ന്ത്യയില്‍ പിറന്നു വീഴുന്ന 1000 കുഞ്ഞുങ്ങളില്‍ 39 എണ്ണവും തങ്ങളുടെ ആദ്യ പിറന്നാള്‍ കാണാന്‍ പോലും യോഗമില്ലാത്തവരാണ്. ഇന്ത്യയിലെ ശിശുമരണങ്ങളില്‍ 50 ശതമാനത്തിനും കാരണം ശ്വാസകോശ സംബന്ധമായ തകരാറുകളും അതിസാരവുമാണ്. ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് ഏക പോംവഴി മുലപ്പാല്‍ നല്‍കുക മാത്രമാണ്. ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കിയാല്‍ ന്യുമോണിയ, പോഷകാഹാര കുറവ്, അതിസാരം, അലര്‍ജി, തുടര്‍ച്ചയായ പനി എന്നിവയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാം.

മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞ് ഐ.ക്യൂ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നതായും പറയുന്നുണ്ട്. മുലയൂട്ടല്‍ കൊണ്ട് അമ്മയുടെ ആരോഗ്യത്തിനും ഗുണങ്ങളുണ്ട്. ഇന്ത്യയില്‍ 70 ശതമാനം കുഞ്ഞുങ്ങള്‍ മാത്രമാണ് ആദ്യ ആറു മാസം മുലപ്പാല്‍ മാത്രം കുടിച്ച് വളരുന്നത്. ആദ്യ ആറു മാസമെങ്കിലും മുലയൂട്ടല്‍ അനിവാര്യമാക്കാന്‍ അമ്മമാര്‍ക്കായി ലോക ആരോഗ്യ സംഘടനയും യൂണിസെഫും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 

  • ജീവന്റെ ആദ്യ മണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കുക
  • മുലപ്പാല്‍ മാത്രം നല്‍കുക: കുഞ്ഞിന് മറ്റ് ഭക്ഷണം നല്‍കാതെ മുലപ്പാല്‍ മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പു വരുത്തുക.
  • ആവശ്യമുള്ളപോഴെല്ലാം മുലയൂട്ടുക: കുഞ്ഞിന് ആവശ്യമായി വരുമ്പോഴെല്ലാം, രാത്രിയും പകലും നോക്കാതെ മുലയൂട്ടുക.
  • കുപ്പി, നിപ്പിള്‍ തുടങ്ങിയവ ഉപയോഗിക്കരുത്

കന്നി പാലില്‍ കുഞ്ഞിന്റെ പ്രതിരോധ ശേഷിക്കുവേണ്ട ആന്റിബോഡികള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ആദ്യ ആറു മാസം കുഞ്ഞിന് വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്നും ലഭിക്കുന്നു. കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ച ദിവസവും എട്ടു മുതല്‍ 12 തവണവരെ മുലയൂട്ടന്നതാണ് ഉത്തമമെന്ന് നിര്‍ദേശിക്കുന്നു.
 
അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കുകയും കുടിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ മുലപ്പാല്‍ വര്‍ധിക്കും. കൂടുതല്‍ മുലയൂട്ടുന്നത് മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു. 'പേടിക്കുന്നതിനേക്കാള്‍ നല്ലത് പരിചരണമാണെന്ന്' അമ്മമാര്‍ എപ്പോഴും ഓര്‍ക്കുക.

നിര്‍ണായകമായ ഈ ഘട്ടത്തിലെ മുലയൂട്ടല്‍ ശ്രദ്ധിക്കണം. നന്നായി മുലയൂട്ടുന്നില്ലെങ്കില്‍ ആരോഗ്യ കുറവ്, ചെറിയ പനി, ദിവസവും നാലു തവണയെങ്കിലും മൂത്രം ഒഴിക്കാതിരിക്കുക, തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യ ആഴ്ചയില്‍ കണ്ടാല്‍ ശ്രദ്ധിക്കണം. അമിത ഭാരകുറവ് (10 ശതമാനത്തില്‍ താഴുക) കണ്ടാല്‍ ഉടന്‍ ചികില്‍സിക്കണം. സ്തനം ശരിയായ രീതിയില്‍ പിടിച്ചില്ലെങ്കില്‍ മുലപ്പാലിന്റെ വരവ് കുറയും, മുലഞെട്ടിന് വേദനയും മുറിവും ഉണ്ടാകും. ചെറിയ പനിയും ജലദോഷവുമുണ്ടെങ്കിലും അമ്മമാര്‍ മുലയൂട്ടല്‍ തുടരണം.
 
ജോലി തിരക്കും മുലയൂട്ടലും ഒന്നിച്ച് കൊണ്ടുപോകുക എളുപ്പമല്ല. ആത്മവിശ്വാസമുണ്ടെങ്കില്‍ സാധ്യവുമാണ്. ശേഖരിച്ച മുലപ്പാല്‍ സാധാരണ താപനിലയില്‍ ആറു മണിക്കൂര്‍വരെയും ഇന്‍സുലേറ്റഡ് കൂളറില്‍ ഒരു ദിവസത്തേക്കും റഫ്രിജറേറ്ററുകളില്‍ 5-8 ദിവസം വരെയും സൂക്ഷിക്കാം. 

ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക, പിന്നെ രണ്ടു വര്‍ഷത്തേക്ക് മറ്റെന്തെങ്കിലും ഭക്ഷണത്തോടൊപ്പം മുലപ്പാലും തുടരാം. മുലയൂട്ടുമ്പോള്‍ അമ്മമാര്‍ കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി തലോടി കൊണ്ടിരിക്കണം. ഉത്തരവാദിത്വമുള്ള മുലയൂട്ടല്‍ ശീലമാക്കണം. അമ്മയ്ക്കു സ്വന്തം കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മുലയൂട്ടല്‍. മുലയൂട്ടല്‍ ഒരു ഉത്തരവാദിത്വമാണ്.

Content Highlight: Breast feeding and mothers Health