'ഇവന്റെ അച്ഛനേം അതിന്റെ മൂത്തോരേം ഒക്കെ പെറ്റിട്ട കാലത്ത് ശറേന്ന് ഗോദാവരി പോലെ ഒഴുകായിരുന്നു ന്റെ മൊലേന്ന് ..ഇതിപ്പൊ നോക്ക്യേ... ' 

മുലപ്പാലിന്റെ വീര സാഹസിക കഥകള്‍ വിളമ്പി ഒരു വല്ല്യമ്മയും കൂടെ താടിക്ക് കൈ കൊടുത്ത് കഷ്ടം വെച്ചിരിക്കുന്ന കേള്‍വിക്കാര്‍ക്കുമിടയില്‍ സജല മിഴികളുമായി സ്‌കൂള്‍ കുട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു പുത്തനമ്മ!

പ്രസവം കഴിഞ്ഞ് ആദ്യത്തെ മൂന്നാല് ദിവസം കട്ടിയേറിയ മഞ്ഞപ്പാല്‍ അഥവാ കൊളോസ്ട്രം മാത്രമേ ഉണ്ടാകൂ എന്നും അതേറിയാല്‍ പ്രതിദിനം പത്തു നാല്‍പ്പതു മില്ലി മാത്രമേ ഉണ്ടാകൂ എന്നും ഉറച്ച ശബ്ദത്തില്‍ പറഞ്ഞു കൊടുത്തിട്ടും നേരത്തേ കേട്ട 'ഗോദാവരി ''ഇഫക്ട് മനസ്സില്‍ നിന്നും പോകാത്തതു കൊണ്ടാവും ആ അമ്മക്കൊച്ചിന്റെ മുഖത്തെ സങ്കടക്കാറുകള്‍ മായുന്നില്ല. എല്ലാവരുടേയും കുത്തുവാക്കുകള്‍ കേട്ട് തന്റെ കുഞ്ഞിനെ ഊട്ടാന്‍ പാലില്ലാതായിപ്പോയല്ലോ തനിക്കെന്ന ആധിയില്‍ നീറി ഉരുകുകയാണാപ്പാവം!

മഞ്ഞപ്പാല്‍ അഥവാ കൊളോസ്ട്രം പോഷക സമൃദ്ധവും ഇമ്യൂണോ ഗ്ലോബുലിന്‍ മുതലായവ അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി ദായകവുമാണെന്ന് പറഞ്ഞു മനസ്സിലാക്കി.

നമ്മുടെ നാട്ടിലെ പതിവുകളിലൊന്നാണിത്. ഒന്നിനും ശാസ്ത്രീയമായ തയ്യാറെടുപ്പുകളോ ബോധവല്‍ക്കരണമോ ഇല്ല. കല്യാണം കഴിഞ്ഞാല്‍ കുട്ടി ഉണ്ടായിക്കോളും! അതിനെന്തൊക്കെ സംഗതികള്‍ നടക്കണമെന്നും എങ്ങനെ തന്റെ പങ്കാളിയോട് ഇടപെടണം എന്നും ശാസ്ത്രീയമായ അറിവ് പകര്‍ന്നു നല്‍കല്‍ കുറവാണിപ്പോഴും. കൂട്ടുകാരില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നുമുള്ള അറിവാണ് നവമിഥുനങ്ങളുടെ ആശയ ഖനികള്‍!

മുലയൂട്ടുന്നതും അങ്ങനെത്തന്നെ. പ്രസവിച്ചാല്‍ മുലപ്പാലുണ്ടാകും. അതങ്ങ്ട് കൊച്ചിന്റെ വായിലോട്ട് കൊടുക്കന്നെ ... സോ സിംപിള്‍ !

പക്ഷേ അത്ര ലളിതമല്ല കാര്യങ്ങള്‍.കുഞ്ഞിനെ മുലയൂട്ടുക എന്നത് നേരാം വണ്ണം നടക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടന്നു പോകേണ്ടതുണ്ട് പലപ്പോഴും.

