കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് സംബന്ധിച്ച് അമ്മമാരില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ആദ്യത്തെ മുലപ്പാല്‍ പിഴിഞ്ഞു കളയുന്നതും, ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് മുലപ്പാലിന് പകരം തേന്‍, ചന്ദനവെള്ളം തുടങ്ങിയവ നല്‍കുന്നതും ഈ തെറ്റിദ്ധാരണകളില്‍ ഉള്‍പ്പെടും. എന്നാല്‍ മുലയൂട്ടല്‍ സംബന്ധിച്ച് ശരിയായ കാര്യങ്ങള്‍ എന്തൊക്കെയാണ്. ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു..

ജനിച്ച് ഒരു മാസമേ ആ കുഞ്ഞിന് അമ്മ മുലപ്പാല്‍ കൊടുത്തിട്ടുള്ളൂ. അതിന്റെ കാരണമാണ് എന്നെ അതിശയിപ്പിച്ചത്. അവര്‍ ഒരു ഉദ്യോഗസ്ഥയായിരുന്നു. അതിനാല്‍ ജോലിയ്ക്ക് പോകുമ്പോള്‍ മുലപ്പാല്‍ താനേ ചുരന്ന് വസ്ത്രത്തിലായി ബുദ്ധിമുട്ടാകും എന്നതായിരുന്നു അവരുടെ കാരണം. ഞാന്‍ ഈ സ്ത്രീയെ കണ്ടിട്ടില്ല. പക്ഷെ എന്റെ സുഹൃത്തിന്റെ സുഹൃത്താണവര്‍. അങ്ങനെ മുലപ്പാല്‍ താനേ ചുരന്ന് പോകുമ്പോള്‍ ഉപയോഗിക്കുവാന്‍ സ്തനങ്ങളുടെ മുകളില്‍ വെയ്ക്കുന്ന പാഡ് ഇന്ന് ഓണ്‍ലൈനായും, മാര്‍ക്കറ്റിലും സുലഭമായി ലഭ്യമാണ്. കൂടാതെ മുലപ്പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.എന്നിരുന്നാലും ആ അമ്മയുടെ ഈ 'കാരണം' മുലയൂട്ടാതെയിരിക്കുവാന്‍ ഒരു കാരണമേയല്ല.

മുലപ്പാല്‍ പിഴിഞ്ഞ് സാധാരണ ഗതിയില്‍ 6 മണിക്കൂര്‍ വരെ സൂക്ഷിക്കാം (അന്തരീക്ഷ താപനില 25°c). ഫ്രിഡ്ജിലാണെങ്കില്‍ 5 ദിവസം വരെ സൂക്ഷിക്കാം (താപനില 4°c ), ഫ്രിഡ്ജിന്റെ ഫ്രീസറില്‍ 2 ആഴ്ച്ച വരെ സൂക്ഷിക്കാം(15°c). പ്രത്യേകതരം ഫ്രീസറില്‍ 6 മാസം മുതല്‍ 12 മാസം വരെയും സൂക്ഷിക്കാം.

ഫ്രിഡ്ജില്‍ നിന്നും എടുത്ത ശേഷം മുലപ്പാല്‍ തിളപ്പിക്കുവാനോ ഓവനില്‍ വെക്കുവാനോ പാടില്ല. ആവശ്യമെങ്കില്‍ ചെറുചൂട് വെള്ളത്തിലോട്ടു ഒരു പാത്രത്തില്‍ ഇറക്കി വെച്ചു തണുപ്പ് മാറ്റാം.

മുലയൂട്ടല്‍ സംബന്ധിച്ച് പല അന്ധവിശ്വാസങ്ങളും ചിലയിടത്തെങ്കിലും നിലവിലുണ്ട്. പ്രസവിച്ചാല്‍ സൗന്ദര്യം നശിക്കും, ശരീരമാകെ ഭാരം കൂടി തന്റെ ശരീരഭംഗി നഷ്ടപ്പെടും എന്ന് വിശ്വസിക്കുന്ന ചില സ്ത്രീകള്‍ ഈ കാലത്തുമുണ്ട്. ആ കാരണം കൊണ്ട് അബോര്‍ഷന്‍ ചെയ്ത ഭാര്യയേയും മനസ്സില്ലാ മനസോടെ ആ അബോര്‍ഷനു സമ്മതിച്ച ഭര്‍ത്താവിനേയും എനിക്ക് അറിയാം. വളരെ വിരളമാണ് അത്തരം സ്ത്രീകളെങ്കിലും ഈ കേരളത്തിലും ഇത്തരം സ്ത്രീകളുണ്ട് എന്നത് നിരാശാജനകമാണ്.

