കാൻസറിനെ പറ്റി ധാരാളം തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പുകവലിക്കാത്തവർക്കും കാൻസർ വരുന്നുണ്ടല്ലോ?, പാരമ്പര്യമാണ് കാൻസറിന് കാരണം, കാൻസർ പകരും.. എന്നിങ്ങനെയൊക്കെ. കാൻസർ രോഗത്തിനെതിരേ പൊരുതാൻ വിലങ്ങുതടികളാണ് ഈ പ്രചാരണങ്ങൾ. ഇത്തരം വ്യാജ വാർത്തകൾക്കെതിരെയും നമ്മൾ ജാഗരൂകരാകണം. 

'പുകവലിക്കാത്തവര്‍ക്കും കാന്‍സര്‍ 

ഇങ്ങനെയൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. കാന്‍സറിന് വഴിവെക്കുന്ന അനവധി കാരണങ്ങളില്‍ ഒന്നുമാത്രമാണ് പുകവലി. രാജ്യത്ത് ഇന്ന് കണ്ടുവരുന്ന കാന്‍സറില്‍ മുപ്പത് ശതമാനത്തിന്റെ കാരണം മാത്രമാണ് പുകയില. ഇതേ പ്രാധാന്യം തന്നെയുണ്ട് ജീവിത ശൈലിയിലെയും ഭക്ഷണ ക്രമത്തിലെയും മാറ്റങ്ങള്‍ക്ക്. 30 ശതമാനം കാന്‍സറുകള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന വ്യതിയാനം നിമിത്തമാണ്. മദ്യപാനം, അന്തരീക്ഷ മലിനീകരണം, പശ്ചാത്തല റേഡിയേഷനുകള്‍ ചില അണുബാധകള്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിനു കാരണമാകുന്ന ഘടകങ്ങളില്‍ ചിലതാണ്. പുകവലി സ്ത്രീകളില്‍ കുറവാണ്. എങ്കിലും ജീവിത ശൈലീവ്യതിയാനം, വ്യായാമക്കുറവ്, ഇരുന്നുള്ള ജോലി, ശരീരഭാരം കൂടുന്നത് തുടങ്ങിയ മാറ്റങ്ങള്‍ സ്ത്രീപുരുഷ ഭേദമില്ലാതെ ദൃശ്യമാണ് . 

'കാന്‍സര്‍ എന്നത് ഒരു രോഗമല്ല , അത് വിറ്റാമിന്‍ ബി 17 ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയാണ് ' 

'കാന്‍സര്‍ ഒരു അസുഖമല്ല, മരുന്ന് കമ്പനികളുടെ കള്ളത്തരം പൊളിയുന്നു. കാന്‍സര്‍ ഒരു അസുഖമല്ല മറിച്ച് അത് വിറ്റാമിന്‍ ആ 17 അഭാവം മൂലം ഉണ്ടാകുന്ന ഒരു ശാരീരികാവസ്ഥയാണ്.'
സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു പോസ്റ്റായിരുന്നു ഇത്. വാട്സ് ആപ്പിലൂടെയും മറ്റും ആയിരങ്ങള്‍ ഇത് ഫോര്‍വേര്‍ഡ് ചെയ്തു. ബി 17 എന്ന ഒരു വിറ്റാമിന്‍ ഇല്ല എന്നത് സ്‌കൂള്‍ വിദ്യാര്‍ഥിക്കുപോലും അറിവുള്ള കാര്യമാണ്. അമിഗ്ഡാലിന്‍ എന്ന സസ്യജന്യപദാര്‍ത്ഥത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന ലാറ്ററയില്‍ ആണ് വൈറ്റമിന്‍ ബി 17എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് യഥാര്‍ഥത്തില്‍ ഒരു വിറ്റാമിന്‍ അല്ല. പല പഴങ്ങളുടെയും കുരുവില്‍ ഇത് അടങ്ങിയിട്ടുണ്ട്. ആപ്രിക്കോട്ട് ഇതിന്റെ നല്ല സ്രോതസ്സാണ്. എഴുപതുകളില്‍ ഇത് അമേരിക്കയില്‍ കാന്‍സറിനുള്ള മറുമരുന്നായി പ്രചരിക്കപ്പെട്ടു. പക്ഷേ, സയനൈഡ് അടങ്ങിയിട്ടുള്ള ഈ പദാര്‍ഥം അധികമായി അകത്തു ചെല്ലുന്നത് അപകടമാണ്, ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.

