മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും ഇരിക്കുന്നത് എങ്ങനെ എന്നത് വളരെ പ്രധാനമാണ്. അമ്മ നല്ലവണ്ണം നിവര്‍ന്നിരിക്കണം. പുറംഭാഗത്തിനു നല്ലപോലെ സപ്പോര്‍ട്ട് കൊടുക്കണം. അല്ലാത്തപക്ഷം പുറംവേദന വിട്ടുമാറില്ല.

മുലപ്പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞുമായി സംവദിക്കണം. അവരുടെ മുഖത്തേക്കു നോക്കി പാലൂട്ടുക. അവര്‍ക്കു താരാട്ടു പാടിക്കൊടുക്കുക, കഥപറഞ്ഞു കൊടുക്കുക, കൊഞ്ചിക്കുക. കാരണം നിങ്ങളും അവരുമായുള്ള ആത്മബന്ധത്തിന്റെ തുടക്കമാണ് മുലയൂട്ടല്‍!

മുന്‍ഭാഗം നല്ലവണ്ണം തുറന്ന ഒരു വസ്ത്രം ധരിക്കുക. വസ്ത്രത്തിന്റെ ഒരുഭാഗവും കുഞ്ഞിന്റെ മുഖത്തുതട്ടി അലോസരപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

കുഞ്ഞിന്റെ ശരീരം മുഴുവനായി നിങ്ങളുടെ ഒരു കൈകൊണ്ട് താങ്ങിനിര്‍ത്തുക. വലതുഭാഗത്തെ മുലകൊടുക്കുമ്പോള്‍ നിങ്ങളുടെ വലത്തേ കൈയിലും ഇടതുഭാഗത്തുനിന്ന് കൊടുക്കുമ്പോള്‍ ഇടതു കൈയിലും കുഞ്ഞിനെ പിടിക്കുക. കുഞ്ഞിന്റെ തല നിങ്ങളുടെ കൈമുട്ടുകളിലും പാദങ്ങള്‍ നിങ്ങളുടെ കൈകളിലുമാവണം ഉണ്ടാവേണ്ടത്.

കുഞ്ഞ് വളഞ്ഞിരിക്കരുത്. ശരീരം ഒരു നേര്‍ രേഖയിലായിരിക്കണം.

കുഞ്ഞിന്റെ ശരീരം നിങ്ങളെ അഭിമുഖീകരിച്ചിരിക്കണം. കുഞ്ഞിന്റെ താടി നിങ്ങളുടെ മാറില്‍ തൊട്ടുവേണം ഇരിക്കാന്‍. നിങ്ങളുടെയും കുഞ്ഞിന്റെയും ശരീരങ്ങള്‍ തമ്മില്‍ വിടവുണ്ടാവാന്‍ പാടില്ല.

കുഞ്ഞിന്റെ വായ എങ്ങനെ ഇരിക്കണം

കുഞ്ഞു മുലപ്പാല്‍ കുടിക്കുന്നത് ഒരു കുഴല്‍വെച്ച് ജ്യൂസ് വലിച്ചു കുടിക്കുന്നപോലെയാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, മുലക്കണ്ണ് മാത്രമാണ് കുഞ്ഞിന്റെ വായില്‍ ഉണ്ടാകാറുള്ളത്. കുഞ്ഞിന് പാല്‍ ഒട്ടും കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ശക്തിയില്‍ വലിക്കുകയും മുലക്കണ്ണ് പൊട്ടുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ പിന്നെ വേദനകാരണം അമ്മ മുലയൂട്ടാന്‍ മടിക്കും, ഫലമോ? പാല്‍ കെട്ടിനിന്ന് മുല കല്ലിച്ചു തുടങ്ങും, ചിലപ്പോള്‍ പഴുക്കാന്‍വരെ കാരണമാകും.

