ശുവിന്റെയും ആടിന്റെയുമൊക്കെ പാല്‍ കൊടുത്താല്‍ കുഞ്ഞിന് വേഗം തൂക്കം കൂടുമെന്നാണ് പൊതുവേ ആളുകളുടെ ധാരണ. അത് തെറ്റാണ്. പ്രകൃതി ഓരോ ജീവികള്‍ക്കും ആവശ്യമായ തരത്തിലാണ് അവയുടെ പാല്‍ ക്രമീകരിച്ചിരിക്കുന്നത്. പശുവിന്‍പാല്‍ പശുക്കുട്ടിക്കുള്ളതാണ്. അതിന്റെ വളര്‍ച്ചക്കാവശ്യമായ ചേരുവകളാണ് അതിലുള്ളത്. പശുക്കുട്ടിക്കു വലുതായി ഡോക്ടറും എന്‍ജിനിയറും ഒന്നും ആവണ്ടല്ലോ! അപ്പോള്‍ ബുദ്ധിവളര്‍ച്ചക്കാവശ്യമായ സംഗതികളും ആ പാലില്‍ കുറവായിരിക്കും. എന്നാല്‍ പശുവിന്‍പാല്‍ കുഞ്ഞിന് കൊടുക്കരുത് എന്നല്ല. ഒരു വയസ്സ് കഴിഞ്ഞിട്ട് നല്‍കുന്നതാണ് നല്ലത്. 

പശുവിന്‍പാലില്‍ നല്ലതോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പലരും പാലിന്‍വെള്ളം എന്ന പേരിലാണ് കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ കൊടുക്കാറുള്ളത്. തെറ്റായ ശീലമാണത്. വെള്ളം ചേര്‍ത്ത് പാല്‍ നേര്‍പ്പിച്ചാല്‍ കഫക്കെട്ട് വരില്ലെന്നതാണ് അമ്മൂമ്മമാര്‍ പറയാറുള്ള ഒരു കാരണം. അത് പൂര്‍ണമായും തെറ്റാണ്. പാല്‍ ഒരിക്കലും കഫക്കെട്ടുണ്ടാക്കില്ല. ചില കുട്ടികള്‍ക്ക് പാല്‍ അലര്‍ജി ആവാറുണ്ട്. അത് പാലിന് മാത്രമല്ല, പലപ്പോഴും മറ്റുപല ആഹാരസാധനങ്ങള്‍ക്കും കാണാറുണ്ട്. അത്രേയേയുള്ളൂ. അങ്ങനെയുള്ള കുട്ടികള്‍ പാല്‍ ഉപയോഗിക്കേണ്ടതില്ല. പാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെ ഉപകാരപ്രദമായ ഒരു പോഷകാഹാരമാണ്. പക്ഷേ, നേര്‍പ്പിക്കാതെ കൊടുക്കണമെന്നുമാത്രം! ഒരു വയസ്സ് കഴിഞ്ഞു മൃഗപ്പാല്‍ കൊടുത്തുതുടങ്ങാം.

ആട്ടിന്‍പാലോ പശുവിന്‍പാലോ നല്ലത്?

ഏറ്റവുംകൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണിത്. ആട്ടിന്‍പാല്‍ ഒരുതരത്തിലും പശുവിന്‍ പാലിനെക്കാള്‍ മികച്ചതല്ല. മാത്രമല്ല പല പ്രശ്നങ്ങള്‍ ഉണ്ടുതാനും. ആട്ടിന്‍പാല്‍ കുഞ്ഞുങ്ങളില്‍ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറച്ചു വിളര്‍ച്ച ഉണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഒഴിവാക്കുന്നതാണ് നല്ലത്.

എപ്പോഴാണ് പൊടിപ്പാല്‍ കൊടുക്കേണ്ടിവരുന്നത്?

പൊടിപ്പാല്‍ മുലപ്പാലിന് പകരം കൊടുക്കാനുള്ള ഒരു ആഹാരമല്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അത് കൊടുക്കേണ്ടി വരാറുണ്ട്, ഉദാഹരണത്തിന്, പാല്‍ വളരെ കുറവാകുന്ന അവസ്ഥയില്‍, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍... അതുകൊണ്ടുതന്നെ അതിനെ ഒരു മരുന്നായി കാണുക. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രം ഉപയോഗിക്കുക. കൃത്യമായ അനുപാതത്തില്‍ വെള്ളവും പൊടിയും കലര്‍ത്തുക. സാധാരണയായി 30 മില്ലി വെള്ളത്തില്‍ ഒരു സ്പൂണ്‍ ആണ് കലര്‍ത്താറുള്ളത്. പൊടിയുടെകൂടെ തന്ന സ്പൂണ്‍ തന്നെ ഉപയോഗിക്കുക. 30 മില്ലി ഒരു ഔണ്‍സ് ഗ്ലാസ് ഉപയോഗിച്ചുതന്നെ അളക്കുക.

മുലക്കുപ്പിയില്‍ കൊടുക്കാമോ?

