നിറചിരിയുമായി ഒരു പെണ്‍മുഖം. അനില തോമസ്. എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ തന്തൂരി ചായ വില്‍ക്കുന്നിടത്താണ് ഞാന്‍ അനിലയെ പരിചയപ്പെടുന്നത്. ഒരു വര്‍ഷം മുമ്പ്. ആ ചിരിയില്‍ ചായകുടിക്കാനെത്തുന്നവരോടുള്ള കുശലം മാത്രമല്ല,  ചായയോളം കടുപ്പമുള്ള ഒരു ജീവിതമുണ്ടായിരുന്നു. അനില തന്നെ സ്വന്തം കഥ പറഞ്ഞു.

വിളിക്കാതെ എത്തിയ അതിഥി

പാലക്കാട് കല്ലടിക്കോടാണ് സ്വദേശം. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും അടങ്ങുന്ന സാധാരണ കുടുംബം. അച്ഛന് ജലവിഭവവകുപ്പിലായിരുന്നു ജോലി. ചേച്ചി വിവാഹമൊക്കെ കഴിഞ്ഞ് ബീഹാറില്‍. ചേട്ടനും ജോലി ചെയ്യുന്നു. എനിക്കും പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടി.കോയമ്പത്തൂര്‍ ടി.സി.എസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. സ്വസ്ഥം സമാധാനം എന്ന് കരുതിയിരുന്ന ജീവിതത്തിലേയ്ക്കാണ് കാന്‍സര്‍ വിളിക്കാത്ത വിരുന്നുകാരനായി എത്തുന്നത്.

പനിയായിരുന്നു തുടക്കം. എപ്പോഴും പനി. പിന്നെ അത് ടൈഫോയിഡായി ഇടയ്ക്കിടെ ശല്യം ചെയ്തു തുടങ്ങി. കുറെ മരുന്നുകള്‍ കഴിച്ചു. ഒരു സുഹൃത്ത് പറഞ്ഞിട്ട് ആശുപത്രിയൊന്ന് മാറി. പരിശോധനാഫലം വന്നപ്പോള്‍ രക്താര്‍ബുദം. ആദ്യമൊന്നും വീട്ടുകാരെ പോലും അറിയിച്ചില്ല.  ഒരു ബന്ധു വഴിയാണ് അവര്‍ അറിയുന്നത് തന്നെ. അതോടെ ജോലി രാജിവെച്ച് വീട്ടിലേയ്ക്ക്. പിന്നെ ചികിത്സാ കാലമായിരുന്നു. നാട്ടിലുള്ള എല്ലാ ചികിത്സകളും പരീക്ഷിച്ചു. ആയുര്‍വേദം, ഹോമിയോ, ആദിവാസി ചികിത്സ. അട്ടപ്പാടിക്ക് താമസവും മാറി ഇതിനിടയില്‍. അവിടുത്തെ കാലാവസ്ഥ എന്റെ ആരോഗ്യത്തിന് നല്ലതായിരുന്നു. പക്ഷേ രോഗം കുറയന്നില്ലെന്ന് മാത്രം. ഒടുവില്‍ അലോപ്പതിയില്‍ എത്തി. ബാംഗളൂരിലെ ഒരു ആശുപത്രിയില്‍. ഒരിക്കലും കാന്‍സര്‍ വന്നാല്‍ മറ്റ് ചികിത്സകളെ തേടി പോകരുതെന്ന് ഈ അനുഭവം പഠിപ്പിച്ചു.  മുപ്പത് ലക്ഷം രൂപയാണ് അന്ന് ചെലവായത്. അതോടെ കടബാധ്യതകള്‍ എത്തി നോക്കിത്തുടങ്ങിയിരുന്നു.

എങ്കിലും ഒരു രോഗിയുടെ ഭാവമേ എന്റെ മുഖത്തുണ്ടായിരുന്നില്ല. ഒരു ഫാനിട്ടാല്‍ പോലും വേദനിക്കുന്ന ശരീരവുമായി പൊരുതാനായി തീരുമാനം.

