കാശത്തിനറ്റം വരെ കുതിക്കുമ്പോഴും രക്തദാനത്തില്‍ സ്ത്രീകള്‍ പിന്നിലാണ് എന്ന കണക്കുകളെ മറികടക്കാന്‍ ഒരുങ്ങുകയാണ് 'റോട്ടറി കൊച്ചിന്‍ മിലന്‍' എന്ന വനിതാ സംഘടന. 26 സ്ത്രീകളാണ് ഈ സംഘത്തിന് പിന്നില്‍. ഇവരില്‍ ഭൂരിഭാഗംപേരും എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തം ദാനംചെയ്യുന്നു.

അഞ്ചുവര്‍ഷം മുമ്പാണ് സമൂഹത്തിന് എന്തെങ്കിലും ഗുണകരമാകുന്ന പദ്ധതിയുമായി മുന്നോട്ടുവരണമെന്ന ചിന്തയുമായി റോട്ടറി കൊച്ചിന്‍ മിലന്‍ മുന്നിട്ടിറങ്ങുന്നത്. അതിനായി വ്യത്യസ്ത പ്രോജക്ടുകള്‍ ചര്‍ച്ച ചെയ്യുകയും കണക്കെടുപ്പുകളും സര്‍വേകളും നടത്തുകയും ചെയ്തു. അതില്‍നിന്നാണ് 'സ്ത്രീകളായ രക്തദാതാക്കള്‍ കുറവാണ്' എന്ന് തിരിച്ചറിയാന്‍ സാധിച്ചത്. കേരളത്തില്‍ രക്തദാനം ചെയ്യുന്നവരില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് സ്ത്രീകള്‍. ആഗോളതലത്തില്‍ ഇത് 10 ശതമാനത്തില്‍ താഴെയാണ്.

എന്നാല്‍ രക്തം സ്വീകരിക്കുന്നവരില്‍ 40 ശതമാനത്തിന് മുകളിലാണ് സ്ത്രീകള്‍. ഈയൊരു വസ്തുതയാണ്, വനിതകളെ രക്തദാനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ഇടയാക്കിയത്. നിരവധി ക്യാമ്പുകള്‍ ഇതിനോടകംതന്നെ സ്ത്രീകള്‍ക്ക് രക്തദാനത്തിനായി മാത്രം സംഘടിപ്പിക്കാന്‍ സാധിച്ചുവെന്ന് സംഘടനാ പ്രസിഡന്റ് രോഷ്ന ഫിറോസ് പറഞ്ഞു.

രക്തദാനം മാത്രമല്ല, ബോധവത്കരണവും ഇവര്‍ ഉദ്ദേശിക്കുന്നു. 'എങ്ങനെ രക്തദാനത്തെ ഒരു ശീലമാക്കി മാറ്റാം' എന്ന ചിന്തയായിരുന്നു ആദ്യമുണ്ടായിരുന്നത്. ആ ചിന്തയാണ് 'എല്ലാ വനിതാ ദിനത്തിലും രക്തദാന ക്യാമ്പ്' എന്ന തീരുമാനത്തിലേക്ക് നയിച്ചത്.

എന്നാല്‍, പങ്കെടുക്കാന്‍ എത്തുന്നവരില്‍ എല്ലാവര്‍ക്കും രക്തം ദാനംചെയ്യാന്‍ സാധിക്കുന്നില്ല എന്ന തിരിച്ചറിവാണ് അന്നുണ്ടായത്. അതുകൊണ്ടുതന്നെ ബോധവത്കരണം ക്യാമ്പിനോടൊപ്പംതന്നെ നടത്തി. എന്തുകൊണ്ട് രക്തം ദാനംചെയ്യാന്‍ സാധിക്കാതെ വന്നു എന്ന് ഓരോരുത്തരെയും ബോധ്യപ്പെടുത്തി, അടുത്ത തവണത്തേക്ക് അവരെ തയ്യാറാക്കിയെടുക്കാനാണ് ഉദ്ദേശിച്ചത്. അതിനായി ലഘുലേഖകളും ചെറുപുസ്തകങ്ങളും തയ്യാറാക്കിയെടുത്തു.

സ്ത്രീകള്‍ക്ക് വേണ്ട ഡയറ്റ് പ്ലാനുകളും വ്യായാമങ്ങളുമെല്ലാം പറഞ്ഞുകൊടുത്ത് അവരെ ആരോഗ്യമുള്ള രക്തദാതാക്കളാക്കാനുള്ള ശ്രമമാണ് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിലന്‍ സംഘടിപ്പിക്കുന്നത്. രക്തം ദാനംചെയ്യാന്‍ എത്തുന്നവര്‍ കൊടുക്കാന്‍ സാധിക്കാതെ തിരിച്ചുപോകേണ്ടിവരരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഫലമായി ഈ വര്‍ഷം വനിതാദിനത്തില്‍ 42 സ്ത്രീകളാണ് രക്തം ദാനംചെയ്തത്. 2020-ഓടെ 20 ശതമാനത്തോളം സ്ത്രീദാതാക്കള്‍ എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

Content Highlight: Blood donation, Rotary Cochin milan women's group