ന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ വേരുറപ്പിച്ച കാലമാണിത്. അതിനാല്‍ തന്നെ വാര്‍ത്തകളും പുത്തനറിവുകളും അനുഭവങ്ങളും ചിന്തകളുമെല്ലാം വളരെവേഗത്തിലാണ് പങ്കുവെയ്ക്കപ്പെടുന്നത്. വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാനുള്ള വളരെ സൗകര്യപ്രദമായ വഴി എന്ന നിലയില്‍ സമൂഹമാധ്യമങ്ങള്‍ പ്രസക്തമാണ്. പക്ഷേ പല ന്യൂനതകളും അതിനുണ്ടുതാനും. 

ഈ ദശകത്തിനുമുന്‍പ് വാര്‍ത്തകളും അനുബന്ധവിവരങ്ങളും അറിയാന്‍ നാം ആശ്രയിച്ചിരുന്നത് അച്ചടി മാധ്യമങ്ങളെയും ടെലിവിഷന്‍, റേഡിയോ മുതലായ ദൃശ്യ ശ്രവ്യമാധ്യമങ്ങളെയും ആയിരുന്നു. ഇവയിലൂടെയെല്ലാം നാം കണ്ടതും കേട്ടതും മനസ്സിലാക്കിയതുമായ വാര്‍ത്തകള്‍ക്കെല്ലാമൊരു സ്രഷ്ടാവുണ്ടായിരുന്നു. ഉത്തരവാദിത്വത്തോടെയാണ് ഈ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയിരുന്നത്. പിശകുകളോ, തെറ്റിദ്ധാരണകളോ ഉണ്ടായാല്‍ അത് തിരുത്താന്‍, വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട വ്യക്തികളും ഉണ്ടായിരുന്നു. നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ ഇടിവു തട്ടിയത് ഈ വിശ്വാസ്യതയ്ക്കാണ്. ഇന്ന് സ്രഷ്ടാവ് ഇല്ലാത്ത സൃഷ്ടികളാല്‍, വിശ്വാസ്യത ഉറപ്പാക്കാത്ത സൃഷ്ടികളാല്‍ ശ്വാസം മുട്ടുകയാണ് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍. ഫോണിലെത്തുന്ന മെസേജുകള്‍ എല്ലാം അതേപടി ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍, ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ പലരും അത് അശാസ്ത്രീയമാണോ അബദ്ധമാണോ എന്നൊന്നും ചിന്തിക്കാറില്ല. നെല്ലും പതിരും തിരിച്ചറിയാനാവാത്ത ഈയൊരു സ്ഥിതിവിശേഷം ഏറ്റവും ആഘാതമേല്‍പ്പിച്ചിട്ടുള്ളത് ആരോഗ്യമേഖലയെയാണ്. അതില്‍ തന്നെ കാന്‍സര്‍ നിയന്ത്രണ ശ്രമങ്ങള്‍ക്ക് ഏറെ പരിക്കുപറ്റി എന്ന് പറയാതെ വയ്യ. കാന്‍സറുമായി ബന്ധപ്പെട്ട് അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതും ആളുകളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങളാണ് പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നത്. 

കാന്‍സറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനാവശ്യ ഭയത്തെ മുതലെടുത്ത് തങ്ങളുടെ സങ്കുചിത താത്പര്യങ്ങള്‍ക്കനുസൃതമായി ക്രമപ്പെടുത്തുന്ന പല അവതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഇതിനിടയില്‍ രംഗപ്രവേശം ചെയ്തിട്ടുമുണ്ട്. രോഗവുമായി ബന്ധപ്പെട്ട് ഇന്ന് നമുക്ക് കുറേയേറെ വിവരങ്ങള്‍ ലഭ്യമാണ്. ആധുനിക വൈദ്യശാസ്ത്ര പഠനങ്ങളും ഗവേഷണങ്ങളും രോഗചികിത്സാ മേഖലയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇത് നല്‍കുന്ന പ്രതീക്ഷകള്‍ക്കിടയിലാണ് തികച്ചും അശാസ്ത്രീയമായ വാദങ്ങളുമായി പലരും സമൂഹമാധ്യമങ്ങളിലൂടെ പലതരം തെറ്റിധാരണകള്‍ പരത്തുന്നത്. 

