നിക്കിനി സംസാരിക്കാന്‍ പറ്റാതാകുമോ..കവിതകള്‍ ചൊല്ലാന്‍ കഴിയാതെ വരുമോ..
ഒന്‍പത് വര്‍ഷം മുന്‍പ് മണിപ്പാലില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന വേളയില്‍ രമണി ടീച്ചര്‍ക്ക് വലിയ ആശങ്കയായിരുന്നു. നാവില്‍ റേഡിയേഷന്‍ ചെയ്യുമ്പോള്‍ മനസ്സ് പിടഞ്ഞിരുന്നു... 
വര്‍ഷങ്ങള്‍ കടന്നു പോയി...
രമണി ടീച്ചറെ കാണാന്‍ ഞാന്‍ മട്ടന്നൂരില്‍ ചെന്നു. വിഷുപ്പിറ്റേന്ന്. ക്ലാസ്മുറിയിലിരുന്ന് സംസാരിക്കുന്നതിനിടയില്‍ അവര്‍ കവിത ചൊല്ലി...സുഗതകുമാരിയുടെ 'കൃഷ്ണാ നീയെന്നെയറിയില്ല' എന്ന കവിത.

' ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...
മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...'
മധുരശബ്ദത്തില്‍ ഭാവതീവ്രതയോടെ അവര്‍ കവിത ചൊല്ലി. താളത്തില്‍, 
ഈണത്തില്‍..
ടീച്ചര്‍ കവിത ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം. സന്തോഷം. കവിതയുടെ തേന്‍ മധുരം നുകര്‍ന്നപോലുള്ള അനുഭവം. സംസാരിക്കാനിരുന്ന ക്ലാസ് മുറിയില്‍ തങ്ങിനിന്നിരുന്ന ഉഷ്ണത്തിനിടയില്‍ ചാറ്റല്‍ മഴയുടെ കുളിരുപോലെ ആ കാവ്യാലാപനം.

മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയാണ് രമണി. ഗൈഡ്സിന്റെ ജില്ലാ കമ്മീഷണറുമാണ്. സ്‌കൂളിലെ മറ്റൊരു അധ്യാപകനാണ് രമണി ടീച്ചറെക്കുറിച്ച് പറഞ്ഞത്. 'രോഗത്തോട് പോരാടിയ അവരുടെ അനുഭവത്തെക്കുറിച്ചൊന്ന് എഴുതാമോ. സ്‌കൂളില്‍ ഏറ്റവും ആക്റ്റീവായ അധ്യാപിക കൂടിയാണവര്‍.' അവരെ കാണാന്‍ തന്നെ തീരുമാനിച്ചു. ടീച്ചറെ വിളിച്ചു. സംസാരിച്ചു. കാണാമെന്നേറ്റു. മധ്യവേനല്‍ അവധി ആയതിനാല്‍ സ്‌കൂളില്‍ വല്ലപ്പോഴുമേ ചെല്ലൂ. മട്ടന്നൂരിലെ ശ്രീശങ്കര സ്‌കൂളില്‍ ഗൈഡ്സിന്റെ തൃതീയ സോപാന്‍ നടക്കുന്ന ദിവസം കാണാമെന്നു പറഞ്ഞു. 

സ്‌കൂളില്‍ എത്തി രമണി ടീച്ചറെ വിളിച്ചപ്പോള്‍ പറഞ്ഞു- ഞാന്‍ ഇപ്പോള്‍ എത്തും. ട്രാഫിക് ജാമില്‍പ്പെട്ടു. സ്‌കൂള്‍ വരാന്തയില്‍ പുറത്തേക്ക് നോക്കി നില്‍ക്കുന്നതിനിടയില്‍ ടീച്ചര്‍ ഗേറ്റ് കടന്ന് നടന്നു വന്നു. അടുത്തെത്തിയപ്പോള്‍ ചിരിച്ചു. കുട്ടികളുടെയടുത്ത് പോയി ഇപ്പോള്‍ വരാമെന്നു പറഞ്ഞു. അല്പ സമയത്തിനു ശേഷം ടീച്ചറെത്തി. സ്‌കൂളിലേക്കു വരുമ്പോള്‍ ഉണ്ടായിരുന്ന സാരിയല്ല വേഷം. നീല സാരിയും വെള്ള കോട്ടുമിട്ടാണ് വന്നത്. ഗൈഡ് ജില്ലാ കമ്മീഷണറായി.

