മുപ്പത് വര്‍ഷം മുന്‍പ്

ച്ചുകാരനായ കോര്‍നേല്യസ് ഡീറ്റ്വോഴ്സ് അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ വന്നു. കേരളമായിരുന്നു യാത്രയിലെ ഒരു പ്രധാന കേന്ദ്രം. അതിനൊരു കാരണവുമുണ്ടായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന ഒരു മലയാളി സുഹൃത്തില്‍ നിന്നും കേരളത്തെക്കുറിച്ച് ധാരാളം കേട്ടറിഞ്ഞിരുന്നു. കുറച്ചുനാളിവിടെ ചുറ്റിക്കറങ്ങിയപ്പോള്‍ ഈ നാടിനെയും നാട്ടുകാരെയുമൊക്കെ ഇഷ്ടപ്പെടുകയും ചെയ്തു. 

ഒരു ദിവസം സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോള്‍ അവര്‍ പത്രത്തിലെ മാട്രിമോണിയല്‍ കോളം നോക്കുന്നതു കണ്ടു. എന്താണത് എന്ന് കോര്‍നേല്യസ് അന്വേഷിച്ചു. മാട്രിമോണിയല്‍ പരസ്യങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൗതുകമായി. അദ്ദേഹം സുഹൃത്തിനോടു പറഞ്ഞു- വധുവിനെ ആവശ്യമുണ്ട് എന്ന് ഞാനും ഒരു പരസ്യംകൊടുത്താലോ? ഈ നാട് ഏറെ ഇഷ്ടമായി. ഇവിടെ നിന്നു തന്നെ കല്യാണം കഴിച്ചാലോ? എനിക്ക് വേണ്ടി ഒരു പരസ്യം നല്‍കാമോ? അതൊരു തമാശയായിരുന്നില്ല. 
ഡച്ചുകാരനായ കോര്‍നേല്യസിന്റെ വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യം പത്രത്തില്‍വന്നു. പരസ്യം കണ്ട് കണ്ണൂര്‍ ചെട്ടിപ്പീടികയിലെ കെ.എന്‍.ശാന്തമ്മ മകള്‍ക്കുവേണ്ടി മറുപടി അയച്ചു. തുടരന്വേഷണമുണ്ടായി. രണ്ടുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടു.അങ്ങനെ അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍ പി.എം. രാജപ്പന്റെയും ശാന്തമ്മയുടെയും മകള്‍ സ്മിത തോമസ് നെതര്‍ലാന്റ്സിലെ കോര്‍നേല്യസ് ഡീറ്റ്വോഴ്സിനെ വിവാഹം കഴിച്ചു. 1988 ആഗസ്ത് 25ന് കണ്ണൂരിലെ ഇമ്മാന്യുല്‍ മാര്‍ത്തോമ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സ്മിത തോമസ് ഭര്‍ത്താവിനൊപ്പം നെതര്‍ലാന്റ്സിലേക്കു പോയി. ഹേഗ് എന്ന പ്രശസ്ത നഗരത്തിന്റെ തിരക്കില്‍...തണുപ്പില്‍...ആയിരുന്നു തുടര്‍ന്നങ്ങോട്ടുള്ള ജീവിതം. 

മൂന്നാഴ്ച മുന്‍പ്

കണ്ണൂരില്‍ നിന്നും സുഹൃത്തായ ഒരു വക്കീലിന്റെ ഫോണ്‍ വന്നു. ആരോഗ്യമാസികയില്‍ കാന്‍സര്‍ വന്നു മാറിയവരുടെ അനുഭവം എഴുതുന്ന കോളത്തിനു പറ്റിയ ഒരാളുണ്ട്. നെതര്‍ലാന്റ്സില്‍ സെറ്റില്‍ ചെയ്ത കണ്ണൂരുകാരിയാണ്. ഒരു സ്മിത തോമസ്. ബോള്‍ഡാണ്. ഇപ്പോള്‍ നാട്ടിലുണ്ട്. 

സ്മിതയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. വിളിച്ചു. പരിചയപ്പെട്ടു. കുറച്ചുനേരം സംസാരിച്ചു. കാന്‍സര്‍ വന്നു മാറിയ അനുഭവം വായനക്കാരുമായി പങ്കുവെക്കാമോ എന്നു ചോദിച്ചു. ' അതിനെന്താ. തീര്‍ച്ചയായും പറയാം. അതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണം കിട്ടുമെങ്കില്‍ നല്ലതല്ലേ?