മുലപ്പാലുല്‍പ്പാദനത്തിനും സ്രവത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണുകള്‍ പ്രോലാക്റ്റിന്‍, ഓക്‌സിടോസിന്‍ എന്നിവയാണ്.അതായത് ചുരത്തുന്നത് മാറിടമാണെങ്കിലും മുലപ്പാലിന്റെ നിയന്ത്രണം ഈ ഹോര്‍മോണുകള്‍ വഴി തലച്ചോറിനാണെന്നര്‍ത്ഥം. മാനസിക സമ്മര്‍ദ്ദവും സ്വകാര്യതയില്ലായ്മയും മറ്റുള്ളവരുടെ തുറിച്ചു നോട്ടവും എല്ലാം മുലപ്പാല്‍ കുറയുന്നതിന് കാരണമാകുന്നു.

അമ്മയാകാനുള്ള മുന്നൊരുക്കങ്ങള്‍

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും മുലയൂട്ടുന്നതിനെക്കുറിച്ചും കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ തങ്ങളുടെ ഏറെ തിരക്കുപിടിച്ച ജോലിക്കിടയില്‍ ഗൈനക്കോളജിസ്റ്റുമാര്‍ക്ക് ഇതിനൊന്നും നേരം കണ്ടെത്താന്‍ കഴിയാറില്ല.(ആന്റിനേറ്റല്‍ ക്ലാസുകള്‍ ഭംഗിയായി നടക്കുന്ന ആശുപത്രികളും അതിന് ശുഷ്‌കാന്തി കാണിക്കുന്ന ഡോക്ടര്‍മാരും നമ്മുടെ നാട്ടിലും ഉണ്ട് കേട്ടോ), വീഡിയോകളുടേയും മറ്റു ഇന്‍ഫോ ഗ്രാഫിക്‌സിന്റേയും സഹായത്തോടെ മുലയൂട്ടലിനെക്കുറിച്ച് മികച്ച അവബോധം സ്ത്രീകളില്‍ സൃഷ്ടിക്കാനാവും.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ചെക്കപ്പിനിടെ സ്തനങ്ങളും പരിശോധിക്കണം. മുലക്കണ്ണ് ഉള്‍വലിഞ്ഞിരിക്കുന്നതും മറ്റും നേരത്തേ തന്നെ കണ്ടു പിടിച്ച് പ്രതിവിധികള്‍ ചെയ്യേണ്ടതുണ്ട്.

* മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതു സംബന്ധിച്ച ശരിയായ അവബോധം സൃഷ്ടിക്കുന്നതിനും എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ മുലയൂട്ടല്‍ വാരം ആചരിക്കുന്നു.

മുലയൂട്ടല്‍ വാരം സംബന്ധിച്ച് ഇത്തവണത്തെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച തീം ' മാതാപിതാക്കളെ ശാക്തീകരിക്കുക ,മുലയൂട്ടല്‍ സാധ്യമാക്കുക ' (Empower parents , Enable breast feeding ) എന്നതാണ്.

* മുലപ്പാലിന്റെ ഗുണഗണങ്ങള്‍ വര്‍ണനകള്‍ക്കതീതമാണ്. എങ്കിലും കുറച്ചെങ്കിലും പറയാതെ വയ്യ..

* മുലപ്പാല്‍ കുഞ്ഞിന് വലിച്ച് കുടിക്കാന്‍ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമാണ്.പൊടിപ്പാല്‍ കലക്കിക്കൊടുക്കുമ്പോഴുള്ളത് പോലെ കട്ടിയേറുമോ നേര്‍ത്തു പോകുമോ എന്നൊന്നും വേവലാതിപ്പെടേണ്ടതില്ല. ചൂടിനെപ്പറ്റിയും പേടിക്കേണ്ടതില്ല.

* ഏറെ സൗകര്യപ്രദമാണ് മുലയൂട്ടല്‍.എവിടെ വെച്ചും മുലയൂട്ടാം. പാത്രങ്ങള്‍ തിളപ്പിക്കാനോ അണുവിമുക്തമാക്കാനോ തത്രപ്പെടേണ്ടതില്ല.(തുറിച്ചു നോട്ടങ്ങള്‍ മൂലം സഹികെട്ടവര്‍ ഇതിനോട് യോജിക്കാന്‍ വഴിയില്ല!)