ആളും ബഹളവുമില്ലാത്ത ഒരു ക്ലാസ് മുറിയുടെ ബെഞ്ചില്‍ ഞാനിരുന്നു. അഭിമുഖമായി മറ്റൊരു ബെഞ്ചില്‍ ടീച്ചര്‍. ഇടയിലൊരു ഡസ്‌ക്. 

രമണി ടീച്ചറുടെ ഓര്‍മകള്‍ 15 വര്‍ഷം പിറകിലേക്ക് പോയി.

ഇന്നലെകളെക്കുറിച്ച് സംസാരിച്ചു. ഒരിക്കലല്ല, രണ്ടു തവണ കാന്‍സറിനെ മറികടന്ന അനുഭവം വിവരിച്ചു. കണ്ണീരിലും പുഞ്ചിരിയിലുമായി ചാലിച്ചെഴുതിയ ജീവിതാനുഭവങ്ങളെക്കുറിച്ച്. അതിനിടയില്‍ കവിത ചൊല്ലി. കീര്‍ത്തനം പാടി...
'2003 ലാണ് രോഗം ആദ്യം പരീക്ഷിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ചിലപ്പോഴൊക്കെ ഏറിയും കുറഞ്ഞും എന്നെ അലട്ടികൊണ്ടിരുന്നു.കൈമുട്ടുവേദന ചുമലില്‍ വേദന എന്നിങ്ങനെ. പക്ഷേ എന്താണെന്ന് അറിഞ്ഞുകൂടാ. നവംബറിലെ ഒരു ദിനം. എനിക്കോര്‍മയുണ്ട്, കെ.പി.കേശവമേനോന്റെ എട്ടാം തരത്തിലെ പാഠഭാഗത്തിന്റെ തലവാചകം ബ്ലാക്ക് ബോര്‍ഡില്‍ എഴുതി കഴിഞ്ഞപ്പോഴേക്കും വലതുകൈ വേദന കൊണ്ടു വീണുപോയി. കാര്യമായ എന്തെങ്കിലും തകരാറ് ഉണ്ടാകുമോ. എനിക്ക് സംശയമായി. ഒരു ചേച്ചിക്ക് കാന്‍സര്‍ വന്നിരുന്നു എന്നതും മനസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ ശരീരത്തില്‍ സ്വയം പരിശോധനകള്‍ നടത്താന്‍ തുടങ്ങി. ഒരിക്കല്‍ നോക്കിയപ്പോള്‍ വലതുഭാഗത്തെ സ്തനത്തില്‍ ഒരു ചെറിയ മുഴ. ആശങ്കയായി. ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞു- തലശ്ശേരിയിലെ കാന്‍സര്‍ സെന്ററിലേക്ക് പോകാം. കാന്‍സര്‍ സെന്ററിലേക്കു പോയി.

പരിശോധനകള്‍ നടത്തി. ഡയറക്ടര്‍ ഡോ. ഇക്ബാല്‍ അഹമ്മദിനെകണ്ടു. പരിശോധനകളില്‍ കാന്‍സര്‍ ആണെന്ന സംശയം ബലപ്പെട്ടു. ആ വിവരം കേട്ടമാത്രയില്‍ ഒരു തല കറക്കം പോലെ തോന്നി. എങ്കിലും മനസ്സിനെ പിടിച്ചു നിര്‍ത്തി. ഡോക്ടര്‍ വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. എന്റെ മക്കളെയോര്‍ത്തപ്പോള്‍ മനസ്സൊന്നുകൂടി പിടഞ്ഞു. ഡോക്ടര്‍ ആശ്വസിപ്പിച്ചു. 'പേടിക്കേണ്ട. വിശദപരിശോധനാ റിപ്പോര്‍ട്ട് വരട്ടെ, നോക്കാം. 10 ദിവസം കഴിഞ്ഞ് വരൂ. ' 

