'നാരങ്ങവെള്ളം ചൂടോടെ കുടിക്കുന്നത് കാന്‍സറിനെ തടയും. തണുപ്പിച്ച നാരങ്ങാവെള്ളത്തിന് കാന്‍സര്‍കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി കുറവാണ്. ചൂടു നാരങ്ങാവെള്ളത്തിന്റെ കയ്പ് ആണ് കാന്‍സര്‍ കോശങ്ങളെ കൊല്ലാനുള്ള ഏറ്റവും നല്ല വസ്തു.' ഇവ അവയില്‍ ചിലതുമാത്രം. കുപ്രചാരണങ്ങള്‍ അന്തമില്ലാതെ ഒഴുകിനടക്കുന്ന സമൂഹമാധ്യമങ്ങളില്‍ കാലിടറി വീഴാതിരിക്കാന്‍ സവിശേഷശ്രദ്ധ വേണം.  കാന്‍സറിനു കാരണം അഞ്ച് വെളുത്ത വിഷങ്ങളുടെ നിത്യേനയുള്ള ഉപയോഗമാണ് എന്ന ആരോപണം സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മൈദ, പഞ്ചസാര, ഉപ്പ്, വെളുത്ത അരി, പാല്‍ എന്നിവയാണ് ഈ പ്രതികള്‍. വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ ആയും വീഡിയോ ആയും ഇത് പ്രചരിക്കുന്നുണ്ട്. ചില ആരോഗ്യ ക്ലാസുകള്‍ക്കും ആമുഖ പ്രസംഗത്തില്‍ ഇത് ഉയര്‍ന്നു കേള്‍ക്കാറുണ്ട്. വിഷയങ്ങളെ അതിശയോക്തിപരമായി അവതരിപ്പിച്ച് ആളുകളില്‍ അനാവശ്യഭയം ജനിപ്പിക്കുന്ന ഒന്നാണിത്.

കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനും അവയെ അപ്രസക്തമാക്കാനും മാത്രമേ ഇവ ഉപകരിക്കൂ. ഈ ലിസ്റ്റില്‍പ്പെട്ട സാധനങ്ങള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ അളവാണ് പ്രധാനം. 

മൈദ

ഗോതമ്പിലെ തവിടും മുളയും കളഞ്ഞ് ശുദ്ധീകരിച്ച് എടുക്കുന്ന പൊടിക്ക് പൊതുവെ മഞ്ഞനിറം ആയിരിക്കും. ഈ മഞ്ഞനിറം ബ്ലീച്ചിങ്ങിലൂടെ കളഞ്ഞ് നല്ല വെളുത്ത നിറത്തിലുള്ള മൈദയായി നമുക്ക് ലഭിക്കുന്നു. തവിടും മുളയും നഷ്ടപ്പെടുന്നതോടെ നാരുകളുടെ സാന്നിധ്യം വളരെ കുറയുന്നു. മറ്റ് പോഷകങ്ങളുടെയും ധാതുക്കളുടെയും അവസ്ഥയും അതുതന്നെ. ഒടുവില്‍ അന്നജം മാത്രം നല്‍കുന്ന ഒരു ഭക്ഷ്യവസ്തുവായി മൈദ മാറുന്നു. 

രുചിയിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും, മറ്റ് ഗോതമ്പ് ഉപ ഉത്പന്നങ്ങളെക്കാള്‍ മെച്ചമാണ് മൈദ. അതിനാല്‍ത്തന്നെ ഫാസ്റ്റ്ഫുഡ്, ബേക്കറി ഉത്പന്ന നിര്‍മാണ മേഖലയില്‍ മൈദ ഒരു അവിഭാജ്യഘടകമാണ്. അന്നജം ഒഴിച്ച് മറ്റ് ഒന്നുംതന്നെ ഇല്ല എന്നതാണ് മൈദയുടെ പ്രശ്നം. അതിനാലാണ് മൈദയ്‌ക്കെതിരേ വ്യാപകമായി പ്രചാരണങ്ങള്‍ നടക്കുന്നതും. അല്ലാതെ മൈദ കാന്‍സര്‍ ഒന്നും ഉണ്ടാക്കുന്നില്ല. ഇവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ ഭക്ഷണത്തില്‍ നാരുകളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ചാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വന്‍കുടല്‍, മലാശയ കാന്‍സറുകളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഗോതമ്പ് അങ്ങനെ തന്നെയോ തവിടുകളയാതെ പൊടിച്ച ഗോതമ്പുമാവായോ നമ്മുടെ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിച്ച് മൈദയുടെ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. വല്ലപ്പോഴും ഒരു പൊറോട്ടയോ, ബട്ടൂരയോ കഴിച്ചു എന്നു കരുതി പരിഭ്രമിക്കുകയൊന്നും വേണ്ട. ഭയം അല്ല, ബോധം ആണ് വേണ്ടത്.
 
മൈദയുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണം അലോക്സാന്‍ (Alloxan) എന്ന രാസവസ്തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ്. മൈദയിലേക്കുള്ള ഗോതമ്പിന്റെ പ്രയാണത്തിലെ ഒരു കടമ്പയാണ് ബ്ലീച്ചിങ്. ചില രാസവസ്തുക്കള്‍ ബ്ലീച്ചിങ്ങിന് ഉപയോഗിക്കുമ്പോള്‍ ആ പ്രക്രിയയുടെ ഉപോത്പന്നമായി അലോക്സാന്‍ രൂപപ്പെട്ടേക്കാം. ഇവ ചില ലബോറട്ടറി പരീക്ഷണങ്ങളില്‍ പരീക്ഷണമൃഗങ്ങളില്‍ പ്രമേഹം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അലോക്സാന്‍ മനുഷ്യരില്‍ പ്രമേഹം ഉണ്ടാക്കുന്നതായി തെളിയിക്കുന്ന ആധികാരിക പഠനങ്ങളൊന്നുമില്ല. ഇത് കാന്‍സര്‍ ഉണ്ടാക്കുന്നതായി ഒരു തരത്തിലുമുള്ള പഠനങ്ങളുമില്ല. അതിനാല്‍ കാന്‍സര്‍ സംബന്ധമായി ആശങ്ക വേണ്ട.

പഞ്ചസാര

പഞ്ചസാര കാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ മധുരപലഹാരങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകുന്നു. ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ എടുക്കുന്ന ഊര്‍ജവും നാം നമ്മുടെ ദൈനംദിന ജീവിതചര്യയില്‍ ഉപയോഗിക്കുന്ന ഊര്‍ജവും തമ്മിലുള്ള അസന്തുലിതാവസ്ഥ, ശരീരത്തില്‍ കൊഴുപ്പായി അടിയുന്നു. അത് ക്രമേണ അധികഭാരവും അമിതവണ്ണവുമായി മാറുന്നു. ശരീരത്തില്‍ ക്രമാതീതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ശരീരഭാരസൂചിക(ബി.എം.ഐ.) 25 നും 29.9 നും ഇടയില്‍ ഉള്ള അവസ്ഥയാണ് അധികഭാരം, 30 മുതല്‍ മുകളിലേക്ക് അമിതവണ്ണമാണ്. അമിതവണ്ണം വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു. ക്ലാസ് 1 (30.0 മുതല്‍ 34.9 വരെ), ക്ലാസ് 2 (35.0 മുതല്‍ 39.9 വരെ), ക്ലാസ് 3 (40 ഉം അതിലധികവും). അമിതഭാരം ഒഴിവാക്കുന്നത് വന്‍കുടല്‍, മലാശയ കാന്‍സര്‍, പിത്താശയ സഞ്ചി, ആഗ്നേയ ഗ്രന്ഥി കാന്‍സറുകള്‍, അണ്ഡാശയം, വൃക്കകള്‍, തൈറോയ്ഡ് കാന്‍സറുകള്‍, ആര്‍ത്തവവിരാമശേഷം കണ്ടുവരുന്ന കാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