* മുലപ്പാല്‍ സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുക്കളും അടങ്ങിയത്. ലാക്ടോസ് കൂടുതല്‍ അടങ്ങിയ മുലപ്പാല്‍ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ നിരവധി എന്‍സൈമുകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ ഘടകങ്ങളും മുലപ്പാലിലുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച പരിപോഷിപ്പിക്കുന്ന സവിശേഷമായ  ലോംഗ് ചെയിന്‍ ഫാറ്റി ആസിഡുകളും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു.

* മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ പ്രധാനമായും ( 80 %) ംവല്യ പ്രോട്ടീന്‍ ആണ്.(ലാക്റ്റാല്‍ബുമിന്‍, ലാക്‌റ്റോ ഫെറിന്‍). ബാക്കി 20% കസീന്‍ ആണ്. ലാക്ടോഫെറിന്‍ ഇരുമ്പ്, സിങ്ക് എന്നിവയുടെ ആഗിരണത്തെ സഹായിക്കുന്നു. രോഗാണുക്കളെ പ്രതിരോധിക്കുന്നതിനും ഇതിന് കഴിവുണ്ട്.

* മുലപ്പാല്‍ അണുവിമുക്തമാണെന്നതിന് പുറമേ രോഗാണുക്കളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുമുള്ളതുമാണ്.(ലാക്ടോഫെറിന്‍, പെറോക്‌സിഡേസ്, ലൈപേസ്, പാരാ അമിനോ ബെന്‍സോയിക് ആസിഡ് മുതലായവ). 

ഇമ്യൂണോ ഗ്ലോബുലിനുകളും, ലൈസോസൈം, കോംപ്ലിമെന്റ്‌സ് എന്നിവയോടൊപ്പം അമ്മയില്‍ നിന്നുമുള്ള ആന്റിബോഡികളും കുഞ്ഞിന്റെ രോഗ പ്രതിരോധത്തിന്റെ കാവലാളാകുന്നു.

* മുലയൂട്ടല്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ കൂടിച്ചേരലില്‍ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചയിലും വികാസത്തിലും ഇത് പരമപ്രധാനമാണ്.

* പ്രസവശേഷം ഉടന്‍ തന്നെ മുലയൂട്ടുന്നത് അമ്മയുടെ ഗര്‍ഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിനും തദ്വാരാ രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നു. മാറിനും അണ്ഡാശയത്തിലും ഉണ്ടാകുന്ന അര്‍ബുദത്തിന്റെ സാധ്യത മുലയൂട്ടല്‍ കുറയ്ക്കുന്നു.

* മുലയൂട്ടല്‍ അമ്മയുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒഴിവായി ശരീര സൗന്ദര്യം നിലനിര്‍ത്താനും സഹായിയ്ക്കുന്നു.

* ലാക്‌റ്റേഷണല്‍ അമെനോറിയ അഥവാ മുലയൂട്ടല്‍ സമയത്ത് ആര്‍ത്തവം ഉണ്ടാവാതിരിക്കുന്ന കാലയളവ് കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ മികച്ച ഒരു കുടുംബാസൂത്രണ മാര്‍ഗവുമാണ്.

കുഞ്ഞിന് ആദ്യത്തെ ആറു മാസക്കാലം മുലപ്പാല്‍ മാത്രം മതി. ചുരുങ്ങിയത് കുഞ്ഞിന് രണ്ട് വയസ്സാകുന്നത് വരെ മുലപ്പാലൂട്ടുന്നത് തുടരുകയും വേണം.

 ആദ്യം മുലപ്പാല്‍ ... പിന്നെയും മുലപ്പാല്‍ ..

ലേബര്‍ റൂമിന് വെളിയിലും ഓപ്പറേഷന്‍ തിയറ്ററിന് മുന്നിലും ഒക്കെയുള്ള പതിവു കാഴ്ചകളിലൊന്നാണ് നവജാത ശിശുവിന് ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുമിത്രാദികള്‍ ആഹ്ലാദാരവങ്ങളോടെ തേനും വയമ്പുമോ ,ഓതിയ വെള്ളമോ കുഞ്ഞിന് കൊടുക്കുന്നത്.

