'റേഡിയേഷന്‍ ഇത്രയും മതി,  അതിനുപകരം ലക്ഷ്മിതരുവിന്റെ ഇല കഷായം വെച്ച് കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്. വിദേശ വിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്ക് അതറിയില്ല' 

കാന്‍സര്‍ ചികിത്സയ്ക്കുള്ള ദിവ്യഔഷധമായി ലക്ഷ്മിതരു പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അത്തരത്തില്‍ കണ്ട ഒരു പ്രചരണ കുറിപ്പില്‍നിന്നും അടര്‍ത്തിയെടുത്ത വാചകമാണ് മുകളില്‍കൊടുത്തിട്ടുള്ളത. ലക്ഷ്മിതരുവിന്റെ ഇലകള്‍, കായ്കള്‍ എന്നുവേണ്ട ചെടി സമൂലം തന്നെ കാന്‍സര്‍ ചികിത്സയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നാണ് അവകാശവാദങ്ങള്‍. ഇങ്ങനെ ലക്ഷ്മിതരുവിന് പിറകെ പോയി വഞ്ചിതരായിട്ടുള്ളവര്‍ നിരവധിയാണ്. ഈ ചെടിയുടെ പ്രചാരകനായ ഒരു വ്യക്തി, ഒടുവില്‍ രോഗം വ്യാപിച്ചതിനെതുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടത്. ആധുനികചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം ഈ ചെടിയുടെ പ്രയോക്താവും പ്രചാരകനുമായത്.

ലക്ഷ്മിതരു എന്നു നമ്മളും പാരഡൈസ് ട്രീ, ഡിസന്ററി ബാര്‍ക്ക് (Dysentery Bark ) എന്ന് മറ്റ് ചിലരും വിളിക്കുന്ന ഈ ചെടിയുടെ സ്വദേശം അമേരിക്കയാണ്. അവിടെ മലേറിയക്കും വയറിളക്കത്തിനും അതിസാരത്തിനുമൊക്കെ നാടന്‍ ചികിത്സയായി തദ്ദേശവാസികള്‍ ഉപയോഗിച്ചിരുന്നു. നല്ല ഒരു തണല്‍ മരമായ ഈ വൃക്ഷത്തിന്റെ തടി മേശ, കസേര, തുടങ്ങിയ മരഉരുപ്പിടികളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. 

ഈ ചെടിയില്‍നിന്നും വേര്‍തിരിച്ചെടുത്ത ചില ഘടകങ്ങള്‍ക്ക് ചില അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുളള കഴിവ് ലബോറട്ടറി പഠനങ്ങളില്‍  കണ്ടിട്ടുണ്ടെങ്കിലും അത് മനുഷ്യന് പ്രയോജനപ്രദമായ ഒരു മരുന്നായി രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഈ ചെടി ഒരുവിധ കാന്‍സര്‍ ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുന്നില്ല. അതിനാല്‍ ഈ ചെടി ഉപയോഗപ്പെടുത്തിയുള്ള എല്ലാ മരുന്നുകളും ഒരു കാരണവശാലും കാന്‍സര്‍ ചികിത്സയ്ക്ക് പകരമായി ഉപയോഗിക്കാന്‍ പാടില്ല. അത് സ്വജീവന്‍ അപകടപ്പെടുത്തുന്ന പ്രവൃത്തിയായിതീരും. ലക്ഷ്മിതരു മാത്രമല്ല, നിരവധി പഴങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും കാന്‍സറിനെ ചെറുക്കുന്ന ചില ഘടകങ്ങളെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ചുരുക്കം ചിലതു മാത്രമാണ് മരുന്ന് വികസിപ്പിക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി മനുഷ്യന് പ്രയോജനപ്പെടുന്ന ഒരു മരുന്നായി പുറത്തു വന്നിട്ടുള്ളത്. അര്‍ബുദ ചികിത്സയ്ക്കുപയോഗിക്കുന്ന വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലാസ്റ്റിന്‍ എന്നീ മരുന്നുകള്‍ നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ ഒരു ചെടിയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന മരുന്നാണ്. ചെടിയുടെ പേര് പറയുന്നില്ല കാരണം അടുത്ത ലക്ഷ്മി തരുവായി ആ ചെടി മാറുമൊയെന്ന ഭയം തന്നെ. 

