ലബാര്‍ കാന്‍സര്‍ സെന്ററിലെ വിസിറ്റേഴ്സ് ബുക്കില്‍ വിവരങ്ങള്‍ കുറിക്കുമ്പോള്‍ സമയം 9.50. പത്ത് മണിക്ക് എത്താമെന്നാണ് പറഞ്ഞിരിക്കുന്നത്. രജിസ്ട്രേഷന്‍ കൗണ്ടറിലും പരിസരത്തും കുറെയാളുകളുണ്ട്. ഇടനാഴിയിലൂടെ ഞാന്‍ വേഗം നടന്നു. കാന്‍സറിനെ ജയിച്ച കുറച്ചു പേര്‍ ഇവിടെ മ്യൂറല്‍ ചിത്രരചന പഠിക്കുന്നുണ്ട്. അവരെ കാണണം. അവരില്‍ ഒരാളായ സതിയേച്ചിയോട് വിശദമായി സംസാരിക്കണം. കീമോ വാര്‍ഡിന് അടുത്ത് നിന്ന് ഇടത്തോട്ട് തിരിയാനാണ് പറഞ്ഞിരിക്കുന്നത്. ഒരു സ്റ്റാഫ് വഴി കാണിച്ചു തന്നു. ഗ്രൗണ്ട്ഫ്ളോറില്‍ നിന്നും പടികള്‍ ഇറങ്ങി താഴേക്കാണ് പോകേണ്ടത്. 
മൂന്നുഭാഗം ചുമരുള്ള, ഒരു ഭാഗം ഗ്രില്‍സിട്ട ഹാളിലേക്കാണ് എത്തിയത്. കുറച്ചാളുകള്‍ അവിടെയിരിപ്പുണ്ട്. അവര്‍ ഉത്സാഹത്തോടെ വരയ്ക്കുകയാണ്. അതിനിടയില്‍ സംസാരിക്കുന്നു. പ്രായമുള്ളവരും ചെറുപ്പക്കാരുമുണ്ട് കൂട്ടത്തില്‍. അല്പം ധൃതിപിടിച്ചപോലെയാണ് ചിലര്‍ വരയ്ക്കുന്നത്. 'ടീച്ചര്‍ ഇപ്പോള്‍ എത്തും. അപ്പോഴേക്കും ഇത് തീര്‍ക്കണം'.  ഒരു സ്ത്രീ ശബ്ദം. വരയില്‍ മുഴുകിയവരുടെ അരികിലേക്ക് ഞാന്‍ ചെന്നു. പരിചയപ്പെടുത്തി. എല്ലാവരും പെട്ടെന്ന് ബ്രഷും കാന്‍വാസുമൊക്കെ മേശപ്പുറത്തുവെച്ചു. അല്പനേരം സംസാരിച്ചു. വീണ്ടും ബ്രഷ് എടുത്തു. വരയിലേക്കു നീങ്ങി. 

മേശമേല്‍ കുറേ കാന്‍വാസുകള്‍. അതില്‍ പെന്‍സില്‍ കൊണ്ട് വരച്ചുതുടങ്ങിയതുണ്ട്, നിറം കൊടുത്തു പാതി വഴിയില്‍ എത്തിയതുണ്ട്. അതിനിടയില്‍ അക്രൈലിക് ചായം നിറച്ച ചെറിയ പ്ലാസ്റ്റിക്് ബോട്ടിലുകള്‍. ബോട്ടില്‍ അടപ്പുകള്‍. അതിലൊക്കെ മഞ്ഞ..പച്ച..ചുവപ്പ്...നിറങ്ങള്‍. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത അന്തരീക്ഷം. 
പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സുലോചന ടീച്ചര്‍ എത്തി. അന്തരീക്ഷം മാറി. ഗുഡ്മോണിങ് ടീച്ചര്‍ എന്നു പറയുന്ന കുട്ടികളുടെ ഭാവമായിരുന്നു പലര്‍ക്കും. 

