തൊട്ടില്‍പ്പാലം അങ്ങാടിയില്‍ എത്തുമ്പോഴേക്കും രാവിലെ 10 മണി കഴിഞ്ഞിരുന്നു. നേരം ഇത്രയായിട്ടും തണുപ്പ് മാറിയിട്ടില്ല. പ്രകൃതിയുടെ തണുപ്പ് എ.സി. മുറിയിലേതു പോലെയല്ല. പ്രത്യേക സുഖമാണ്. 

ടൗണിലെ ഒരു കടയില്‍ പരിചയക്കാരനുണ്ട്. അയാളെക്കണ്ടുവേണം ഇനിയങ്ങോട്ടുപോകാനുള്ള വഴി കൃത്യമായി അറിയാന്‍. ആളെ കണ്ടെത്തി. വഴി ചോദിച്ചു. ചാത്തങ്ങോട്ടുനട.. നാഗംപാറ പോകാനുള്ള വഴി. 

കാറ് കുറച്ചുകൂടെ മുന്നോട്ട് പോയി. വഴിയില്‍ വാഹനങ്ങള്‍ കൂടുതലൊന്നുമില്ല. റോഡില്‍ നിന്നും കുറച്ചകലെയായി മലകള്‍. അതിനു ചുറ്റുപാടും കൃഷിയിടങ്ങളാണ്. പ്രകൃതിക്കാകെ ഗ്രാമീണ ഭാവം. കാറ് നാഗംപാറ വഴിയിലേക്ക് തിരിച്ചു. ഇടറോഡുകള്‍ ഉള്ളതിനാല്‍ വഴിയരികില്‍ കണ്ടവരോട് ചോദിച്ചു കൊണ്ടായിരുന്നു യാത്ര. പറമ്പത്ത് കുഞ്ഞിരാമന്റെ വീട്ടിലേക്കുള്ള വഴി  ചോദിച്ചു. കുഞ്ഞിരാമന്റെ മകള്‍ ഷിജിനയെ കാണണം. ഷിജിനയ്ക്ക് പണ്ട് കാന്‍സര്‍ വന്നിരുന്നു. അതേക്കുറിച്ച് സംസാരിക്കാനാണ് തൊട്ടില്‍പ്പാലത്ത് എത്തിയത്. 

അന്വേഷിച്ച വീട്ടിലേക്ക് കൂടുതല്‍ ദൂരമൊന്നുമുണ്ടായില്ല. റോഡില്‍ നിന്നും ഇത്തിരി പൊക്കത്തിലാണ് വീട്. ഇറയത്ത് ഉണ്ടായിരുന്ന സ്ത്രീഅകത്തേക്കു എത്തിനോക്കി എന്തോ പറഞ്ഞു. എന്നിട്ട് വാതില്‍ക്കല്‍ നിന്നു. 
'ഷിജിനയെ കാണാന്‍ വന്നതാണ്. ഇവിടെയില്ലേ? '
'ഭര്‍ത്താവിന്റെ വീട്ടിലാണ്. ഇപ്പോ വരും. പുറപ്പെട്ടിട്ട് അല്പനേരമായി. കോഴിക്കോട്ടൂന്ന് ആളുവരുമെന്നു പറഞ്ഞിരുന്നു'. അവരുടെ ബന്ധുവായ സ്ത്രീ പറഞ്ഞു. അതിനിടയില്‍ അവര്‍ ഷിജിനയെ ഫോണില്‍ വിളിച്ചിരുന്നു. 
രണ്ടുമൂന്ന് മിനിറ്റ് കഴിയുമ്പോഴേക്കും അവരെത്തി.  വെളുത്തു മെലിഞ്ഞ സ്ത്രീ മുന്നില്‍. പിറകിലായി ഒരു കുഞ്ഞിനെയുമെടുത്ത് സുമുഖനായ ചെറുപ്പക്കാരന്‍. 
ചിരിച്ചുകൊണ്ട് ഷിജിന പറഞ്ഞു. 
' ഞാനാണ് ഷിജിന. ഇത് എന്റെ ഭര്‍ത്താവ് ശ്രീജിത്ത്. ' 
കുഞ്ഞിനെ കൈയിലേക്ക് വാങ്ങിക്കൊണ്ട് പറഞ്ഞു- ഇത് ഉണ്ണിക്കുട്ടന്‍. എന്റെ മോന്‍...
ഉണ്ണിക്കുട്ടന്‍ ഷിജിനയുടെ ദേഹത്തൂടെ ഊര്‍ന്നിറങ്ങി മുറ്റത്തേക്കിറങ്ങി. 
അല്പം നാട്ടുകാര്യങ്ങള്‍ സംസാരിച്ചു. അപ്പോഴേക്കും ഷിജിനയുടെ അച്ഛനും എത്തി. പറമ്പത്ത് കുഞ്ഞിരാമന്‍.
സംസാരം മെല്ലെ വന്നകാര്യത്തിലേക്ക് മാറി. 
' കാന്‍സര്‍ വന്നതിനെക്കുറിച്ചും ചികിത്സിച്ചു മാറിയതിനെക്കുറിച്ചുമൊക്കെ അറിയാനാണ് വന്നത്'
' അതൊക്കെ ഒരു കഥപോലെ...'
അതു പറഞ്ഞു ഷിജിന ചിരിച്ചു. 
അച്ഛന്‍ പറഞ്ഞുകൊടുക്കുന്നോ എന്ന് ചോദിച്ചു. 
വേണ്ട...നീ തന്നെ പറഞ്ഞോളൂ..എന്നായി അച്ഛന്‍. 'എന്നാല്‍ ഞാന്‍ തന്നെ പറയാം' ഷിജിന ചിരിച്ചുകൊണ്ടു പറഞ്ഞു. എന്റെ മുന്നില്‍ കസേരയില്‍ ഇരുന്നു. ചുറ്റിലും വീട്ടുകാരും.