രണ്ടുദിവസം കഴിഞ്ഞ് സ്മിതയെ കണ്ടുസംസാരിച്ചു. കോര്‍ണേല്യസ് കല്യാണം കഴിക്കാനും ഹേഗില്‍ എത്തിച്ചേരാനുമിടയായ സാഹചര്യത്തെക്കുറിച്ച് അപ്പോഴാണ് പറഞ്ഞത്. അവര്‍ ഭര്‍ത്താവിനെ കോര്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. 

smitha
സ്മിത ഹേഗില്‍

30 വര്‍ഷമായി ഹേഗില്‍ ജീവിക്കുകയാണെങ്കിലും സ്മിത നല്ല മലയാളത്തില്‍ തന്നെയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ ഹേഗിലെ ഒരു ഹെസ്‌കൂളില്‍ ടെക്നിക്കല്‍ ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നുണ്ട്. എസ്.എന്‍. കോളേജില്‍ നിന്ന് പ്രിഡിഗ്രി കഴിഞ്ഞ ശേഷം അവര്‍ ചെന്നൈ കലാക്ഷേത്രയില്‍ ഒരു വര്‍ഷം പഠിച്ചു. പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയ്ല്‍ നിന്ന് ഇംഗ്ലീഷില്‍ ഡിഗ്രിയെടുത്തു. കല്യാണം കഴിഞ്ഞ് നെതര്‍ലാന്റ്സില്‍ എത്തിയശേഷം കംപ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നു പഠിച്ചു. സ്‌കൂള്‍ ലാബില്‍ കംപ്യൂട്ടര്‍ ലാബില്‍ അസിസ്റ്റന്റായി കുറച്ചുനാള്‍ ജോലിചെയ്തു. അതിനുശേഷം ടെക്ക്നിക്കല്‍ ലാബ് അസിസ്റ്റന്റ് കോഴ്സിന് പഠിച്ചു. മൂന്നു വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണത്. അത് പാസായ ശേഷമാണ് ഇപ്പോഴത്തെ ജോലിക്ക് ചേര്‍ന്നത്. വീട്ടില്‍ ഭര്‍ത്താവും രണ്ടുപെണ്‍മക്കളുമാണുള്ളത്. കോര്‍നേല്യസ് അവിടെ ഇന്റര്‍നാഷണല്‍ റഫറന്‍സ് സെന്ററിലാണ്. 

അല്പം ഹേഗ് വിശേഷങ്ങള്‍ പറഞ്ഞശേഷം അസുഖം വന്നകാലത്തെ കാര്യങ്ങള്‍ ഓരോന്നായി സ്മിത ഓര്‍ത്തെടുത്തു.
'എനിക്ക് 2010 അവസാനം മുതല്‍ വയറ്റില്‍ ഇടക്കിടെ ചെറിയ പ്രശ്നങ്ങള്‍ വരുമായിരുന്നു. വയറുവേദന ഉള്‍പ്പടെ. അപ്പോഴൊക്കെ ഫാമിലി ഡോക്ടറെ കാണിച്ചു. മരുന്നു കഴിക്കും. മാറുകയും ചെയ്യും. നെതര്‍ലാന്റ്സിലെ സമ്പ്രദായ പ്രകാരം എല്ലാവര്‍ക്കും ഫാമിലി ഡോക്ടര്‍ ഉണ്ട്. അങ്ങനെ വേണം എന്നത് നിര്‍ബന്ധമാണ്. അല്ലാതെ നേരിട്ട് ആശുപത്രിയിലേക്ക് പോകാന്‍ പറ്റത്തില്ല. അസുഖം ഉണ്ടെങ്കില്‍ ഫാമിലി ഡോക്ടറെ വിളിച്ചു പറയും. രോഗതീവ്രത അനുസരിച്ച് അപ്പോള്‍ തന്നെയോ അല്ലെങ്കില്‍ പിന്നീടോ ചെല്ലാന്‍ പറയും. ചിലപ്പോള്‍ മരുന്നു കഴിക്കാന്‍ പറയും. ചെന്നു കണ്ടാല്‍ ലാബ് ടെസ്റ്റുകള്‍ നടത്തും. സങ്കീര്‍ണമാണെങ്കില്‍ ആശുപത്രിയിലെ ലാബിലേക്ക് വിടും.

