'ചെറുനാരങ്ങ കാന്‍സര്‍കോശങ്ങളെ നശിപ്പിക്കാനുള്ള അദ്ഭുതമരുന്നാണ്. കീമോതെറാപ്പിയേക്കാള്‍ പതിനായിരം മടങ്ങ് ശേഷിയുണ്ട് ഇതിന്. കൂടാതെ എല്ലാതരം കാന്‍സറിനും ഇത് ഉപകാരപ്രദമാണ്. നിര്‍ഭാഗ്യവശാല്‍ മരുന്ന് കമ്പനിക്കാര്‍ ഈ രഹസ്യം പൂഴ്ത്തിവെച്ചിരിക്കുകയാണ്. അവര്‍ ഇതിന് ഒരു കൃത്രിമപതിപ്പ് ഉണ്ടാക്കി  വലിയ ലാഭം കൊയ്യാനുള്ള പരിശ്രമത്തിലാണ് അവര്‍.'-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, ബാള്‍ട്ടിമോര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ഈ സന്ദേശം ഏറെക്കാലമായി ചുറ്റിസഞ്ചരിക്കുന്നു. കണ്ടപാതി, കാണാത്ത പാതി, മനുഷ്യസ്‌നേഹികളായ നമ്മള്‍ സുഹൃദ്‌വലയത്തിലുള്ള സകലര്‍ക്കും ഇത് കൈമാറി  'ഉത്തരവാദിത്തം' നിറവേറ്റും. ഇങ്ങനെ കൈമാറുന്നതിനിടയില്‍ ആ സന്ദേശം നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും ഒരു കാന്‍സര്‍ രോഗിക്കോ, അവരെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും അടുത്ത ബന്ധുവിനോ ലഭിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായി. കീമോതെറാപ്പി പകുതിയായ/അല്ലെങ്കില്‍ തുടങ്ങാനിരിക്കുന്ന ആ മനുഷ്യനെ രോഗം പെട്ടെന്ന് സുഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധുജനങ്ങള്‍ നാരങ്ങ കഴിപ്പിക്കാന്‍ തുടങ്ങും. ഉഗ്രശേഷിയുള്ള ചെറുനാരങ്ങയ്ക്കുമുന്‍പില്‍ കീമോതെറാപ്പിയും തുടര്‍സന്ദര്‍ശനങ്ങളും മുടങ്ങാന്‍ തുടങ്ങും. ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ലാത്തതിനാല്‍ കഥയുടെ ക്ലൈമാക്‌സിലേക്ക് കടക്കുന്നില്ല.

ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ്

ഇത്തരം സന്ദേശങ്ങള്‍ കിട്ടുമ്പോള്‍ നാം ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ഒന്ന്-ഈ വസ്തുത ഏതെങ്കിലും ശാസ്ത്രീയ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നിട്ടുണ്ടോ? രണ്ട്-അങ്ങനെയെങ്കില്‍ ആ പഠനത്തില്‍ ഈ രീതി കാന്‍സര്‍ ചികിത്സയ്ക്ക് അനുയോജ്യമാണ് എന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തെളിയിക്കപ്പെട്ടിട്ടുണ്ടോ? മൂന്ന് - ഈ നിഗമനത്തിനിടയാക്കിയ പഠനം ശരിയായ ഗവേഷണമാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി നടന്നതാണോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ഏതിനെങ്കിലും ഉത്തരം 'അല്ല' എന്നാണ് എങ്കില്‍ സന്ദേശം 'ഡിലീറ്റ്' ചെയ്യാന്‍ അമാന്തിക്കരുത്. 

ഇനി സന്ദേശത്തിലേക്ക് വരാം. മരുന്നുകള്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സയെയാണ് പൊതുവില്‍ കീമോതെറാപ്പി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യത്യസ്ത കാന്‍സറുകള്‍ക്ക് അവയുടെ സ്വഭാവമനുസരിച്ച് കീമോതെറാപ്പി മരുന്നുകളിലും മാറ്റം ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരൊറ്റ കീമോതെറാപ്പി മരുന്ന് ഉപയോഗിച്ച് എല്ലാ കാന്‍സറുകളും ചികിത്സിക്കുക സാധ്യമല്ല. അതുപോലെ 'ഒരു മരുന്നിനേക്കാള്‍ ഇത്ര മടങ്ങ് ശേഷിയുള്ളതാണ് മറ്റൊരു മരുന്ന്' എന്ന താരതമ്യത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഓരോ കീമോതെറാപ്പി മരുന്നിനും അതിന്റേതായ ഉപയോഗക്രമമുണ്ട്. ആ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ പ്രതീക്ഷിതഫലം ലഭിക്കുന്നു. അതിനാല്‍ത്തന്നെ 'എല്ലാ കാന്‍സറിനും ഉള്ള ദിവ്യ ഔഷധം',  'കീമോതെറാപ്പിയെക്കാള്‍ പതിനായിരം മടങ്ങ് മികച്ചത്' എന്നീ അവകാശവാദങ്ങള്‍ പൊള്ളയാണ്.

ഇനി ശരിക്കും ചെറുനാരങ്ങയ്ക്ക് കാന്‍സറിനെ നേരിടാനുള്ളശേഷിയുണ്ടോ? ചെറുനാരങ്ങ അടങ്ങുന്ന നാരങ്ങകുടുംബത്തിലെ വിവിധഫലങ്ങള്‍, അവയുടെ തൊലി എന്നിവയില്‍ നിന്നെല്ലാം വേര്‍തിരിച്ചെടുത്ത പല ഘടകങ്ങളും അവയുടെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനുള്ള ശേഷി മനസ്സിലാക്കുവാനുള്ള നിരവധി പഠനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. ചില ഘടകങ്ങള്‍ പരീക്ഷണശാലയില്‍ കോശങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കൂടുതല്‍ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ നല്‍കുകയുണ്ടായെങ്കിലും അവയൊന്നും തുടര്‍പഠനങ്ങളില്‍ വലിയ പ്രതീക്ഷ നല്‍കുകയുണ്ടായില്ല. അതിനാല്‍ത്തന്നെ ഇന്ന് അവ കീമോതെറാപ്പി മരുന്നായോ അവയ്ക്ക് പകരമുള്ളതായോ ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നില്ല. മറിച്ചുള്ള പ്രചാരണമെല്ലാം അടിസ്ഥാനരഹിതമാണ്. വിറ്റാമിന്‍ സി യുടെ നല്ല ഒരു സ്രോതസ് ആണ് ചെറുനാരങ്ങ. ആ രീതിയില്‍ അതിനെ പ്രയോജനപ്പെടുത്തുന്നത് അഭികാമ്യമാണ്.

(തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരാണ് ലേഖകര്‍)

 

Content Highlights: cancer fake news awareness lemon, cancer awareness, World Cancer Day 2020