ണ്ണൂരില്‍ നിന്ന് കുറ്റിയാട്ടൂരിലേക്ക് പോകാന്‍ പല വഴികളുണ്ട്. വലിയന്നൂര്‍ വഴി പോകുന്ന ബസ്സിലാണ് ഞാന്‍ കയറിയത്. ലൈന്‍ ബസ്സ് ആയതിനാല്‍ ഒട്ടുമിക്ക സ്റ്റോപ്പിലും നിര്‍ത്തിയാണ് പോകുന്നത്. വലിയന്നൂര്‍ കവലയില്‍വെച്ച് ബസ് മട്ടന്നൂര്‍ റോഡില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു. ഇതുവഴി ആദ്യമായി പോവുകയാണ്. ബസ് കുറച്ചൂദൂരമോടി. ഒരിടത്തു നിര്‍ത്തിയപ്പോള്‍ സ്ഥലം ഏതാണ് എന്നറിയാന്‍ പുറത്തേക്ക് നോക്കി. കടകളുടെ ബോര്‍ഡില്‍ സ്ഥലപ്പേരുണ്ട്- മുണ്ടേരിമൊട്ട. രണ്ടോ മൂന്നോ സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ കയ്പ്പക്കമൊട്ട എത്തി. തെക്കന്‍ കേരളത്തിലെ പാവയ്ക്കയാണ് കണ്ണൂരിലെ കയ്പ്പക്ക.

ഇതെന്തുപേരാണ്...എങ്ങിനെ വന്നതാവും പേര് എന്നാലോചിച്ച് ഇരിക്കുന്നതിനിടയില്‍ ദേ വരുന്നു അടുത്ത മൊട്ട. ഇത് ചെറുവത്തലമൊട്ട. കണ്ണൂരില്‍ ഇതുപോലുള്ള മൊട്ടകള്‍ കുറെയുണ്ട്.

ഏതായാലും കൂടുതല്‍ മൊട്ടകള്‍ വരും മുമ്പ് ബസ് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തെത്തി. അത് അവസാന സ്റ്റോപ്പാണ്. ബസ്സില്‍ നിന്നിറങ്ങി. നാരായണേട്ടനെ ഫോണില്‍ വിളിച്ചു. 
ഞാന്‍ പഞ്ചായത്ത് ഓഫീസിനടുത്തെത്തി. ഇനി എങ്ങോട്ടാണ് വരേണ്ടത്? 
'എത്തിയോ? അവിടെ നിന്നൊരു ഓട്ടോയില്‍ കേറി വരുമോ ? കുറുവോട്ടുമൂല എന്നു പറഞ്ഞാല്‍ മതി. കൂനങ്കണ്ടി നാരായണന്റെ വീട് എന്ന്... ഞാനങ്ങോട്ടു വരണോ... ? '
ഞാന്‍ എത്തിക്കോളാം എന്നു പറഞ്ഞു. ഓട്ടോ കിട്ടാന്‍ ചട്ടുകപ്പാറ വരെ തിരിച്ചു നടക്കേണ്ടി വന്നു. ഓട്ടോയില്‍ കേറി സ്ഥലം പറഞ്ഞു. നാട്ടുവഴികളിലൂടെ ഓട്ടോ മുന്നോട്ടുപോയി. റോഡില്‍ കുറെ ഇറക്കങ്ങള്‍. ഇടയ്ക്ക് ഡ്രൈവര്‍ ചോദിച്ചു- കുറുവോട്ടുമൂലയില്‍ 
എവിടെയാ? 
കൂനങ്കണ്ടി നാരായണന്റെ വീട് എന്നു പറഞ്ഞു. അതറിയാം എന്നു പറഞ്ഞു ഡ്രൈവര്‍ ചിരിച്ചു. രണ്ടു വളവ് തിരിഞ്ഞ് ഓട്ടോ ഒരു വീട്ടുമുറ്റത്ത് കൊണ്ടുനിര്‍ത്തി. ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ മുറ്റത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു.അദ്ദേഹം കൈകള്‍ മുണ്ടിന്റെ തുമ്പില്‍ തുടച്ചു. എന്നിട്ട് കൈപിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാനാ... നാരായണന്‍. 

ആദ്യമായി കാണുകയാണ് അദ്ദേഹത്തെ. പറഞ്ഞു കേട്ടിട്ടേയുള്ളൂ. രണ്ടുതവണ ഫോണില്‍ വിളിച്ച പരിചയവും. ശരാശരി പൊക്കമുള്ള മനുഷ്യന്‍. നീല ഷര്‍ട്ടും പഴയ കാവിമുണ്ടുമാണ് വേഷം. മുടിയും താടിയും മീശയുമൊക്കെ കുറെ നരച്ചിട്ടുണ്ട്. 
ചിരിച്ചുകൊണ്ട് പറഞ്ഞു. 'വരൂ..കയറി ഇരിക്കൂ' നാരായണേട്ടന്റെ ചിരിയില്‍ നിറയെ സ്നേഹം ഉള്ളതായി തോന്നി. ഷൂസ് അഴിച്ചുവെക്കുന്നതിനിടയില്‍ ചുമരില്‍ ചെറിയൊരു ബോര്‍ഡ് കണ്ടു. മടപ്പുരക്കല്‍ വീട്. ' ഞാന്‍ വയലില്‍ നിന്നും എത്തിയതേയുള്ളൂ. പച്ചക്കറിക്ക് വെള്ളം കോരാനുണ്ടായിരുന്നു. വെയിലിനു ചൂടായി തുടങ്ങി...അതുകൊണ്ടു കേറി. ഇനി വൈകിട്ടാവാം.' നാരായണേട്ടന്‍ പറഞ്ഞു. 