ഇതൊക്കെ തടയാന്‍ ഒരൊറ്റ മാര്‍ഗമേ ഉള്ളൂ, കുഞ്ഞിന്റെ വായ കൃത്യമായി നല്ലപോലെ തുറന്ന് മുലക്കണ്ണിനു ചുറ്റുമുള്ള കറുത്തഭാഗം മുഴുവനായും വായ്ക്കുള്ളില്‍ വരുന്നരീതിയില്‍ മുലയൂട്ടുക.

കുഞ്ഞിന്റെ കീഴ്ചുണ്ട് പുറമേക്ക് പിളര്‍ന്നിരിക്കണം. ഇങ്ങനെ ശ്രദ്ധിച്ചുകൊടുത്താല്‍ മുലക്കണ്ണ് പൊട്ടുന്നത് ഒഴിവാക്കാം.

പാല്‍ തികയുന്നുണ്ടെന്നു എങ്ങനെ മനസ്സിലാക്കാം?

  • കുഞ്ഞിനെ ശ്രദ്ധിക്കുക, 24 മണിക്കൂറില്‍ നല്ലപോലെ അഞ്ചാറു തവണ മൂത്രമൊഴിക്കുന്നുണ്ടോ? രണ്ടു മൂന്നു തവണ തവണ മലം പോകുന്നുണ്ടോ? എങ്കില്‍ കുഞ്ഞിന് വേണ്ടത്ര പാല്‍ കിട്ടുന്നുണ്ട്.
  • പാല്‍ കുടിച്ചു കുട്ടി രണ്ടു മൂന്ന് മണിക്കൂര്‍ സുഖമായി ഉറങ്ങുന്നുണ്ടെങ്കില്‍ പാല്‍ തികയുന്നുണ്ട്.
  • കുഞ്ഞിന് വേണ്ടപോലെ തൂക്കം കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മാസം തികഞ്ഞ് പ്രസവിച്ച കുഞ്ഞിന് ദിവസേന 20 ഗ്രാം എങ്കിലും കൂടേണ്ടതാണ്.
  • പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ കവിളുകള്‍ പാല്‍ വന്നു നിറഞ്ഞു വീര്‍ത്തിരിക്കുന്നുണ്ടോ. മൂന്നു നാല് തവണ പാല്‍ വലിച്ചതിനുശേഷം ഒന്ന് നിര്‍ത്തി കുഞ്ഞു പാല്‍ ഇറക്കുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്നുണ്ടോ.
  • അമ്മയ്ക്ക് ഒരു ഭാഗത്തു നിന്നും പാല്‍ കൊടുക്കുമ്പോള്‍ മറുഭാഗത്തും നിന്ന് പാല്‍ ഇറ്റി ഇറ്റി പോകുന്നുണ്ടോ? എങ്കില്‍ ആവശ്യത്തിന് പാലുണ്ട്.
  • രണ്ട് മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ പാല്‍ വന്നു നിറഞ്ഞു മുലകള്‍ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ പാലുണ്ട്.

ഉണക്കമുന്തിരിവെള്ളം കൊടുക്കേണ്ടതുണ്ടോ?

ഒരിക്കലുമില്ല, നന്നായി മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് ഇതിന്റെ ഒന്നും ആവശ്യമില്ല. ഇതെല്ലം കൊടുത്തു തുടങ്ങിയാല്‍, കുഞ്ഞു മുലപ്പാല്‍ കുടിക്കാന്‍ മടി കാണിക്കുകയും മുലപ്പാല്‍ കുറയുകയും ചെയ്യുന്നു. അത് മാത്രമല്ല, കുഞ്ഞിന് വയറിളക്കവും മറ്റും പിടിപെടുകയും ചെയ്യും.

എത്ര തവണയാണ് പാല്‍ കൊടുക്കേണ്ടത്?