ഇവിടെ ചിത്രകല പഠിപ്പിക്കാനെത്തിയ സാഹചര്യത്തെക്കുറിച്ച് ചിത്രകലാ പരിശീലക മാഹിയിലെ കെ.ഇ.സുലോചന പറഞ്ഞു. 'കാന്‍സര്‍ ചികിത്സയിലുള്ളവരെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചാലോ എന്ന നിലയിലാണ് ഞാന്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് ഇവിടെ അസുഖം വന്നു മാറിയവരുടെ കൂട്ടായ്മകളുണ്ടെന്നറിഞ്ഞത്. രോഗം മാറിയവരുടെ പുനരധിവാസത്തിന് കാന്‍സര്‍ സെന്റര്‍ നല്‍കുന്ന പ്രാധാന്യം കണ്ടപ്പോള്‍ ആശയം മാറി. ഇവരെ മ്യൂറല്‍ ചിത്രരചന പഠിപ്പിക്കാമെന്നായി ചിന്ത. അതിനായി ഡയറക്ടറെ സമീപിച്ചു. വര്‍ണ വസന്തം എന്ന പേരില്‍ ക്ലാസ് തുടങ്ങി. ഒപ്പം ചില സ്റ്റാഫും ചേര്‍ന്നു. അവരെ വലിയ ചിത്രകാരന്‍മാരാക്കാം എന്ന ഉദ്ദേശത്തിലൊന്നുമല്ല പഠിപ്പിക്കുന്നത്. അവര്‍ വരയ്ക്കാന്‍ പഠിക്കുന്നു. അതോടൊപ്പം അവരുടെ മനസ്സിനും ചിന്തകള്‍ക്കും നിറംപകരാന്‍ ഇതുകൊണ്ടു സാധിക്കുമെന്നു തോന്നി. ക്ലാസ് തുടങ്ങിയപ്പോള്‍ കണ്ടിരുന്നവരല്ല ഇവര്‍ ഇന്ന്. അവരുടെ മനസ്സ് മാറി. ജീവിതത്തില്‍ സന്തോഷം തിരികെയെത്തി.'

sathi
ചിത്രം വരയ്ക്കുന്ന സതിയേച്ചി. ഒപ്പം ചിത്രകാരി കെ.ഇ. സുലോചന

ടീച്ചര്‍ ചോദിച്ചു-'സതിയേച്ചിയെ പരിചയപ്പെട്ടില്ലേ...' പറയുന്നതിനിടയില്‍ സതിയേച്ചി മുന്നില്‍ വന്നിരുന്നു. കണ്ണൂര്‍ കാടാച്ചിറക്ക് സമീപം ആഡൂര്‍ പാലത്തിനടുത്താണ് കെ.വി. സതിയുടെ വീട്. 'സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രാഫ്റ്റ്സ്മാന്‍ ആയിരുന്നു. 81-ല്‍ പഴശ്ശി പ്രൊജക്റ്റിലാണ് ജോലി തുടങ്ങിയത്. 2010-15 കാലഘട്ടത്തില്‍ കടമ്പൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. എന്‍.ജി.ഒ. യൂനിയന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു'. സതിയേച്ചി 
പറഞ്ഞുതുടങ്ങി. 

'എന്റെ ഇപ്പോഴത്തെ സന്തോഷത്തിനും ഊര്‍ജത്തിനും കാരണം ഈ വരയും കൂട്ടായ്മയുമൊക്കെയാണ്'.  സതിയേച്ചി പറഞ്ഞു. 'അതിന് കാരണമായത് നമ്മുടെ സുലോചന ടീച്ചര്‍ തന്നെ. അവരോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ഇപ്പോള്‍ ശനിയാഴ്ചയാകുമ്പോള്‍ ആവേശമാണ്. രണ്ടു ദിവസം രാവിലെ നേരത്തേ എഴുന്നേല്‍ക്കും. ചോറും കറിയുമൊക്കെയുണ്ടാക്കും. പണിയൊക്കെ തീര്‍ത്ത് എത്രയും വേഗം ഇവിടെയെത്താന്‍ നോക്കും. തലവേദന പോലെ ചെറിയ വയ്യായ്ക ഉണ്ടെങ്കില്‍ ആരോടും പറയാറില്ല. പോകണ്ട എന്നെങ്ങാനും പറഞ്ഞാലോ. ചിലപ്പോള്‍ വീട്ടില്‍വെച്ചും വരയ്ക്കും. ഇവിടെ നിന്നു പൂര്‍ത്തിയാകാത്തത് വീട്ടില്‍ നിന്നു പൂര്‍ത്തിയാക്കും. എന്തേലും ആശയം തോന്നിയാല്‍ അതും വരയ്ക്കും. എന്നിട്ട് ടീച്ചറെ കാണിച്ച് പൂര്‍ത്തിയാക്കും.'-ചിരി മായാതെ സതിയേച്ചി പറഞ്ഞു. 

