പ്രകൃതി കുഞ്ഞുങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന ഒരു വരദാനമാണ് അമ്മയുടെ മുലപ്പാല്‍. കുഞ്ഞിന്റെ ദഹനശേഷിക്കും വളര്‍ച്ചയ്ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്ന ഒരു സമ്പൂര്‍ണ ആഹാരമാണിത്. എന്നാല്‍, തെറ്റിദ്ധാരണകളും അറിവില്ലായ്മയും കാരണം വളരെയധികം അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ പോകുന്നു.

എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ ലോകമെമ്പാടും 'മുലയൂട്ടല്‍ വാരം' ആഘോഷിക്കുന്നു. ഈ ആഴ്ചയില്‍, മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സഖ്യം (The World Alliance for Breastfeeding Action: WABA) ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി മുതലായ മറ്റു സംഘടനകളുടെ സഹായത്തോടു കൂടി ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ മുലയൂട്ടലിനെപ്പറ്റിയുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുന്ന പരിപാടികള്‍ ഏകോപിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ഉപദേശപ്രകാരം ആദ്യത്തെ ആറു മാസക്കാലം സ്ഥിരമായി മുലപ്പാല്‍ മാത്രം കൊടുക്കുകയും (Exclusive Breastfeeding) അതിനുശേഷം പാലിനൊപ്പം മറ്റു ഖരപദാര്‍ത്ഥങ്ങള്‍ കൊടുത്തുതുടങ്ങുകയും വേണം. രണ്ടു വര്‍ഷം വരെ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കുട്ടിക്ക് മുലപ്പാല്‍ കൊടുക്കണം.

കുഞ്ഞ് ജനിച്ച ഉടന്‍തന്നെ അമ്മയുടെ ശരീരം മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. കുഞ്ഞു ജനിച്ച ഉടന്‍തന്നെ അമ്മ ചുരത്തുന്ന മുലപ്പാലിനെ 'കൊളസ്ട്രം' എന്നു വിളിക്കുന്നു. ഇത് കുഞ്ഞിന് പ്രത്യേക രോഗപ്രതിരോധ ശക്തി നല്‍കുന്നു. അതില്‍ ധാതുക്കള്‍, ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ശ്വേതരക്താണുക്കള്‍, ആന്റിബോഡികള്‍ എന്നിവ നല്ലതോതില്‍ അടങ്ങിയിട്ടുണ്ട്. അതിനുശേഷം ഉത്പാദിപ്പിക്കുന്ന മുലപ്പാലില്‍ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്കും അലര്‍ജികള്‍ തടയാനും മറ്റു രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.

മുലയൂട്ടുന്നത് ശിശുക്കള്‍ക്ക് മാത്രമല്ല ഗുണകരം, മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദം, ഹൃദയ രോഗങ്ങള്‍, പ്രസവശേഷമുള്ള വിഷാദരോഗങ്ങള്‍ എന്നിവയുടെ സാദ്ധ്യത കുറയ്ക്കുന്നു. പ്രസവശേഷമുള്ള അമിതഭാരം കുറയാനും രക്തനഷ്ടം കുറയാനും മുലയൂട്ടല്‍ സഹായിക്കുന്നു. അമ്മയും കുഞ്ഞുമായുള്ള വൈകാരികബന്ധം ഉറപ്പിക്കുകയും കുഞ്ഞില്‍ സുരക്ഷാബോധം വളര്‍ത്തുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണം പിറന്നുവീണ് ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ മുലയൂട്ടല്‍ തുടങ്ങണം. ആദ്യത്തെ ആറു മാസം ആവശ്യത്തിന് മുലപ്പാല്‍ ഉണ്ടെങ്കില്‍ അതുമാത്രമേ കൊടുക്കാവൂ. മറ്റു ഭക്ഷണങ്ങളോ ജലപാനീയങ്ങളോ കൊടുക്കരുത്.

കുഞ്ഞിന് എത്ര മുലപ്പാല്‍ വേണമെന്ന് പറയുക വയ്യ. എങ്കിലും 24 മണിക്കൂറില്‍ എട്ടു മുതല്‍ 12 തവണ വരെ കുഞ്ഞിന് പാല്‍ നല്‍കണം. ഓരോ തവണയും ഓരോ സ്തനങ്ങളില്‍ നിന്നും പത്തു മുതല്‍ ഇരുപത് മിനിറ്റു വരെ പാല്‍ നല്‍കണം. ആദ്യത്തെ ആറു മാസം മുലക്കുപ്പികളോ, നിപ്പിള്‍ മുതലായ സാന്ത്വന വസ്തുക്കളോ (Pacifiers) ഉപയോഗിക്കരുത്.

ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ശേഖരിക്കാനും അവരില്ലാത്ത സന്ദര്‍ഭങ്ങളില്‍ കുഞ്ഞിന് കൊടുക്കാനും സാധിക്കും. ഇങ്ങനെ ചെയ്യുന്നത് മൂലം പാലുത്പാദനം നിലനില്‍ക്കുകയും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിന്റെ ഫലം പൂര്‍ണമായി തന്നെ ലഭിക്കുകയും ചെയ്യും. വൃത്തിയുള്ളതും പൂര്‍ണമായി അടച്ചുസൂക്ഷിക്കാവുന്നതുമായ പാത്രങ്ങളില്‍ ശേഖരിച്ച മുലപ്പാല്‍, ആറു മണിക്കൂര്‍ വരെ സാധരണ താപനിലയിലും 24 മണിക്കൂര്‍ വരെ ഫ്രിഡ്ജിലും ആറുമാസം വരെ ഫ്രീസ് ചെയ്തും സൂക്ഷിക്കാവുന്നതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ രോഗങ്ങള്‍ക്കു വേണ്ടിയുള്ള ചികിത്സാ മരുന്നുകള്‍ കഴിക്കാവൂ. മരുന്നുകള്‍ മദ്യം, മയക്കുമരുന്നുകള്‍ മുതലായവ മുലപ്പാലിലൂടെ അമ്മയില്‍ നിന്ന് ശിശുക്കളുടെ ശരീരത്തില്‍ പ്രവേശിക്കാം. മുലപ്പാലിനേക്കാള്‍ ഗുണമുള്ള ഒരു ആഹാരവും ശിശുക്കള്‍ക്കുവേണ്ടി വിപണിയില്‍ ലഭ്യമല്ല എന്ന വസ്തുത എല്ലാവരും അറിഞ്ഞിരിക്കണം. 

Content Highlights: Health Benefits of breast milk