പത്തുദിവസമായപ്പോള്‍ ഫോണ്‍ വന്നു. ഹോസ്പിറ്റല്‍ വരെ ഒന്നു വരണം. ഞങ്ങള്‍ ചെന്നു. കാന്‍സര്‍ ഉണ്ടെന്ന് ഉറപ്പായി. ഇക്ബാല്‍ ഡോക്ടര്‍ അടുത്തിരുന്നു ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു തന്നു. 'പേടിക്കേണ്ട. ഒക്കെ ശരിയാകും സ്റ്റാര്‍ട്ടിങ്ങ് സ്റ്റേജാണ്. ഇവിടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ആയിട്ടില്ല. എവിടെ വേണെമെങ്കിലും പോയി ചികിത്സിക്കാം.' 
'മനസ്സിനെ ഞാന്‍ പാകപ്പെടുത്തിയെടുക്കുകയായിരുന്നു അപ്പോഴൊക്കെ.  ഏതായാലും രോഗം വന്നു. ഇനിയിപ്പം പേടിച്ചിട്ട് കാര്യ
മില്ലല്ലോ. വന്നതിനെ അതിജീവിക്കുക.' 

മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കാനായിരുന്നു തീരുമാനം. ചികിത്സയ്ക്ക് പോകും മുമ്പ് രണ്ടു ദിവസം കൂടി സ്‌കൂളില്‍ പോകാന്‍ തീരുമാനിച്ചു. അടുത്ത ദിവസം യുവജനോത്‌സവവുമായിരുന്നു. സ്റ്റേജ് അൗണ്‍സ്മെന്റ് ചുമതല പതിവുപോലെ എനിക്കായിരുന്നു. വൈകുന്നേരം വരെ സ്‌കൂളില്‍. അടുത്ത വര്‍ഷവും യുവജനോത്‌സവത്തിന് ഇവിടെയെത്താം എന്ന പ്രതീക്ഷയില്‍ ഓരോരുത്തരെയും നോക്കിയും നോക്കാതെയും നീറുന്ന വേദനയോടെ സ്‌കൂള്‍ ഗേറ്റിലെത്തി. തിരിഞ്ഞു നോക്കി. ഇനിയും ആരോഗ്യത്തോടെ തിരിച്ചെത്താന്‍ കഴിയേണമെ... മനസ്സ് പ്രാര്‍ഥിച്ചു. 

പിറ്റേന്ന് മണിപ്പാലിലേക്കുള്ള യാത്ര. ചേച്ചിയോടൊപ്പമായിരുന്ന പോയത്. ചേച്ചിയുടെ ചികിത്സയും അവിടെയായിരുന്നു. ഷിര്‍ദ്ധിസായി കാന്‍സര്‍ ഹോസ്പിറ്റലില്‍ ചേച്ചിയെ ചികിത്സിച്ചഡോക്ടറെ തന്നെ കണ്ടു- ജോസഫ് തോമസ് സര്‍. കണ്ട മാത്രയില്‍ ചേച്ചിയോട് ലോഹ്യം പറയുന്നതുകണ്ടപ്പോള്‍ ആശ്വാസം. ഡോക്ടര്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. രോഗം ഉറപ്പുവരുത്തി എന്ന് തോന്നി. എങ്കിലും എല്ലാതരം ടെസ്റ്റുകളും നടത്തി. ആശുപത്രിയിലെ ഡോക്ടര്‍ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞുതന്നു. 'രോഗം ഇന്ന അവസ്ഥയിലാണ്. ഓപ്പറേഷന്‍, കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവ വേണം. കൃത്യമായി ചികിത്സിച്ചാല്‍ മാറാനുള്ള സാധ്യത 90 ശതമാനത്തിലേറെയുണ്ട് ' എന്നൊക്കെ. അതുകൊണ്ട് രോഗത്തെക്കുറിച്ചൊരു ധാരണ വന്നു. മനസ്സിന് ധൈര്യം വന്നു. 