സതിയേച്ചിയോട് സംസാരിക്കുന്നതിനിടയില്‍ മറ്റുള്ളവര്‍ ഉഷാറായി വരയ്ക്കുകയാണ്. 

സതിയേച്ചിയുമായുള്ള വര്‍ത്തമാനം അസുഖം കണ്ടെത്തിയതിനെയും നേരിട്ടതിനെയും കുറിച്ചായി. അവരുടെ ഓര്‍മകള്‍ ഒഴുകിപ്പരന്നു. അനുഭവങ്ങള്‍ ഓരോന്നായി വിവരിച്ചു. ഞാന്‍ കേട്ടിരുന്നു.

 'എനിക്ക് ഓര്‍മയുണ്ട്. 2015 സെപ്റ്റംബര്‍ ആദ്യം. മുറിയില്‍ അഴിച്ചിട്ട എന്റെ വസ്ത്രത്തില്‍ ചോരപ്പാട് കണ്ടു. എന്തോ കുഴപ്പമുണ്ട്. മനസ്സു പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞ ഒരു വാചകം മനസ്സിലെത്തി. 
ശൈലജ ടീച്ചര്‍ ടീച്ചറായിരുന്ന കാലത്ത് പറഞ്ഞതാണ്. 2006-ലോ മറ്റോ ആണെന്നാണ് ഓര്‍മ. കണ്ണൂര്‍ ചൊവ്വയില്‍ എന്‍.ജി.ഒ. യൂണിയന്റെ വനിതാ വിഭാഗം യോഗം നടന്നിരുന്നു. ഞാനും പങ്കെടുത്തിരുന്നു. 
പ്രസംഗത്തിന്റെ അവസാനം സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഒരു ആരോഗ്യകാര്യത്തെക്കുറിച്ചു കൂടി ശൈലജ ടീച്ചര്‍ പറഞ്ഞു. അവരുടെ നാട്ടിലെ ഒരു സ്ത്രീക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ചു സൂചിപ്പിച്ചായിരുന്നു ഇത്. 'നല്ല പ്രായമുള്ള സ്ത്രീയാണ്. അവര്‍ക്കു പലതവണ ചെറിയ ബ്ലീഡിങ്ങ് ഉണ്ടായത്രെ. ആര്‍ത്തവം വീണ്ടും വന്നതാണെന്ന് കരുതി പാവം. അതിനുവേണ്ട പരിഹാരം ചെയ്തു. കുറേ കഴിഞ്ഞപ്പോഴേക്കും സംഗതി സീരിയസ് ആയി. രക്തസ്രാവം ഗര്‍ഭാശയ കാന്‍സര്‍ ലക്ഷണമായിരുന്നു എന്ന് അവര്‍ മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകി. ഇത്തരം അസ്വാഭാവിക കാര്യങ്ങള്‍ കണ്ടാല്‍ എല്ലാവരും ശ്രദ്ധിക്കണം.' ടീച്ചര്‍ അന്നു പറഞ്ഞതാണ്. 