എന്റെ വയറ്റിലെ പ്രശ്നങ്ങള്‍ വരും, മാറും എന്ന നിലയില്‍ മുന്നോട്ടുപോയി. കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഇടക്കിടെ ഡിപ്രഷന്‍ വരുന്നതുപോലെ. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലതാനും. ഈ വിഷാദഭാവത്തോടൊപ്പം ക്ഷീണവും ഉണ്ടായിരുന്നു. ഡോക്ടറിനെ കണ്ടപ്പോള്‍ ജോലിത്തിരക്കും മനസ്സമ്മര്‍ദവുമൊക്കെ കൊണ്ടാവും എന്നു പറഞ്ഞു. അതല്ലെങ്കില്‍ ആര്‍ത്തവവിരാമം വന്നെത്തുന്നതിനു മുന്‍പുള്ള ലക്ഷണങ്ങള്‍ നേരത്തെ വന്നതായിരിക്കാം എന്നും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ആണ് വയറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നും സംശയിച്ചു. ക്ഷീണവും ഡിപ്രഷനും തുടര്‍ന്നുകൊണ്ടേയിരുന്നു. 2012-ല്‍ ഒരു ദിവസം സ്‌കൂളില്‍ ജോലിചെയ്തുകൊണ്ടിരിക്കേ കുഴഞ്ഞുവീണു. സ്‌കൂളില്‍ തന്നെ ചെക്കപ്പ് ചെയ്തു. അവിടുന്ന് ഫാമിലി ഡോക്ടറിന്റെയടുത്ത് പറഞ്ഞുവിട്ടു. ഡോക്ടര്‍ നോക്കിയപ്പോള്‍ പ്രഷര്‍ ഭയങ്കര ലോ ആയിരുന്നു, ശ്വസിക്കാന്‍ പ്രയാസം. മാനസിക പിരിമുറുക്കം കൂടുതലാണ് മനസ്സ് ശാന്തമാവണം എന്നൊക്കെ ഡോക്ടര്‍ പറഞ്ഞു. കുറച്ചുകാലം റെസ്റ്റെടുക്കാനും പറഞ്ഞു. രണ്ടുമാസം ലീവെടുത്തു. വിശ്രമിച്ചു. എന്തോ രോഗമുണ്ട് എന്ന് വെറുതെ ആലോചിച്ച് ടെന്‍ഷന്‍ ആവുകയാണെന്ന് സുഹൃത്തുക്കളൊക്കെ കളിയാക്കിപ്പറയും.

2013 ആയപ്പോഴേക്കും ക്ഷീണം കൂടിക്കൂടി വന്നു. ഒക്ടോബര്‍ മാസത്തില്‍ ഒരു സംഭവമുണ്ടായി. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ബെഡില്‍ രക്തക്കറ! വയറ്റില്‍ നിന്നും രക്തം വന്നതാണെന്ന് മനസ്സിലായി. ഫാമിലി ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ സ്ഥലത്തില്ല. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം മറ്റൊരു ഡോക്ടറെ പോയി കണ്ടു. ഹേഗിലെ ലയന്‍ബര്‍ഗ് ആശുപത്രിയില്‍. അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു-കൊളൊണോസ്‌കോപ്പി ചെയ്യണം. പിന്നെ പറഞ്ഞു. പേടിക്കയൊന്നും വേണ്ട. സാധാരണ നിലയില്‍ 55 വയസ്സൊക്കെ കഴിയുമ്പോഴാണ് കോളന്‍ കാന്‍സറിനൊക്കെ സാധ്യത വരുന്നത്. ഇതിപ്പോള്‍ പ്രായം അത്രയൊന്നും ആയിട്ടില്ലല്ലോ. എന്തായാലും കൊളൊണോസ്‌കോപ്പി ചെയ്യാം. എന്തെങ്കിലും ഇന്‍ഫെക്ഷന്‍ ഉണ്ടോയെന്നു നോക്കാം. 