ആദ്യ ഘട്ടത്തില്‍ ചില ലബോറട്ടറി പഠനങ്ങള്‍ ഇവ കാന്‍സര്‍ നിയന്ത്രണത്തിന് സഹായകരമാണ് എന്ന് കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് മനുഷ്യരില്‍ നടത്തിയ പഠനങ്ങള്‍ ഇവയ്ക്ക് കാന്‍സറിന്റെ വളര്‍ച്ച തടയാനുള്ള ഒരു ശേഷിയും ഇല്ലെന്നു കണ്ടെത്തി. അതുമാത്രമല്ല അപകടകരമായ സയനൈഡ് വിഷമയാവസ്ഥയും പങ്കെടുത്തവരില്‍ രേഖപ്പെടുത്തുകയുണ്ടായി. ഇന്ന് അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും നിരോധിച്ച ഉത്പന്നമാണ് അമിഗ്ഡാലിന്‍.

'കാന്‍സര്‍ രോഗം പാരമ്പര്യമായി വരുന്നതാണ്'

കാന്‍സര്‍ രോഗം പൊതുവേ പാരമ്പര്യരോഗമല്ല. പക്ഷേ ചില കാന്‍സറുകള്‍ നേരിയ തോതില്‍ പാരമ്പര്യ സ്വഭാവം കാണിക്കാറുണ്ട്. ഉദാഹരണത്തിന് സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍ തുടങ്ങിയവ. പാരമ്പര്യം എന്നതുകൊണ്ട് അമ്മയ്ക്ക് രോഗം വന്നാല്‍ നിര്‍ബന്ധമായും മകള്‍ക്ക് വരും എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് കുടുംബത്തില്‍ ഈ രോഗം ഇല്ലാത്ത ഒരാളേക്കാള്‍ നേരിയ സാധ്യത കൂടുതല്‍ എന്നു മാത്രം. ഈ നേരിയ സാധ്യതയെ കൃത്യമായ പരിശോധനകള്‍ (മാമോഗ്രാഫി, സ്വയം സ്തനപരിശോധന) കൊണ്ടും ജീവിത ശൈലിയിലെ മാറ്റങ്ങള്‍കൊണ്ടും (വ്യായാമം ശീലമാക്കല്‍, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കല്‍) മറികടക്കാന്‍ സാധിക്കും. 

'കാന്‍സര്‍ പകരും, സൂക്ഷിക്കണം'

കാന്‍സര്‍ പകരുന്ന രോഗമാണെന്നു കരുതുന്നവര്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് യാതൊരു കാരണവശാലും പകരാത്ത രോഗമാണ് കാന്‍സര്‍. കാന്‍സര്‍ രോഗികളുടെ കൂടെ ജീവിക്കുന്നതോ, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതോ ഒന്നും ഈ രോഗം പകരാന്‍ ഇടയാക്കില്ല. പ്രമേഹം, രക്താതിമര്‍ദം, ഹൃദയരോഗങ്ങള്‍ തുടങ്ങിയവ പകരില്ല എന്ന് നമുക്ക് അറിയാം. അതുപോലെയുള്ള മറ്റൊരു രോഗമാണ് കാന്‍സറും. കാന്‍സര്‍ എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനവും വളര്‍ച്ചയുമാണ്. നിരവധി ഘടകങ്ങള്‍ ഇതിന് കാരണമായി വരാം. പുകവലിമുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വരെ ഈ മാറ്റത്തിനു ഹേതുവാകാം. ഇത്തരം ഘടകങ്ങളെ കാന്‍സറിന് കാരണമാകുന്ന 'കാര്‍സിനോജന്‍' എന്നുപറയുന്നു. ഇവ കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എയില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് അത് കാന്‍സര്‍ കോശങ്ങള്‍ ആകുന്നത് . ഇത്തരം മാറ്റങ്ങള്‍ ഒരാളുടെ കോശങ്ങളിലാണ് ഉണ്ടാവുക. അതിനാല്‍ ആ വ്യക്തിയിലാണ് കാന്‍സര്‍ വരിക. മനസ്സിലാക്കുക- രോഗം വന്ന വ്യക്തികളെ പരിചരിക്കുന്നതിനും ഒന്നിച്ചു കഴിയുന്നതിനും ഒരു ഭയവും വേണ്ട.

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ലേഖകര്‍

Content Highlights: cancer fake news, World Cancer Day 2020