ക്ഷത്തില്‍ നാലുപേര്‍ക്ക് മാത്രമുള്ള അപൂര്‍വ ഗ്രൂപ്പ് രക്തമാണ് നിധീഷിന്റെ സിരകളിലൂടെ ഒഴുകുന്നത്- ബോംബെ ഗ്രൂപ്പ്. പഠനം കഴിഞ്ഞ് ഖത്തറില്‍ ജോലി ചെയ്യുന്നതിനിടയില്‍ അഞ്ചുവര്‍ഷം മുമ്പാണ് ആ സത്യം നിധീഷ് തിരിച്ചറിഞ്ഞത്. അതുവരെ ഒ പോസിറ്റീവ് എന്നായിരുന്നു രേഖകളിലെല്ലാം രക്തഗ്രൂപ്പ്. ഖത്തറിലെ ഹമദ് ആസ്പത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാള്‍ക്ക് രക്തം നല്‍കാനെത്തിയതായിരുന്നു അന്ന് നിധീഷ്. രക്തത്തിലെ അപൂര്‍വത തിരിച്ചറിഞ്ഞതോടെ ഖത്തറിലെ ബ്ലഡ് ഡൊണേഴ്സ് കേരളാ ചാപ്റ്റര്‍ നിധിനെ അപൂര്‍വ നിധിയായി കണ്ടുതുടങ്ങി. അങ്ങനെയാണ് ഖത്തറില്‍ നിന്നും നിധിഷ് കുവൈത്തിലേക്ക് പറന്നത്. 

ഖത്തറില്‍ നിന്നും കുവൈത്തിലേക്ക്

തീവ്രവാദത്തിന് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറിനുമേല്‍ അറബ് രാജ്യങ്ങള്‍ ഉപരോധം തുടങ്ങിയ 2017 ഡിസംബര്‍ കാലം. പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം മരണത്തോട് മല്ലടിക്കുകയായിരുന്ന സ്ത്രീക്ക് ജീവന്‍ നല്‍കാന്‍ നിധീഷ് ഖത്തറില്‍നിന്ന് കുവൈത്തിലെത്തി. കുവൈത്തിലെ ആസ്പത്രിയില്‍ സിസേറിയന് വിധേയയായ കര്‍ണാടക സ്വദേശിനിക്കാണ് ദോഹയില്‍നിന്ന് പോയി നിധീഷ് ബോംബെ ഗ്രൂപ്പ് രക്തം നല്‍കിയത്. ബോംബെ ഗ്രൂപ്പ് രക്തം കുവൈത്തില്‍ ലഭ്യമല്ലാതായതിനാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തുടങ്ങിയ അന്വേഷണം നിധീഷില്‍ എത്തുകയായിരുന്നു.

ബ്ലഡ് ഡോണേഴ്സ് കേരള- കുവൈത്ത് ചാപ്റ്റര്‍ വഴിയാണ് ആ സന്ദേശം ബ്ലഡ് ഡോണേഴ്സ് കേരള- ഖത്തര്‍ ചാപ്റ്ററിന്റെ ശ്രദ്ധയിലെത്തിയത്. നിധീഷിന്റെ രക്തം കര്‍ണാടക സ്വദേശിനിക്ക് ചേരുമെന്ന് കണ്ടെത്തിയതോടെ ചാപ്റ്റര്‍ ഇടപെട്ട് കുവൈത്ത് യാത്രയ്ക്ക് സൗകര്യം ഒരുക്കി. എന്നാല്‍, ഖത്തറിനുള്ള ഉപരോധവും കുവൈത്തില്‍ മൂന്നുമാസമായി താമസിക്കുന്നവര്‍ക്കേ രക്തദാനം നല്‍കാന്‍ കഴിയൂ എന്ന നിബന്ധനയും തടസ്സമായി നിന്നു. പക്ഷേ, കുവൈത്ത് സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതെല്ലാം ഇളവു വരുത്തി നിധീഷിനെ എത്തിക്കുന്നതിന് അനുമതി നല്‍കി. ഖത്തര്‍ ബര്‍വയില്‍ അന്ന് നിധീഷ് ജോലി ചെയ്തിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതരും അതിന് ആവശ്യമായ സഹകരണം നല്‍കി.

