തിരുവനന്തപുരം: മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കിടയില്‍ ലാക്‌റ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ലാക്റ്റേഷന്‍ മാനേജ്മെന്റ് ട്രെയിനിങ് പ്രോഗ്രാം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്ത് ശിശുമരണ നിരക്ക് വീണ്ടും കുറയ്ക്കുന്നതിനായി സമഗ്ര പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ്, എന്‍.എച്ച്.എം., ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, നഴ്സുമാര്‍, ഗൈനക്കോളജിസ്റ്റുകള്‍, പ്രസവ മുറിയിലെ ജീവനക്കാര്‍, എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. 

ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി പ്രസവം നടക്കുന്ന ആശുപത്രികളില്‍ ന്യൂബോണ്‍ കെയര്‍ കോര്‍ണര്‍, ന്യൂ ബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റ്, പ്രധാന ആശുപത്രികളില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് എന്നിവ തുടങ്ങുകയും ആധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുകയും ചെയ്തതാണെന്ന് മന്ത്രി പറഞ്ഞു. നവജാത ശിശുക്കളിലെ ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനായി ശലഭം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം അമ്മമാരും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് ആറ് മാസമാകുന്നതു വരെ മുലപ്പാല്‍ മാത്രം കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇപ്പോഴത്തെ അണുകുടുംബത്തില്‍ പഴയ കാലഘട്ടത്തിലുള്ള അമ്മൂമ്മമാരെപ്പോലെ മുലയൂട്ടലിന്റെ പ്രാധാന്യത്തെപറ്റി പറഞ്ഞു മനസിലാക്കുന്നതിനോ, മുലയൂട്ടലിന്റെ ശരിയായ രീതികളെക്കുറിച്ച് പഠിപ്പിക്കുന്നതിനോ മിക്ക അമ്മമാര്‍ക്കും കഴിയാറില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ സര്‍വകലാശാല, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, ഐ.എ.പി., കേരള ഫെഡറേഷന്‍ ഓഫ് ഗൈനക്കോളജി, ആരോഗ്യ കേരളം, നാഷണല്‍ നിയോനറ്റോളജി ഫോറം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത മുഖ്യപ്രഭാഷണം നടത്തി. സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ജോയിന്റ് ഡയറക്ടര്‍ നഴ്സിങ് എഡ്യൂക്കേഷന്‍ ഡോ. ആര്‍. ലത, ഡോ.സന്തോഷ് കുമാര്‍, ഡോ. രാജ്മോഹന്‍, ഡോ. പി.എം.സി. നായര്‍, ഡോ. റിയാസ്, ആരോഗ്യ കേരളം പ്രതിനിധി ഡോ. ശ്രീഹരി, ഐ.എ.പി. സംസ്ഥാന സെക്രട്ടറി ബാലചന്ദര്‍ എന്നിവര്‍ സംസാരിച്ചു. 200 ഓളം നഴ്സുമാരും, സി.ഡി.സി.യിലെയും എസ്.എ.ടിലെയും വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ഈ പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: lactation training programme for nurses