'വസ്ത്രത്തിലെ രക്തക്കറ കണ്ടപ്പോള്‍ ശൈലജ ടീച്ചര്‍ പറഞ്ഞതാണ് മനസ്സില്‍ തെളിഞ്ഞത്. അതു വലിയ കാര്യമായി. ഉടന്‍ ചികിത്സ തേടാന്‍ സാധിച്ചു. 
സംശയം തോന്നിയ ഞാന്‍ മാഷോട് കാര്യം പറഞ്ഞു- 'എനിക്ക് വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം.'
സതിയേച്ചി മാഷെന്നു പറയുന്നത് ഭര്‍ത്താവിനെയാണ്. മാവിലായി സെന്‍ട്രല്‍ എല്‍.പി. സ്‌കൂളില്‍ നിന്നു വിരമിച്ച എന്‍. കെ. ദാസന്‍ മാഷ്. 
'മാഷും ഞാനും ഡോക്ടറുടെ അടുത്തെത്തി. കാര്യങ്ങള്‍ 
സംസാരിച്ചു'.  
സ്‌കാന്‍ ചെയ്യണം. ഡി&സി ചെയ്യണം. അതോടൊപ്പം ഒപ്പം ബയോപ്സി ചെയ്യാനും സാമ്പിള്‍ എടുക്കാം. -ഡോക്ടര്‍ പറഞ്ഞു. 
'അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ബയോപ്സി റിപ്പോര്‍ട്ടു വന്നു. സംശയിച്ചതുപോലെ തന്നെ. എനിക്ക് കാന്‍സറാണ്'.  
മനസ്സ് വല്ലാതായി. മുന്നില്‍ ഇരുട്ട്. അകത്തിരുട്ട്. ആകെ നിരാശ. ജീവിതം അവസാനിക്കാറായി എന്നൊക്കെ തോന്നി. നിരാശപ്പെട്ടിരുന്നിട്ട് കാര്യമൊന്നുമില്ലല്ലോ. രോഗം വന്നു. ഇനി എന്തായാലും ചികിത്സിക്കുക തന്നെ എന്നു തീരുമാനിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിന്റെ പിറ്റേന്നു തന്നെ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തി. സെപ്റ്റംബര്‍ 7 മുതല്‍ 20 വരെ വിവിധ പരിശോധനകള്‍ നടത്തി. 21 മുതല്‍ ചികിത്സ ആരംഭിച്ചു.

'ഒന്നുകൊണ്ടും പേടിക്കേണ്ട. പൂര്‍ണമായും ഭേദമാക്കാനാവും. എം.സി.സി. യിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അത് ആശ്വാസം പകര്‍ന്നു. മനസ്സിന് കരുത്തായി സ്നേഹത്തോടെ മാഷ് എപ്പോഴും കൂടെ നിന്നു. നിഴല്‍പോലെ. 28 റേഡിയേഷന്‍ ചെയ്തു. കീമോ അഞ്ചെണ്ണം പറഞ്ഞിരുന്നു. പിന്നെ നാലില്‍ നിര്‍ത്തി. അതിനുശേഷം മൂന്ന് ബ്രാക്കിതെറാപ്പി ചെയ്തു. ഡിസംബര്‍ 28 -ന് ചികിത്സ പൂര്‍ത്തിയായി. പിന്നെ രണ്ടാഴ്ച കൂടുമ്പോള്‍ ഫോളോഅപ്പ്. പിന്നെ മാസത്തില്‍ ഒന്നായി. ഇപ്പോള്‍ ആറ് മാസത്തില്‍ ഒരിക്കല്‍. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ മരുന്നൊന്നുമില്ല. ചിലയാളുകള്‍ കണ്ടാല്‍ ചോദിക്കും- സതി.. നീ മരുന്നൊക്കെ കഴിക്കുന്നില്ലേ...ഇടക്കിടെ ആസ്പത്രിയില്‍ പോണോ..എന്നൊക്കെ. മരുന്നൊന്നുമില്ല എന്നുപറഞ്ഞാല്‍ വിശ്വാസംവരില്ല. ചികിത്സ കഴിഞ്ഞപ്പോള്‍ മുടിയൊക്കെ പോയിക്കാണും എന്നാണത്രെ പലരും വിചാരിച്ചത്. സതിയെ ഈ അവസ്ഥയില്‍ കാണാന്‍ കഴിയില്ല എന്നു പറഞ്ഞു ചിലരൊക്കെ വരാതിരുന്നു. പിന്നെയാണ് അവര്‍ക്കൊക്കെ മനസ്സിലായത് ആളെക്കാണാന്‍ പഴയതുപോലെ തന്നെയാണെന്ന്.

ഇവിടെ വന്നാല്‍ മൊത്തത്തില്‍ ഉഷാറാകും. ശനിയാഴ്ചയും ഞായറാഴ്ചയും നല്ല രസാ. ഞായറാഴ്ച വൈകിട്ട് മടങ്ങുമ്പോള്‍ തോന്നും - ഇനി അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കണമല്ലോ എന്ന്. ഇപ്പോള്‍ ശരീരത്തിനും മനസിനും ഒരു കുഴപ്പവുമില്ല. ഞാന്‍ പൂര്‍വാധികം ശക്തിയായി ജീവിതത്തില്‍ തിരിച്ചെത്തി'.  

