arun gokuldasന്റെ 18-ാം പിറന്നാള്‍ മുതല്‍ മുടങ്ങാതെ എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തം ദാനംചെയ്ത് ഇതുവരെ 158 തവണ രക്തം ദാനംചെയ്ത വ്യക്തിയാണ് കോയമ്പത്തൂര്‍ നിവാസിയായ അരുണ്‍ ഗോകുല്‍ദാസ്. വയസ്സ് വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് തന്റെ 75-ാം വയസ്സിലും അരുണ്‍ ഗോകുല്‍ദാസ് രക്തദാനം ചെയ്തുകൊണ്ടേയിരിക്കുന്നു.

'ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനാല്‍ ഇപ്പോഴും രക്തം ദാനം ചെയ്യുന്നുണ്ട്. തുടര്‍ന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ 65 വയസ്സാണ് രക്തം ദാനംചെയ്യുന്നതിനുള്ള പ്രായപരിധി. എന്നാല്‍ കൃത്യമായ ചെക്കപ്പുകള്‍ നടത്തിയതിന് ശേഷം മാത്രമാണ് അരുണ്‍ ഗോകുല്‍ദാസ് രക്തദാനം നടത്തുന്നത്. രക്തസമ്മര്‍ദവും പ്രമേഹവും സാധാരണനിലയില്‍. 15-ല്‍ കൂടുതല്‍ ഹീമോഗ്ലോബിന്‍ അളവുമുണ്ട്. ഇപ്പോഴും മാരത്തണുകളില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ത്തന്നെ, ഡോക്ടര്‍മാരും ഇതുവരെ എതിര്‍പ്പ് പറഞ്ഞിട്ടില്ല.

'ഇനിയും രക്തം ദാനംചെയ്യണമെന്നു തന്നെയാണ് ആഗ്രഹം' -അരുണ്‍ ഗോകുല്‍ദാസ് കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂര്‍ ആര്‍.എസ്. പുരത്തെ റൊട്ടേറിയനായ അരുണ്‍ ഗോകുല്‍ദാസ് അനവധി രക്തദാന ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ത്തന്നെ കൂട്ടുകാര്‍ അദ്ദേഹത്തിനെ 'ഡ്രാക്കുള' എന്ന് വിശേഷിപ്പിക്കാറുണ്ട്.

15-ാം വയസ്സില്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ എത്തിയതും തുടര്‍ന്ന് അവിടെ നടന്ന ഒരു ക്യാമ്പുമാണ് അരുണിന്റെ ജീവിതം മാറ്റിമറിച്ചത്. തന്റെ മാതാപിതാക്കള്‍ രക്തം ദാനംചെയ്യുന്നതു കണ്ട് തനിക്കും ചെയ്യണമെന്ന് പറഞ്ഞപ്പോള്‍, അതിനുള്ള പ്രായം ആയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

'എന്റെ 18-ാം പിറന്നാളിന് ചെന്നൈയില്‍ നടന്നൊരു ക്യാമ്പിലാണ് ആദ്യമായി രക്തം ദാനംചെയ്തത്. പിന്നീടിങ്ങോട്ട് എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തം ദാനംചെയ്യാറുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണിന്റേത് 'ഒ പോസിറ്റീവ്' ആണെങ്കില്‍ ഇളയമകള്‍ സരിതയുടേത് അസാധാരണമായി മാത്രം കാണുന്ന 'ഒ നെഗറ്റീവ്' ബ്ലഡ് ഗ്രൂപ്പാണ്. 'അവള്‍ ഇതിനോടകംതന്നെ 24 പ്രാവശ്യത്തോളം രക്തദാനം ചെയ്തിട്ടുണ്ട്' -അഭിമാനത്തോടെ അരുണ്‍ പറഞ്ഞുനിര്‍ത്തി. രക്തദാനത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

Content Highlight: Arun Gokuldas, Blood donation, Blood donation Criteria,