മ്മയ്ക്ക് പൊന്നോമനകള്‍ക്കായി നല്‍കാന്‍ കഴിയുന്ന അമൃതാണ് മുലപ്പാല്‍. മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാര്‍ക്കും കുടുംബത്തിനും ബോധവത്കരണം നല്‍കുന്നതിനായാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരമായി ലോകമെമ്പാടും ആചരിക്കുന്നത്. മുലയൂട്ടല്‍ സന്ദേശം എല്ലാവരിലും എത്തിക്കുക, കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തുക എന്നതാണ് മുലയൂട്ടല്‍ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. 'ആരോഗ്യകരമായ ഭൂമിക്കായി മുലയൂട്ടലിനെ പിന്തുണയ്ക്കുക' എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രമേയം. 

അമ്മയില്‍ നിന്ന് കുഞ്ഞിന് ലഭിക്കുന്ന സമ്പൂര്‍ണ്ണ  ആഹാരമാണ് മുലപ്പാല്‍. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും, ബുദ്ധിവികാസത്തിനും ശരിയായ രീതിയിലുള്ള പോഷകാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. മുലപ്പാലില്‍ കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും, വികാസത്തിനും ആവശ്യമായ പോഷകങ്ങള്‍ (കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഇരുമ്പ്, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍) ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു. ശരിയായ രീതിയിലുള്ള മുലയൂട്ടലിലൂടെ കുഞ്ഞിന് നല്ല പോഷണവും, രോഗങ്ങളില്‍ നിന്ന് സംരക്ഷണവും, പ്രതിരോധവും ലഭിക്കുന്നു. 

കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറുമാസം വരെ മുലപ്പാല്‍ മാത്രമെ നല്‍കാവൂ എന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.

അമ്മയ്ക്ക് സുഖപ്രസവമാണെങ്കില്‍ പ്രസവശേഷം ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിന് മുലയൂട്ടല്‍ ആരംഭിക്കണം. സിസേറിയനാണെങ്കില്‍ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടതാണ്. മാസം തികയാതെയുള്ള പ്രസവമാണെങ്കിലും കുഞ്ഞിന് കഴിയുന്നിടത്തോളം മുലയൂട്ടണം. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാരുടെ പാലില്‍ ധാരാളം ആന്റിബോഡികള്‍ ഉണ്ടാകും. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

കുഞ്ഞ് മുലപ്പാല്‍ വലിച്ചുകുടിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണില്‍ നല്‍കാം. കുഞ്ഞ് വിശക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അത് ശ്രദ്ധിക്കുകയും മുലയൂട്ടുകയും ചെയ്യണം. ഓരോ സത്നത്തില്‍ നിന്നും സാധാരണ മുലയൂട്ടലിന്റെ ദൈര്‍ഘ്യം 10-15 മിനിട്ട് വീതമാണ്. ഒരു സ്തനത്തില്‍ നിന്നും കുഞ്ഞ് മൊത്തമായി പാല്‍ കുടിച്ചതിനു ശേഷം ആവശ്യമെങ്കില്‍ കുഞ്ഞിന് അടുത്ത സ്തനത്തില്‍ നിന്നും പാല്‍ കൊടുക്കുക. സാധാരണ കുഞ്ഞുങ്ങള്‍ 2-3 മണിക്കൂര്‍ കൂടുമ്പോള്‍ മുലപ്പാല്‍ കുടിക്കാറുണ്ട്. ആദ്യ നാളുകളില്‍ ഓരോ 24 മണിക്കൂറിലും എട്ട് മുതല്‍ 12 തവണ വരെ മുലയൂട്ടേണ്ടതായി വരാം.

കുഞ്ഞ് മുലപ്പാല്‍ വലിച്ച് കുടിക്കുമ്പോള്‍ പാലിനൊപ്പം അല്പാല്‍പമായി വായുവും ഉള്ളിലേയ്ക്കെടുക്കും. ഇത് കുഞ്ഞിന് അസ്വസ്ഥതയും, വയറു വേദനയും, തികട്ടലും ഉണ്ടാക്കാനിടയാക്കിയേക്കും. ഇതൊഴിവാക്കാന്‍ മുലയൂട്ടല്‍ കഴിഞ്ഞാല്‍ കുഞ്ഞിനെ തോളത്ത് കിടത്തി മെല്ലെ പുറത്ത് തട്ടണം. അപ്പോള്‍  ആമാശയത്തില്‍ കയറിയ വായു പുറത്തു പോകും.

ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനമാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുക എന്നത്. ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക. ആറ് മാസത്തിന് ശേഷം രണ്ട് വയസ്സ് പ്രായമാകുന്നത് വരെ മറ്റു ഭക്ഷണങ്ങള്‍ നല്‍കുന്നതോടൊപ്പം മുലപ്പാലും നല്‍കേണ്ടതാണ്. നല്ലൊരു നാളെയ്ക്കായി ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാഘോഷത്തില്‍ നമുക്കും പങ്കുചേരാം.

(പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ ചൈല്‍ഡ് ഡെവലപ്പ്മെന്റെ് തെറാപ്പിസ്റ്റ് ആണ് ലേഖിക)

Content Highlights: World Breastfeeding Week 2020, Breastmilk is the main food of the baby, Health