മുന്നില്‍ ഇരിക്കുന്നവരെ നോക്കി സതിയേച്ചി പറഞ്ഞു. 'സുഷമ, സജിത, ശാന്തി, പ്രകാശന്‍ ഇവരൊക്കെ ഇപ്പോള്‍ കൂട്ടുകാരായി. കൂടെ വരയ്ക്കാന്‍ എത്തുന്ന ഇവിടുത്തെ ജീവനക്കാരായ നിഷ, ശ്രീജിഷ, ഷിബു.. എല്ലാവരുമായും അടുപ്പമായി'.  
സതിയേച്ചി വര്‍ത്തമാനം പറയുന്നതിനിടയില്‍ പ്രകാശന്‍ വിളിച്ചു പറഞ്ഞു. 'ഇപ്പോള്‍ കാണുന്ന സതിയേച്ചി ആയിരുന്നില്ല പണ്ട്. ആകെ നിരാശ ആയിരുന്നു. ഇപ്പോള്‍ അടിപൊളിയല്ലേ. കുറച്ചുകാലം കൂടി ജീവിക്കണം എന്നാണിപ്പോള്‍ പറയുന്നത്'. 
അതുകേട്ടു സതിയേച്ചി ചിരിച്ചു. 'ശരിയാ. എനിക്ക് വലിയ നിരാശ ഉണ്ടായിരുന്നു. കാന്‍സര്‍ ആണെന്ന് അറിഞ്ഞതുമുതല്‍. ഞാന്‍ എന്റെ സില്‍ക്ക് സാരിയൊക്കെ അടുത്തുള്ള പരിചയക്കാര്‍ക്ക് കൊടുത്തു. ഇനി എനിക്കെന്തിനാ പട്ടു സാരി. ജീവിതം കഴിഞ്ഞല്ലോ എന്ന ചിന്തയായിരുന്നു മനസ്സില്‍. ആഭരണങ്ങള്‍ എല്ലാം അഴിച്ചുവെച്ചു. രോഗം മാറിയാലും പിന്നെ പുറത്തൊന്നും പോകലുണ്ടാകില്ല. വീട്ടില്‍ തന്നെ ഒതുങ്ങും. അങ്ങനെയൊക്കെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രമേ പിന്നീട് ധരിക്കാറുള്ളൂ. അതൊരു ശീലമായി. 

അസുഖം മാറിയെങ്കിലും മനസ്സിന് ഉണര്‍വുണ്ടായിരുന്നില്ല. സങ്കടം ഉള്ളില്‍ നിന്ന് പോയിരുന്നില്ല. പക്ഷേ ഇപ്പോള്‍ ജീവിതത്തിന് വീണ്ടും നിറംവെച്ചു. അതിന് വഴിത്തിരിവായത് ടീച്ചറുടെ വരവാണ്. ഈ വയസ്സായവരെ പഠിപ്പിക്കാന്‍ വട്ടുണ്ടോ എന്ന് ഞങ്ങള്‍ ടീച്ചറോട് ചോദിച്ചിട്ടുണ്ട്. പക്ഷേ ടീച്ചര്‍ പ്രോത്സാഹനം നല്‍കി. എല്ലാ ക്രെഡിറ്റും ടീച്ചര്‍ക്കാണ്'. അതു പറഞ്ഞ് സതിയേച്ചി കൈകൂപ്പി. 

'സതിയേച്ചിക്ക് ആദ്യമൊക്കെ നല്ല ചീത്തകിട്ടിയിട്ടുണ്ട്'.
ടീച്ചര്‍ ചിരിച്ചുകൊണ്ടു പറയുന്നു. 'ചിട്ടയായി തന്നെയാണ് ഇവരെയൊക്കെ പഠിപ്പിച്ചത്. ആദ്യം പെന്‍സില്‍ കൊണ്ട് വരയ്ക്കും. പിന്നെ ഇന്ത്യന്‍ ഇങ്ക്. അതുകഴിഞ്ഞ് കളര്‍. 