ഒരു ദിവസം കണ്ട കാഴ്ച... ചെറിയ ഗ്ലാസ്സിലെ വെള്ളത്തില്‍ നിന്നും സ്പൂണിലേക്ക് പകര്‍ന്ന വെള്ളത്തില്‍, തന്റെ ഇടംകയ്യിലെ മോതിരവിരലില്‍ കിടന്ന സ്വര്‍ണ മോതിരം ഊരി ടീ സ്പൂണിലെ വെള്ളത്തില്‍ ഉരച്ച് ,കുഞ്ഞാവയുടെ വായിലേക്ക് ശ്രദ്ധയോടെ ഇറ്റിക്കുന്നു ഒരാള്‍! എന്റെ മനസ്സിലൂടെ ആദ്യം കടന്നു പോയ ചിന്ത ,അയാള്‍ അപ്പിയിട്ടതിന് ശേഷം കൈ നന്നായി സോപ്പിട്ടു കഴുകിക്കാണുമോ എന്നതാണ്.

നിങ്ങളുടെ മതവിശ്വാസം നിങ്ങളുടെ വിഷയമാണ്. ഏതു മതത്തില്‍ പെട്ടയാളാണെങ്കിലും ജനിച്ച ഉടന്‍ കുഞ്ഞാവയ്ക്ക് ഇത്തരം ചടങ്ങുകളുടെ ഭാഗമായി മുലപ്പാലല്ലാതെ മറ്റു വസ്തുക്കള്‍ നല്‍കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നത് മനസ്സിലാക്കാനുള്ള തിരിച്ചറിവ് നേടണം.'എന്റെ കുഞ്ഞിന് മുലപ്പാല്‍ മാത്രം മതി ' എന്ന് കാരണവന്മാരുടേയും ബന്ധുക്കളുടേയും മുഖത്ത് നോക്കി പറയാനുള്ള ആര്‍ജവവും ധൈര്യവും നേടലാണ് ഒരു നല്ല അച്ഛനോ അമ്മയോ ആകുന്നതിനുള്ള ആദ്യ പടി. ശാക്തീകരണം ഇവിടെ തുടങ്ങണം.

കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ എത്രയും വേഗം മുലയൂട്ടിത്തുടങ്ങണം. മുലപ്പാലൂട്ടുന്നതിന് വിഘാതമായ അസുഖങ്ങളൊന്നും കുഞ്ഞാവയ്ക്കും അമ്മയ്ക്കും ഇല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മുലയൂട്ടിത്തുടങ്ങാം. മുലപ്പാലല്ലാതെ മറ്റൊന്നും വാവയ്ക്ക് സാധാരണ ഗതിയില്‍ നല്‍കേണ്ടതില്ല.

എങ്ങനെയാണ് മുലയൂട്ടേണ്ടത് 

അമ്മയ്ക്ക് സൗകര്യപ്രദമായ ഏത് പൊസിഷനിലും മുലയൂട്ടാം. മുലയൂട്ടുന്നതിനിടയില്‍ ,പ്രത്യേകിച്ച് രാത്രിയില്‍ അമ്മയും കുഞ്ഞും ഉറങ്ങിപ്പോകാനും അതുവഴി മുലപ്പാല്‍ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കയറി അപകടമുണ്ടാകാനും ഇടയുള്ളതിനാല്‍, കിടന്നു മുലയൂട്ടുന്നതിനെ പലപ്പോഴും ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്താറുണ്ട്.

അമ്മയ്ക്ക് ആയാസരഹിതമായി ചാരി ഇരുന്ന് മുലയൂട്ടാം. അമ്മയുടെ ഇടതു കൈത്തണ്ടയില്‍ കുഞ്ഞിന്റെ തലയും ചുമലും അരക്കെട്ടും ഒരേ തലത്തില്‍ വരുന്നതു പോലെ കിടത്തി, ദേഹത്തോട് ചേര്‍ത്തുപിടിക്കാം. മുലക്കണ്ണ് മാത്രമായി കുഞ്ഞിന്റെ വായിലേക്ക് വെക്കരുത്. മുലക്കണ്ണിന് ചുറ്റുമുള്ള കറുപ്പാര്‍ന്ന ഏരിയോളയും കുഞ്ഞിന് ചപ്പാനായി കിട്ടുന്ന വിധത്തില്‍ വേണം മുലയൂട്ടേണ്ടത്.ഇതിനായി തന്റെ വലതുകളിലെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് അമ്മയ്ക്ക് മുലക്കണ്ണ് പിടിച്ചു കൊടുക്കാം.