3000 രൂപയ്‌ക്കൊരു സംരംഭം

മൂന്ന് വര്‍ഷം കഴിഞ്ഞു. എത്ര കാലമാണ് വീട്ടില്‍ വെറുതെ ഇരിക്കുക. ഒരു ചെറുകിട ബിസിനസ് തുടങ്ങാനായി പിന്നെ ശ്രമം. 2015 ല്‍.  കോട്ടണ്‍ വേസ്റ്റ് പ്രൊഡക്ഷന്‍. നാട്ടില്‍ ജോലി ഇല്ലാതെയിരുന്ന കുറച്ച് സ്ത്രീകളെയും ഒപ്പം കൂട്ടി. ആവശ്യമായ കോട്ടണ്‍ ഓരോ വീട്ടിലും എത്തിച്ച് നല്‍കും. അവിടെ നിന്നും ഇവ ശേഖരിച്ച് വിപണിയില്‍ വില്‍ക്കും. പ്രത്യേക കെട്ടിടമോ വാടകയോ ഒന്നും ആവശ്യമായി വന്നുമില്ല. തിരുപ്പൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ ചെറിയ വിലയ്ക്ക് കോട്ടണ്‍ വാങ്ങാനും കിട്ടി. 3000 രൂപ മാത്രമായിരുന്നു മുടക്കുമുതല്‍.  സ്ഥാപനം പതിയെ വളര്‍ന്നു.  ഇതിനൊപ്പം ഒരു പേപ്പര്‍ പ്ലേറ്റ് കമ്പനിയും തുടങ്ങി. കൂടെ  ടെക്സ്‌റ്റൈല്‍ ഷോപ്പും. 2016 ല്‍ ആണ് ഇതെല്ലാം. സാധനങ്ങളെടുക്കാനും വില്‍ക്കാനും യാത്രാ ചെയ്യാന്‍ സൗകര്യത്തിന് ഒരു കാറും ബൈക്കും വാങ്ങി. ഇക്കാലത്താണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.  100 ഓളം കുടുംബങ്ങള്‍ക്ക് മാസം അരിയും പച്ചക്കറിയും വസ്ത്രവും ഒക്കെ എത്തിച്ച് നല്‍കുന്ന ഒരു പരിപാടി. കുറച്ച് സന്നദ്ധസംഘടനകളും പിന്തുണയുമായി എത്തി. കാര്യങ്ങള്‍ ഉഷാറായി.

വീണ്ടും വേദനയുടെ കാലം

ജീവിതം തിരിച്ചുകിട്ടിയെന്ന് കരുതി തുടങ്ങിയപ്പോള്‍ വീണ്ടും വേദന തേടിയെത്തി.  ഗ്യാസ്ട്രബിള്‍ ആണെന്നായിരുന്നു ആദ്യം കരുതിയത്. തുണിയെടുക്കാനും വില്‍ക്കാനും എല്ലാം ധാരാളം യാത്ര ചെയ്യുന്ന കാലമാണ്. സമയത്തിന് ഭക്ഷണം കഴിക്കാനൊന്നും പറ്റിയിരുന്നില്ല. അവസാനം വേദന തീരെ സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ആശുപത്രിയിലേയ്ക്ക് ഓടി. കരളിലായിരുന്നു ഇത്തവണ. കരള്‍  മുറിച്ചുമാറ്റാതെ വഴിയില്ലെന്ന് ഡോക്ടര്‍. വീട്ടിലൊന്നും അറിയിക്കേണ്ട എന്ന് ആദ്യം വിചാരിച്ചു. അപ്പോഴാണ് സഹോദരന് ബൈക്ക് ആക്സിഡന്റ്. താടിയെല്ലില്‍ പൊട്ടലുമായി പുള്ളി ഒരു മൂലയ്ക്ക് ഇരിപ്പായി. വീട്ടില്‍ ദുരന്തങ്ങളുടെ കാലമായിരുന്നു അത്.  അച്ഛന് അപകടം പറ്റുന്നതും ഇതേ സമയത്ത് തന്നെ.  ഞങ്ങളെല്ലാം പുറത്ത് പോയ സമയം. വീട്ടില്‍ അച്ഛന്‍ തനിച്ചായിരുന്നു. മോഷണശ്രമമെന്ന് പോലീസ് പറഞ്ഞെങ്കിലും അന്വേഷണമൊന്നും എവിടെയും എത്തിയില്ല. തലയ്ക്കാണ് പരിക്ക് പറ്റിയത്.  മൂന്ന് മാസം അദ്ദേഹം ആശുപത്രിയില്‍.  തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഓര്‍മ നഷ്ടപ്പെട്ടിരുന്നു. ചിലപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെയാവും. ചിലപ്പോള്‍ മക്കളുടെ ചെറുപ്പകാലമാകും ഓര്‍മ്മയുണ്ടാവുക. അതു വരെ എല്ലാ ധൈര്യവും തന്ന് എന്റെ കൂടെ നിന്നയാളാണ്.  എല്ലാവരും വീണ്ടും ദുരിതക്കയത്തിലായി.  

