പ്രസവിച്ച ശേഷം ആദ്യം വരുന്ന കട്ടിയുള്ള പാല്‍ കുഞ്ഞിന് വളരെയധികം ഉപകാരപ്രദമായ കൊളസ്ട്രം അടങ്ങിയതാണ്. അത് ഒരു കാരണവശാലും പാഴാക്കരുത്. ഏറ്റവും അധികം പോഷകങ്ങള്‍ അടങ്ങിയതാണ് ആ പാല്‍. അത് നിര്‍ബന്ധമായും കുഞ്ഞിനെ കുടിപ്പിക്കണം. 

പ്രസവിച്ചു കഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങള്‍ പാല് കുറവായിരിക്കും. പിന്നീട് പാലിന്റെ അളവ് കൂടിവരും. ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ വിറ്റാമിന്‍ D3 drops കൂടി നല്‍കാം. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരില്‍ തേന്‍, വയമ്പ്, സ്വര്‍ണം എന്നിവയൊന്നും കുഞ്ഞിന് അരച്ച് നാവില്‍ വെച്ചുകൊടുക്കരുത്.

മുലപ്പാല്‍ രണ്ട് തരത്തിലുണ്ട്. ഫോര്‍മില്‍ക്കും ഹിന്‍ഡ് മില്‍ക്കും. മുലയൂട്ടുമ്പോള്‍ ആദ്യം വരുന്ന പാല്‍ ആണ് ഫോര്‍മില്‍ക്ക്. അവസാനത്തേത് ഹിന്‍ഡ് മില്‍ക്കും. ആദ്യം വരുന്ന പാലില്‍ വെള്ളവും പോഷകങ്ങളും മിനറലുകളുമാണ് കൂടുതലുള്ളത്. കുഞ്ഞിന്റെ ദാഹം മാറ്റാനുള്ളതാണ് ഈ പാല്‍. ഇതിനുശേഷം വരുന്നതാണ് ഹിന്‍ഡ് മില്‍ക്ക്. കുഞ്ഞിന്റെ 
വിശപ്പില്ലാതാക്കാനും, മസ്തിഷ്‌ക്കത്തിന്റേത് ഉള്‍പ്പടെയുള്ള ശരീരവളര്‍ച്ചക്കും ആവശ്യമായ കൊഴുപ്പ് ഹിന്‍ഡ് മില്‍ക്കിലാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത്. ഒരു സ്തനത്തിലെ പാല്‍ മുഴുവനായും കുടിച്ചുകഴിയുമ്പോള്‍ മാത്രമേ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കൂ. ഒരു സ്തനത്തിലെ പാല്‍ കുറച്ചു കുടിപ്പിച്ചിട്ട് അടുത്ത സ്തനത്തിലെ കുടിപ്പിച്ചാല്‍ ദാഹമകറ്റാനുള്ള ഫോര്‍മില്‍ക്ക് മാത്രമേ ലഭിക്കൂ. വളര്‍ച്ചയ്ക്കും വിശപ്പകറ്റാനുമുള്ള ഹിന്‍ഡ് മില്‍ക്ക് ലഭിക്കില്ല. അതിനാല്‍ ഒരു സ്തനത്തിലെ പാല്‍ മുഴുവനാക്കാതെ അടുത്ത സ്തനത്തിലെ പാല്‍ കുടിപ്പിക്കരുത്. 
ചില കുട്ടികള്‍ക്ക് ഫോര്‍മുല ഫീഡ് കൊടുക്കാറുണ്ട്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ അളവിലായിരിക്കണം നല്‍കേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം നല്‍കരുത്. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2020, what is Foremilk and Hindmilk, Health