ആദ്യത്തെ മുലപ്പാല്‍ (colostrum) പിഴിഞ്ഞു കളയണം എന്ന് വിശ്വസിക്കുന്ന അമ്മമാരെയും ഈ കേരളത്തില്‍ കണ്ടിട്ടുണ്ട്. അതും തെറ്റാണ്. കൊളസ്ട്രം പിഴിഞ്ഞു കളയേണ്ട ആവശ്യം ഇല്ല. അതില്‍ ധാരാളമായി പ്രതിരോധശേഷി കൂടുവാനുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍സ്(immunoglobulins) ,അതൊടൊപ്പം കുട്ടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അതുപോലെ ജനിക്കുന്ന കുട്ടികള്‍ക്ക് തേന്‍, ചന്ദനം,വെള്ളം കൊടുക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. 6 മാസത്തേക്ക് കുട്ടിക്ക്, മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കേണ്ട ആവശ്യം ഇല്ല. വെള്ളംപോലും കുട്ടിക്ക് 6 മാസം വരെ കൊടുക്കേണ്ട. മുലപ്പാലില്‍ കുട്ടിക്ക് ആവശ്യമായ വെള്ളം അടങ്ങിയിട്ടുണ്ട്.

മുലയൂട്ടുമ്പോള്‍ അമ്മയുടെയും കുട്ടിയുടെയും ശരീരത്തില്‍ ഓക്സിടോസിന്‍ (oxytocin) എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്നു. ഓക്‌സിടോസിന്‍ ഒരു 'happy hormone ' ആണ്. കൂടാതെ മുലയൂട്ടുമ്പോള്‍ endorphins ഉല്‍പ്പാദിപ്പിക്കുന്നു. ഇവ രണ്ടും അമ്മയെ റിലാക്സ് ചെയ്യുവാന്‍ സഹായിക്കുന്നു. മാനസിക പിരിമുറുക്കങ്ങളും നിരാശയും വരാതെ ഇവ സഹായിക്കുന്നു. PPD(പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) വരാതെ ഒരു പരിധി വരെ സഹായിക്കുന്നു. PPD എന്നത് മുലയൂട്ടുന്ന അമ്മമാരില്‍ നിരാശയുണ്ടാക്കുന്ന ഒരു തരം അസുഖമാണ്.

മുലയൂട്ടുമ്പോള്‍ അമ്മയ്ക്ക് അസുഖം വന്നാല്‍ മരുന്നുകള്‍ ഒന്നും കഴിക്കാതെ രോഗം മൂര്‍ച്ഛിച്ചു ആശുപത്രിയില്‍ വരുന്നവരെ കാണാറുണ്ട്. അതും തെറ്റാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കഴിക്കാവുന്ന ചില മരുന്നുകള്‍ ഉണ്ട്. അതു കൊണ്ട് രോഗം വന്നാല്‍, അസുഖം മൂര്‍ച്ഛിക്കാതെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി കഴിക്കുക. സ്വയം ചികിത്സ പാടില്ല. കാരണം ചില ഗുളികകള്‍ മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കുവാന്‍ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള ഗുളികകള്‍ മാത്രം കഴിക്കുക. മുലപ്പാലിലൂടെ കുട്ടിയിലേക്ക് ആ മരുന്നിന്റെ അംശം ചെല്ലുന്നതിനാലാണ് അത്തരമൊരു നിദ്ദേശം.