പാടില്ല, മുലക്കുപ്പിയുടെ ഉപയോഗം പല രീതിയില്‍ കുഞ്ഞിനെ ബാധിക്കുന്നു. കുഞ്ഞിന് മുല വലിച്ചു കുടിക്കാനുള്ള താത്പര്യം കുറയുന്നു, തത്ഫലമായി മുലപ്പാലും കുറയുന്നു. അത് കൂടാതെ കുഞ്ഞിന് വയറിളക്ക രോഗങ്ങളും മറ്റു അണുബാധകളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ഗ്ലാസും സ്പൂണും ഉപയോഗിച്ച് കൊടുക്കുന്നതാണ് അഭികാമ്യം.

കുഞ്ഞ് രാത്രി മുഴുവന്‍ കരയുന്നതെന്തുകൊണ്ടാണ്

സാധാരണ രീതിയില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക് വൈകുന്നേരമാവുന്നതോടെ ചെറിയ അസ്വസ്ഥതകള്‍ കാണാറുണ്ട്, ചെറിയ ഞെരിപിരികള്‍. അത് ഒരു രോഗാവസ്ഥയല്ല, ദഹന പ്രശ്നമാണ്. അത് ഒരു തരത്തിലും കുഞ്ഞിനെ മോശമായി ബാധിക്കുകയുമില്ല. എന്നാല്‍ കുറച്ചുനേരം കുഞ്ഞു ഞെരിപിരികൊണ്ടു പറയുമെന്നു മാത്രം. ഇത് കൃത്യമായി എന്തു കൊണ്ടാണെന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് വല്ലാതെ കൂടുതലായി കാണുന്നത് അമ്മമാര്‍ അരിഷ്ടങ്ങളും ലേഹ്യവുമൊക്കെ അമിതമായി ഉപയോഗിക്കുമ്പോഴാണ്. അതുപോലെ അധികമായി മാംസാഹാരം കഴിക്കുമ്പോളും ഇത് കൂടുതലാവാറുണ്ട്. ഈ ഞെരിപിരി സാധാരണ മലര്‍ത്തി കിടത്തുമ്പോഴായിരിക്കും. ഒന്ന് തോളത്തിട്ടു തട്ടിയാല്‍ പലപ്പോഴും കരച്ചില്‍ നില്‍ക്കാറുണ്ട്. കുഞ്ഞിന് ഗ്യാസ് പോകുന്നതിനായി ചില തുള്ളിമരുന്നുകളും ഞങ്ങള്‍ നല്‍കാറുണ്ട്. ഇത് സാധാരണയായി ആറുമാസം വരെ കാണാറുണ്ട്.

രാത്രി കുഞ്ഞിന് ഉറക്കം കുറയുന്നതെന്തുകൊണ്ടാണ്

നമ്മള്‍ രാവിലെ എണീക്കുന്നു, ജോലിക്കു പോകുന്നു, വൈകീട്ട് വരുന്നു, രാത്രിയാകുമ്പോള്‍ ഉറങ്ങുന്നു. ഇതിനെ നമ്മുടെ ബയോളജിക്കല്‍ ക്ലോക്ക് എന്ന് പറയുന്നു. ഇതിനെ നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ പീനിയല്‍ ഗ്രന്ഥിയാണ്. നവജാതശിശുക്കളില്‍ ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം നേരെ വിപരീതമാണ്. അവര്‍ രാവിലെ കൂടുതല്‍ സമയം ഉറങ്ങുകയും രാത്രി കൂടുതല്‍ ഉന്മേഷവാന്മാരായി ഇരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാത്രി നമ്മുടെ ഉറക്കവും കളയുന്നു! അവര്‍ അപ്പോള്‍ പാല്‍ കുടിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കും. എടുക്കാന്‍ വാശിപിടിക്കും കരയും. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെ ഉറക്കില്ല! അത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്, അല്ലാതെ മുലപ്പാല്‍ തികയാഞ്ഞിട്ടല്ല. അത് മാത്രവുമല്ല, നവജാതശിശുക്കള്‍ ഒരുദിവസത്തില്‍ കൂടുതല്‍ സമയം ഉറങ്ങിത്തന്നെ ആണ് തീര്‍ക്കുന്നത്, ഏകദേശം 16 മുതല്‍ 18 മണിക്കൂര്‍വരെ! അതില്‍ കൂടുതലും പകല്‍ സമയത്താണെന്നുമാത്രം.

കുഞ്ഞുകരയുന്നത് പാലു കുറഞ്ഞിട്ടാണോ?

ഒരു കാര്യം എപ്പോഴും ഓര്‍ക്കുക, കുഞ്ഞിന്റെ കരച്ചില്‍ എപ്പോഴും വിശന്നിട്ടല്ല. കുഞ്ഞിന്റെ ഭാഷ കരച്ചില്‍ മാത്രമാണ്. അത് പല കാരണങ്ങള്‍ കൊണ്ടാകാം. മൂത്രം ഒഴിച്ചാല്‍ കുഞ്ഞു കരയാം, മലം പോകുന്നതിന്റെ മുമ്പ് കരയാം, തണുത്താല്‍ കരയാം, ചൂടെടുത്തലും കരയാം. അപ്പോള്‍ എന്ത് കാരണമാണ് എന്ന് കണ്ടെത്തി അത് പരിഹരിക്കുക. പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് വിശപ്പ്. 

Content Highlight: New Born baby care