കാന്‍സര്‍ മാറ്റുന്ന അത്ഭുത മരുന്നുകളുടെ നേര്‍സാക്ഷ്യങ്ങളുമായി നിരവധി വാര്‍ത്തകള്‍ അനുഭവക്കുറിപ്പുകളുടെ അകമ്പടിയോടെ പ്രചരിക്കുന്നത് സമൂഹമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ചിലതില്‍ പ്രതിപാദ്യ വിഷയം ഏതെങ്കിലും പച്ചമരുന്നുകളുടെ മഹാത്മ്യം ആയിരിക്കും. മറ്റു ചിലതില്‍ ഷിമോഗയിലെയും വയനാട്ടിലെയും കൊയിലാണ്ടിയിലെയുമൊക്കെ വൈദ്യന്‍മാരെക്കുറിച്ചായിരിക്കാം. കേട്ടാല്‍ ആരും വിശ്വസിച്ച് പോകുന്നവിധത്തിലുള്ള കഥകളാണ് പ്രചരിപ്പിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടില്‍ നിന്നു പുറത്തുവരുന്ന അകൃത്രിമമായ മരുന്നുകള്‍ ഒന്നു പരീക്ഷിച്ചു നോക്കാന്‍, ആ വൈദ്യനെ ഒന്നു കണ്ടു നോക്കാന്‍ ആഗ്രഹിച്ചുപോകുന്ന വിധത്തിലുള്ള വാചകങ്ങള്‍. അങ്ങനെ ആളുകള്‍ കീമോതെറാപ്പി നിര്‍ത്തി പകരം മുള്ളാത്തച്ചക്ക കഴിക്കുന്നതും സര്‍ജറി വേണ്ടെന്നു വെച്ച് ഷിമോഗയിലേക്കോടുന്നതും ഒടുവില്‍ സാന്ത്വന പരിചരണ ഭവന സന്ദര്‍ശനങ്ങളിലേക്ക് കാര്യങ്ങള്‍ വഴിമാറുന്നതും കാന്‍സര്‍ ചികിത്സാലയങ്ങളിലെ ഡോക്ടര്‍മാരെ നിസ്സഹായരാക്കുന്ന കാഴ്ചകളാണ്. ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സാധാരണ ജനങ്ങളാണ് വഴിതെറ്റുന്നത്. ഫലമോ? ചികിത്സയിലൂടെ അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എല്ലാ സാധ്യതയുമുണ്ടായിരുന്ന നിരവധി ജീവനുകള്‍ അപഹരിക്കപ്പെടുന്നു. സാക്ഷര കേരളത്തിന് അപമാനമാണിത്.

പ്രചാരണങ്ങള്‍ പലവിധത്തില്‍

കാന്‍സറിനുള്ള ശാസ്ത്രീയ ചികിത്സാരീതികള്‍, നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെ തടസ്സപ്പെടുത്തുന്നതും തെറ്റിധാരണ പരത്തുന്നതുമായ പ്രചാരണങ്ങള്‍ പലതരത്തിലാണ് നടക്കുന്നത്. 
ചിലര്‍ രോഗകാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങള്‍ പ്രചരിപ്പിക്കും. ഇതിന് വിശ്വാസ്യത നല്‍കാന്‍ ഏതെങ്കിലും ഒരു ഡോക്ടറുടേയോ അല്ലെങ്കില്‍ ആശുപത്രിയുടേയോ പേരുകള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിലെ ഡോ. റിച്ചാര്‍ഡ് പറയുന്നത് കേള്‍ക്കൂ ; അല്ലെങ്കില്‍ മയോ ക്ലിനിക്കിലെ വിദഗ്ധന്‍ പറയുന്നത് ശ്രദ്ധിക്കൂ എന്നാവും. ചിലപ്പോള്‍, ഒരു പ്രത്യേകതരം സാധനം ഉപയോഗിക്കുന്നവരില്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരു പുതിയ കാന്‍സര്‍ കണ്ടെത്തി എന്നൊക്കെയാവും പടച്ചുവിടുക. വിദേശത്തെ വിദഗ്ധര്‍ പറയുന്നതല്ലേ എന്നു കരുതി പലരും ഇതൊക്കെ വിശ്വസിക്കുകയും ചെയ്യും. എന്നാല്‍ അന്വേഷിച്ചാല്‍ അറിയാനാകും ഇങ്ങനെ ഒരു ഡോക്ടര്‍ തന്നെ ലോകത്തില്ലെന്ന്. ഇല്ലാത്ത ആശുപത്രികളുടെയും അസോസിയേഷന്റെയുമൊക്കെ പേരിലാണ് പലതും പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ ഒന്നുംതന്നെ കാന്‍സറിന് കാരണമായിത്തീരുന്നു എന്ന് സ്ഥിരീകരിച്ച പുകവലി, പുകയില, അടയ്ക്ക എന്നിവ ചവയ്ക്കുന്ന ശീലം, മദ്യപാനം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്നിട്ടുള്ള അനാരോഗ്യകരമായ മാറ്റങ്ങള്‍, ശാരീരിക അധ്വാനം ഇല്ലാതിരിക്കുന്ന അവസ്ഥ, വായു മലിനീകരണം തുടങ്ങിയവയെക്കുറിച്ച് കാര്യമായ ഒരു പരമാര്‍ശവും ഉണ്ടാകില്ല. വീട്ടിനുമുന്നില്‍ വളര്‍ത്തുന്ന യൂഫോര്‍ബിയ ചെടിയോ, ഇറച്ചിക്കോഴിയോ ഒക്കെ ആവും ഏറ്റവും വലിയ കുറ്റക്കാര്‍. 