കുറച്ചുനേരം കുശലം പറഞ്ഞിരുന്നു. നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഈ നാടിന്റെ പേര് പുറം നാടുകളിലെല്ലാം എത്തിച്ച പ്രശസ്തമായ കുറ്റിയാട്ടൂര്‍ മാങ്ങയെക്കുറിച്ച്...ഇത്തവണ മാവ് പൂക്കാന്‍ വൈകുന്നതിനെക്കുറിച്ച്...

പിന്നെ വന്ന കാര്യത്തെക്കുറിച്ചായി സംസാരം. നാരായണേട്ടന് കാന്‍സര്‍ വന്നതിനെക്കുറിച്ച്...അതിനെ നേരിട്ടതിനെക്കുറിച്ച്... ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ച്...ഇതിനിടയില്‍ അദ്ദേഹത്തിന്റെ മകന്‍ നിവേദ് ചായയുമായി വന്നു. 

narayanan
നാരായണേട്ടന്‍ കൃഷിസ്ഥലത്ത്‌

ചായ ഊതിക്കുടിക്കുന്നതിനിടയില്‍ രോഗം ഉലച്ചുകളഞ്ഞ നാളുകളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും നാരായണേട്ടന്‍ പറഞ്ഞു തുടങ്ങി. '2012 - ലാണ് സൂക്കേടുള്ള കാര്യം മനസ്സിലാവുന്നത്. ഞാന്‍ ലോഡിങ്ങ് തൊഴിലാളിയായിരുന്നു. ചെങ്കല്ലിന്റെ പണി. കല്ലുവെട്ട് പണയില്‍നിന്ന് കല്ലെടുത്തു കയറ്റണം. അധ്വാനമുള്ള പണിയാ. ആ കാലത്ത് എന്റെ മുട്ടിന്റെയടുത്തായി ഒരു മുഴയുണ്ടായിരുന്നു. മുഴയ്ക്കും ഒരു ചരിത്രമുണ്ട്. അതു പറയാം. 2006 - ലാണെന്നാണ് ഓര്‍മ. മുട്ടിനു കീഴെ ഒരു മുറിവുണ്ടായിരുന്നു. അത് ഉണങ്ങിയ ശേഷമാണ് അതിനടുത്ത് ഒരു ചെറിയ കുരുപോലെ വന്നത്. വേദനയൊന്നുമുണ്ടായിരുന്നില്ല. അസ്വസ്ഥതകളുമില്ല. അതുകൊണ്ടുതന്നെ ഇതൊരു വിഷയമായെടുത്തില്ല. അങ്ങനെ വര്‍ഷങ്ങള്‍ പോയി. ഒരിക്കല്‍ മയ്യിലുള്ള ജുനൈദ് ഡോക്ടറെ കാണിച്ചപ്പോള്‍ അതെടുത്തു കളയണമെന്നു പറഞ്ഞിരുന്നു. പക്ഷെ ഞാനൊന്നും ചെയ്യാന്‍ പോയില്ല. പക്ഷേ 2012 ആയപ്പോഴേക്കും മുഴ വലുതായി വന്നു. അതൊരു അടയ്ക്കയുടെ വലുപ്പമായി.

അപ്പോഴാണ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കാണിച്ചത്. അവിടുന്ന് ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞു. ടെസ്റ്റ് ചെയ്യാന്‍ മുഴയില്‍ നിന്ന് കുത്തിയെടുക്കുകയും ചെയ്തിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം ഡോക്ടര്‍ പറഞ്ഞു- ഇത് വളരുന്ന ഒരു മുഴയാണ്, കുറച്ച് ആഴത്തിലും വീതിയിലും എടുക്കേണ്ടിവരും, ഒരു മാസം അഡ്മിറ്റ് ചെയ്യേണ്ടി വരും എന്നൊക്കെ. റിസല്‍ട്ട് എന്താണെന്നൊന്നും പറഞ്ഞിരുന്നില്ല. തുരന്ന് എടുക്കേണ്ടി വരും എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആയിക്കോട്ടെയെന്ന് ഞാനും പറഞ്ഞു. അവിടെ രണ്ടു പ്രാവശ്യമായി 33 ദിവസം അഡ്മിറ്റായി. മുഴ ഓപ്പറേഷന്‍ ചെയ്ത് എടുത്തുകളഞ്ഞു. പിന്നെ എന്നോട് വേറൊരു ഡോക്ടറെ കാണാന്‍ പറഞ്ഞു. അവിടെ നിന്നു പറയുന്ന ചികിത്സ വേണ്ടിവരുമെന്നും. ഞാനും മോനും കൂടി ചെന്നു. ആ മുറിയുടെ മുന്നില്‍ അര്‍ബുദമെന്ന് എഴുതിവെച്ചതു കണ്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി. ഞാന്‍ ഡോക്ടറോട് കാര്യം തിരക്കി. അപ്പോള്‍ പറഞ്ഞു ട്യൂമറിന്റെ കംപ്ലയിന്‍ാണ് എന്ന്. അതിന് ഒരു വര്‍ഷത്തെ ചികില്‍സ വേണ്ടി വരും. ചെലവിന്റെ കാര്യമൊക്കെ അറിഞ്ഞപ്പോള്‍ അതിലും വലിയ ഞെട്ടലായി. ഈ ഞാന്‍ ലക്ഷങ്ങള്‍ എവിടുന്നുണ്ടാക്കാന്‍'. 