'മുള്ളാത്തച്ചക്ക കീമോതെറാപ്പിയേക്കാള്‍ പതിന്‍മടങ്ങ് ശക്തിയുള്ളതാണ്'     

ലക്ഷ്മിതരു കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരം ലഭിച്ച സസ്യമാണ് മുള്ളാത്തച്ചക്ക. ഇതിന്റെ പഴം ഒറ്റയ്ക്കും ഇലകള്‍ ലക്ഷ്മിതരുവിന്റെ ഇലകളോട് ചേര്‍ത്തും ആളുകള്‍ ഉപയോഗിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ പഴവും ഒരു വ്യാജപ്രചാരണത്തിന്റെ ഭാഗമായാണ് പ്രശസ്തമായത്. ഒരു പഴം എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും ഈ ചെടിക്കില്ല. ചില ലബോറട്ടറി പഠനങ്ങളില്‍, ചില കാന്‍സര്‍ കോശങ്ങളെ ഇത് നശിപ്പിക്കാന്‍ ഇടയായി എന്ന വാര്‍ത്തയാണ് ഈ പ്രചരണങ്ങള്‍ക്ക് അടിസ്ഥാനം. എന്നാല്‍ മനുഷ്യരില്‍ തുടര്‍പഠനം നടത്താനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ പഴം ഉപയോഗിച്ചുള്ള ശാസ്ത്രീയപഠനങ്ങള്‍ ഒന്നും തന്നെ നടന്നതായി ആധികാരിക ശാസ്ത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചികിത്സയ്ക്ക് പകരമായി മുള്ളാത്ത ഉപയോഗിക്കുന്നത് പ്രതികൂലഫലം മാത്രമേ നല്‍കൂ.
 
നാം കീമോ തെറാപ്പി എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് മരുന്നുകള്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സ എന്നാണ്. കാന്‍സര്‍ പലതരത്തിലുണ്ട്. എല്ലാ കാന്‍സറും ഒന്നല്ല. അതിനാല്‍ വിവിധ കാന്‍സറുകള്‍ക്ക് വ്യത്യസ്ത മരുന്നുകളാണ് ഉപയോഗിക്കാറ്. 

ഇനി ഭാവിയില്‍ നാം മുള്ളാത്തയില്‍ നിന്ന് കാന്‍സര്‍ ചികിത്സയ്ക്കുതകുന്ന ഒരു ഘടകം വേര്‍തിരിച്ചെടുക്കുകയും അത് ശാസ്ത്രീയമായി പരീക്ഷണങ്ങളിലൂടെ ഒരു മരുന്നായി രൂപപ്പെടുകയും ചെയ്താലും അത് എല്ലാ കാന്‍സറിനുമുള്ള പ്രതിവിധിയാകില്ല. ഇനി സ്വയം ചിന്തിച്ചുനോക്കുക-എല്ലാ കാന്‍സര്‍ രോഗികളും മുള്ളാത്ത ചക്കകഴിച്ചാല്‍ അവര്‍ക്ക് എന്ത് നേട്ടമാവും ലഭിക്കുകയെന്ന്. 

'യൂഫോര്‍ബിയ ചെടി കാന്‍സറുണ്ടാക്കും'

വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന അലങ്കാര ചെടിയായ യൂഫോര്‍ബിയ കാന്‍സര്‍ ഉണ്ടാക്കും എന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്ന് ഈ ചെടി പിഴുതുകളഞ്ഞു. യഥാര്‍ഥത്തില്‍ നിരുപദ്രവകാരിയായ ഒരു ചെടിയാണിത്. കാന്‍സര്‍ പോയിട്ട് ഒരു ജലദോഷം പോലും ഈ ചെടി വിചാരിച്ചാല്‍ ഉണ്ടാവില്ല.

യൂഫോര്‍ബിയ കാന്‍സര്‍ ഉണ്ടാക്കും എന്ന രീതിയില്‍ യാതൊരു തെളിവുകളുമില്ല. പഠനങ്ങള്‍ ഒന്നും തന്നെയില്ല. ഈ പ്രചാരണത്തിന്റെ അടിസ്ഥാനം ആഫ്രിക്കയില്‍ കാണുന്ന മില്‍ക്ക് ബുഷ് ( Milk Bush ) എന്ന യൂഫോര്‍ബിയ ടിരുക്കാലി 

( Euphorbia tirucalli) എന്ന ചെടി ഒരു തരം ലിംഫോമ രോഗം വരാനുള്ള സാധ്യതകൂട്ടുന്നു എന്ന പഠനങ്ങള്‍ ആണ്.
Epstein Barr Virus വരുത്തുന്ന Burkitt's Lymphoma എന്ന രോഗം മില്‍ക്ക് ബുഷ് ഉപയോഗിച്ച് പശയും മരുന്നും ഉണ്ടാക്കി ഉപയോഗിക്കുന്നവരില്‍ കൂടുന്നു എന്ന് പഠന ഫലം വന്നിരുന്നു. യൂഫോര്‍ബിയ എന്ന പേരിലെ സാമ്യം മൂലം നമ്മുടെ നാട്ടിലെ യൂഫോര്‍ബിയ ചെടികളുടെ നാശത്തിനാണ് അതുവഴിവെച്ചത്. കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രസമൂഹം ഇന്ന്.

കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം
മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരിയിലെ ഡോക്ടര്‍മാരാണ് ലേഖകര്‍

Content Highlights: Cancer Awareness, World Cancer Day 2020