' 2006 -ലാണ് അസുഖം വന്നത്. അന്ന് ഇവിടെയല്ല. വട്ടിപ്പനയിലെ വീട്ടിലാണ് താമസം. ഇവിടെ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ. മലയിലാണ് വീട്. അസുഖം വന്നശേഷമാണ് ഇങ്ങോട്ട് മാറിയത്. ഒരു ദിവസം വീട്ടിനകത്തുവെച്ച് കാല് കട്ടിലിനോട് കുത്തിയതാ ആദ്യത്തെ സംഭവം.' വലതുകാലിലെ മുട്ടിന് താഴെ കൈവെച്ച് ചിരിച്ചുകൊണ്ട് ഷിജിന പറഞ്ഞു. 

'അന്ന് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. അടുത്തദിവസമായപ്പോള്‍ നല്ല വേദന തോന്നി. ഡോക്ടറെ കാണിച്ചു. പ്രശ്നമൊന്നുമില്ല...കാല് കട്ടിലിന് തട്ടിയതുകൊണ്ടാവും എന്നു ഡോക്ടര്‍ പറഞ്ഞു. ക്രമേണ വേദന കുറഞ്ഞു. പിന്നെ അഞ്ചാറ് മാസം കഴിഞ്ഞപ്പോള്‍ അതേകാലില്‍ ചെറിയ തടിപ്പ്പോലെ തോന്നി. പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയായിരുന്നു അപ്പോള്‍. കുറ്റ്യാടിയില്‍ പോയി മനോജ് ഡോക്ടറെ കാണിച്ചു. ഒരു എക്സ റേ എടുത്തുനോക്കണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. എക്സ റേ എടുത്തു. അതില്‍ എല്ലിന് കുറച്ചൊരു തടിപ്പ് പോലെയുണ്ട്. പേരാമ്പ്രയിലെ കൃഷ്ണകുമാര്‍ ഡോക്ടറെ ചെന്നുകാണാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പിറ്റേ ദിവസം ചെന്നു. കണ്ടു. അവിടുന്ന് മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചെന്ന് ഡോക്ടറുടെ മുന്നില്‍ എത്തി. എന്നോട് പുറത്തിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അച്ഛന്‍ മാത്രം അകത്ത്. എന്നെ എന്തായിരിക്കും പുറത്താക്കിയത്!  ഞാന്‍ ആലോചിച്ചു. കുറച്ചുകഴിഞ്ഞ് അച്ഛന്‍ പുറത്തേക്കു വന്നു-വിയര്‍ത്തുകുളിച്ച് ആകെ പ്രശ്നത്തിലായ പോലെ. ഞാന്‍ എന്താ കാര്യം എന്നു ചോദിച്ചു. അച്ഛന്റെ ശബ്ദം മാറിയിരുന്നു.'എല്ലുവളര്‍ച്ചയുണ്ട് , പരിശോധിക്കണം എന്നാ പറഞ്ഞത്. ' 