ഞാനൊരു രോഗിയാണ് എന്ന് ചിന്തിച്ചുകൊണ്ടിരുന്നാല്‍ മുന്നോട്ടുപോകാനാവില്ല എന്ന ബോധം എന്നില്‍ വളര്‍ന്നു വന്നു. പിന്നെ നീളുന്ന ചിന്തകള്‍ക്കിടയില്‍ വലിയ ആശ്വാസം പകര്‍ന്നത് ഇതേ അസുഖം വന്ന് ഭേദമായ ചേച്ചിയാണ്. ചേച്ചി കൂടെത്തന്നെയുണ്ടായിരുന്നത് മനസ്സിന് ബലം പകര്‍ന്നു. ആദ്യം സര്‍ജറി ചെയ്തു. ഭാഗ്യത്തിന് ഓപ്പറേഷന്‍ മുഴനീക്കലില്‍ ഒതുങ്ങി. പിന്നാലെ കീമോതെറാപ്പിയും റേഡിയേഷനും. ചികിത്സ പൂര്‍ത്തിയാവാന്‍ ആറ് മാസത്തോളമെടുത്തു.  

ramani
രമണി ടീച്ചര്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം

ഈ കാലയളവിലെല്ലാം ഭര്‍ത്താവ്, മക്കള്‍, കുടുംബം എന്റെ വിദ്യാലയത്തിലുള്ളവര്‍ എല്ലാവരും സഹായിച്ചു. സ്നേഹിച്ചു. ഞാന്‍ ആത്മവിശ്വാസം വീണ്ടെടുത്തു. തുടര്‍ ചികിത്സകള്‍ കൃത്യസമയത്തുതന്നെ നടത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചു. മെല്ലെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചെത്തി. 

ജീവിതം സാധാരണ നിലയില്‍ പോകുമ്പോഴാണ് വായയില്‍ ചില അസ്വസ്ഥതകള്‍ വന്നത്. എരിവ് തീരെ പറ്റുന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍ വല്ലാത്ത പുകച്ചില്‍. വായയ്ക്കകത്ത് ഇടയ്ക്കൊരു വേദനയുമുണ്ടായി. 

മണിപ്പാലില്‍ പോയി കാണിക്കാം എന്നു തീരുമാനിച്ചു. അവിടെ ചെന്നപ്പോള്‍ പരിശോധനകള്‍ നടത്തി. നാവില്‍ ഒരു വശത്തു എന്തോ തകരാറ് ഉണ്ടെന്ന് പറഞ്ഞു. ബയോപ്സി ചെയ്യണം എന്നു പറഞ്ഞു. ഞാന്‍ അതുകേട്ട് ഞെട്ടി. കാന്‍സറായിരിക്കുമോ? നാവിലോ..? 
ബയോപ്സി റിപ്പോര്‍ട്ട് വന്നു. ഭയന്നതുപോലെ തന്നെ സംഭവിച്ചു. കാന്‍സര്‍ തന്നെ. നാവില്‍. രോഗം മറ്റൊരു രൂപത്തില്‍ ഒരിക്കല്‍ക്കൂടി എന്നെ തേടിയെത്തിയിരിക്കുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലായി ഞാന്‍.  നാവിലാണ് രോഗം. ഇനി സംസാരിക്കാനാകാതെ വന്നാല്‍. പാട്ടുകള്‍..കവിതകള്‍..
എന്തു ചെയ്യും ഞാന്‍ ? അതോര്‍ത്ത് മനസ്സ് വല്ലാതെ വേദനിച്ചു. തളര്‍ന്നു. 
ഡോക്ടര്‍ പറഞ്ഞു- 'എല്ലാം ശരിയാകും. ടീച്ചര്‍ക്ക് വീണ്ടും സംസാരിക്കാനും പാടാനുമൊക്കെ കഴിയും. ചികിത്സയൊന്നു കഴിഞ്ഞോട്ടെ'

