പാല്‍വറ്റിപ്പോകാതിരിക്കാന്‍ എന്തുചെയ്യണം, ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുലകുടി മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ എന്തൊക്കെയാണ്? ഡോ. വീണ ജെ.എസ് എഴുതിയത് വായിക്കൂ 

കുഞ്ഞിന്റെ അടുത്തുനിന്നും മാറിയിരിക്കുന്ന അമ്മമാര്‍ ഇടയ്ക്കു കുഞ്ഞുപയോഗിച്ച ഡ്രസ്സ് ഒക്കെ മണത്തുനോക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുക, കുഞ്ഞിന്റെ ഗന്ധം അറിയുക, കുഞ്ഞിനെ കാണുക (നേരിട്ടല്ലെങ്കില്‍ ഫോട്ടോ/video) എന്നിവയൊക്കെ മസ്തിഷ്‌കത്തില്‍ നിന്നും ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. പാല്‍ ചുരത്താന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഓക്സിടോക്സിന്‍. 

ഇന്‍ഫെക്ഷന്‍ അല്ലെങ്കില്‍ മറ്റുകാരണങ്ങളാല്‍ കുഞ്ഞില്‍ നിന്നും മാറിയിരിക്കേണ്ട അമ്മമാര്‍ക്ക് പാല്‍ ചുരത്തുന്നത് തുടരാന്‍ ബ്രസ്റ്റ് പമ്പുകള്‍ ആണ് ഈ അവസരങ്ങളില്‍ സഹായിക്കുക. കംഫര്‍ട്ടബിള്‍ ആയ പമ്പ് തെരഞ്ഞെടുക്കാവുന്നതാണ്. ചെറിയ പ്രഷറില്‍ പമ്പ് ചെയ്ത് തുടങ്ങുക. രാവിലെ ആണ് മിക്കവരിലും കൂടുതല്‍ പാല്‍ കാണുന്നത്. ജോലിക്ക് പോകുന്ന അമ്മമാര്‍ ആണെങ്കില്‍ കുഞ്ഞിനെ പാലൂട്ടി കഴിഞ്ഞ് അരമണിക്കൂറിനു ശേഷം പമ്പ് ചെയ്ത് തുടങ്ങാം. കുഞ്ഞ് പാല്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ബ്രെസ്റ്റ് പമ്പ് ചെയ്യുകയും ചെയ്യാം. പത്തുമിനിറ്റ് മുതല്‍ ഇരുപത് മിനിറ്റ് വരെ പമ്പ് ചെയ്യാവുന്നതാണ്. വേദന വരികയാണെങ്കില്‍ നിര്‍ത്തുക. കുറച്ച് നേരം വെയിറ്റ് ചെയ്ത് വീണ്ടും ശ്രമിക്കുക. പമ്പ് ചെയ്യുന്ന ബ്രെസ്റ്റില്‍ മസ്സാജ് ചെയ്താല്‍ പാലുള്ള ഭാഗങ്ങളില്‍ നിന്നും പാല്‍ express ചെയ്തെടുക്കാന്‍ എളുപ്പമാകും എന്ന് മാത്രമല്ല അത് പാല്‍ ചുരത്തുന്നതിനെ ഉദ്ധീപിപ്പിക്കുകയും ചെയ്യും. 

കൃത്യമായ ഇടവേളകളില്‍ അല്ലെങ്കില്‍ കുഞ്ഞ് കുടിക്കുന്ന ഇടവേള സമയം കണക്കാക്കി പമ്പ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ദിവസം ഒരു നേരം മാത്രം പമ്പ് ചെയ്തതുകൊണ്ട് കാര്യമില്ല എന്ന് സാരം. കുഞ്ഞ് പാല്‍ കുടിക്കാത്ത ദിവസങ്ങളില്‍ സ്തനവീക്കം തടയാന്‍ പമ്പിങ് സഹായിക്കും. Mastitis വരികയാണെങ്കിലും പമ്പിങ് തുടരുക. ചൂട് പിടിക്കുക. തീര്‍ച്ചയായും ഡോക്ടറെ കണ്ട് ഉപദേശം തേടുക. ഡോക്ടര്‍ എന്നത് കൊണ്ടുദ്ദേശിച്ചത് ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഡോക്ടര്‍ എന്നാണ്. 

പമ്പ് ചെയ്ത പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. വൃത്തിയുള്ള കൈകള്‍ കൊണ്ടാവണം കുഞ്ഞിനു സംഭരിക്കുന്ന പാല്‍ കൈകാര്യം ചെയ്യേണ്ടത്. പാല്‍ ശേഖരിച്ചുവെച്ച പാത്രം അടച്ചു സൂക്ഷിക്കുക. ഫ്രീസറില്‍ വെക്കേണ്ട കാര്യമില്ല. 12മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. അമ്മ കഴിക്കുന്ന ആഹാരത്തിനനുസരിച്ചു പാലിന്റെ നിറത്തില്‍ ചില കളര്‍ വ്യത്യാസം കണ്ടേക്കാം. തണുപ്പിക്കുന്ന പാലിന്റെ കൊഴുപ്പ് മുകളില്‍ പൊങ്ങി നില്‍ക്കാം. അത് പ്രശ്നമുള്ളതല്ല. ഏത് മരുന്ന് കഴിക്കുമ്പോഴും അത് ഉപയോഗിക്കുമ്പോള്‍ മുലയൂട്ടുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ഡോക്ടറോട് ചോദിച്ചുറപ്പ് വരുത്തുക. മരുന്ന് നിര്‍ത്തി എത്ര മണിക്കൂറുകള്‍ കഴിഞ്ഞ് മുലയൂട്ടല്‍ ആരംഭിക്കാം എന്ന് ചോദിച്ചറിയുക. 