ഖത്തറില്‍ മടങ്ങിയെത്തിയപ്പോള്‍ ഹമദ് ഇന്റര്‍നാഷണല്‍ ആസ്പത്രി അധികൃതര്‍ ഒരുകാര്യം ചെയ്തുതുടങ്ങി. ആറുമാസത്തിലൊരിക്കല്‍ നിധീഷിന്റെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കിലേക്ക് മാറ്റി. അപൂര്‍വ നിധിയായ നിധീഷിനുവേണ്ടിയുള്ള കരുതലായിരുന്നു അത്.

nidheeshചെന്നൈയിലേക്ക് ഒരു പറക്കല്‍

2019 ജനുവരിയില്‍ സഹോദരി നിമിഷയുടെ വിവാഹത്തിന് നാട്ടിലെത്തിയതായിരുന്നു നിധീഷ്. അപ്പോഴേക്കും വാട്സാപ്പില്‍ സന്ദേശമെത്തി. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന അലമേലു അമ്മയ്ക്കുവേണ്ടി അവിടെ ഡോക്ടറായ മകന്‍ ബോംബെ ഗ്രൂപ്പ് രക്തം തേടുന്നു. സന്നദ്ധതയറിയിച്ച് നിധീഷ് സന്ദേശമയച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നിധീഷിനെത്തേടി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാന ടിക്കറ്റെത്തി. കല്യാണത്തിരക്കുകള്‍ക്കിടയില്‍ നിന്ന് പറന്ന് ചെന്നൈയില്‍ പോയി രക്തം നല്‍കി മടങ്ങി.  

കണ്ണൂര്‍ ഇരിട്ടി പായത്തെ പുതിയ വീട്ടില്‍ രഘുനാഥന്റെയും കാര്‍ത്യായനിയുടെയും മകനാണ്. നിമിഷ സഹോദരി. കഴിഞ്ഞ ഏപ്രില്‍ ആറിനായിരുന്നു നിധീഷിന്റെ വിവാഹം. ഭാര്യ അശ്വതി. അവധി കഴിഞ്ഞ് വീണ്ടും ഖത്തറിലേക്ക് പോകാനുളള ഒരുക്കത്തിലാണ് നിധീഷ്.

ബോംബെ ഗ്രൂപ്പ്   

മഹാരാഷ്ട്രയിലും കര്‍ണാടകയിലെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഓ പോസിറ്റീവ് എന്ന ഗ്രൂപ്പ് രക്തമുള്ളവര കൂടുതലായുള്ളത്. അതാണ് പേരുവരാനും കാരണം.

ഇന്ത്യയില്‍ 17,600-ല്‍ ഒരാള്‍ക്കും ലോകത്ത് 25,000-ല്‍ ഒരാള്‍ക്കും മാത്രമാണ് ഈ ഗ്രൂപ്പുള്ളതെന്നാണ് കണക്ക്. ഇന്ത്യയില്‍ 200-ല്‍ താഴെപ്പേര്‍ മാത്രമാണ് ഈ ഗ്രൂപ്പുള്ളതായി രജിസ്റ്റര്‍ചെയ്യപ്പെട്ടിട്ടുള്ളത്.എ, ബി, ഒ ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നായ 'എച്ച്' (ഒ) ആന്റിജന്‍ ഇല്ലാത്ത ഒരു അപൂര്‍വ ഗ്രൂപ്പാണ് ബോംബൈ ഗ്രൂപ്പ്. ഒ ഘടകമുണ്ടാക്കാന്‍ സഹായിക്കുന്ന രാസാഗ്‌നിയുടെ അഭാവമാണ് ഗ്രൂപ്പിന് കാരണം.

1952-ല്‍ മുംബൈയില ഡോ. ഭെന്‍ഡേയാണ് ഈ ഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. ഈ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മറ്റ് എ, ബി, ഒ ഗ്രൂപ്പുകളില്‍പ്പെട്ടവരുടെ രക്തം സ്വീകരിക്കാനോ നല്‍കാനോ കഴിയില്ല. ബോംബെ ഗ്രൂപ്പുമാത്രമേ അവര്‍ക്ക് ചേരുകയുള്ളൂ.

Content Highlight: Bombay Blood Group Donor, Nidheesh Raghunathan, Blood Donation