ചികിത്സയ്ക്ക് പോകും മുമ്പ് ഞാന്‍ കുറെ പാട്ടുകള്‍ പാടി. കവിതകള്‍ ചൊല്ലി. കീര്‍ത്തനങ്ങള്‍ പാടി. എല്ലാം റെക്കോര്‍ഡ് ചെയ്തു കൈയ്യില്‍ കരുതി. ഇനി എനിക്ക് ഒരിക്കലും പാടാനാന്‍ കഴിയാത്ത അവസ്ഥ വന്നെങ്കിലോ എന്നോര്‍ത്തായിരുന്നു ഇതൊക്കെ. പിന്നെ ആശുപത്രിയില്‍വെച്ച് അവ കേള്‍ക്കുകയും ചെയ്യാമല്ലോ. പാട്ടുകേള്‍ക്കാന്‍ വാക്ക്മാന്‍ വാങ്ങിച്ചു. ആദ്യത്തെ തവണ കാന്‍സര്‍ വന്നു മാറിയ ശേഷം തലശ്ശേരിയില്‍ ബാലന്‍ മാഷിന്റെയടുത്തു പോയി വര്‍ഷങ്ങളായി സംഗീതം പഠിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് രോഗം നാവിനെ ബാധിച്ചത്. 

ഞാന്‍ വീണ്ടും മണിപ്പാലില്‍ എത്തി. ചികിത്സ ആരംഭിച്ചു. ഓപ്പറേഷന്‍. പിന്നെ റേഡിയേഷന്‍.  വേദനയുടെ ദിവസങ്ങള്‍. ഏകാന്തതയുടെ രാവുകള്‍..  ആശുപത്രിയില്‍ ഞാന്‍ കിടക്കുന്ന കിടക്കയില്‍ നിന്നും രാവിലെ സൂര്യനെ കാണാനാകുമായിരുന്നു. അതിരാവിലെ കണ്ണാടി ജനല്‍ തുറന്ന് സൂര്യന് അഭിമുഖമായി പടിഞ്ഞിരുന്ന് മാഷ് പഠിപ്പിച്ച കീര്‍ത്തനങ്ങള്‍ മനസ്സലിഞ്ഞ് പാടാന്‍ ശ്രമിച്ചു. ഒരു കവിള്‍ വെള്ളം കുടിച്ച ശേഷം അവര്‍ അന്നുപാടിയ കീര്‍ത്തനം പാടി.. 
ഹിമഗിരി തനയേ ഹേമലതേ...അംബ
ഈശ്വരീ ശ്രീ ലളിതേ മാമവ...'
ഇന്നിപ്പോള്‍ പാടാം. പക്ഷേ അന്ന്... 
അന്ന് പാട്ട് മനസ്സിലുണ്ട്. തൊണ്ടയിലുണ്ട്. പക്ഷേ നാവിലേക്ക് വരുന്നില്ല. നാക്കു കുഴഞ്ഞുപോകുന്നു. ഒന്നും പറയാന്‍ കഴിയുന്നില്ല. പാടാന്‍ കഴിയുന്നില്ല. ശബ്ദം വരാതിരിക്കുമ്പോള്‍ കണ്ണുകള്‍ നനയും. ആരും കാണാതെ കണ്ണീര്‍ തുടക്കും. എങ്കിലും എന്നും രാവിലെ ജനലിലൂടെ സൂര്യനെ നോക്കി മനസ്സില്‍ പാടി. ശബ്ദം പുറത്തുവരിക എന്നത് അസാധ്യമായിരുന്നു. എന്നാലും ശ്രമിച്ചുകൊണ്ടിരുന്നു. പാടുക എന്നത് എന്റെ സ്വപ്നമായി മാറി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വൈകുന്നേരങ്ങളില്‍ ആശുപത്രി മുറിയില്‍ നിന്ന് പുറത്തിറങ്ങും. കോമ്പൗണ്ടിലൂടെ നടക്കും. ഷിര്‍ദ്ദി സായിബാബയുടെ പ്രതിമയ്ക്കു മുന്നില്‍ ചെന്നിരുന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ ശ്രമിക്കും. അങ്ങനെപോയി ജീവിതം.

