്ന ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ അനിവാര്യമാണെന്ന് 'ഞാന്‍' മനസ്സിലാക്കി. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുവാനോ അനാവശ്യമായി സഹതപിച്ച് രോഗിയുടെ മനോധൈര്യം നശിപ്പിക്കുവാനോ 'ഞാന്‍' മുതിര്‍ന്നില്ല. 

കാന്‍സറിനെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോള്‍ പോലും ഉണ്ടാകുന്ന ഭീതിയാണ് ഞണ്ടിന്റെ രൂപത്തില്‍ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നത് എന്ന് 'ഞാന്‍' മനസ്സിലാക്കു. അപ്പോഴാണ് 'ഞാന്‍' സോഷ്യല്‍ മീഡിയകളില്‍ എഴുതുവാന്‍ തുടങ്ങിയത്. സ്‌കൂളിലും കോളേജുകളിലും മറ്റ് കൂട്ടായ്മകളിലും 'ഞാന്‍' കാന്‍സറിനെ കുറിച്ച് സംസാരിക്കുവാന്‍ ആരംഭിച്ചു.

ഭീതി മാറിയാല്‍ മാത്രമേ ആള്‍ക്കാര്‍ ചെറിയ സംശയം തോന്നുമ്പോള്‍ തന്നെ ചികിത്സ തേടുകയുള്ളൂ എന്ന് 'ഞാന്‍' മനസ്സിലാക്കി. ശരീരത്തില്‍ ഉണ്ടാകുന്ന മുഴകള്‍, ഉണങ്ങാത്ത വ്രണങ്ങള്‍, രക്തസ്രാവം, ഭക്ഷണം കഴിക്കാനോ വയറ്റില്‍ നിന്ന് പോകുവാനോ ഉള്ള ബുദ്ധിമുട്ട്, പനി, തൂക്കം കുറയുക എന്നിങ്ങനെ പലവിധ ലക്ഷ്യങ്ങളുമായി കാന്‍സര്‍ പ്രത്യക്ഷപ്പെടാം എന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. പ്രായമായവരിലാണ് കാന്‍സര്‍ കൂടുതലായും കണ്ടുവരുന്നതെങ്കിലും ഏതു പ്രായക്കാരെയും ഈ അസുഖം ബാധിക്കാം. അതിനാല്‍ സ്വന്തം ശരീരത്തില്‍ സംശയാസ്പദമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതുണ്ട്. 

'ഞാന്‍' മനസ്സിലാക്കിയ മറ്റൊന്ന് ആരംഭദിശയില്‍ കാന്‍സര്‍ കണ്ടെത്താനുള്ള ഉപാധികളെക്കുറിച്ചാണ്. സ്ത്രീകള്‍ക്ക് പാപ്‌സ്മിയര്‍, മാമോഗ്രാഫി എന്നിവയും ലിംംഗഭേദമന്യേ കൊളോണോസ്‌കോപ്പി എന്നീ ടെസ്റ്റുകളും കൃത്യമായ കാലയളവില്‍ ചെയ്താല്‍ ആദ്യ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്തി ചികിത്സിക്കാവുന്നതാണ്. എച്ച്.പി.വി., ഹെപ്പറ്റൈറ്റിസ് ബി എന്നീ വാക്‌സിനേഷനുകള്‍ എടുക്കുന്നതും ചില കാന്‍സറുകളെ പ്രതിരോധിക്കുവാന്‍ സഹായിക്കും.

കുടുംബത്തില്‍ അടുത്ത ബന്ധുക്കളായവര്‍ക്ക് ചിലതരം കാന്‍സറുകള്‍ കൂടുതലായി കാണുകയാണെങ്കില്‍ ഒരളവു വരെ ജനിതകമാറ്റങ്ങളാകാം അതിന് കാരണം. ബി.ആര്‍.സി.എ. മ്യൂട്ടേഷന്‍ പോലെയുള്ളവ ലളിതമായ രക്തപരിശോധനയിലൂടെ കണ്ടെത്തുകയാണെങ്കില്‍ ഇത്തരത്തിലുള്ള പാരമ്പര്യമായി വന്നേക്കാവുന്ന കാന്‍സറുകളെയും തടയുവാനുള്ള ചികിത്സകള്‍ ചെയ്യാന്‍ സാധിക്കും. 

സമൂഹത്തില്‍ കാന്‍സര്‍ വര്‍ധിക്കുന്നു എന്ന് 'ഞാന്‍' മനസ്സിലാക്കുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത് മുതല്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ വരെ അതിന് കാരണമാണ്. എന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനേക്കാള്‍ 'ഞാന്‍' താത്പര്യപ്പെടുന്ന ചോദ്യം എനിക്ക് എന്തു ചെയ്യുവാന്‍ കഴിയും എന്നാണ്. ചിട്ടയായ ജീവിതരീതികളുമായി മുന്നോട്ടുപോയി കാന്‍സര്‍ ബാധിച്ചവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി 'ഞാന്‍' മുന്നോട്ടു പോകും. അതിനാല്‍ തന്നെ ഈ ലോക കാന്‍സര്‍ ദിനത്തിലും ഞാന്‍ പറയും- ''കാന്‍സറിന് എതിരേ ഞാന്‍''

(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ആണ് ലേഖകൻ)

Content Highlights:  february 4 world cancer day, World Cancer Day 2020, health