ഞാന്‍ ഡോക്ടറുടെ മുറിയില്‍ ചെന്നു. ഡോക്ടര്‍ പറഞ്ഞു-ടെസ്റ്റ് ചെയ്യണം. സാമ്പിള്‍ പരിശോധനക്കയക്കണം. ' 
ബയോപ്സി റിസല്‍റ്റ് വന്ന ശേഷം ഡോക്ടറെ കാണാന്‍ ചെന്നു.' എന്നോട് പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞു. എല്ലാ രോഗികളും പോയ ശേഷം വിളിപ്പിച്ചു. ഡോക്ടര്‍ പറഞ്ഞു- ഒരു പ്രധാന കാര്യമുണ്ട്. ശ്രദ്ധിച്ചു കേള്‍ക്കണം. അസ്ഥികളെ ബാധിക്കുന്ന കാന്‍സറാണ് കാലില്‍ വന്നിരിക്കുന്നത്. ഓസ്റ്റിയോസര്‍ക്കോമ. ഡോക്ടര്‍ ശാന്തമായി മെല്ലെ മെല്ലെ പറഞ്ഞു. എന്റെ കാല് മുതല്‍ തലവരെ ചൂടായ പോലെ തോന്നി...പിന്നെ കാല് മുറിക്കേണ്ടി വരും എന്നുകൂടെ കേട്ടതോടെ ഞാന്‍ പേടിച്ചു പോയി. അച്ഛന്‍ ആകെ തളര്‍ന്നു. കാല് മുറിച്ചുമാറ്റാന്‍ സമ്മതിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. എത്ര ദിവസമാണോ ജീവിക്കുന്നത് അത്രയും ദിവസം കാലുംകൊണ്ടേ ജീവിക്കൂ.ഞാന്‍ തീര്‍ത്തു പറഞ്ഞു. അന്ന് ഞാന്‍ കുറെ കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി തളരരുത് എന്ന്. കാരണം അച്ഛന്‍ കരഞ്ഞ് കരഞ്ഞ് എന്റെ ദേഹത്ത് വീഴുകയായിരുന്നു. അതുപോലെ വീട്ടിലെ മറ്റുള്ളവരും വല്ലാത്ത സങ്കടത്തില്‍. ഞാന്‍ പറഞ്ഞു. ആരും കരയുന്നത് കാണരുത്. എനിക്കൊരു കുഴപ്പവുമില്ല. എല്ലാം ശരിയാകും. 

മെഡിക്കല്‍ കോളേജില്‍ നിന്ന് കീമോതെറാപ്പി ചെയ്യണമെന്നു പറഞ്ഞിരുന്നു. അതിനായി ചെന്നു. അവിടെ വെച്ച് ഒരു ഡോക്ടറാണ് അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യത്തെ ചെന്നു കാണാന്‍ പറഞ്ഞത്. 
'അച്ഛന്റെ സുഹൃത്ത് നാണുവേട്ടനെയും കൂട്ടി ഞങ്ങള്‍ അഡയാറിലെ കാന്‍സര്‍ ആസ്പത്രിയില്‍ എത്തി. ഡോ.സതീശന്‍ ബാലസുബ്രഹ്മണ്യത്തെ കണ്ടു. ആദ്യം മുന്നില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ തമിഴില്‍ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ പറഞ്ഞു തമിഴ് അറിയില്ല. മലയാളിയാണെന്ന്. ഞാനും മലയാളിയാണെന്ന് പറഞ്ഞ് ഡോക്ടര്‍ പരിചയപ്പെട്ടു. സ്നേഹപൂര്‍വം സംസാരിച്ചു. പേടിക്കേണ്ട ഒക്കെ ശരിയാക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ എന്റെ ധൈര്യം കൂടി. പിന്നെ ഓപ്പറേഷന്‍ ചെയ്തു. കാലില്‍ പ്രോസ്തസിസ് പിടിപ്പിച്ചു. കീമോ ചെയ്തു. ചികിത്സാ സമയത്ത് എന്നെ എടുത്ത് കൊണ്ട് വാര്‍ഡിലേക്കൊക്കെ പോകുന്നത് കാണുമ്പോള്‍ അച്ഛന്‍ കരയുന്നത് കാണാറുണ്ട്. അച്ഛനെ ആശ്വസിപ്പിക്കുന്നതും എന്റെ ജോലിയായി. ചേച്ചിയുടെ ഭര്‍ത്താവ് സുരേട്ടന്‍ എല്ലാ സഹായവുമായി കൂടെയുണ്ടായിരുന്നു. അഡയാറില്‍ ചികിത്സയ്ക്കിടയില്‍ മറ്റൊരു സംഭവമുണ്ടായി. മൂന്ന് കീമോ ചെയ്തു കഴിഞ്ഞ സമയത്ത് എനിക്ക് ചിക്കന്‍പോക്സ് വന്നു. കുറച്ചു നാള്‍ ഐസിയുവിലായി. എട്ട് കുപ്പി രക്തം കയറ്റേണ്ടി വന്നു ആ സമയത്ത്. പക്ഷേ ഞാന്‍ മനസ്സുകൊണ്ട് തളര്‍ന്നില്ല. അഡയാറിലെ ആസ്പത്രിയില്‍ വളരെ നല്ല പരിചരണമായിരുന്നു. സതീശന്‍ ഡോക്ടറോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കില്ല. അത്രയും നല്ല ഡോക്ടറാണ്. എന്നെ രക്ഷിച്ച ഡോക്ടര്‍.' ചികിത്സ പൂര്‍ത്തിയായതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. പോയ മുടിയൊക്കെ അതിലും ഭംഗിയില്‍ തിരിച്ചുവന്നു. 

