ബുദ്ധിവികാസത്തിനും രോഗപ്രതിരോധത്തിനും അത്യുത്തമമായ എല്ലാ ഘടകങ്ങളും അടങ്ങിയ മുലപ്പാലിന് അമൃതിന്റെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന് ജനിച്ചയുടനെ രോഗബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതു തടയാന്‍ ഉത്തമമായ ആഹാരമാണ് ആദ്യമായി ഊറിവരുന്ന മഞ്ഞ നിറത്തിലുള്ള പാല്‍. (കൊളോസ്ട്രം). ഈ പാല്‍ നല്‍കുന്നതിലൂടെ ആജീവനാന്ത പ്രതിരോധശക്തി കുഞ്ഞിനു ലഭിക്കുന്നു. അതുകൊണ്ട് ഈ മഞ്ഞപ്പാല്‍ ഒരിക്കലും കുഞ്ഞിന് നല്‍കാതിരിക്കരുത്. സ്വാഭാവികമായി പ്രസവിക്കുന്നവരിലാണ് ഈ മഞ്ഞപ്പാല്‍ അധികമായി ഉണ്ടാവുന്നത്. എന്നാല്‍ സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്യുന്നവരില്‍ ഈ മഞ്ഞപ്പാല്‍ നിര്‍മിക്കാനാവശ്യമായ ഹോര്‍മോണ്‍ കുറയുന്നതുമൂലം അളവും കുറയുന്നു. 

ദ്രുതഗതിയില്‍ വളരുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രത്യേകതരം കൊഴുപ്പ് മുലപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം കൊടുക്കുന്നത് നല്ല ബുദ്ധിയും ദഹനശക്തിയും ഉണ്ടാവാന്‍ ആവശ്യമാണ്. ഭാവിയിലുണ്ടാവുന്ന മറവിരോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സമ്പൂര്‍ണ മുലയൂട്ടല്‍. കണ്ണിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന വിറ്റാമിനുകള്‍ മുലപ്പാലിലുണ്ട്. എല്ലിന്റെ വളര്‍ച്ച, ത്വക്കിന്റെ മാര്‍ദ്ദവം തുടങ്ങി നവജാതശിശുവിന്റെ സമഗ്രമായ വളര്‍ച്ചയും വികാസവും മുലപ്പാലിലൂടെ സാധ്യമാവുന്നു. മുലയൂട്ടുമ്പോള്‍ ഉണ്ടാവുന്ന വൈകാരിക വളര്‍ച്ച, ശരിയായ സാമൂഹിക ആരോഗ്യം വളര്‍ത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്നു. മേല്‍ പറഞ്ഞ ഘടകങ്ങള്‍ യാതൊന്നും കൃത്രിമമായ പാല്‍പൊടിയോ മൃഗങ്ങളുടെ പാലോ നല്‍കുമ്പോള്‍ ലഭിക്കുന്നില്ല.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഗര്‍ഭപാത്രം ശരിയായി ചുരുങ്ങുന്നതുമൂലം രക്തപ്രവാഹം കുറയുന്നു. വയര്‍ ചുരുങ്ങി, അമിത കൊഴുപ്പു മാറി ശരീര സൗന്ദര്യം വീണ്ടെടുക്കാനാവുന്നു. ഭാവിയില്‍ സ്തനങ്ങളിലുണ്ടാവുന്ന ക്യാന്‍സര്‍ തടയാനും മുലയൂട്ടലിലൂടെ സാധിക്കുന്നു.

സുഖപ്രസവമായാലും സിസേറിയനായാലും പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേര്‍ത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാല്‍ ചുരത്താന്‍ പ്രയോജനപ്പെടും. പാല്‍ വലിച്ചുകുടിച്ചാല്‍ മാത്രമേ വീണ്ടും പാല്‍ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടല്‍ തുടങ്ങാന്‍ വൈകിയാല്‍ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല. ആദ്യ മണിക്കൂര്‍ ഉണര്‍വോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാന്‍ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂര്‍ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വര്‍ണം, ഗ്ലൂക്കോസ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്.

എങ്ങനെ മുലയൂട്ടണം? 

സൗകര്യപ്രദമായ രീതിയില്‍ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാന്‍. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായില്‍ വരത്തക്ക രീതിയില്‍ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടില്‍ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് മുല താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളില്‍ 8 മുതല്‍ 12 പ്രാവശ്യം വരെ മുല കൊടുക്കണം.

മാനസികാവസ്ഥ പ്രധാനം

അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോള്‍ അമ്മമാര്‍ക്ക് ആവശ്യത്തിനുള്ള പാല്‍ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓര്‍ക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേള്‍ക്കുമ്പോഴും ആണ് പാലൊഴുകിവരിക. കുഞ്ഞൊന്നു കരഞ്ഞാല്‍, മുലപ്പാല്‍ കുറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിച്ച് പൊടിപ്പാലും പശുവിന്‍പാലും കൊടുക്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ അറിഞ്ഞുകൊണ്ട് കുഞ്ഞിനെ രോഗത്തിലേക്ക് തള്ളിവിടുന്നു.

ജനിച്ചുവീഴുന്ന നിമിഷം മുതല്‍ ആറുമാസം പ്രായം ആവും വരെ മുലപ്പാല്‍ മാത്രം നല്‍കുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാല്‍ തുടര്‍ന്നു നല്‍കുക എന്നതാണ് നവജാതശിശുവിനു നല്‍കാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.

Content Highlight:Breastfeeding Benefits Baby's Immune System