എന്റെ കുഞ്ഞാവ ശരിയ്ക്കാണോ പാലു കുടിക്കുന്നേ?

പാലു കുടിക്കുമ്പോള്‍ കുഞ്ഞാവ മുലയോട് പറ്റിച്ചേരുന്നത് ശരിയായ രീതിയിലാണോ എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ആ പറ്റിച്ചേരല്‍ (അറ്റാച്ച്‌മെന്റ് ) ശരിയായ രീതിയിലാണോ എന്ന് പാലു കുടിക്കുന്ന കുഞ്ഞിനെ നിരീക്ഷിച്ചാല്‍ മനസ്സിലാവും. 

* മുലക്കണ്ണിന് ചുറ്റുമുള്ള കറുപ്പാര്‍ന്ന ഏരിയോളയുടെ മുകള്‍ ഭാഗം കൂടുതല്‍ ദൃശ്യമാവുന്നു.

* കുഞ്ഞാവയുടെ വായ് നന്നായി തുറന്നിരിക്കുന്നു.

* കുഞ്ഞാവയുടെ കീഴ്ചുണ്ട് മലര്‍ന്നിരിക്കും.

* കുഞ്ഞാവയുടെ താടി അമ്മിഞ്ഞയോട് ചേര്‍ന്നിരിക്കും.

പിന്നെ കുഞ്ഞാവ പാലുകുടിക്കുന്ന രീതിയും ഒന്ന് ശ്രദ്ധിച്ചോളൂ ..

ഇത്തിരി തിടുക്കത്തില്‍ ആദ്യം .. ഇടയ്‌ക്കൊന്ന് നിര്‍ത്തി .. പിന്നെയും വേഗത്തില്‍ .. ഒരു സവിശേഷ താളമാണതിന്! ഇടയ്ക്ക് ഓരോ ഗുള്‍ ഗുളു ശബ്ദവും കേള്‍ക്കാം ..

സമാധാനിച്ചോളൂ .. നിങ്ങളുടെ കുഞ്ഞാവ നന്നായി പാല്‍ കുടിക്കുന്നുണ്ട്.

 എത്ര നേരം ഇടവിട്ട് മുലപ്പാലൂട്ടണം?

ഓരോ കുഞ്ഞാവയും സവിശേഷ സ്വഭാവമുള്ളവരാണ്. അവരുടെ ആവശ്യാനുസരണം മുലയൂട്ടുക എന്നതാണ് പ്രധാനം. കുഞ്ഞാവയ്ക്ക് പാലു വേണം എന്ന ആവശ്യം അറിയിക്കുന്ന സൂചനകള്‍ പതുക്കെ അമ്മയ്ക്ക് അറിയാറായിത്തുടങ്ങും. അതിനനുസരിച്ച് പാലൂട്ടുക.

സാമാന്യേന ശരാശരി രണ്ടു രണ്ടര മണിക്കൂര്‍ കൂടുമ്പോള്‍ പാലൂട്ടണം. ഇത് ഓരോ കുഞ്ഞാവകളിലും വ്യത്യാസപ്പെട്ടിരിക്കും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ശരാശരി പ്രതിദിനം 8-12 വരെ തവണ മുലയൂട്ടണം. രാത്രിയിലും ചുരുങ്ങിയത് 3-4 തവണ മുലയൂട്ടേണ്ടതുണ്ട്.

 മുലപ്പാല്‍ കുഞ്ഞിന് തികയുന്നുണ്ടോ?

