അകാരണമായി ശരീരഭാരം കുറയുന്നത്

അമിതമായ വ്യായാമമോ ഭക്ഷണം കുറയ്ക്കലോ ഇല്ലാതെ മാസത്തില്‍ നാലരക്കിലോയില്‍ അധികം ഭാരം കുറഞ്ഞാല്‍ ശ്രദ്ധിക്കണം. പരിശോധനകള്‍ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പാക്കണം. തൈറോയിഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം മൂലവും ഇങ്ങനെ സംഭവിക്കാം.

മുഴകളും തടിപ്പുകളും 

ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളില്‍ സ്തനങ്ങളില്‍ ഉണ്ടാവുന്നവ. സ്തനങ്ങളിലെ മുഴ, തൊലിപ്പുറമേയുള്ള തടിപ്പ്, ചുവന്ന പാട്, മുലക്കണ്ണില്‍ നിന്ന് സ്രവം, രക്തക്കറ, ചൊറിച്ചില്‍ എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. 

തുടര്‍ച്ചയായോ അല്ലെങ്കില്‍ മാസമുറയ്ക്കിടയിലോ ഉള്ള രക്തസ്രാവം

പ്രായമായ സ്ത്രീകളില്‍ ഇടതടവില്ലാതെ രക്തസ്രാവം (Premenopausal) ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും മാസമുറ നിലച്ച സ്ത്രീകളില്‍ (Postmenopausal) ശാരീരിക വേഴ്ചയ്ക്കു ശേഷമുള്ള രക്തസ്രാവവും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗര്‍ഭപാത്രത്തിലെ പോളിപ്പോ എന്‍ഡോമെട്രിയല്‍ കാന്‍സറോ ആകാം.

ഭക്ഷണം വിഴുങ്ങുന്നതിനുണ്ടാകുന്ന തടസ്സം  

ഭക്ഷണം ഇറക്കുന്നതിലെ ബുദ്ധിമുട്ട് ചില സചനകളാണ്. ഈ പ്രശ്‌നമുള്ളവര്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകും. 

ചര്‍മത്തിലെ മാറ്റങ്ങള്‍

മറുക്, കാക്കപ്പുള്ളി, അരിമ്പാറ എന്നിവയിലുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, വലുപ്പ വ്യത്യാസങ്ങള്‍, ചൊറിച്ചില്‍, രക്തസ്രാവം എന്നിവ ശ്രദ്ധിക്കണം.

വിസര്‍ജ്യങ്ങളില്‍ രക്തക്കറ

മൂത്രത്തിലോ, മലത്തിലോ കാണുന്ന രക്തക്കറ, പഴുപ്പ്, പലതവണ വിസര്‍ജിക്കുവാനുള്ള ത്വര, വിസര്‍ജനത്തിനുള്ള തടസ്സം എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അതേപോലെ രക്തം ചുമച്ചു തുപ്പുകയോ രക്തം ഛര്‍ദിക്കുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. 

ചെറിയ തോതില്‍ രക്തസ്രാവം

സ്ത്രീകളില്‍ ഇത് വളരെ സാധാരണമാണ്. പല കാരണങ്ങള്‍ കൊണ്ടും ഈ ലക്ഷണം ഉണ്ടാകാം. ഇവര്‍ക്ക് വയറുവേദനയും അടിവയറ്റില്‍ വേദനയും ഉണ്ടാകാം. അധിക ഭക്ഷണം കഴിക്കാത്തപ്പോഴും വയര്‍ നിറഞ്ഞ പോലെ തോന്നാം.

ദഹനക്കുറവ് 

കാരണമില്ലാതെ തുടരെത്തുടരെയുണ്ടാകുന്ന ദഹനക്കുറവ് മുന്നറിയിപ്പാകാം.

വായിലെ മാറ്റങ്ങള്‍

പുകവലിക്കുന്നവരിലും, പാന്‍, ഗുഡ്ക തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലും വായില്‍ കാണുന്ന ഉണങ്ങാത്ത വ്രണങ്ങളും വെളുത്ത പാടുകളും പൊട്ടുകളുംസംശയത്തോടെ കാണണം. ചുണ്ട്, നാക്ക്, കവിള്‍, അണ്ണാക്ക് എന്നീ സ്ഥാനങ്ങളില്‍ ഇവ വരാം. 

വേദന

വേദന പല കാന്‍സറിന്റെയും സൂചനയാവാം. ശരീരഭാഗങ്ങളില്‍ മാറിപ്പോകാതെ നിലനില്‍ക്കുന്ന (Persist) വേദനയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. മറ്റ് കാരണങ്ങള്‍ കൊണ്ടും വേദന ഉണ്ടാകാം.

കഴലകള്‍

വേദനയുള്ള കഴലകള്‍ വലുതാകുന്നത് പലപ്പോഴും സമീപഭാഗങ്ങളിലെ അണുബാധ (Infection) മൂലമാകാം. പക്ഷേ, ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന, വലുപ്പം വെക്കുന്ന കഴലകള്‍ ശ്രദ്ധിക്കേണ്ടവയാണ്. ഇവ പരിശോധനയ്ക്ക് വിധേയമാക്കണം.

പനി 

സാധാരണ പനി അണുബാധ മൂലമാകാം. എന്നാല്‍ തുടര്‍ച്ചയായി വന്നും പോയുമിരിക്കുന്ന പനി ശ്രദ്ധിക്കണം. ഇതോടൊപ്പം മഞ്ഞപ്പിത്തം, മലത്തിലുള്ള നിറവ്യത്യാസം എന്നിവ അവഗണിക്കരുത്.

ക്ഷീണം 

അകാരണവും വിട്ടുമാറാത്തതുമായ ക്ഷീണമുണ്ടെങ്കില്‍ പരിശോധിക്കേണ്ടതാണ്. 

വിട്ടുമാറാത്ത ചുമ, ശബ്ദമടപ്പ്

ചികിത്സിച്ചിട്ടും വിട്ടുമാറാത്ത ചുമ, ശബ്ദമടപ്പ് (പ്രത്യേകിച്ചും പുകവലിക്കുന്നവരില്‍) എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ചുമ സാധാരണമായി നീര്‍വീഴ്ച, അലര്‍ജി എന്നിവയില്‍ കാണാമെങ്കിലും രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അവഗണിക്കരുത്. 

Content Highlights: cancer symptoms you need to know, cancer, health, World Cancer Day 2020