ഓപ്പറേഷന്‍ ചെയ്ത ഡോക്ടറോട് ഞാന്‍ ചോദിച്ചു- എന്തേ സാറേ രോഗം ഇതാണെന്ന് പറയാഞ്ഞതെന്ന്. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു- നീ പേടിക്കേണ്ട എന്നു കരുതിയാണ് പറയാതിരുന്നത്. പേടിക്കുകയൊന്നും വേണ്ട. ചികില്‍സയുണ്ട്. പൈസവേണമെന്നേയുള്ളു. 

ഞാന്‍ പറഞ്ഞു 'സാറെ ഞാന്‍ സാമ്പത്തികമായി മോശം അവസ്ഥയിലാണ്, സര്‍ക്കാര്‍ സംവിധാനത്തില്‍ എവിടെയെങ്കിലും കാണിക്കാന്‍ വഴിയുണ്ടാക്കിത്തരണമെന്ന്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ നിര്‍ദേശിച്ചു എന്നോട്. ഡോക്ടര്‍ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേള്‍ക്കാത്ത അവസ്ഥയിലായിരുന്നു. മനസ്സാകെ വല്ലാതായി. ആകെമൊത്തം ടെന്‍ഷനും പേടിയും'.

വീട്ടില്‍ തിരിച്ചെത്തിയ ശേഷം മയ്യിലില്‍ വന്നു. ജുനൈദ് ഡോക്ടറെ കണ്ടു. ജുനൈദ് ഡോക്ടറും ഞാനും തമ്മില്‍ അങ്ങനെയൊരു ബന്ധമാണ്. ഡോക്ടര്‍ പറഞ്ഞു. 'നാരായണാ ആര്‍.സി.സിയില്‍ പോയിക്കോളൂ. കണ്ണൂരില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കേന്ദ്രത്തില്‍ കാണിച്ച് റഫറന്‍സ് ആക്കൂ. എന്നിട്ട് ആര്‍.സി.സിയില്‍ ചെല്ലൂ. ' 

സംസാരിച്ചിരിക്കുന്നതിനിടയില്‍ നാരായണേട്ടന്‍ ചികിത്സാ രേഖകള്‍ എനിക്ക് നീട്ടി. അതില്‍ രോഗം എന്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് - സോഫ്റ്റ് ടിഷ്യു സാര്‍ക്കോമ. ശരീരത്തിലെ പേശികള്‍,സംയോജിത കലകള്‍, നാഡികള്‍, കൊഴുപ്പുകലകള്‍ എന്നിവയെയൊക്കെ ബാധിക്കുന്ന ഒരുതരം കാന്‍സറാണത്.

നാരായണേട്ടന്‍ തുടര്‍ന്നു- 'തിരുവനന്തപുരത്ത് ആര്‍.സി.സിയില്‍ ചെന്നു. കാണിച്ചു. ഡോക്ടര്‍ പറഞ്ഞു 'കാന്‍സറാണ്, ഇത് ഓപ്പറേഷന്‍ ചെയ്തിട്ട് പോയിട്ടില്ല. ഇതിനകത്ത് കുറച്ചുകൂടിയുണ്ട്. അത് ഓപ്പറേഷന്‍ ചെയ്ത് എടുത്തുകളയണം. റേഡിയേഷന്‍, കീമോതെറാപ്പി എന്നീ ചികിത്സകളും ചെയ്യണം. ചികിത്സ കുറച്ചു കാലം നീണ്ടുനില്‍ക്കും. അത് കൃത്യമായി ചെയ്യുമെങ്കില്‍ മാത്രം ഇവിടെ അഡ്മിറ്റ് ചെയ്താല്‍ മതി'. 