അങ്ങനെ സ്‌കോപ്പിചെയ്തു. ഈ പരിശോധന കഴിഞ്ഞാല്‍ അരമുക്കാല്‍ മണിക്കൂറോളം ചെറിയൊരു മയക്കമുണ്ടാകും. എന്റെ മയക്കം മാറിയപ്പോള്‍ അരികിലായി കോര്‍ ഇരിക്കുന്നുണ്ടായിരുന്നു. ബെഡില്‍ എഴുന്നേറ്റിരുന്നു ഞാന്‍ പറഞ്ഞു- പരിശോധന കഴിഞ്ഞില്ലേ കോര്‍...
നമുക്ക് പോകാം. 
അപ്പോള്‍ കോര്‍ പറഞ്ഞു. പറ്റില്ല. 
പരിശോധന കഴിഞ്ഞതാണല്ലോ. റിസല്‍റ്റ് പിന്നെ വന്നു വാങ്ങിച്ചാല്‍ പോരേ? പിന്നെന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. 
നിന്റെ വയറ്റില്‍ ഒരു ട്യൂമര്‍ ഉണ്ടത്രെ- കോര്‍ പറഞ്ഞു.
ട്യൂമര്‍ ഉണ്ടെങ്കില്‍ പിന്നെ വന്നു കാണിച്ച് ഓപ്പറേഷന്‍ ചെയ്താല്‍ പോരെ എന്നു ഞാന്‍ ചോദിച്ചു. 
അതു പോര. അവരുവന്നു നിന്നോടു സംസാരിക്കണം പോലും. അദ്ദേഹത്തിന്റെ മുഖം വല്ലാതായതു പോലെ തോന്നി. 
അപ്പോഴേക്കും ഹെഡ് നഴ്സ് എത്തി. വിവരങ്ങള്‍ അറിഞ്ഞില്ലേ എന്നു ചോദിച്ചു. 
പിന്നെ വന്നു കാണിച്ചാല്‍ പോരെ എന്നു ഞാന്‍ ചോദിച്ചു.
അപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്- സ്മിതയുടെ മയക്കം മാറിയില്ലേ? 
മയക്കം മാറി എന്നു പറഞ്ഞു. പിന്നെന്താണ് ഇങ്ങനെ ചോദിക്കുന്നത്. നോക്കൂ. മുഴ ചെറുതല്ല. 8-10 സെ.മീറ്റര്‍ വലുപ്പമുണ്ട്. അതിന്റെ സീരിയസ്നെസ് മനസ്സിലായില്ലെന്നുണ്ടോ. അതുനീക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണ്. ഡോക്ടര്‍ അതേക്കുറിച്ച് വിശദീകരിക്കും. 
മുഴ കുഴപ്പമില്ലാത്തതും ഉണ്ടാകാലോ എന്നു ഞാന്‍ ചോദിച്ചു. 
ഇത് മലിഗ്‌നന്റ് ആണെന്നാണ് സംശയിക്കുന്നത്. പേടിക്കയൊന്നും വേണ്ട. ഇപ്പോള്‍ കണ്ടെത്താനായല്ലോ. ഇത് പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനങ്ങളുണ്ട്. ഓപ്പറേഷന്‍ വേണം. അധികം വൈകരുത്. 
എനിക്ക് കാന്‍സര്‍ ആണെന്ന സൂചന അതില്‍ നിന്നും ലഭിച്ചു. വന്‍കുടലിലെ കാന്‍സര്‍. 
ഞങ്ങള്‍ പിറ്റേന്ന് സര്‍ജനെ കണ്ടു. സര്‍ജന്‍ രോഗവിവരങ്ങള്‍ വിശദീകരിച്ചു തന്നു- വന്‍കുടലില്‍ എവിടെയാണ് രോഗം, എന്തൊക്കെ ചികിത്സകളാണ് നല്‍കുക എന്നൊക്കെ. ആദ്യം റേഡിയേഷന്‍ ചെയ്യും. ട്യൂമര്‍ പടരുന്നത് തടയാനാണിത്. അഞ്ച് ദിവസം റേഡിയേഷനുശേഷമാണ് ഓപ്പറേഷന്‍ ചെയ്യുക. റേഡിയേറ്റ് ചെയ്ത സ്ഥലം ഉള്‍പ്പടെ ട്യൂമര്‍ നീക്കും. പിന്നെ ബാക്കി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കും. 
ചിലപ്പോള്‍ സ്റ്റോമ ബാഗ് വേണ്ടിവരും. സ്റ്റോമക്കുള്ള സ്ഥലം അടയാളപ്പെടുത്തും. സ്റ്റോമയെക്കുറിച്ച് ആ വിഭാഗത്തില്‍ നിന്ന് നഴ്സുമാര്‍ പറഞ്ഞു തരും. ഡോക്ടര്‍ ഇങ്ങനെ കുറെ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. ബയോപ്സി റിപ്പോര്‍ട്ട് വരട്ടെയെന്നും പറഞ്ഞു. 