ആവശ്യത്തിന് മുലപ്പാല്‍ ഉണ്ട് എന്ന് പറയുന്ന അമ്മമാരെ, അതില്‍ സന്തോഷിക്കുന്ന ബന്ധുക്കളെ കണ്ടുകിട്ടുക എന്നത് ഇക്കാലത്ത് ഒരു അപൂര്‍വ്വതയാണ്. മുലപ്പാല്‍ മാത്രം കുടിച്ച്, ആവശ്യത്തിലേറെ തൂക്കം വെച്ച് തക്കിടി മുണ്ടനായിരിക്കുന്ന വാവയുടെ അച്ഛനമ്മമാര്‍ക്കും 'അയ്യോ പാലില്ലേ' എന്ന് കരഞ്ഞു വിളിക്കാനേ നേരമുള്ളൂ.

മുലപ്പാല്‍ ആവശ്യത്തിനുണ്ടോ എന്ന് മനസ്സിലാക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉപകരിക്കും.

* മുലപ്പാല്‍ കുടിച്ചു കഴിഞ്ഞ് വാവ ശാന്തമായി ഉറങ്ങുന്നു.

* ആവശ്യത്തിന് തൂക്കം വെക്കുന്നു.

* പ്രതിദിനം അഞ്ചാറ് തവണ മൂത്രം ഒഴിക്കുന്നു.

* ആവശ്യത്തിന് അപ്പിയിടുന്നു (എണ്ണത്തിലെ ഏറ്റക്കുറച്ചിലുകളില്‍ ബേജാറാവേണ്ട സാധാരണ ഗതിയില്‍)

ലെറ്റ് ഡൗണ്‍ റിഫ്‌ലക്‌സ് എന്നൊരു സംഗതിയുണ്ട്.ഒരു വശത്തു നിന്നും മുല കൊടുക്കുമ്പോള്‍ മറ്റേ മുല ചുരന്നു വരുന്നതിനെ പറയുന്നതാണിത്. ഇതുണ്ടെങ്കില്‍ അമ്മയ്ക്ക് നന്നായി പാലുണ്ട് എന്നര്‍ത്ഥം.

 മുലപ്പാലുണ്ടാവാന്‍ എന്തു ചെയ്യണം ?

പ്രസവരക്ഷയുടെ ഭാഗമായി ഒത്തിരി ലേഹ്യവും അരിഷ്ടവും ഒക്കെ സ്ത്രീകള്‍ക്ക് കൊടുക്കും.അതോടൊപ്പം നാട്ടുനടപ്പനുസരിച്ച് വെള്ളം ഒട്ടും കുടിക്കാന്‍ പാടില്ലെന്ന പഥ്യവും! 

മുലപ്പാലുണ്ടാവാന്‍ ഏറ്റവും വേണ്ടത് സ്വസ്ഥതയും സമാധാനവും ആണ്. കൂടെ ആശ്വാസവും താങ്ങുമായി നില്‍ക്കണം അമ്മയും അമ്മായിയമ്മയും ഭര്‍ത്താവും എല്ലാം. മുലയൂട്ടാന്‍ ആവശ്യമായ സ്വകാര്യതയും ഉറപ്പു വരുത്തണം. പ്രസവിച്ചു കിടക്കുന്ന അമ്മയേയും, കുഞ്ഞിനേയും കാണാന്‍  വരുന്ന സന്ദര്‍ശകരേയും നിയന്ത്രിക്കേണ്ടതുണ്ട്.

മുലയൂട്ടുന്ന  അമ്മ ധാരാളം വെള്ളം കുടിക്കണം. പ്രതിദിനം മൂന്ന് ലിറ്റര്‍ (പതിനഞ്ച് ഗ്ലാസ് വീതം). പോഷകസമൃദ്ധമായ ആഹാരം കഴിയ്ക്കണം. ഇലക്കറികളും പഴവര്‍ഗങ്ങളും ,മത്തിയുമെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

 പൊടിപ്പാല്‍ (ഫോര്‍മുല ഫീഡ്‌സ് ) കൊടുക്കണോ?