ഞാന്‍ പറഞ്ഞു ഞാന്‍ കൃത്യമായി ചികില്‍സചെയ്യാമെന്ന്. എല്ലാ ടെസ്റ്റുകളും കഴിഞ്ഞപ്പോള്‍ ഡേറ്റ് വാങ്ങി പോയ്ക്കോളാന്‍ പറഞ്ഞു. ഒരു മാസം അപ്പുറത്ത് ഓപ്പറേഷന് ഡേറ്റ് തന്നു. ഞാന്‍ നാട്ടിലേക്ക് തിരിച്ചു വന്നു. എന്നാല്‍ ആര്‍.സി.സി.യില്‍ അഡ്മിറ്റ് ആക്കുന്നതിന് രണ്ടു ദിവസം മുന്‍പ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 

എന്റെ കാലില്‍ ഇടുപ്പിനോട് ചേര്‍ന്ന് കഴല വീക്കം ഉള്ളതായി തോന്നി. ഇത് കണ്ടപാടെ ഞാന്‍ ജുനൈദ് ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു' നാരായണാ ഇത് കഴല വീക്കമാണെന്നു തോന്നുന്നില്ല. വേറെയും മുഴ വന്നതാണെന്നു തോന്നുന്നു. അതുകൊണ്ട് അടിയന്തിരമായി സര്‍ജനെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുക.' അങ്ങനെ ഞാന്‍ വീണ്ടും ആര്‍.സി.സിയിലെ സര്‍ജനെ കണ്ടു. കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനു ശേഷം മുഴയില്‍ നിന്നും കുത്തിയെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയച്ചു. ഓപ്പറേഷന്‍ ഡേറ്റും മാറ്റി. പരിശോധന ഫലം വന്ന ശേഷം ഡോക്ടര്‍ എന്നെ വിളിച്ചുപറഞ്ഞു-'നേരത്തേ തീരുമാനിച്ച ഓപ്പറേഷന്‍ മാത്രം മതിയാകില്ല. രോഗം കഴലകളിലേക്ക് പടര്‍ന്നിട്ടുണ്ട്. നാല് ഓപ്പറേഷന്‍ വേണ്ടി വരും. മൂന്ന് മാസം എഴുന്നേറ്റ് നടക്കാന്‍ കുറച്ചു വിഷമമുണ്ടാകും' -ഞാന്‍ സമ്മതിച്ചു. 

'ആദ്യഘട്ട ഓപ്പറേഷന്‍ കഴിഞ്ഞു. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ ആരോഗ്യപ്രശ്നങ്ങള്‍ വന്നു. 22 ദിവസം ഐ.സി.യുവില്‍ കിടക്കേണ്ടി വന്നു. എന്താണ് രോഗം എന്ന് തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ. ആര്‍.സി.സിക്കു പുറമെ ശ്രീചിത്രയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നുമെല്ലാം ഡോക്ടര്‍മാര്‍ വന്നു നോക്കി. ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം ഷുഗര്‍
 കൂടിയതും പ്രശ്നമായി എന്നൊക്കെ തോന്നുന്നു'. 

'കുറച്ചു നാള്‍ കഴിഞ്ഞ് നാട്ടിലേക്ക് വന്നു. പിന്നീട് പോകേണ്ട ഡേറ്റിന് തിരിച്ചുപോകുമ്പോള്‍ ട്രെയിനില്‍ വച്ച് അസ്വസ്ഥതകള്‍ വന്നു. എറണാകുളത്ത് ഇറക്കി ആംബുലന്‍സിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. അഡ്മിറ്റായി കുറച്ചു ദിവസം കഴിഞ്ഞ് അടുത്ത ഓപ്പറേഷന്‍ നടത്തി. ഒരുമാസം ഞാനവിടെ കിടന്നു. വളരെ അവശനിലയിലായിരുന്നു. കിടന്ന കിടപ്പിലായി. ശരീരത്തിന് തീരെ ബലമില്ലാത്തപോലെ. ശയ്യാവ്രണം വരുമെന്നും എങ്ങനെയെങ്കിലും എഴുന്നേറ്റിരിക്കണം, നടക്കണം എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവിതത്തിലേക്ക് എങ്ങനെയെങ്കിലും തിരിച്ചുവരണമെന്ന് എന്റെയുള്ളിലും ചിന്തവന്നു. കിടക്കയില്‍ കിടന്നുകൊണ്ട് കാലുകള്‍ ഇളക്കി...മടക്കി...കിടക്കയില്‍ ചവിട്ടിയും തിക്കിയുമൊക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യമാദ്യം ഡോക്ടര്‍മാര്‍ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി പിച്ചവെച്ചു നടക്കാന്‍ തുടങ്ങി. റീജിണല്‍ കാന്‍സര്‍ സെന്റിലെ വാര്‍ഡിലൂടെ 52-ാം വയസ്സില്‍ വീണ്ടും നടക്കാന്‍ പഠിച്ചു. ആരുടെയെങ്കിലും കൈപിടിച്ചും ചുമര്‍പിടിച്ചുമൊക്കെ മെല്ലെ നടന്നു തുടങ്ങി. പിന്നെ ഡോക്ടര്‍ പറഞ്ഞു ഷേവ് ചെയ്യണമെന്ന്. അങ്ങനെ സ്വന്തമായി ഷേവ് ചെയ്തു. പിന്നെ കുളിക്കണം എന്നു പറഞ്ഞു. പതിയെ ജീവിതത്തിലേയ്ക്ക് വീണ്ടും എത്തുന്നതായി തോന്നി. '