sathi
വരച്ച ചിത്രങ്ങളുമായി കാന്‍സറിനെ ജയിച്ചവരും എം.സി.സി. സ്റ്റാഫുകളും

വരയ്ക്കുമ്പോള്‍ തന്നെ ആദ്യം മഷിപ്പൂക്കള്‍. പിന്നെ പലതരം പൂക്കള്‍. ഷിബൂ..നിന്റെ ബുക്കെടുക്ക് എന്നു പറഞ്ഞു ടീച്ചര്‍. ഷിബു ബുക്ക് കൊണ്ടുവന്നു. താളുകള്‍ മറിച്ച് ടീച്ചര്‍ പറഞ്ഞു- ആയുധങ്ങള്‍.. മുദ്രകള്‍..പക്ഷിമാന..വീരാളിപ്പട്ട്..
അങ്ങനെ വര മുന്നോട്ട് പോകും. ബ്രഷിനെ കൈവഴക്കത്തില്‍ കൊണ്ടുവരാന്‍ തുടക്കത്തില്‍ നന്നായി പരിശീലിപ്പിക്കും.
കാന്‍വാസില്‍ ഇവരൊക്കെ ഇപ്പോള്‍ നന്നായി വരക്കുന്നുണ്ട്. അവരുടെ കൈയൊപ്പുള്ള ചിത്രങ്ങള്‍ ചുമരിലുണ്ടങ്കില്‍ അഭിമാനമല്ലേ. വരച്ച ചിത്രങ്ങള്‍ ഈ ആസ്പത്രിയുടെ ചുമരില്‍ തന്നെയുണ്ടായാല്‍ നന്നായേനെ'- ടീച്ചര്‍ പറഞ്ഞു. 
ടീച്ചറുമായി സംസാരിക്കുന്നതിനിടയില്‍ സതിയേച്ചിയും സജിതയും എഴുന്നേറ്റു പോയി ചായയുമായി തിരിച്ചെത്തി. ഒരു പൊതിയില്‍ നിന്ന് നേന്ത്രപ്പഴം പുറത്തെടുത്തു. എല്ലാവര്‍ക്കും പഴവും ചായയും നല്‍കി. 'സജിതയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന നാടന്‍ പഴമാണ്. കഴിച്ചോളൂ'- സതിയേച്ചി പറഞ്ഞു.  നാടന്‍ പച്ചക്കറിയുടെയും പഴത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് പിന്നീട് അവര്‍ പറഞ്ഞത്. 

'ഞാനും മാഷും കൂടി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. സ്വന്തം പുരയിടത്തിലും മകളുടെ സ്ഥലത്തുമായി ഞങ്ങള്‍ നട്ടുനനച്ചുണ്ടാക്കും. ആവശ്യമായ പച്ചക്കറികളൊക്കെ മിക്കവാറും വീട്ടില്‍ തന്നെയുണ്ടാക്കും. നമ്മുടെ ജീവിതശൈലി തന്നെയാണ് പല രോഗങ്ങള്‍ക്കും ഇടയാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണശൈലി. പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. നല്ല ഭക്ഷണ രീതി പിന്തുടരണം. അതുകൊണ്ടാണ് പച്ചക്കറി കൃഷി ഉഷാറാക്കിയത്. ചോറുണ്ടാക്കാന്‍ നെല്ലുകുത്തിയ അരി മില്ലില്‍ പോയി വാങ്ങും'. 

ചിത്രം വരയ്ക്കുന്നത് നോക്കി നിന്നും സംസാരിച്ചും സമയം നട്ടുച്ചയായി. വെയിലിന്റെ ചൂട് ഹാളിലേക്ക് എത്തുന്നു. കാന്‍സര്‍ സെന്ററില്‍ കുറച്ചു ജോലികള്‍ കൂടിയുണ്ട്. ഇവരോട് യാത്രചോദിക്കാനുള്ള സമയമായി. 
മടങ്ങുന്നതിന് മുന്‍പ് സതിയേച്ചിയോട് ചോദിച്ചു- ശൈലജ ടീച്ചറെ പിന്നീട് കണ്ടിരുന്നോ? 
'ഇല്ല. പിന്നെ കാണാന്‍ പറ്റിയില്ല. ഇപ്പോള്‍ മന്ത്രിയല്ലേ. ഒരുപാടു തിരക്കു കാണും. കണ്ണൂരില്‍ എത്തുമ്പോള്‍ ഏതെങ്കിലും പരിപാടിക്കിടയില്‍ കാണാന്‍ പറ്റുമോന്നു നോക്കണം'. 

Content Highlights: cancer survivor stories, World Cancer Day 2020, health