ചികിത്സ പൂര്‍ത്തിയാക്കി ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ ചിന്ത ഒന്നേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. എനി്ക്കിനിയും കവിതകള്‍ ചൊല്ലണം. പഠിപ്പിക്കണം. സമൂഹത്തില്‍ പ്രവര്‍ത്തിക്കണം. ഡോക്ടറുടെ ഉപദേശങ്ങള്‍ ഞാന്‍ പിന്തുടര്‍ന്നു. ചെയ്യാന്‍ പറഞ്ഞ ചലന വ്യായാമങ്ങളൊക്കെ കൃത്യനിഷ്ഠയോടെ ചെയ്തു. സംസാരിക്കാനും പാടാനും ശ്രമിച്ചുകൊണ്ടേയിരുന്നു. പഴയതുപോലെ സംസാരിക്കുന്ന.. പാടാനാവുന്ന ആ ദിവസം വന്നെത്താന്‍ ഞാന്‍ കാത്തിരുന്നു. നിരാശപ്പെടാതെ. മനസ്സുമടുക്കാതെ. ക്രമേണ കുറച്ചു വാക്കുകള്‍ വരാന്‍ തുടങ്ങി...വാചകങ്ങളായി...മെല്ലെ മെല്ലെ ഞാന്‍ വീണ്ടും വര്‍ത്തമാനം പറഞ്ഞു തുടങ്ങി. കാര്യങ്ങള്‍ കുറെ മെച്ചപ്പെട്ടപ്പോള്‍ സ്‌കൂളില്‍ പോകാമെന്നായി. ഇനിയൊരിക്കലും എനിക്ക് സ്‌കൂളില്‍ ഇനി പോകാന്‍ പറ്റില്ല എന്നു വിചാരിച്ചിരുന്ന സമയം ഉണ്ടായിരുന്നു ഒരിക്കലെന്ന് ഓര്‍ക്കണം. 

2011- ല്‍ വീണ്ടും സ്‌കൂളിലെത്തി. എന്റെ പ്രിയപ്പെട്ട വിദ്യാലയത്തില്‍ കുട്ടികള്‍ക്കൊപ്പം വീണ്ടും. അപ്പോള്‍ വലിയ സന്തോഷമായിരുന്നു. കുട്ടികളോട് സംസാരിക്കുമ്പോള്‍, പഠിപ്പിക്കുമ്പോളൊക്കെ നാവില്‍ കൂടുതല്‍ ആയാസം ലഭിച്ചു. ക്ലാസില്‍ കവിത ചൊല്ലുന്നതൊക്കെ ഫലത്തില്‍ എനിക്കൊരു വ്യായാമം കൂടിയായി മാറി.' അതു പറഞ്ഞ ശേഷം ടീച്ചര്‍ പറഞ്ഞു- കുട്ടികളെ പഠിപ്പിക്കുമ്പോള്‍ കവിത ഈണത്തില്‍ ചൊല്ലി പഠിപ്പിക്കണം. അത് ആസ്വാദനത്തിന് സഹായിക്കും. മാത്രമല്ല അപ്പോളത് കുട്ടികളുടെ ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതു പറഞ്ഞ് ടീച്ചര്‍ കവിത ചൊല്ലി..വള്ളത്തോള്‍ കവിതയ്ക്ക് സംഗീതം പകര്‍ന്ന് മനോഹരമായി. 