രോഗം ലിംച് സിന്‍ഡ്രോം (Lynch syndrome) ആണെന്ന സംശയം ഉണ്ടായിരുന്നെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അതൊരു അപകടകരമായ അവസ്ഥയാണ്. വന്‍കുടലിലെ കാന്‍സറിനു പുറമെ ആമാശയം, അണ്ഡാശയം, ചെറുകുടല്‍, ഗര്‍ഭപാത്രത്തിലെ ഉള്‍സ്തരം എന്നിവിടങ്ങളിലൊക്കെ കാന്‍സര്‍ പ്രത്യക്ഷപ്പെടാവുന്ന അവസ്ഥ. 

smitha
സ്മിത ഭര്‍ത്താവിനൊപ്പം

നാല് ദിവസം കഴിഞ്ഞ് ബയോപ്സി റിസല്‍ട്ട് വന്നു. എന്റെ ഭാഗ്യം. ലിംച് സിന്‍ഡ്രോം അല്ല. ആ സംശയം മാറി. എന്റെ നിര്‍ഭാഗ്യം. വന്‍കുടലില്‍ കാന്‍സര്‍ ആണ്. 48-ാം വയസ്സില്‍ വന്‍കുടലില്‍ കാന്‍സര്‍ വന്നിരിക്കുന്നു. ഈ നാട്ടില്‍ അപൂര്‍വമായേ ഈ പ്രായത്തില്‍ കോളന്‍ കാന്‍സര്‍ വരാറുള്ളത്രെ. 

രോഗത്തെക്കുറിച്ചു മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് ടെന്‍ഷനടിക്കരുതെന്ന് ചികിത്സാ സംഘം പറഞ്ഞുതന്നിരുന്നു. 'രോഗത്തെക്കുറിച്ച് പലരും പല അഭിപ്രായവും പറയും. അതൊന്നും കാര്യമാക്കരുത്. ഒരോ രോഗിയും വ്യത്യസ്തരാണ്. വന്‍കുടലിലെ കാന്‍സര്‍ തന്നെ പലരിലും വ്യത്യസ്തമായിരിക്കും. നീണ്ടുകിടക്കുന്ന കുഴലുപോലെയാണത്. അതില്‍ എവിടെയെങ്കിലുമാകാം ട്യൂമര്‍ വരുന്നത്. ചിലത് തീവ്രത കൂടിയതാവാം. ചിലത് തീവ്രതകുറഞ്ഞതാവാം. അതുമാത്രമല്ല ഓരോ ശരീരവും വ്യത്യസ്തമാണ്. ഒരിക്കലും ഒരാളുടെ അനുഭവമായിരിക്കില്ല മറ്റൊരാള്‍ക്ക്. അതുകൊണ്ട് നിങ്ങളുടെ രോഗത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്.' ഡോക്ടര്‍മാര്‍ പറഞ്ഞുതന്ന കാര്യങ്ങളാണിത്.

എന്തായാലും വൈകാതെ ചികിത്സ തുടങ്ങി. ആദ്യം റേഡിയേഷന്‍. തുടര്‍ച്ചയായ അഞ്ചു ദിവസം. അതിനുശേഷം ലാപ്രോസ്‌കോപ്പി ഓപ്പറേഷനിലൂടെ ട്യൂമര്‍ നീക്കി. അഞ്ച് ദിവസം കഴിഞ്ഞ് ആശുപത്രി വിടാന്‍ സാധിക്കും എന്നാണ് പറഞ്ഞിരുന്നത്. കഷ്ടകാലത്തിന് സര്‍ജറികഴിഞ്ഞ് രാത്രിയായപ്പോഴേക്കും എനിക്ക് പനിയും വേദനയും വന്നു. വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ പഴുപ്പ് നിറഞ്ഞ ഭാഗംകണ്ടെത്തി. ട്യൂബിടാന്‍ വീണ്ടുമൊരു സര്‍ജറികൂടി ചെയ്തു. സര്‍ജറിക്ക് ശേഷം പ്രഷര്‍ താഴ്ന്നു പോയി. നാല് മണിക്കൂറോളം റിക്കവറി റൂമില്‍. മൊത്തം 21 ദിവസം ഹോസ്പിറ്റലില്‍ തന്നെ നിന്നു. സര്‍ജറിക്കു മുന്‍പ് തന്നെ സ്റ്റോമയ്ക്കായി വയറിന്റെ ഒരുഭാഗത്ത് അടയാളം വരച്ചിരുന്നു. ചിലപ്പോള്‍ വേണ്ടി വരില്ലെന്നും പറഞ്ഞു. സര്‍ജറികഴിഞ്ഞ് കണ്ണുതുറന്ന ആദ്യം ഞാന്‍ നോക്കിയത് മാര്‍ക്ക് ചെയ്ത സ്ഥലത്ത് സ്റ്റോമ ചെയ്തിട്ടുണ്ടോയെന്നാണ്. അവിടെയില്ല. പക്ഷേ മറുഭാഗത്ത് ഉണ്ടായിരുന്നു. ഇത്രയും വലിയ അസുഖമാണെന്നറിഞ്ഞിട്ടും എന്നെ സങ്കടപ്പെടുത്തിയത് ജീവിതകാലം മുഴുവന്‍ ഈ സ്റ്റോമയും വച്ചുകൊണ്ട് ജീവിക്കേണ്ടിവരുമോ എന്നോര്‍ത്തായിരുന്നു. ഭാഗ്യത്തിന് എന്റെ കാര്യത്തില്‍ സ്റ്റോമ താത്കാലികമായിരുന്നു. പത്തുമാസം കഴിഞ്ഞപ്പോള്‍ സ്റ്റോമ മാറ്റി. 

