തൃശ്ശൂര്‍: 85 ശതമാനം കാഴ്ചയില്ലാത്ത ഉണ്ണിക്കണ്ണന്‍ ചെയ്യാത്ത തൊഴിലില്ല.ഗള്‍ഫില്‍ പോയിട്ടുണ്ട്. ഹോട്ടല്‍ത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയുമായിട്ടുണ്ട്. ഇപ്പോള്‍ ലോട്ടറിവില്പനയാണ്. അതിനാലാണ് ഉപജീവനത്തിനായി ലോട്ടറിവില്പനയ്ക്ക് ഇറങ്ങിയത്. ഇപ്പോള്‍ കാഴ്ചയില്ലെങ്കിലും ഉണ്ണിക്കണ്ണന്‍ കാണേണ്ട കാലത്ത് കാണേണ്ടത് കണ്ടു. അത് മനസ്സില്‍ കൊണ്ടു. അതിനാലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ കാഴ്ചപരിമിതന്‍ എന്ന ബഹുമതി നേടിയത്. 42 വയസ്സിനിടെ 44 തവണ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയുടെ രക്തബാങ്കില്‍ മാത്രം രക്തം ദാനംചെയ്തതിന്റെ രേഖയുണ്ട്. സ്വകാര്യ ആശുപത്രിയിലെ രക്തദാനക്യാമ്പില്‍ കൊടുത്തത് വേറെ.

തൃശ്ശൂര്‍ ചേലക്കര എളനാട് സ്വദേശിയായ ഉണ്ണിക്കണ്ണന്‍ 22-ാം വയസ്സിലാണ് ആദ്യമായി രക്തം നല്‍കിയത്. ഉറ്റ സുഹൃത്ത് പാമ്പുകടിയേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് കാണാനെത്തിയതായിരുന്നു. ഇനിയും രക്തം വേണമെന്ന് പറഞ്ഞപ്പോള്‍ ഉണ്ണിക്കണ്ണന്‍ തയ്യാറായി. അവിടെനിന്നായിരുന്നു തുടക്കം. അവിടെവെച്ച് പരിചയപ്പെട്ട ചിലരാണ് പിന്നീട് രക്തത്തിനായി സമീപിച്ചത്. ഓരോരുത്തരും നല്‍കുന്ന സ്‌നേഹവും കടപ്പാടും പ്രചോദനമായി. കൃത്യമായ ഇടവേളകളില്‍ രക്തം നല്‍കിയത് അംഗീകാരത്തിനായിരുന്നില്ല. എന്നാല്‍, അംഗീകാരം തേടിയെത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ കാഴ്ചപരിമിതനുള്ള പുരസ്‌കാരം കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സമ്മാനിച്ചു.

കൊട്ടാരം കോമത്തുപറമ്പില്‍ ഉണ്ണിക്കണ്ണന്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയൊക്കെ ആയിരുന്നെങ്കിലും ഇപ്പോള്‍ മറ്റ് വഴികളില്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.

Content Highlight: Unnikkannan Blood donor, Blood donation, Rare blood group