'തിരുവനന്തപുരത്തു നിന്നു ഞാന്‍ നാട്ടിലേക്ക് വന്നു. മൂന്ന് മാസം കഴിഞ്ഞ് ഫോളോഅപ്പിന് തിരുവന്തപുരത്തേക്ക് വീണ്ടും പോയി. അപ്പോഴാണ് ഓപ്പറേഷന്‍ മാത്രമേ ചെയ്തിട്ടുള്ളൂ ബാക്കി ചികിത്സ ചെയ്യണമെന്ന കാര്യം പറയുന്നത്. രോഗം പടരാതിരിക്കണമെങ്കില്‍ കീമോതെറാപ്പി വേണം. എനിക്കിതൊന്നുമറിയില്ലല്ലോ. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള രോഗികള്‍ ഇനി മുതല്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാണിച്ചാല്‍ മതിയെന്ന് നിര്‍ദേശമുണ്ടെന്ന് അവിടുന്ന് പറഞ്ഞു.അങ്ങനെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തി. അവിടുന്നും പരിശോധനകള്‍ ചെയ്തു. ഒരു ദിവസം ചെന്നപ്പോള്‍ പറഞ്ഞു വീട്ടില്‍ ഉത്തരവാദപ്പെട്ടയാരെയെങ്കിലും കൂട്ടി വരണമെന്ന്. പിറ്റേദിവസം ഒരു ജീപ്പില്‍ ഭാര്യ, മകന്‍, മകള്‍, അളിയന്‍ എന്നിവരെയൊക്കെ കൂട്ടി പോയി. എന്നെ പുറത്തിരുത്തി ഡോക്ടര്‍ അവരോട് രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് വിവരിച്ചു. 
ശരീരത്തില്‍ മുഴകള്‍ ഇനിയും ഉണ്ട്, റിസ്‌കുണ്ട് എന്നൊക്കെ.

ഡോക്ടറെ കാണാന്‍ പോയവരൊക്കെ കരഞ്ഞുകൊണ്ടാണ് പുറത്തേക്കു വന്നത്. ഞാന്‍ ഡോക്ടറുടെ മുറിയില്‍ കയറിയപ്പോള്‍ പറഞ്ഞു- 'സാറെ എനിക്ക് ഒന്നും പറ്റില്ല. നിങ്ങള്‍ എന്തു ചികിത്സ വേണമെങ്കിലും ചെയ്തോ. ധൈര്യത്തില്‍ ചെയ്തോ. എനിക്ക് ധൈര്യമുണ്ട്. അതിനുവേണ്ടി ഇനി വേറെയെവിടെയെങ്കിലും പോകാനും പറ്റില്ല'. 'ആകെ മുങ്ങിയാല്‍ ശീതമില്ല എന്നാണല്ലോ' - നാരായണേട്ടന്‍ മുഖത്തേക്ക് നോക്കി പറഞ്ഞു.

'മലബാര്‍ കാന്‍സര്‍ സെന്ററില്‍ കീമോതെറാപ്പി തുടങ്ങി രണ്ട് ഡോസ് എടുത്തപ്പോഴേക്കും ക്ഷീണം വന്നു. ഞാനാകെ ഡൗണായി. പല ആരോഗ്യപ്രശ്നങ്ങള്‍കൊണ്ടും ഞാന്‍ നേരത്തേ തന്നെ അവശനായിരുന്നല്ലോ. ആ സമയത്ത് എന്റെ മോളുടെ കല്യാണനിശ്ചയം കഴിഞ്ഞതായിരുന്നു. അക്കാര്യം ഡോക്ടറോട് പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു- 'നാരായണാ,  കല്യാണം വേഗം നടത്തണം'.

എന്തുകൊണ്ടാണ് ഡോക്ടര്‍ അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ ഊഹിച്ചു. 'എന്റെ കാര്യം ഏകദേശം തീരുമാനമായി അല്ലേ സാറേയെന്ന്് ' ഞാന്‍ ഡോക്ടറോട് ചോദിച്ചതോര്‍മയുണ്ട്. 'അതൊന്നും നീ നോക്കണ്ട കല്യാണം നടക്കട്ടെ. ചികിത്സ അതിനിടയിലും ചെയ്യാലോ.' ഡോക്ടര്‍ പറഞ്ഞു. 

'കല്യാണം വേഗം തന്നെ നടത്തി. അഞ്ച് കീമോ കഴിഞ്ഞ സമയത്തായിരുന്നു കല്യാണം. ബാക്കി കീമോയും റേഡിയേഷനുമൊക്കെ ചെയ്തു. അരക്കെട്ടിന് കീഴ്ഭാഗത്തായുള്ള മുഴയില്‍ റേഡിയേഷന്‍ നല്‍കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതിനാല്‍ അവിടെ റേഡിയേഷന്‍ ഒഴിവാക്കി. തത്കാലം അങ്ങനെ പോകട്ടെ. കീമോ ചെയ്തതിനാല്‍ നിലവില്‍ അപകടമില്ല എന്ന വിലയിരുത്തലായിരുന്നെന്നു തോന്നുന്നു. കൃത്യമായി കാന്‍സര്‍ സെന്ററിലെത്തി പരിശോധനകളും തുടര്‍ ചികിത്സകളും സ്വീകരിക്കണമെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. ആദ്യം 15 ദിവസം കൂടുമ്പോള്‍ ചെല്ലുമായിരുന്നു. പിന്നെ മാസത്തില്‍ ഒരുതവണയായി. പിന്നെ മാസമായി. ഇപ്പോള്‍ രണ്ടുമാസം കൂടുമ്പോഴാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചെന്ന് പരിശോധന നടത്തുന്നത്. പറഞ്ഞ ഡേറ്റിന് കൃത്യമായി ചെല്ലും. തലശ്ശേരി കാന്‍സര്‍ സെന്ററില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. അത് മറക്കാനാവില്ല. അതിപ്പോഴും കിട്ടുന്നു.' 