മലദ്വാരത്തിന് ചുറ്റുമുള്ള മസിലിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടുപോയാല്‍ സ്ഥിരമായി സ്റ്റോമ വേക്കേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ സര്‍ജറിക്കു മുന്‍പ ് തന്നെ മസ്സിലിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന എകസര്‍സൈസ് ചെയ്യുമായിരുന്നു. 

വീട്ടിലെത്തിയശേഷം സ്റ്റോമ മാറ്റാനും വൃത്തിയാക്കാനുമായി രണ്ടു നേരം രണ്ടു സിസ്റ്റേര്‍സ് വന്നിരുന്നു. പിന്നീട് ഞാന്‍ തന്നെ മാറ്റാനും വൃത്തിയാക്കാനും പഠിച്ചു. ഈ സമയത്ത് എനിയ്ക്ക് ഭയങ്കരപ്രശ്നമായിരുന്നു. പക്ഷേ കുട്ടികളും ഭര്‍ത്താവും അതൊരു വലിയ കാര്യമായി കണക്കാക്കാതെ എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. റേഡിയേഷനും സര്‍ജറിയുമൊക്കെ കഴിഞ്ഞപ്പോള്‍ പീരിയഡ്സ് നിന്നുപോയിരുന്നു. അതൊരു വല്ലാത്തടെന്‍ഷനായിരുന്നു. അപ്പോഴും ഭര്‍ത്താവും സുഹൃത്തുക്കളും മറ്റും എനിയ്ക്ക് ഓരോകാര്യങ്ങള്‍ പറഞ്ഞ് എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ചു. 
സര്‍ജറി കഴിഞ്ഞ് അധികം മരുന്നുകളൊന്നും തന്നിരുന്നില്ല.  കുറച്ച് വേദന സംഹാരികളും പിന്നെ വയര്‍ ശാന്തമാകാനുള്ള ഒരു മരുന്നും മാത്രം. അത് ഇപ്പോഴും കഴിക്കുന്നുണ്ട് . 2014 ഡിസംബര്‍ 15 -ന് സ്റ്റോമ റിവേഴ്സല്‍ ഓപ്പറേഷന്‍. സ്റ്റോമ മാറ്റി.അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വിട്ടിലേക്ക്.' 

സാധാരണ മിക്കവാറുമാളുകള്‍ കാന്‍സര്‍ ആണെന്നു അറിഞ്ഞ സമയത്ത് ഭയന്നു..കരച്ചില്‍ വന്നു...പിന്നെ നേരിടാന്‍ തീരുമാനിച്ചു...എന്നൊക്കെയാണ് പറയാറ്. പക്ഷേ സ്മിതയുടെ സംസാരത്തില്‍ പേടി എന്നൊരു വാക്കോ ഭാവമോ കടന്നുവന്നില്ല. ഞാന്‍ ചോദിച്ചു- അന്നത്തെ പ്രതിസന്ധിഘട്ടത്തെ സ്മിത എങ്ങനെയാണ് പതറാതെ മറികടന്നത്? 