കുഞ്ഞിനെ മുലയൂട്ടുന്നത് പെട്ടെന്നൊരു ദിവസം നിര്‍ത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. പല ആഴ്ചകള്‍ കൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ മുലയൂട്ടല്‍ നിര്‍ത്താവൂ. ഉദാഹരണത്തിന് ആദ്യം ദിവസം ആറു പ്രാവശ്യം കൊടുത്തത് അഞ്ചായി കുറക്കുക, ആ രീതി ഒരാഴ്ച തുടരുക പിന്നെ നാല് മൂന്ന് അങ്ങനെ കുറേ ആഴ്ചകള്‍ എടുത്ത് പതുക്കെ നിര്‍ത്തുക. Mastitis വരാതെ സുരക്ഷിതമായി മുലയൂട്ടല്‍ നിര്‍ത്താന്‍ ഈ രീതി സഹായിക്കും.

ചെന്നിനായകമൊക്കെ മുലകളില്‍ തേച്ചുപിടിപ്പിച്ചു കയ്പുകൊണ്ട് കുട്ടിയെ അകറ്റുക എന്ന തന്ത്രമൊക്കെ ഇന്നും പയറ്റുന്നുണ്ടോ എന്നറിയില്ല. കുറച്ച് ക്ഷമയുണ്ടെങ്കില്‍ കുഞ്ഞിനെ വിഷമിപ്പിക്കാതെ പാല്കുടി നിര്‍ത്താന്‍ കഴിയും. 

ആദ്യത്തെ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് കൊടുക്കാവൂ (വിറ്റാമിന്‍ D3 drops കൂടെ കൊടുക്കണം ഡോക്ടര്‍ പറയുന്നത് പ്രകാരം). കുഞ്ഞിന്റെ അവകാശമാണത്. തേനും വയമ്പും സ്വര്‍ണവുമൊന്നും അരച്ചോ കലക്കിയോ എന്നല്ല, എങ്ങനെയായാലും കൊടുക്കരുതെന്ന് സാരം. പ്രസവിച്ചു ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങള്‍ പാല് കുറവായിരിക്കും. പിന്നീട് ഉത്പാദനം കൂടിവരും. ആദ്യം വരുന്ന കട്ടിയുള്ള പാല്‍ കുഞ്ഞിന് വളരെയധികം ആവശ്യമായ കൊളസ്ട്രം ആണ്. ഒരു കാരണവശാലും കളയാതിരിക്കുക.

Fore milk, hindmilk എന്നൊരു വിഭജനം ഉണ്ട്. മുലയൂട്ടുമ്പോള്‍ ആദ്യം വരുന്ന പാല്‍ foremilk, അവസാനഭാഗം hindmilk. ആദ്യം വരുന്ന പാലില്‍ വെള്ളവും പോഷകമിനെറലുകളും ആണ് കൂടുതല്‍ ഉള്ളത് . വിശപ്പില്ലാതാക്കാനും, വളര്‍ച്ചക്കും ആവശ്യമായ (പ്രത്യേകിച്ച് മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ) കൊഴുപ്പ് hindmilkലുമാണ് കൂടുതല്‍. അതായത്, ഒരു മുല അതിലുള്ള പാല്‍ മുഴുവനായും ചുരത്തിക്കഴിയുമ്പോള്‍ മാത്രമേ ആവശ്യമായ എല്ലാ പോഷകവും കുഞ്ഞിന് ലഭ്യമാകുന്നുള്ളു. Formula feed കൊടുക്കുന്നെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ അളവില്‍ ആയിരിക്കണം. കൂടുതല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുകൊടുക്കുന്ന രീതി കുട്ടിക്ക് വളരെയധികം ദോഷം ചെയ്യും.

മുലയൂട്ടല്‍ തുടരാന്‍ ഉദ്ദേശിക്കുന്ന കാലഘട്ടം വരെ പതിവില്‍ കൂടുതല്‍ ആയി ധാരാളം വെള്ളവും പോഷകാഹാരവും കഴിക്കുക. മുലയൂട്ടല്‍ തുടരുന്ന കാലത്ത് വിറ്റാമിന്‍ ഡി യും കാല്‍ഷ്യവും ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ കഴിക്കേണ്ടതാണ്. Extended breast feedingനെ കുറിച്ച് വായിക്കുക. കുട്ടികളുടെ നല്ല മാനസിക ശാരീരിക വളര്‍ച്ചക്കും പ്രതിരോധശേഷിക്കും breastfeeding അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് അമ്മമാരുടെ ആരോഗ്യത്തെ സഹായിക്കുന്നു.

മുലയൂട്ടുന്ന കാലയളവില്‍ ആര്‍ത്തവം ഉണ്ടാവണമെന്നില്ല. പക്ഷേ ആര്‍ത്തവം ഇല്ലാതെ തന്നെ അണ്ഡോല്പാദനം നടന്നേക്കാം. അതുകൊണ്ട് ഗര്‍ഭനിരോധനം തീര്‍ച്ചയായും ഉപയോഗിക്കുക. ശാരീരികമാറ്റങ്ങള്‍ തോന്നുന്നെങ്കില്‍ ഗര്‍ഭധാരണം നടന്നോ എന്ന് പരിശോധിക്കുക. ആര്‍ത്തവസമയത്ത് പാലൂട്ടുന്ന അമ്മമാര്‍ കൂടുതല്‍ വെള്ളവും പോഷകാഹാരവും ഉള്‍പ്പെടുത്തുക.  

Content Highlights: Breast feeding benefits