ചിലര്‍ കുട്ടികളുടെ സ്തനം ഞെക്കി പിഴിയും. പാവം കുഞ്ഞുങ്ങള്‍. അവരുടെ സ്തനങ്ങളില്‍ കെട്ടി നില്‍ക്കുന്ന മുലപ്പാല്‍ കളയാനാണത്രേ ഇത്തരം ഒരു ആചാരം. വെറുതെ ഞെക്കി കുട്ടിയെ കരയിപ്പിക്കാം എന്നല്ലാതെ മുലപ്പാല്‍ വരാന്‍ പോകുന്നില്ല. ഇതും ഇപ്പോഴും കണ്ടുവരുന്ന ഒരു അന്ധവിശ്വാസമാണ്.

ഇതില്‍ പലതും കേരളത്തിലും ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഇരുട്ട് മൂടിയ നമ്മുടെ വിശ്വാസങ്ങളില്‍ നിന്നും പുറത്ത് വന്ന് ശരിയായ രീതിയില്‍ മുലയൂട്ടി, അന്ധവിശ്വാസങ്ങള്‍ മറന്ന്, 6 മാസം വരെ കുട്ടിക്ക് മുലപ്പാല്‍ മാത്രം കൊടുക്കുക. മാസം തികയാതെ ഉണ്ടാകുന്ന കുട്ടികള്‍ക്കു ചില സന്ദര്‍ഭങ്ങളില്‍ മറ്റു വിറ്റാമിനുകള്‍, ഫോര്‍മുല ഇവ ഡോക്ടര്‍ പറഞ്ഞാല്‍ മാത്രം കൊടുക്കുക. ഉദാഹരണത്തിന് അവര്‍ക്ക് മതിയായ ശരീരഭാരം കൂടുന്നില്ലെന്നുണ്ടെങ്കില്‍ ഒരു പക്ഷെ ഡോക്ടര്‍ ഫോര്‍മുല പോലെയുള്ള പാല്‍ പൊടി. കൊടുക്കാന്‍ നിര്‍ദേശിക്കാം. 

കുട്ടിയുടെ അവകാശമാണ് മുലപ്പാല്‍. അത് നിഷേധിച്ചാല്‍ നിയമപരമായും ശിക്ഷാര്‍ഹമാണ്. കുഞ്ഞിന് മുലപ്പാലിലൂടെ ലഭിക്കേണ്ട പ്രതിരോധശേഷിക്ക് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടിയ്ക്ക് അതുമൂലം അസുഖങ്ങള്‍ വരാതെയിരിക്കുവാന്‍ മുലപ്പാല്‍ സഹായിക്കുന്നു. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പത്തിനും മുലയൂട്ടല്‍ അവര്‍ തമ്മില്‍ 'ബോണ്ട്' ഉണ്ടാകുവാന്‍ സഹായിക്കുന്നു.

കൂടാതെ മുലയൂട്ടുന്നത് മൂലം സ്ത്രീകളില്‍ ബ്രെസ്റ് ക്യാന്‍സര്‍, അണ്ഡാശയ ക്യാന്‍സര്‍ ഇവ വരാതെയിരിക്കുവാന്‍ സഹായിക്കുന്നുവെന്നും പറയുന്നു. എത്രയുമധികനാള്‍ മുലയൂട്ടുന്നുവോ അത്രയുമേറെ അമ്മയ്ക്ക് ഈ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയുന്നു. മുലയൂട്ടുന്നതിന്നാല്‍ അമ്മയുടെ ശരീരഭാരം കൂടാതെയിരിക്കുവാനും, ഒരു പരിധിവരെ കുറയുവാനും സഹായിക്കുന്നു.

മുലയൂട്ടിയ കുട്ടികള്‍ക്ക് മറ്റു കുട്ടികളെക്കാള്‍ IQ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ 24 ആഴ്ച്ച മുതല്‍ തന്നെ സ്തനങ്ങളില്‍ മുലപ്പാല്‍  ഉല്‍പ്പാദിപ്പിക്കുന്നു. സ്തനങ്ങളുടെ വലിപ്പം കൂടും തോറും മുലപ്പാല്‍ കൂടും എന്നതും ശരിയല്ല.  ഇനിയും ഒരു കുഞ്ഞുപ്പോലും മുലപ്പാല്‍ കിട്ടാതെ കരയാതിരിക്കട്ടെ. ഓര്‍ക്കുക കുട്ടിയുടെ അവകാശമാണ് മുലപ്പാല്‍. 

Content Highlight: Breast feeding benefits