മുമ്പ് പറഞ്ഞ പോലെ ക്ലോക്ക് നോക്കി പാല്‍ കൊടുക്കേണ്ടതില്ല. കുഞ്ഞിന് ആവശ്യം തോന്നുമ്പോഴൊക്കെ കൊടുക്കാം. അതിനു ഡിമാന്‍ഡ് ഫീഡിങ് എന്ന് പറയും. കുഞ്ഞ് ഉറങ്ങിക്കൊണ്ടേ ഇരിക്കുകയാണെങ്കില്‍ മൂന്നു മണിക്കൂറില്‍ ഒരു തവണ എങ്കിലും പാല്‍ കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞുപോകാനിടയുണ്ട്.

മാറി മാറി കൊടുക്കുന്നത് തെറ്റാണോ?

അതെ, അത് ശരിയല്ല. ഒരു വശത്തു നിന്നുതന്നെ ചുരുങ്ങിയത് പത്തു പതിനഞ്ച് മിനിറ്റ് കൊടുക്കേണ്ടതാണ്. കാരണം ആദ്യത്തെ മിനിറ്റുകളില്‍ വരുന്ന പാല്‍ (foremilk) വളരെ നേര്‍ത്തതായിരിക്കും. അത് കുഞ്ഞിന്റെ ദാഹം മാറ്റാനുള്ളതാണ്. അതിനു ശേഷം മാത്രമാണ് കൊഴുത്ത പാല്‍ (hindmilk) വരുന്നത്. അത് കുടിച്ചാല്‍ മാത്രമേ വിശപ്പ് മാറുകയും തൂക്കം കൂടുകയും ചെയ്യൂ. നമ്മള്‍ രണ്ടു വശത്തു നിന്ന് മാറി മാറി കൊടുത്താല്‍ കുഞ്ഞിന് ആദ്യം വരുന്ന നേര്‍ത്തപാല്‍ മാത്രമേ കിട്ടുകയുള്ളു, തത്ഫലമായി വേണ്ടത്ര കൊഴുപ്പുനിറഞ്ഞ പാല്‍ കിട്ടാതിരിക്കുകയും തൂക്കം വേണ്ടവിധത്തില്‍ കൂടാതിരിക്കുകയും ചെയ്യുന്നു.

എത്രകാലമാണ് മുലയൂട്ടേണ്ടത്?

ആദ്യത്തെ ആറു മാസം മുലപ്പാല്‍ മാത്രമാണ് കൊടുക്കേണ്ടത്. ഇതിനെ 'exclusive breastfeeding' എന്ന് പറയുന്നു. മറ്റു ആഹാരസാധനങ്ങള്‍ ദഹിക്കാനുള്ള കഴിവ് കുഞ്ഞിന് ഉണ്ടാകുന്നത് നാലു മാസം മുതലാണ്. അത് വേണ്ടവിധത്തില്‍ പാകപ്പെടുന്നത് ആറാം മാസത്തിലാണ്. അതുകൊണ്ടുതന്നെ ആറുമാസം കഴിഞ്ഞാല്‍ കട്ടിയാഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. രണ്ടുവയസ്സുവരെയും അതിനുശേഷവും മുലയൂട്ടാം. പക്ഷേ, പതുക്കെ കട്ടിയാഹാരങ്ങള്‍ കൂട്ടിക്കൂട്ടി കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. കാരണം മുലപ്പാലിന്റെ അളവ് ആറുമാസം കഴിഞ്ഞാല്‍ പതുക്കെ കുറഞ്ഞു തുടങ്ങും. അതുകൊണ്ട് മുലപ്പാലിനെമാത്രം ആശ്രയിച്ചാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.

ജോലിക്കുപോകുന്ന അമ്മമാര്‍ എങ്ങനെ മുലയൂട്ടും?