സാധാരണ ഗതിയില്‍ പൊടിപ്പാല്‍ ആവശ്യമായി വരാറില്ല കുഞ്ഞുങ്ങള്‍ക്ക്. ജോലി ചെയ്യുന്ന അമ്മമാരാണെങ്കിലോ, അപൂര്‍വ്വമായി മുലപ്പാല്‍ കുറഞ്ഞ അവസ്ഥയോ, മുലപ്പാല്‍ കൊടുക്കാനാവാത്ത സന്ദര്‍ഭങ്ങളിലോ എല്ലാം പൊടിപ്പാല്‍ നല്‍കേണ്ടതായി വരാം. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്കും ഇതാവശ്യമായി വരാറുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഫോര്‍മുല ഫീഡ്‌സ് ഉപയോഗിക്കുക. പൊടിപ്പാല്‍ കലക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഔണ്‍സ് (മുപ്പത് മില്ലി) തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു സ്‌കൂപ്പ് പൊടി വീതം ആണ് കലക്കേണ്ടത്.

 ബോട്ടില്‍ / മുലക്കുപ്പി ഉപയോഗിക്കാമോ?

കുഞ്ഞ് മുലക്കുപ്പിയിലെ നിപ്പിള്‍ ചപ്പുന്നതും അമ്മയുടെ മുല കുടിക്കുന്നതും രണ്ടു തരത്തിലാണ്. മുലക്കുപ്പിയിലെ നിപ്പിളില്‍ മോണ കൊണ്ട് അമര്‍ത്തിയാല്‍ മതി പാലു കിട്ടാന്‍.. എന്നാല്‍ അമ്മയുടെ മുലയില്‍ നിന്ന് പാലു കിട്ടാന്‍ അതു മാത്രം പോരാ, ചപ്പി വലിക്കേണ്ടതുമുണ്ട്. ഇത്തരത്തില്‍ മുലക്കുപ്പി കുടിച്ചു ശീലിച്ച കുഞ്ഞിന് നിപ്പിള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകാം. അമ്മയുടെ മുലക്കണ്ണ് ചുമ്മാ അമര്‍ത്തി പാലു കിട്ടാതാവുമ്പോള്‍, പതിയെ കുഞ്ഞുങ്ങള്‍ മുലകുടി നിര്‍ത്തും.

അമ്മയുടെ മുലക്കണ്ണിനോട് സാദൃശ്യള്ളത് എന്ന അവകാശവാദത്തോടെ, പുതിയ തരം നിപ്പിളുകള്‍ വിപണിയിലുണ്ടെങ്കിലും, അമ്മയ്ക്കും അമ്മിഞ്ഞയ്ക്കും പകരം വെക്കാന്‍ ഒന്നിനുമാവില്ലല്ലോ.

അണുവിമുക്തമാക്കുന്നതിനുള്ള ബുദ്ധിമുട്ടും, പല വട്ടം തിളപ്പിച്ച വെള്ളത്തില്‍ വൃത്തിയാക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന്റെ  ഭവിഷ്യത്തും ഓര്‍ക്കുമ്പോള്‍ ഫീഡിംഗ് ബോട്ടിലുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

തുടക്കത്തില്‍ ശ്രമകരമാണെങ്കിലും ഗ്ലാസും സ്പൂണും ഉപയോഗിച്ചോ ഗോകര്‍ണം/പാലാട ഉപയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുത്ത് ശീലിപ്പിക്കാം.

ജോലി ചെയ്യുന്ന അമ്മമാര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ആദ്യത്തെ ആറു മാസക്കാലം കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ്. ആയതു കൊണ്ടു തന്നെ ചുരുങ്ങിയത് ആറു മാസക്കാലം എങ്കിലും അമ്മയ്ക്ക് മറ്റേണിറ്റി ലീവ് ലഭ്യമാകേണ്ടതാണ്. അച്ഛനും മുലയൂട്ടലില്‍ താങ്ങും തണലുമായി നില്‍ക്കേണ്ടയാളാണ്. ചുരുങ്ങിയത് ഒരു മാസമെങ്കിലും പറ്റേണിറ്റി ലീവും വേണ്ടതു തന്നെയാണ്. ഇപ്പോളത് സര്‍ക്കാര്‍ സര്‍വീസില്‍ പത്തു ദിവസം മാത്രമാണ്.