അച്ഛന്‍ കുഞ്ഞിരാമന്‍ പറഞ്ഞു- 2013-ല്‍ ഇവളുടെ സ്ഥിതിഗതികള്‍ എല്ലാം അറിയുന്ന, മനസ്സിലാക്കിയ ശ്രീജിത്ത് കല്യാണം ആലോചിച്ചു. രണ്ടുപേരും എയര്‍ടെല്ലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. മരുതോങ്കര സ്വദേശിയായ ശ്രീജിത്ത് ഇപ്പോള്‍ കോഴിക്കോട്ട് ഐഡിയയിലാണ്. ' 

'എല്ലാകാര്യവും വിശദമായി സംസാരിച്ചിരുന്നു. ശ്രീജിത്തേട്ടന്‍ പൂര്‍ണമനസ്സോടെ തന്നെ വിവാഹത്തിന് തയ്യാറാണെന്ന് ഉറപ്പിച്ചു പറഞ്ഞു.- ഷിജിന പറഞ്ഞു. ജോലിക്കു പോകുന്ന കാലത്ത് ഒരാള്‍ പ്രൊപ്പോസലുമായി വന്നിരുന്നു. ഞാന്‍ എന്റെ പശ്ചാത്തലമൊക്കെ പറഞ്ഞു. കാന്‍സര്‍ വന്നിരുന്ന കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു- എന്നെ ഇഷ്ടമല്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയെന്ന്. അയാള്‍ കരുതിയത് അത് ഒഴിവാക്കാന്‍ പറഞ്ഞ കള്ളക്കഥ ആണെന്നാണ്.' 

'കല്യാണലോചന വന്ന സമയത്ത് ചില ചേച്ചിമാരൊക്കെ പറഞ്ഞിരുന്നു കല്യാണം കഴിച്ചാല്‍ പ്രശ്നമായിരിക്കും...നീ വേണ്ടാത്ത പണിക്ക് നില്‍ക്കണ്ട..ഗര്‍ഭം പ്രശ്നമാകും... എന്നൊക്കെ. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇവര്‍ക്കൊക്കെ ജീവിച്ചു കാണിച്ചുകൊടുക്കണമെന്ന്. ഉറക്കെ ചിരിച്ചുകൊണ്ട് ഷിജിന പറഞ്ഞു.'  ഇതാ എന്റെ ഉണ്ണിക്കുട്ടനെ കണ്ടില്ലേ...അവനു മൂന്ന് വയസ്സായി. ജിയോന്‍ കാര്‍ത്തിക് എന്നാണ് അവന്റെ പേര്. ' 

