'രോ തവണയും രക്തം ദാനം ചെയ്യുമ്പോള്‍ മനസ്സില്‍ തെളിയുന്നത് എന്റെ മുത്തശ്ശിയുടെ മുഖമാണ്' -പറയുന്നത് വിരളമായി മാത്രം കാണുന്ന 'AB നെഗറ്റീവ്' രക്തഗ്രൂപ്പിന് ഉടമയായ പി. രഘുവാണ്. മുത്തശ്ശിക്ക് കാന്‍സര്‍ ആയിരുന്നു. അതും 'AB നെഗറ്റീവ്' രക്തഗ്രൂപ്പ് തന്നെയായിരുന്നു. അന്ന് രക്തം ലഭിക്കുന്നതിനായി ഒട്ടനവധി ഓടിനടക്കേണ്ടി വന്നിരുന്നു. പല ക്ലബ്ബുകളുമായും സംഘങ്ങളുമായും ബന്ധപ്പെട്ടിരുന്നെങ്കിലും രക്തം കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നു. അവിടെനിന്നാണ് രക്തദാനം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. വിരളമായ രക്തഗ്രൂപ്പായതിനാല്‍ വളരെ ദൂരെനിന്നു പോലും വിളികള്‍ വരാറുണ്ട്. മൂന്നുമാസത്തെ കാലാവധി കഴിഞ്ഞാല്‍ എപ്പോഴും രക്തം ദാനംചെയ്യാന്‍ സന്നദ്ധനാണെന്ന് രഘു പറയുന്നു.

കാലടി മറ്റൂര്‍ 'വൈഖരി'യില്‍ രഘു 19-ാം വയസ്സ് മുതല്‍ രക്തം ദാനംചെയ്യാന്‍ ആരംഭിച്ചതാണ്. ഇതിനോടകം 25 പ്രാവശ്യമാണ് രക്തം ദാനംചെയ്തിട്ടുള്ളത്. ക്യാമ്പുകളില്‍ സാധാരണ നിലയില്‍ AB നെഗറ്റീവ് രക്തഗ്രൂപ്പ് ആവശ്യം വരാറില്ല. എങ്കിലും ബ്ലഡ് ബാങ്കില്‍ എത്തി ദാനം ചെയ്യാറുണ്ട്. മാണിക്യമംഗലം എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് രഘു. സ്‌കൗട്ട്സ് അധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.

ഇതിനോടകംതന്നെ ഒട്ടനവധി ക്യാമ്പുകളാണ് രഘുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം മുന്‍നിര്‍ത്തി സന്നദ്ധപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്‌കീം എറണാകുളം ജില്ലാ മികച്ച പ്രോഗ്രാം ഓഫീസര്‍, കേന്ദ്ര സര്‍ക്കാരിന്റെ യങ് ലീഡേഴ്സ് പ്രോഗ്രാം എറണാകുളം റീജണ്‍ അവാര്‍ഡ് എന്നിവയാണ് അവയില്‍ ചിലത്.

Content Highlight: AB Negative blood donor, Blood Donation