'കാന്‍സര്‍ വന്നതിനെക്കുറിച്ച് ഞാന്‍ വളരെ ഈസിയായി പറയുന്നു എന്നു നിങ്ങള്‍ക്കുതോന്നാം. ഞാന്‍ ഒരു കാര്യം പറയട്ടെ- നമ്മള്‍ വിഷമിച്ചതുകൊണ്ടോ കരഞ്ഞതുകൊണ്ടോ ഒന്നും വന്ന അസുഖം മാറില്ലല്ലോ? അതിനാല്‍ ഇനിയങ്ങോട്ട് എന്താണ് ചെയ്യാനാവുക എന്നല്ലേ നോക്കേണ്ടത്. അതുകൊണ്ട് തന്നെ ഭയന്നില്ല. രോഗം ഇതാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞില്ല. ഞാനിപ്പോള്‍ മരിക്കാന്‍ പോകുന്നു എന്നൊന്നും തോന്നിയതേയില്ല. കാന്‍സര്‍ ഉണ്ട്. അതുകൊണ്ട് ചികിത്സിക്കണം. അത്രയേ തോന്നിയുള്ളൂ. നമ്മള്‍ സ്ട്രോങ്ങായിരുന്നാല്‍ നമ്മളോട് അടുത്തുള്ളവരും സ്ട്രോങ്ങാവും. ഞാന്‍ ധൈര്യമായിരുന്നില്ലെങ്കില്‍ എന്റെ കൂടെയുള്ളവര്‍ വിഷമിക്കില്ലേ? അതുകൊണ്ടുതന്നെ ഞാന്‍ ടെന്‍ഷനടിക്കാതെ നിന്നു. ആരെയും കരയിക്കാതെ. മനസ്സമ്മര്‍ദം കൂടിയാല്‍ മുന്നോട്ടുള്ള വഴിയെക്കുറിച്ച് വ്യക്തത കിട്ടില്ല. അസുഖം വേഗം ഭേദമാകണം എന്നതിനെക്കുറിച്ചു മാത്രമാണ് ഞാന്‍ ചിന്തിച്ചത്.  

പിന്നെ ഞാന്‍ ദൈവ വിശ്വാസിയാണ്. എനിക്ക് മേലെ ഒരാളുണ്ട് എന്ന് വിശ്വസിക്കുന്നയാള്‍. ആ വിശ്വാസം മനസ്സിന് ബലം നല്‍കിയിരുന്നു. പിന്നെ പോസിറ്റീവ് വശങ്ങളെക്കുറിച്ചും ആലോചിച്ചു. ഏറെ പുരോഗമിക്കും മുന്‍പ് രോഗം കണ്ടുപിടിക്കാന്‍ പറ്റിയല്ലോ. നല്ല ചികിത്സാ സൗകര്യങ്ങള്‍ ഉള്ള നാട്ടിലാണ് ഉള്ളത് താനും. ഇതൊക്കെ ധൈര്യം പകര്‍ന്നു. സാമ്പത്തികത്തെക്കുറിച്ച് ചിന്തിച്ചു വിഷമിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല എന്നതും രക്ഷയായി. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉള്ളതുകൊണ്ട് ചികില്‍സക്കുവേണ്ടുന്ന പണത്തെകുറിച്ച് ആശങ്കപ്പെടേണ്ടിവന്നില്ല. 

എന്റെ കുടുംബം, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ എല്ലാവരും എനിയ്ക്ക് ധൈര്യം തന്ന് കൂടെ നിന്നു. അസുഖമിതാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിനാകെ ടെന്‍ഷനായിരുന്നു. ആദ്യം കുട്ടികളെയൊന്നും അറിയിക്കേണ്ടെന്നു വിചാരിച്ചെങ്കിലും മൂത്തമകളെ സര്‍ജറിയുടെ സമയത്ത് അറിയിച്ചിരുന്നു. മൂത്തമകള്‍ക്കപ്പോള്‍ 15 വയസ്സായിരുന്നു. ഇളയകുട്ടിക്ക് 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവളോട് പറഞ്ഞില്ല. പിന്നെ നാട്ടില്‍ അനിയന്‍മാരെ മാത്രം അറിയിച്ചു. സുഖമില്ലാതിരിക്കുന്നതിനാല്‍ ഈയവസ്ഥയില്‍ അച്ചനെ അറിയിക്കേണ്ടെന്നും പറഞ്ഞു. ' 

നെതര്‍ലാന്റ്സില്‍ ചികിത്സ കഴിഞ്ഞ റിക്കവറിങ് കാന്‍സര്‍ രോഗികള്‍ക്ക് കൂടിച്ചേരാനും അവരുടെ അനുഭവം പങ്കുവെയ്ക്കുവാനുമൊക്കെ സൗകര്യങ്ങള്‍ ഉണ്ട്. ഫിസിയോതെറാപ്പിക്കും അവസരം ഉണ്ട്. എന്റെ ഫോളോ അപ് ആദ്യത്തെ മൂന്ന് വര്‍ഷം എല്ലാ ആറുമാസത്തിലൊരിക്കലായിരുന്നു. എക്കോ കാര്‍ഡിയോഗ്രാഫി, രക്തപരിശോധനകള്‍ എന്നിവയൊക്കെ എല്ലാ ആറുമാസത്തിലും, കൊളോണോസ്‌കോപ്പി എല്ലാ ഒന്നരവര്‍ഷത്തിലും ചെയ്തു വന്നു. 