ഒരിക്കല്‍ എറണാകുളത്തുള്ള കാന്‍സര്‍ വിദഗ്ധനെ നാട്ടില്‍വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു- 'സാറെ ഇത് ഇനി തിരിച്ചുവരാന്‍ സാധ്യതയുണ്ടോയെന്ന് '. 
വരാം. വരാതിരിക്കാം. പക്ഷേ അതേക്കുറിച്ചൊന്നും ആലോചിച്ചിരിക്കേണ്ട. ഉത്സാഹത്തോടെ ജീവിക്കാന്‍ നോക്ക്. കൃത്യമായി ചെക്കപ്പ് ചെയ്യൂ എന്നാണ് സാറ് പറഞ്ഞത്. പഴയതുപോലെ ഉത്സാഹത്തോടെ കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു എന്റെ മനസ്സിലും. 

'വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ എന്തോപോലെ തോന്നുമായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് വിചാരിച്ച് ഞാന്‍ ഇടയ്ക്ക് കൈക്കോട്ടെടുത്ത് മെല്ലെ കൊത്തിനോക്കും. ഭാര്യയും മക്കളും വയലില്‍ പച്ചക്കറി നടാനും നനക്കാനുമൊക്കെ പോകും. ഞാനും പിറകെ വടിയൊക്കെ കുത്തി ചെല്ലും. ആളുകാണുമ്പോള്‍ വടി മാറ്റിവെക്കും. പച്ചക്കറിക്ക് വെള്ളം നനയ്ക്കുമ്പോള്‍ അവിടെ പോയി നില്‍ക്കും. കളകളൊക്കെ പറിച്ചുകളയും. വലിയ ജോലിയൊന്നും ചെയ്യാന്‍ അവരെന്നെ സമ്മതിക്കില്ല. പക്ഷേ ഈയൊരു ചുറ്റുപാടുകള്‍ എനിക്ക് വലിയ സന്തോഷം പകര്‍ന്നു. 

narayanan
നാരായണേട്ടന്‍ കൃഷിസ്ഥലത്ത്‌

വീട്ടിലെയും പുരയിടത്തിലെയും ചെറിയ പണികള്‍ ചെയ്തുതുടങ്ങി പിന്നെ. അപ്പോള്‍ മനസ്സിനും ശരീരത്തിനും വലിയ മാറ്റമുണ്ടായി. ഇപ്പോള്‍ ജീവിത രീതികള്‍ ആകെ മാറി. രണ്ട് വര്‍ഷമായി ഞാന്‍ എല്ലാദിവസവും വയലില്‍ പോയി പണിയെടുക്കുന്നു. കൃഷി കൂടുതലുണ്ടെങ്കില്‍ സഹായത്തിനു ആളെയാക്കും. ഇപ്പോള്‍ ഒരേക്കര്‍ പച്ചക്കറി നട്ടിട്ടുണ്ട്. എല്ലാവരും നല്ല പ്രോത്സാഹനമാണ്. അത്യാവശ്യം സാമൂഹിക പ്രവര്‍ത്തനവുമുണ്ട്. പ്രോത്സാഹനം കിട്ടുമ്പോള്‍ നമുക്ക് ഒരു മാറ്റം വരും. കഴിഞ്ഞ വര്‍ഷം കാന്‍സറിനെ അതീജീവിച്ചവരുടെ പരിപാടി ഉണ്ടായിരുന്നു. അതില്‍ എന്നെ വിളിച്ചു. ആദരിച്ചു. എനിക്ക് ഒരു ട്രോഫി തന്നു. ഇതിലൊക്കെ പങ്കെടുക്കുമ്പോള്‍ മനസ്സിന് ഒരു മാറ്റം വരും. രോഗിയല്ലാ എന്ന് തോന്നും. ' 
വര്‍ത്തമാനം തുടരുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു-
നാരായണേട്ടാ...ഒന്നു വയലിലേക്ക് പോയാലോ. കൃഷി സ്ഥലമൊക്കെ കാണാലോ?
പോകാലോ. കുറച്ചു നടക്കണം. 
മോന്റെ കൂടെ ബൈക്കില്‍ പോകുന്നോ? 
വേണ്ട. സംസാരിച്ചുകൊണ്ടു നടക്കാം. 
ഞങ്ങള്‍ ഇറങ്ങി. മുറ്റത്തു നിന്നു പറമ്പിലേക്ക് കയറുമ്പോള്‍ ഒരു അയലില്‍ കുറച്ചു റബര്‍ ഷീറ്റുകള്‍ ഉണക്കാനിട്ടിരിക്കുന്നു. 
ഇതാരുടേയാ റബര്‍? 
എന്റെയാ. കുറച്ചു റബറുണ്ട്. 70 മരം. നാരായണേട്ടന്‍ അവിടെ നിന്ന് പറമ്പിലേക്ക് വിരല്‍ചൂണ്ടി റബര്‍ മരങ്ങള്‍ കാണിച്ചു.. 
അതില്‍ ടാപ്പിങ് ഉണ്ട്. കുറച്ചേ ഉള്ളൂ എന്നതിനാല്‍ ടാപ്പിങ്ങിന് ആളെ കിട്ടില്ല. അതുകൊണ്ട് ഞാനതങ്ങു പഠിച്ചു. ഇപ്പോള്‍ ടാപ്പിങ്ങ് ഞാന്‍ തന്നെ ചെയ്യും. ഷീറ്റാക്കാന്‍ അടുത്തൊരു സ്ഥലമുണ്ട്.
ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആ മനുഷ്യനെ മനസ്സുകൊണ്ടു നമിച്ചു. 