cancer

രണ്ടാമതൊരു വിഭാഗം പ്രചാരണമുണ്ട്. കാന്‍സറിന് ലളിതമായ ചികിത്സാ രീതികള്‍ അവതരിപ്പിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്നവര്‍. ആധുനിക ചികിത്സയ്ക്ക് പകരം വെക്കാവുന്ന പഴങ്ങളെയും ചെടികളെയും കൊണ്ടുള്ള വിവരങ്ങളാണ് നിരത്തുക. അപ്പോള്‍ കീമോതെറാപ്പി മാറ്റിവെച്ച് മുള്ളാത്ത കഴിക്കാനുള്ള ഉപദേശം തരും. അല്ലെങ്കില്‍ ലക്ഷ്മിതരുവും തേനും കഴിക്കാന്‍ നിര്‍ദേശമുണ്ടാകും. ഇതേക്കുറിച്ചൊന്നും കൃത്യമായ ധാരണയില്ലാതെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുവായിക്കുന്ന ആര്‍ക്കും ഏറെ സന്തോഷം തോന്നും. കീമോതെറാപ്പിയുടെ ബുദ്ധിമുട്ട് സഹിക്കേണ്ടല്ലോ. വീട്ടിലിരുന്ന് ഇത് കഴിച്ചാല്‍ മാത്രം മതി. 

മൂന്നാമത്തെ വിഭാഗം പോസ്റ്റുകള്‍ രോഗലക്ഷണങ്ങള്‍ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്നവയാണ്. തലവേദന, പനി, നടുവേദന തുടങ്ങി ഒരു മനുഷ്യന് വരാന്‍ സാധ്യതയുള്ള എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഉള്‍പ്പെടെ ഒരു വലിയ സന്ദേശം ആകും അത്. ഇത് വായിച്ചു കഴിയുമ്പോഴേക്ക് വ്യക്തിയില്‍ രോഗഭയം ഉച്ചസ്ഥായിലെത്തും. പിന്നെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സമാധാനിപ്പിച്ച് വിടാന്‍ പറ്റാത്തത്ര തീവ്രസംശയവുമായി ആശുപത്രികളിലെ നിത്യസന്ദര്‍ശകര്‍ ആവും. 

നാലാമത്തെ വിഭാഗം സന്ദേശങ്ങള്‍ കാന്‍സറിനുള്ള അത്ഭുത പച്ചമരുന്ന് ചികിത്സ അറിവുള്ള വൈദ്യന്‍മാരെക്കുറിച്ചാണ്. കേട്ട പാതി കേള്‍ക്കാത്ത പാതി ആളുകള്‍ അവരെ സന്ദര്‍ശിക്കാന്‍ ഒരുങ്ങും. രോഗിയെകാണാതെ കാന്‍സര്‍ ചികിത്സിക്കുന്ന വൈദ്യന്‍മാരെ വിശ്വസിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളിലെ അനുഭവസാക്ഷ്യവാര്‍ത്തകളാണ്. വിശ്വാസ്യതയില്ലാത്ത വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പുറത്തുവരുന്നത്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ആരോ ഉണ്ടാക്കുന്ന അനുഭവസാക്ഷ്യങ്ങളെ എന്തു മാനദണ്ഡംവെച്ചാണ് നാം വിലയിരുത്തുക? 

ഏറ്റവും ഒടുവിലായി ഒരു പ്രചാരണം കൂടി വന്നു. കാന്‍സര്‍ എന്നൊരു രോഗമേയില്ല. അത് മരുന്ന് മാഫിയ കെട്ടിച്ചമച്ചതാണ് എന്ന രീതിയില്‍. ഇത്തരം അബദ്ധസന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിലും പ്രചരിപ്പിക്കുന്നതിലും വിദ്യാസമ്പന്നര്‍ വരെയുണ്ട് എന്നത് സങ്കടകരമാണ്.

കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം
മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരിയിലെ ഡോക്ടർമാരാണ് ലേഖകർ

Content Highlights: Cancer fake news, World Cancer Day 2020