ഇപ്പോള്‍ എല്ലാം സാധാരണപോലായില്ലേ? പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഒന്നുമില്ല. ഹാപ്പിയായിരിക്കുന്നു. ഭക്ഷണക്രമം കുറച്ചൊക്കെ അലട്ടുന്നുണ്ട്. വയര്‍ വളരെ സെന്‍സിറ്റീവാണിപ്പോള്‍. അതിനാല്‍ ശ്രദ്ധയോടെയേ കഴിക്കാറുള്ളൂ. മിതമായ ഭക്ഷണം മാത്രം. ഒരുപാട് വെള്ളം കുടിക്കണം. സര്‍ജറിക്കുശേഷം പല ഭക്ഷണ സാധനങ്ങളും അലര്‍ജിയായി. ഭക്ഷണങ്ങള്‍ ഒക്കെ കഴിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും വയര്‍പെട്ടെന്ന് അപ്സെറ്റാകുന്നതിനാല്‍ മസാല കൂടുതലുള്ള ഭക്ഷണങ്ങള്‍ സര്‍ജറി കഴിഞ്ഞയുടെനെ ഒഴിവാക്കിയിരുന്നു. 

ഫേസ്ബുക്കില്‍ കാന്‍സര്‍ വന്നുമാറിയവരുടെ ഓരോ ഗ്രൂപ്പുണ്ട്. ഓരോ തരത്തിലുള്ള കാന്‍സറിന് പ്രത്യേകം ഗ്രൂപ്പാണ്. നമ്മുടെ സംശയങ്ങളും പ്രയാസങ്ങളും അവിടെ ചോദിക്കാം. ചര്‍ച്ച ചെയ്യാം. അത് ആശ്വാസം തരും. അനുഭവസ്ഥര്‍ക്ക് മാത്രമേ അത്തരം സാഹചര്യത്തിലുള്ളവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും ഒരു മാര്‍ഗം ഉപദേശിച്ചുതരുവാനും സാധിക്കുകയുള്ളു. ഇത്തരത്തില്‍ ഫേസ്ബുക്കിലെ വന്‍കുടലില്‍ കാന്‍സര്‍ വന്നു മാറിയവരുടെ ഗ്രൂപ്പ് എനിക്ക് വലിയ സഹായവും ആശ്വാസവുമായിരുന്നു. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പല സംശയങ്ങള്‍ക്കും അവിടെ നിന്നും പ്രായോഗിക ഉത്തരങ്ങള്‍ കിട്ടി. 

കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ നെതര്‍ലാന്റ്സില്‍ സൗജന്യ സ്‌ക്രീനിങ്ങുണ്ട്. കൗമാരത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സറിന് എതിരെയുള്ള വാക്സിനേഷന്‍ ഗവണ്‍മെന്റ് നടത്തുന്നുണ്ട്.' 

സംസാരത്തിന്റെ അവസാനം സ്മിത എല്ലാവര്‍ക്കുമായി ഉപദേശം നല്‍കി- 'ശരീരം ചില സൂചനകള്‍ തരും. അത്തരത്തില്‍ അസ്വാഭാവികമായ എന്തെങ്കിലും സൂചനകള്‍ കണ്ടാല്‍ ഡോക്ടറെ കാണണം. പരിശോധിക്കണം. അതവിടെ നില്‍ക്കട്ടെ.. പിന്നെ നോക്കാം എന്നു ചിന്തിക്കരുത്. ചിലപ്പോള്‍ ഒന്നുമില്ലായിരിക്കാം. എന്നാലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ വേഗത്തില്‍ കണ്ടെത്താലോ. നേരത്തെ കണ്ടെത്തിയാല്‍ രോഗം വേഗത്തില്‍ ഭേദമാക്കാം.' 

മീനമാസത്തിലെ കത്തുന്ന ചൂടിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. 
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സ്മിത തോമസ് നെതര്‍ലാന്റ്‌സിലേക്ക് തിരിച്ചു പോയി. ഹേഗിലെ മഞ്ഞിന്റെ തണുപ്പിലേക്ക്. 

Content Highlights: cancer survivor stories, World Cancer Day 2020, health