ഏതൊരു വേദവുമേതൊരു ശാസ്ത്രവു
മേതൊരു കാവ്യവുമേതൊരാള്‍ക്കും 
ഹൃത്തില്‍പ്പതിയണമെങ്കില്‍ സ്വഭാഷതന്‍ 
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം...

മധുര ശബ്ദവും ഒഴുക്കും മാത്രമല്ല ടീച്ചറുടെ കവിതയെ ആകര്‍ഷകമാക്കുന്നത്. നല്ല ഉച്ചാരണശുദ്ധിയുമുണ്ട്. 
കുറച്ച് വെള്ളം കുടിച്ച ശേഷം ടീച്ചര്‍ തുടര്‍ന്നു- 

കുട്ടികളെ പഠിപ്പിക്കലും കവിതയുമൊക്കെ ചേര്‍ന്നപ്പോള്‍ ഞാന്‍ കൂടൂതല്‍ ഉന്മേഷവതിയായി. സ്‌കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സംസാരിക്കുന്നതിനിടയില്‍ ഗൈഡ്സ് സ്റ്റേറ്റ് ട്രെയിനിങ്ങ് കമ്മീഷണര്‍ ബി. വസന്ത മുറിയിലേക്കു വന്നു. രമണി ടീച്ചറെക്കുറിച്ച് അവരോട് ചോദിച്ചപ്പോള്‍ പറഞ്ഞു- 'അറിവിന്റെ നിറകുടമാണ് ടീച്ചര്‍. ജോലിയോട് വലിയ ആത്മാര്‍ഥത കാട്ടുന്നയാള്‍. സ്‌കൂളിനും സമൂഹത്തിനും സ്‌കൗട്ട് & ഗൈഡ്സിനുമൊക്കെ മുതല്‍ക്കൂട്ട് എന്ന് പറയാം. പിന്നെ ടീച്ചറുടെ കഴിവ് കവിത ചൊല്ലലില്‍ മാത്രമല്ല. കവിത എഴുത്തുമുണ്ട്. ടീച്ചര്‍ വളരെപ്പെട്ടെന്ന് എഴുതിയ ഗാനമായിരുന്നു ജില്ലാ റാലിയുടെ സ്വാഗത ഗാനമായി അവര്‍ തന്നെ ആലപിച്ചത്. ' 

വിദ്യാരംഗം കലാസാഹിത്യ വേദി, യുവജനോത്സവ കമ്മിറ്റികള്‍, കവി മണ്ഡലം, പ്രകൃതി സംരക്ഷണം, വനവത്കരണം എന്നിങ്ങനെ പല മേഖലകളിലും കുറെക്കാലമായി അവര്‍ സജീവമാണെന്ന് അപ്പോള്‍ നടന്ന സംസാരത്തില്‍ മനസ്സിലായി.
ടീച്ചര്‍ പഠിപ്പിക്കുന്ന മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചെന്നപ്പോള്‍ ചുറ്റിലും തറകെട്ടി സംരക്ഷിച്ച മനോഹരമായ ഒരു 
വൃക്ഷം കണ്ടിരുന്നു. അതിന്‍മേല്‍ ഒരു ബോര്‍ഡും- ബോധി. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ടീച്ചര്‍ ആവേശത്തോടെ പറഞ്ഞു. മരത്തിനെ സംരക്ഷിക്കാന്‍ ചെയ്തതാണത്. ഉദ്ഘാടനം ചെയ്യാന്‍ കവിയരങ്ങും സംഘടിപ്പിച്ചിരുന്നു. ബോധി മരം ചിന്തിക്കുന്നതുപോലൊരു കവിത ഞാനും അവതരിപ്പിച്ചു. അതു പറഞ്ഞ് കവിതയുടെ തുടക്കം ചൊല്ലി- 
ആത്മവിദ്യാലയ മുറ്റത്ത് ഞാന്‍ കൈകൂപ്പി
ആദിത്യമരുളുന്നൊരാത്മ 
ചൈതന്യം...