ഞങ്ങള്‍ വലിയൊരു പറമ്പിലേക്ക് കടന്നു. മുണ്ട് മടക്കിക്കുത്തി നാരായണേട്ടന്‍ മുന്നില്‍ നടന്നു. പറമ്പില്‍ നിറയെ തെങ്ങുകള്‍. വലിയ മരങ്ങള്‍. തെങ്ങോലകളും മറ്റും പരക്കെ വീണുകടക്കുന്നു. പറമ്പ് വൃത്തിയാക്കാത്തുപോലെ. 'ഇതിന്റെ ഉടമ സ്ഥലത്തില്ല. അതിനാല്‍ പറമ്പൊന്നും ശ്രദ്ധിക്കാതായി.' 

തട്ടുതട്ടായുള്ള പറമ്പാണ്. ഇറങ്ങി പോവുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു- ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണേ. 
കുറച്ചു നേരം നടന്ന് വയലിനടുത്തെത്തി. 
വെള്ളമൊഴുകിപ്പോകുന്ന ചാലിന് കുറുകെ തെങ്ങിന്‍ തടി ഇട്ടിരിക്കുന്നു. അതു കടന്നു വേണം അപ്പുറത്തെത്താന്‍. അതില്‍ കറിയപ്പോള്‍ നാരായണേട്ടന്‍ കൈ പിറകിലേക്ക് നീട്ടി. ആ വിരലില്‍പിടിച്ചു ഞാന്‍ നടന്നു. ഇത്തവണ കൃഷിയിറക്കാത്ത വയലിലൂടെ മുന്നോട്ടു നടന്നു. പുല്ലിലൊക്കെ മഞ്ഞുതുള്ളികള്‍ പറ്റിനില്‍ക്കുന്നു. ഷൂസും പാന്റ്സിന്റെ അറ്റവുമൊക്കെ അതില്‍ തട്ടി നനയുന്നു. വയലിന്റെതായ പ്രത്യേക മണവും അവിടെയുണ്ടായിരുന്നു. കുറെക്കാലമായി ഈ മണം അനുഭവിച്ചിട്ട്. 

'രാവിലെ അഞ്ചരയ്ക്ക് എണീക്കും ഞാന്‍. ആറര ആകുമ്പോഴേക്കും വയലില്‍ എത്തും- വര്‍ത്തമാനം പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നു. ഒരു സ്ഥലത്തെത്തി നാരായണേട്ടന്‍ നിന്നു. 'ഈ വാഴകളൊക്കെ ഇത്തവണ നട്ടതാ. കുറേ കന്നുവാഴകള്‍ തൊട്ടുകാണിച്ചു പറഞ്ഞു. കഴിഞ്ഞ കൊല്ലം മുന്നോറോളം വാഴകള്‍ വെച്ചിരുന്നു. മോശമല്ലാത്ത കുലയും കിട്ടി'. അതില്‍ നിന്ന് കുറച്ചു പൈസ എനിക്കുണ്ടാക്കാന്‍ പറ്റി. എത്രയോ കാലംകൂടിയിട്ടാ കൃഷിയില്‍ നിന്നു കുറച്ചു പൈസകിട്ടിയത്. '

പച്ചക്കറി പുതുതായി നട്ടതേയുള്ളൂ. പച്ചക്കറി തൈകള്‍ കാണിച്ചുപറഞ്ഞു. ഇതിനൊക്കെ രാവിലെ വെള്ളം കോരിയതാ '. 
പച്ചക്കറികൃഷിയില്‍ ഒരു ലാഭവും കിട്ടില്ല. മൂന്ന് മാസം നമ്മള്‍ നട്ടുനനച്ചുണ്ടാക്കുന്ന പച്ചക്കറി തന്നെ കഴിക്കാനാവും എന്നുമാത്രം. പിന്നെ ഇതിന്റെ ലാഭം എന്നത് മനസ്സിന് കിട്ടുന്ന സന്തോഷമാണ്. കുടുംബക്കാര്‍ക്കും, അപ്പുറവും ഇപ്പുറവും എല്ലാം പച്ചക്കറികള്‍ കൊടുക്കും. കഴിഞ്ഞ വര്‍ഷം കനത്ത വിളവായിരുന്നു. പച്ചക്കറികള്‍ ധാരാളമുണ്ടായി. കുമ്പളങ്ങയൊക്കെ നല്ല വലുപ്പത്തിലുണ്ടായി. പക്ഷേ പറഞ്ഞിട്ടെന്താ. എല്ലാം വില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. അതൊക്കെ കെട്ടുപോകുന്നതു കാണുമ്പോള്‍ സങ്കടമാകും. കിട്ടിയ വിലയ്ക്ക് കൊടുത്തൊഴിവാക്കുകയായിരുന്നു അവസാനം. '