'കാലിലെ പ്രോസ്തസിസ് ഒരു തവണ മാറ്റിയിരുന്നു. അത് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ചെയ്തത്. അപ്പോഴേക്കും സതീശന്‍ ഡോക്ടര്‍ അഡയാറില്‍ നിന്നും മലബാര്‍ കാന്‍സര്‍ സെന്റില്‍ എത്തിയിരുന്നു. ' 
സംസാരം അവസാനിപ്പിക്കാറായപ്പോള്‍ ഞാന്‍ ചോദിച്ചു- വളരെ കൂളായാണല്ലോ രോഗത്തെക്കുറിച്ചൊക്കെ പറയുന്നതെന്ന്. അപ്പോള്‍ ഷിജിന പറഞ്ഞു- 'കാന്‍സര്‍ വന്നാല്‍ മരിച്ചു പോകും വേഗം എന്നാണ് പലരും വിചാരിക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ എന്തായാലും ജീവിക്കുമെന്ന്. പിന്നെ മരിച്ചു പോകാന്‍ കാന്‍സര്‍ തന്നെ വരണമെന്നില്ലല്ലോ. പനി വന്നാലും പോരെ. പനി വന്ന് എത്രപേര്‍ മരിക്കുന്നു. രോഗമുള്ള സമയത്ത് എന്നെ കുളിമുറിയിലേക്ക് ഒറ്റയ്ക്ക് വിടാന്‍ വരെ വീട്ടുകാര്‍ക്ക് പേടിയായിരുന്നു. ഞാന്‍ ചിരിച്ചുകളിക്കുന്നതൊക്കെ കാണുമ്പോള്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നു- ഞാന്‍ മരിച്ചുകളയുമോ എന്ന്. ഇതൊക്കെ അഭിനയമാണോ എന്ന്. ഇത്രയും ഗൗരവമുള്ള രോഗം വന്നിട്ട് ഇവളെന്താ ഇങ്ങനെ എന്നായിരുന്നു ചിന്ത. ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ മരിച്ചുകളയുകയൊന്നുമില്ല. മരിച്ചുപോവുകയുമില്ല.'

shijina
ഷിജിന ഭര്‍ത്താവിനും മകനും അച്ഛനും ഒപ്പം

കാന്‍സര്‍ വന്നവര്‍ക്ക് മനോബലം നല്‍കാനായി ചിലപ്പോള്‍ കാന്‍സര്‍ സെന്ററില്‍ നിന്നു വിളിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് എല്ലാ സഹായവും ചെയ്യാറുണ്ട്. 

'കാല് അന്ന് കട്ടിലിനോട് കുത്തിപ്പോയത് രോഗം തിരിച്ചറിയാന്‍ നിമിത്തമായി. അല്ലെങ്കില്‍ രോഗം കുറെ പുരോഗമിച്ച ശേഷമേ അറിയുമായിരുന്നുള്ളൂ. ചിരിയടക്കാന്‍ പാടുപെട്ട് ഷിജിന പറഞ്ഞു. പക്ഷേ അതിനുശേഷം ബന്ധുക്കളും നാട്ടുകാരുമൊക്കെ പിന്നീട് കാല് എവിടെയെങ്കിലും തട്ടിപ്പോയാല്‍ ആസ്പത്രിയിലേക്ക് ഓടുന്ന സ്ഥിതിയായിരുന്നു'

ഷിജിനയുടെ അച്ഛന്‍ അവസാനം ഒരു കാര്യം പറഞ്ഞു. ഇവള്‍ക്ക് കോഴിക്കോട്ട് വെച്ച് കീമോ തുടങ്ങുമ്പോള്‍ കുറച്ചു വാര്‍ഡപ്പുറത്ത് ഇവളുടെ അമ്മയുമുണ്ടായിരുന്നു. കീമോതെറാപ്പിയെടുക്കാനായി. ഷിജിനയുടെ അസുഖത്തിന്റെ കാര്യം അന്ന് പറഞ്ഞിരുന്നില്ല. അഡയാറില്‍ നിന്നു മടങ്ങിവന്ന ശേഷമാണ് അമ്മയോട് അസുഖം ഇതാണെന്ന് പറഞ്ഞത്. അമ്മയുടെ അസുഖം മാറിയിരുന്നു. പിന്നീട് മറ്റൊരു രോഗത്തിന് കീഴടങ്ങി. 

Content Highlights: cancer survivor stories, World Cancer Day 2020, health