ഇന്ന് ഒരുവിധം എല്ലാ അമ്മമാരും ജോലിക്കാരാണ്. പലര്‍ക്കും ആറുമാസം ലീവ് കിട്ടാറില്ല. അപ്പോള്‍ ആറു മാസം മുലപ്പാല്‍ മാത്രം എങ്ങനെ കൊടുക്കാന്‍ പറ്റും? പൊടിപ്പാല്‍ കൊടുക്കേണ്ടിവരില്ലേ? ഇതാണ് എല്ലാവരുടെയും ചോദ്യം. നിങ്ങള്‍ ജോലിക്കു പോകുന്നതിനുമുന്നേ പാല് പിഴിഞ്ഞ് വെച്ച് പൊയ്ക്കോളൂ. വെറും സാധാരണ താപനിലയില്‍ മുലപ്പാല്‍ 68 മണിക്കൂര്‍ വരെ ഒരു കുഴപ്പവും കൂടാതെ ഇരിക്കും. ഇനി ഫ്രിഡ്ജില്‍ ആണെങ്കില്‍ (ഫ്രീസറിനു പുറത്തു) 24 മണിക്കൂര്‍ വരെ ഇരിക്കും. ഫ്രീസറില്‍ മൂന്നു മാസം വരെ ഇരിക്കും. മുലപ്പാല്‍ ബാങ്കുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവിടെയൊക്കെ ഇങ്ങനെയാണ് മുലപ്പാല്‍ ശേഖരിച്ചുവെക്കുന്നത്. അപ്പോള്‍ ജോലിക്കുപോകുന്ന അമ്മമാര്‍ ആ കാരണം കൊണ്ട് കുട്ടിക്ക് വേറെ എന്തെങ്കിലും കൊടുക്കേണ്ടതുണ്ടോ? ഇല്ല! ഇനി മുലപ്പാല്‍ പിഴിയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചും മുലപ്പാല്‍ സ്തനങ്ങളില്‍നിന്ന് ശേഖരിക്കാം. ഒരുകാര്യം ശ്രദ്ധിക്കുക, ഫ്രിഡ്ജില്‍ വെച്ച പാല്‍ കുഞ്ഞിന് കൊടുക്കുന്നതിനുമുമ്പ് സാധാരണ താപനിലയിലേക്കു എത്തിക്കേണ്ടതുണ്ട്. അതിന് ഒരിക്കലും ചൂടാക്കരുത്. ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിലേക്ക് മറ്റൊരു ചെറിയ പാത്രത്തില്‍ പാല്‍ നിറച്ചു ഇറക്കിവെച്ചാല്‍ മതി.

എങ്ങനെയാണ് പാലുകുടിച്ചശേഷം തട്ടിക്കൊടുക്കേണ്ടത്?

പാലുകുടിച്ച ശേഷം കുഞ്ഞിനെ തോളത്തിട്ടു തട്ടിക്കൊടുക്കേണ്ടതാണ്. അതും മിനിമം 10 മിനിറ്റെങ്കിലും ചെയ്യണം.

കുഞ്ഞുങ്ങളിലെ തേട്ടലും ഛര്‍ദിയും സാധാരണമാണോ?

പാലുകുടിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കുറച്ചു തേട്ടി കളയുന്നത് സാധാരണമാണ്. എന്നാല്‍ അതിന്റെ അളവ് വല്ലാതെ കൂടുതലാണെങ്കില്‍, കുടിച്ച പാലിന്റെ ഭൂരിഭാഗവും ഛര്‍ദിച്ചുപോവുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ തൂക്കവും കൂടില്ല. അതിനു ചികിത്സ ആവശ്യമാണ്. മഞ്ഞനിറത്തിലുള്ള ഛര്‍ദി എപ്പോഴും അപകടം പിടിച്ചതാണ്.

പെട്ടെന്ന് തരിപ്പില്‍ പോയാല്‍ എന്ത് ചെയ്യും?

ഒരിക്കലും വെപ്രാളപ്പെടരുത്. കുഞ്ഞിനെ ചെരിച്ചു കിടത്തി പുറത്തു കൊട്ടിക്കൊടുക്കുക. മലര്‍ത്തിക്കിടത്തരുത്. ശ്വാസതടസ്സമുണ്ടാവുകയോ കുഞ്ഞു നീലനിറമാവുകയോ ചെയ്താല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.

Content Highlight: All you need to know about Breastfeeding