വയലില്‍ എത്തിയ നാരായണേട്ടന്റെ മകന്‍ നിവേദും ഇതേ സങ്കടം ആവര്‍ത്തിച്ചു. ഇപ്പോള്‍ വയലില്‍ ഈ ഭാഗത്തൊക്കെ പന്നി ശല്യവുമുണ്ട്. പന്നികള്‍ കൃഷി നശിപ്പിക്കുന്നണ്ട്. വയലില്‍ കുത്തിമറിച്ചിട്ട സ്ഥലം നിവേദ് കാണിച്ചുതന്നു. 
വെള്ളം കിട്ടാനായി വയലില്‍ ഒരു കുളംകുത്തിയതു കണ്ടു. അതില്‍ ധാരാളം വെള്ളമുണ്ട്. 'ഇപ്പോള്‍ ഇതിലെ വെള്ളം കോരിയാണ് നനയ്ക്കുന്നത്. പക്ഷേ മാര്‍ച്ച് അവസാനമാകുമ്പോഴേക്കും വറ്റും. പിന്നെ കുഴല്‍ക്കിണറിനെ ആശ്രയിക്കും.' നാരായണേട്ടന്‍ പറഞ്ഞു. 

വര്‍ത്തമാനം പറഞ്ഞുകൊണ്ട് വയലിലൂടെ മെല്ലെ നടന്നു. ചെറിയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട്. 

നാരായണേട്ടന്‍ രാഷ്ട്രീയത്തിലുണ്ടോ? വരാന്തയിലെ ചുമരിലെ ഒരു ചിത്രം കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നിയിരുന്നു. 
രാഷ്ട്രീയ പ്രവര്‍ത്തനം ചെറുതായി ഉണ്ട്. 
സി.പി.എമ്മില്‍. 
പാര്‍ട്ടി മെമ്പറാണോ ? അതേ.
ഏതു ബ്രാഞ്ചാ? കുറ്റിയാട്ടൂര്‍. ഇപ്പോള്‍ ഇവിടെ സെന്‍ട്രല്‍ ബ്രാഞ്ച് വേറെയും വന്നു. 
നടന്ന് കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ എത്തി. അവിടെ ഒരു ചെറിയ കട. ചായക്കടയും അനാദിയും പച്ചക്കറിയുമൊക്കെ ചേര്‍ന്നത്. നാരായണേട്ടന്‍ വിളിച്ചു ചോദിച്ചു- സുബൈദാ..നല്ല ചെറുപഴം എടുക്ക്. ഒരു ചായയും.
വേണ്ടെന്നു പറഞ്ഞിട്ടും കഴിക്കാതെ പോകല്ലേ എന്നു പറഞ്ഞു അദ്ദേഹം. അരികിലെ ബെഞ്ചില്‍ ഞാനിരുന്നു. മേശപ്പുറത്ത് വേഗം ചായ എത്തി. സുബൈദ അഞ്ചാറ് ചെറുപഴവും കൊണ്ടുവെച്ചു പറഞ്ഞു- കഴിക്കീന്‍. 
കുറ്റിയാട്ടൂര്‍ സെന്‍ട്രലില്‍ നിന്നു മടങ്ങാന്‍ നേരം നാരായണേട്ടന്‍ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു- 'പച്ചക്കറിയൊക്കെ ആയാല്‍ അറിയാക്കാം. വരണേ'..

കൈപിടിച്ചു കുലുക്കി യാത്ര പറയുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു- ലാല്‍സലാം സഖാവേ.

 കുറച്ചുവര്‍ഷം മുമ്പ് ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടന്നിരുന്ന വ്യക്തിയാണ് വയലിലും പറമ്പിലുമൊക്കെയായി ഈ പണികളെല്ലാം ചെയ്യുന്നത്. സാധാരണ മനുഷ്യരേക്കാളും ഉത്സാഹത്തോടെ.  

തിരിച്ച് പഞ്ചായത്ത് ഓഫീസിനടുത്ത് എത്തിയപ്പോള്‍ ഒരു ബസ്സ് അവിടെയുണ്ട്. ബസ് കണ്ണൂര്‍ക്ക് പോകുന്നത് ഇങ്ങോട്ടു വന്ന വഴിയല്ല. വീണ്ടുമൊരു മൊട്ടവഴിയാണ്. കുടുക്കിമൊട്ട വഴി. ബസ്സില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തത് നാരായണേട്ടന്റെ പോസിറ്റീവ് മനോഭാവത്തെക്കുറിച്ചും പച്ചക്കറി കര്‍ഷകരുടെ കഷ്ടതകളെക്കുറിച്ചുമൊക്കെയാണ്. 

Content Highlights: cancer Survivor stories, World Cancer Day 2020, health