* ജോലി സ്ഥലത്തിന് പരമാവധി അടുത്തേയ്ക്ക് താമസം മാറ്റാന്‍ ശ്രമിക്കുക. ഇടയ്‌ക്കെങ്കിലും വീട്ടിലെക്ക് വന്നോ കുഞ്ഞിനെ ജോലി സ്ഥലത്തേക്ക് കൊണ്ടു വന്നോ മുലയൂട്ടുന്നതിന് ഇത് സഹായിക്കും.

* മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുക്കാനും മുലപ്പാല്‍ പിഴിഞ്ഞെടുക്കാനുമായി ഇടവേളകള്‍ അനുവദിക്കണം.

* ജോലിക്ക് ഇറങ്ങുന്നതിന് മുമ്പും ജോലി കഴിഞ്ഞെത്തുമ്പോഴും കുഞ്ഞിനെ മുലയൂട്ടുക. നേരിട്ട് മുലയൂട്ടാന്‍ മാര്‍ഗമില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞു സൂക്ഷിക്കാം. മികച്ച ബ്രെസ്റ്റ് പമ്പുകള്‍ (ഇലക്ട്രിക് ഉള്‍പ്പടെ) ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

* പിഴിഞ്ഞെടുത്ത മുലപ്പാല്‍ സാധാരണ താപനിലയില്‍ ആറു മണിക്കൂറും റഫ്രിജറേറ്ററില്‍ ഒരു ദിവസവും സൂക്ഷിക്കാം.

* ജോലി സ്ഥലത്ത് ഫീഡിംഗ് റൂമുകള്‍ ഉണ്ടാവണം. വലിയ സ്ഥാപനങ്ങളാണെങ്കില്‍ കുഞ്ഞുങ്ങളെ നോക്കുന്നതിന് ആയമാരേയും ഏര്‍പ്പെടുത്തണം.

 യാത്രാവേളകളില്‍ മുലയൂട്ടാന്‍ എന്തു ചെയ്യണം?

യാത്രകളിലും മറ്റു പൊതു/സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും  വേണ്ടത്ര സ്വകാര്യത ലഭിക്കാത്തതും ആളുകളുടെ തുറിച്ചുനോട്ടവും ഒക്കെയാണ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോട്ടില്‍ കയ്യില്‍ കരുതാന്‍ അമ്മമാരെ നിര്‍ബന്ധിതരാക്കുന്നത്.

ഇതിന് നമ്മുടെയെല്ലാം മനോനിലയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. എന്റെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കേണ്ടതുണ്ട്, അത് മാത്രമേ കൊടുക്കൂ എന്ന നിശ്ചയദാര്‍ഢ്യം മാതാപിതാക്കള്‍ക്കുണ്ടാവണം. അത് ബസ്/ട്രെയിന്‍ യാത്രയ്ക്കിടയിലാണെങ്കിലും ഒരു കല്ല്യാണം കൂടുന്നതിനിടയിലാണെങ്കിലും. മാറിടം അനാവൃതമാകാത്ത തരത്തിലുള്ള ഫ്‌ലാപ്പുകള്‍ ഉള്ള വസ്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ് താനും.

പാലൂട്ടല്‍ മുറികള്‍ എല്ലായിടത്തും (പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും) വേണ്ടത്ര സ്വകാര്യതയോടെ ലഭ്യമാകണം. അതു വരെയും വായ്‌നോട്ടത്തിന്റെ ഭാഗമായുള്ള മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരെയുള്ള തുറിച്ചുനോട്ടം നിയന്ത്രിക്കാന്‍ ചില പുരുഷുക്കളും ശ്രമിക്കണം.

കുഞ്ഞാവകള്‍ അമ്മിഞ്ഞ കുടിച്ച് വളര്‍ന്ന് മിടുക്കരാവട്ടെ ..

അച്ഛനമ്മമാര്‍ കൂടുതല്‍ ബദ്ധശ്രദ്ധരാവട്ടെ മുലയൂട്ടലിന്റെ കാര്യത്തില്‍ ..

Content Highlights: Things to Know About Breastfeeding