പിന്നെ...എനിക്ക് സന്തോഷം പകര്‍ന്ന വേറൊരു കാര്യം കൂടി പറയട്ടെ. സ്‌കൂളില്‍ ഞാന്‍ നട്ട കൊന്നമരം ഇത്തവണ ആദ്യമായി പൂത്തു. അതു പറഞ്ഞ് ഫോണെടുത്ത് കൊന്ന പൂത്തുനില്‍ക്കുന്നതിന്റെ ഫോട്ടോകാണിച്ചു തന്നു. അതു പറയുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു.

ramani

'സ്‌കൂളിലും, വീട്ടു പറമ്പിലും പൊതുസ്ഥലത്തുമൊക്കെ മരം നട്ടുപിടിപ്പിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. സ്‌കൂളില്‍ എന്റെ മരം പദ്ധതിയില്‍ പരമാവധി കുട്ടികളെ പങ്കാളികളാക്കും. ഒരു മരം നട്ട പരിപാലിക്കുമ്പോള്‍ പുതിയ തലമുറയിലേക്ക് വലിയൊരു സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്.' 

പിന്നെ...രോഗത്തെ രണ്ടുതവണ മറികടക്കാന്‍ എനിയ്ക്ക് താങ്ങും തണലുമായി നിന്ന കുറച്ചുപേരുണ്ട്. ഒന്ന് എന്റെ സ്നേഹനിധിയായ ഭര്‍ത്താവ് തന്നെ...മാട്ടാങ്കോട്ട് രാഘവന്‍ എന്നാണ് പേര്. മക്കള്‍ അമൃതയും അര്‍ജുനും. എന്റെ കൂടപിറപ്പുകള്‍. എന്റെ സഹപ്രവര്‍ത്തകര്‍. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍...എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനകളും സഹായിച്ചു. 
എന്റെ കുടുംബത്തില്‍ ഈ അസുഖം ഞാനടക്കം നാലുപേര്‍ക്ക് വന്നു. എനിക്ക് താങ്ങായി നിന്നിരുന്ന സഹോദരന്‍ കാന്‍സറിനു കീഴടങ്ങിയത് ഇതിനിടയില്‍ വലിയ സങ്കടമായി. രോഗം വൈകി തിരിച്ചറിഞ്ഞതാണ് കുഴപ്പമായത്. ഇപ്പോള്‍ എനിക്ക് ഒരു പ്രശ്നം മാത്രമേയുള്ളൂ. കുറച്ചധികം നേരം സംസാരിക്കുമ്പോള്‍ അല്പം വെള്ളം കുടിക്കണം. വായ വരളുന്നത് ഒഴിവാക്കാന്‍. 
പലര്‍ക്കും പ്രതീക്ഷയുടെ തിരിനാളമായി..വെളിച്ചമായി മാറിയ രമണി ടീച്ചറോട് കൈകൂപ്പി നന്ദി പറഞ്ഞ് ഞാന്‍ മട്ടന്നൂരില്‍ നിന്ന് മടങ്ങി. 

ടീച്ചറുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് എഴുതുമ്പോള്‍  ഖലീല്‍ ജിബ്രാന്റെ  പ്രവാചകനിലെ വരികള്‍ ഓര്‍ത്തുപോകുന്നു - 
'സ്നേഹപൂര്‍വം പ്രവര്‍ത്തിക്കുമ്പോള്‍ നീ നിന്നോടും മറ്റുള്ളവരോടും ഈശ്വരനോടും ബന്ധിപ്പിക്കപ്പെടുന്നു'. 

Content Highlights: cancer survivor stories, World Cancer Day 2020, health