മുലയൂട്ടുന്ന കാലയളവില്‍ ആര്‍ത്തവം ഉണ്ടാവണമെന്നില്ല. പക്ഷേ ആര്‍ത്തവം ഇല്ലാതെ തന്നെ അണ്ഡോല്പാദനം നടന്നേക്കാം. അതുകൊണ്ട് മുലയൂട്ടുന്ന കാലത്ത് ഗര്‍ഭധാരണം നടക്കില്ലെന്ന് കരുതരുത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കണം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടതായി കണ്ടാലോ ശാരീരികമാറ്റങ്ങള്‍ തോന്നിയാലോ ഗര്‍ഭധാരണം നടന്നോ എന്ന് വൈകാതെ പരിശോധിക്കണം. മുലയൂട്ടുന്ന അമ്മമാര്‍ ആര്‍ത്തവസമയത്ത്  കൂടുതല്‍ വെള്ളവും പോഷകാഹാരവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.  

മുലയൂട്ടുന്ന കാലത്ത് അമ്മ ധാരാളം പോഷകാഹാരം കഴിക്കണം. ശുദ്ധജലവും ധാരാളം കുടിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവ കഴിക്കാവുന്നതാണ്. കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. മുലയൂട്ടുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണുകളുടെ അളവ് കൂടും. ഇത് അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

മുലയൂട്ടല്‍ എങ്ങനെ നിര്‍ത്താം
കുഞ്ഞിന്റെ ശാരീരിക-മാനസിക വളര്‍ച്ചയ്ക്കും നല്ല പ്രതിരോധശേഷിക്കും മുലയൂട്ടല്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

രണ്ടു വയസ്സുവരെയെങ്കിലും കുഞ്ഞിനെ മുലയൂട്ടണം. പെട്ടെന്നൊരു ദിവസം മുലയൂട്ടല്‍ നിര്‍ത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. പല ആഴ്ചകള്‍ കൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ മുലയൂട്ടല്‍ നിര്‍ത്താവൂ. ഉദാഹരണത്തിന് ആദ്യം ദിവസം ആറു പ്രാവശ്യം കൊടുത്തത് അഞ്ചായി കുറക്കുക, ആ രീതി ഒരാഴ്ച തുടരുക. പിന്നെ നാല്, മൂന്ന് അങ്ങനെ കുറേ ആഴ്ചകള്‍ എടുത്ത് പതുക്കെ നിര്‍ത്തുക. സ്തനവീക്കം വരാതെ സുരക്ഷിതമായി മുലയൂട്ടല്‍ നിര്‍ത്താന്‍ ഈ രീതി സഹായിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2020, Can pregnancy occur during breastfeeding, Health