ഇതിനിടയില്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ അടുത്ത ശസ്ത്രക്രിയ. കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 55 ശതമാനം കരളും മുറിച്ചു നീക്കി. 64 തുന്നലുമായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ നാട്ടില്‍ ഒരു ദുരന്തം കൂടി  കാത്തിരിക്കുന്നുണ്ടായിരുന്നു. 16 ലക്ഷം രൂപയുടെ കടം. വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ ബാക്കിവച്ചതാണ്. ബിസിനസും തകര്‍ന്നു. ഇക്കാലത്ത് ഫെയ്സ്ബുക്കിലൂടെ മാത്രം പരിചയമുള്ള ഒരു സുഹൃത്ത് തേടി വന്നു. പക്ഷേ അവരും ചതിക്കുകയായിരുന്നു. എന്റെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് പലരുടെയും കൈയില്‍ നിന്ന് അവര്‍ പണം വാങ്ങി.

തന്തൂരി ചായ വന്ന വഴി

സര്‍ജറി കഴിഞ്ഞ് മൂന്ന് മാസമായിട്ടും വയറിലെ അസ്വസ്ഥതകള്‍ മാറിയിരുന്നില്ല. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കും. പലപ്പോഴും ചോരയാണ്. അതോടെ വീണ്ടും ആശുപത്രിയിലേയ്ക്ക്. എറണാകുളത്തേയ്ക്ക് മാറാന്‍ പറഞ്ഞത് എന്നെ മുന്‍പ് ചികിത്സിച്ച ഡോക്ടറാണ്. അമൃതയിലേയ്ക്ക്. അവിടെ ടെസ്റ്റും മരുന്നും ഒക്കെയായി നല്ലൊരു തുക തന്നെ വേണ്ടിവന്നു. കാശിന് അത്യാവശ്യം വന്നപ്പോള്‍ ഒരു സുഹൃത്തിനോട് കടം ചോദിച്ചു. ആ പണവും കൊണ്ട് എന്നെ തേടി വന്നയാളാണ് നൂറുള്‍ ഇമാന്‍. സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും ദാരിദ്രത്തില്‍ വീണുപോയ ആളാണ് നൂറുല്‍. സ്വന്തമായൊരു സംരംഭം തുടങ്ങുന്നതിനെ പറ്റിയുള്ള ഐഡിയ പറഞ്ഞതു നൂറുലാണ്. കഷ്ടപ്പാടില്‍ നിന്നോക്കെ കരകയറാന്‍ അയാളും വഴി തിരയുകയായിരുന്നു. എന്ത് തുടങ്ങിയാലും വ്യത്യസ്തമാകണം എന്നതായിരുന്നു ഞങ്ങളുടെ രണ്ടാളുടെയും ആഗ്രഹം.

ഒരിക്കല്‍ കണ്ട ഒരു വീഡിയോയില്‍ നിന്നാണ് തന്തൂരി ചായ എന്ന ഐഡിയ കിട്ടിയത്. ചായ ഉണ്ടാക്കുന്നതെങ്ങനെയെന്നോ കൂട്ട് എങ്ങനെയെന്നോ അറിയില്ല.  തമിഴ്നാട്ടിലൊക്കെ ഇത്തരം കടകളുണ്ടെന്ന് കേട്ടിട്ടേയുള്ളൂ. ഒടുവില്‍ പഠനവും യൂടൂബില്‍ നിന്നായി. അധികം മുതല്‍ മുടക്കൊന്നും ഇല്ലാതെ ചെറിയൊരു തട്ടുകട. കൈകൊണ്ട് എഴുതിയ ബോര്‍ഡ്. കടതുടങ്ങിയ ആദ്യ ദിവസങ്ങളില്‍ ബാലന്‍സ് നല്‍കാനുള്ള ചില്ലറപോലും കൈയിലുണ്ടായിരുന്നില്ല.  പതിയെ പതിയെ ആള്‍ക്കാര്‍ എത്തി. ആദ്യം കൗതുകം കൊണ്ടും പിന്നെ രുചിയറിഞ്ഞും.  മൂന്നാമത്തെ കാന്‍സര്‍ വില്ലനായി പാതി വഴിയിലെത്തി നില്‍ക്കുന്നുണ്ടെങ്കിലും അനില ചിരിക്കുകയാണ്. ഇനിയും ദൂരങ്ങള്‍ പോകാനുണ്ടെന്ന ആത്മ വിശ്വാസത്തോടെ.

Content Highlights: cancer survivor stories, World Cancer Day 2020, health