ന്ത്യയില്‍ 1982 -മുതല്‍ പുതിയ കാന്‍സര്‍ രോഗികളുടെ അനുപാതികമായ എണ്ണത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളൊന്നും കാണിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല വര്‍ഷാവര്‍ഷമുള്ള പുതിയ രോഗികളുടെ എണ്ണം മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. ലോകത്ത് ഒരു ലക്ഷം ആളുകളില്‍ 182 പേര്‍ക്ക്എന്ന തോതില്‍ ആണ് പുതിയ കാന്‍സര്‍ രോഗികളുടെ കണക്ക്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇത് 267 ആണ് എങ്കില്‍ ഇന്ത്യയില്‍ ഇത് 94 ആണ്. ഈ കണക്കുകള്‍ തന്നെ ഇന്ത്യ കാന്‍സര്‍ താരതമ്യേന കുറവുള്ള രാജ്യമാണെന്ന് വ്യക്തമാക്കുന്നു.

കാന്‍സര്‍ നാട്ടില്‍ കൂടി വരുകയാണ് എന്ന ചിന്ത വളരാനുള്ള അടിസ്ഥാനം മെച്ചപ്പെട്ട രോഗനിര്‍ണയ സംവിധാനം നമ്മുടെനാട്ടില്‍ ഇന്നുണ്ട് എന്നതും ഫലപ്രദമായ ചികിത്സയും രോഗവിമുക്തിയുമൊക്കെയാണ്. മുന്‍പ് കാന്‍സര്‍ രോഗം നിര്‍ണയിക്കാനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും കുറവായിരുന്നു. ഇന്ന് മെച്ചപ്പെട്ട രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുപക്ഷേ തിരിച്ചറിയുക പോലും ചെയ്യാതെ പോകുമായിരുന്ന രോഗങ്ങള്‍ കണ്ടെത്താന്‍ സഹായകരമാകുന്നു. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ ആളുകളെ ചികിത്സ തേടാന്‍ പ്രേരിപ്പിക്കുന്നു. ഇതു കൂടാതെ വര്‍ധിച്ചുവരുന്ന ആരോഗ്യ അവബോധം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം, കൂടുന്ന ജനസംഖ്യ എന്നിവയും ഈ ധാരണ കൂടാന്‍ കാരണമാകുന്നു. കാന്‍സര്‍ അടിസ്ഥാനപരമായി പ്രായമായവരുടെ അസുഖമാണ്. മൊത്തം ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ഏറുന്നതിനനുസരിച്ച് കാന്‍സര്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ, ജനസംഖ്യയ്ക്ക് ആനുപാതികമായ വര്‍ധന കാന്‍സര്‍ രോഗികളുടെ എണ്ണത്തിലും പ്രകടമാണ്. 

എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. കാന്‍സര്‍ നിമിത്തമുള്ള മരണനിരക്ക് ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നത്. വെറും മുപ്പത് ശതമാനത്തില്‍ താഴെ രോഗികള്‍ മാത്രമേ ഇന്ത്യയില്‍ രോഗാനന്തരം അഞ്ച് വര്‍ഷക്കാലയളവ് പൂര്‍ത്തിയാക്കുന്നുള്ളു. അമേരിക്കപോലുള്ള വികസിത രാജ്യങ്ങളില്‍ ഇത് ഇരട്ടിയോളമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും മാത്രമാണ് ഈ ന്യൂനത പരിഹരിക്കാനുള്ള ഏക മാര്‍ഗം. 

(തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരാണ് ലേഖകര്‍)

Content Highlights: cancer fake news, World Cancer Day 2020, health, cancer awareness