sugar

ഉപ്പ്

ഉപ്പ് കാന്‍സര്‍കാരി അല്ല, അത് കാന്‍സര്‍ ഉണ്ടാക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല. മലയാളിയുടെ ഭക്ഷണശീലത്തിലെ ഒരു അവിഭാജ്യഘടകമാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗത്തിലെ ഈ സാര്‍വത്രികത, അതിനെ രോഗനിയന്ത്രണ ഉപാധിയായി ഉപയോഗിക്കാന്‍ പൊതുജന ആരോഗ്യവിദഗ്ധരെ പ്രേരിപ്പിച്ചു. അയഡിന്‍ ഉപ്പ് ഇതിനൊരുദാഹരണം മാത്രം. ഇങ്ങനെയൊക്കെയാണെങ്കിലും ഉപ്പിന്റെ അമിത ഉപയോഗം ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നത് നാം വിസ്മരിച്ചുകൂടാ. രക്താതിമര്‍ദവും ഉപ്പിന്റെ ഉപയോഗവും തമ്മിലുള്ള ബന്ധം ഏവര്‍ക്കും അറിവുള്ളതാണ്. ഇതിനിടെയാണ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ഉപ്പിന് ഒരു വില്ലന്‍ പരിവേഷം കിട്ടിത്തുടങ്ങിയത്. ഇത് ആമാശയകാന്‍സറിന് കാരണമാകും എന്ന ഭയാശങ്കയാണ് ഇതില്‍ പ്രധാനം. ഉപ്പിന്റെ അമിതമായ ഉപയോഗം ഹെലികോബാക്ടര്‍ പൈലോറി (Helicobacter pylori) എന്ന ബാക്ടീരിയല്‍ അണുബാധ വര്‍ധിപ്പിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഉപ്പിന്റെ അമിതമായ ഉപയോഗം ആമാശയഭിത്തിക്ക് നേരിട്ട് ക്ഷതം ഉണ്ടാക്കുന്നതായും ചില പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യങ്ങളില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ആഹാരരീതി ക്രമപ്പെടുത്തുന്നതാകും ഉചിതം. ഉപ്പ് തീരെ ഒഴിവാക്കേണ്ടതില്ല. ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നല്ല ഒരു സ്രോതസ്സാണ് ഉപ്പ്. പക്ഷേ, നമ്മുടെ ഇന്നത്തെ ഭക്ഷണരീതിപ്രകാരം ഉള്ളില്‍ എത്തുന്ന ഉപ്പിന്റെ അളവ് ഈ ആവശ്യമായ അളവിന്റെ പല ഇരട്ടി ആണെന്നു മാത്രം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് പ്രധാനം. മിതമായ തോതില്‍, ഭക്ഷണം തയ്യാറാക്കാന്‍ ഉപ്പ് ഉപയോഗിക്കുന്നതിനെ ഭയപ്പെടേണ്ട. അത്തരം ഉപയോഗം അര്‍ബുദസാധ്യത ഉള്ളതാണ് എന്ന് കാണിക്കുന്ന പഠനങ്ങള്‍ ഒന്നുംതന്നെ ഇല്ല.

പാല്‍

പാലും പാലുത്പന്നങ്ങളും കാത്സ്യം, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ്. അവ സമീകൃത ആഹാരത്തിന് ആവശ്യമാണ്. കൂടാതെ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. മറ്റ് സ്രോതസ്സുകളില്‍നിന്ന് കാത്സ്യം ലഭിക്കാത്തവര്‍ക്ക് പാല്‍ ഉപയോഗിക്കാവുന്നതാണ്. പാല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി തെളിയിക്കുന്ന ആധികാരിക പഠനങ്ങള്‍ ഒന്നുമില്ല. കൊഴുപ്പുകളഞ്ഞ പാല്‍ മിതമായി ഉപയോഗിക്കുന്നതില്‍ ഭയപ്പെടേണ്ടതില്ല. കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വന്‍കുടല്‍ അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കാത്സ്യത്തിന്റെ അളവ് കൂടുതലാവുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത നേരിയ തോതില്‍ കൂട്ടുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഈ കാര്യങ്ങളില്‍  വ്യക്തത വരാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

വെളുത്ത അരി

മലയാളിയുടെ മുഖ്യാഹാരമാണ് അരി. ആ അരി കാന്‍സര്‍ ഉണ്ടാക്കും എന്ന പ്രചാരണം ഏറെ ഭീതി ജനിപ്പിക്കും. വെളുത്ത അരി, കുത്തരിയെ അപേക്ഷിച്ച് പോഷകമൂല്യം കുറഞ്ഞ ഒന്നാണ്. തവിട് പൂര്‍ണമായും നഷ്ടപ്പെടുന്നതിനാല്‍ പല പോഷകങ്ങളും വെളുത്ത അരിയില്‍ ഇല്ല. നെല്ലിന്റെ ഭക്ഷ്യയോഗ്യമല്ലാത്ത പുറംതോട് കളഞ്ഞുകഴിഞ്ഞാല്‍ അതിന് ഇളം തവിട്ടുനിറം ആയിരിക്കും. ഇത് അരിയുടെ പുറത്തുള്ള തവിടിന്റെ സാന്നിധ്യം മൂലമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, മഗ്‌നീഷ്യം, ഫോസ്ഫറസ്, ബി. കോപ്ലക്‌സ് വിറ്റാമിനുകള്‍, മാന്‍ഗനീസ് തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. നെല്ല് കുത്തി അതിന്റെ പുറംതോട്, തവിട്, മുള എന്നിവ നീക്കം ചെയ്താണ് വെള്ള അരി ഉണ്ടാക്കുന്നത്. ഈ പ്രക്രിയയിലൂടെ അരി കേടാവുന്നത് ഒഴിവാക്കാനും കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. എന്നാല്‍  വെള്ള അരിയുടെ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ഇല്ല.

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ലേഖകർ

Content Highlights: Cancer Awareness, World Cancer Day 2020, fake news